കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് അമേരിക്കൻ പോപ് ഗായിക സെലീനാ ഗോമസും മ്യൂസിക് പ്രൊഡ്യൂസർ ബെന്നി ബ്ലാങ്കോയും വിവാഹിതരായത്. ജസ്റ്റിൻ ബീബറുമായുള്ള എട്ട് വർഷം നീണ്ട പ്രണയം അവസാനിപ്പിച്ച ശേഷമാണ് സെലീന, ബെന്നിയുമായി അടുക്കുന്നത്. പത്ത് ലക്ഷം ഡോളർ മൂല്യമുള്ള ഡയമണ്ട് മോതിരം നൽകിയാണ് വിവാഹത്തിന് മുന്നോടിയായി ബെന്നി, സെലീനയോട് വിവാഹാഭ്യർഥന നടത്തിയത്. ഇപ്പോഴിതാ തങ്ങളുടെ സ്വകാര്യജീവിതത്തെ കുറിച്ചുയർന്ന ചോദ്യത്തിന് ബെന്നി ബ്ലാങ്കോ പറഞ്ഞ മറുപടിയാണ് ചർച്ചയാകുന്നത്.

To advertise here,

സെലീനയുമായുള്ള ലൈംഗികജീവിതത്തെ കുറിച്ചാണ് ബെന്നിയോട് ചോദ്യമുണ്ടായത്. ഫ്രണ്ട്‌സ് കീപ് സീക്രട്ട് എന്ന ബെന്നിയുടെ പോഡ്കാസ്റ്റിലാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ലിൽ ഡിക്കി എന്ന അവതാരകൻ ഇത്തരമൊരു ചോദ്യം ചോദിച്ചത്. എന്നാൽ ഒറ്റവരിയിൽ മറുപടിനൽകി ആ സംഭാഷണം 38-കാരനായ ബെന്നി ബ്ലാങ്കോ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.

'ഇക്കാര്യത്തെ കുറിച്ച് പരസ്യമായി സംസാരിക്കാൻ എനിക്ക് അനുവാദമില്ല' എന്നാണ് ബെന്നി ബ്ലാങ്കോ പറഞ്ഞത്. തുടർന്ന്, താനൊരു 'ജെന്റിൽമാൻ' ആണെന്നും അദ്ദേഹം പറഞ്ഞു. രഹസ്യങ്ങൾ വെളിപ്പെടുത്തില്ല എന്നൊരു കരാറിൽ താൻ സെലീനയുമായി ഒപ്പുവെച്ചിട്ടില്ല എന്നും തമാശയായി ബെന്നി ബ്ലാങ്കോ കൂട്ടിച്ചേർത്തു.

സെലീന-ബെന്നി വിവാഹം

കാലിഫോർണിയയിലെ ഗലോറ്റയിൽ വെച്ചാണ് സെലീനാ ഗോമസും ബെന്നി ബ്ലാങ്കോയും വിവാഹിതരായത്. 70 ഏക്കർ വരുന്ന സ്വകാര്യ പ്ലാന്റേഷനിലാണ് വിവാഹ വേദി ഒരുക്കിയിരുന്നത്. മുന്നൂറോളം അതിഥികൾ വിവാഹത്തിൽ പങ്കെടുത്തു. വൈറ്റ് ഗൗണായിരുന്നു സെലീനയുടെ വിവാഹവേഷം. ഫ്ളോറൽ ഹാൽട്ടർ നെക്ക്ലൈനും ഓപ്പൺ ബാക്കുമായിരുന്നു ഗൗണിന്റെ പ്രത്യേകത. ഒപ്പം ഡയമണ്ട് ആഭരണങ്ങളും അണിഞ്ഞു. കറുപ്പ് സ്യൂട്ടായിരുന്നു ബെന്നിയുടെ ഔട്ട്ഫിറ്റ്.

ടെയ്ലർ സ്വിഫ്റ്റ്, പാരിസ് ഹിൽട്ടൺ, സ്റ്റീവ് മാർട്ടിൻ, മാർട്ടിൻ ഷോർട്ട്, പോൾ റൂഡ് തുടങ്ങി നിരവധി സെലിബ്രിറ്റികൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. സെലീനയും ബെന്നിയും 2023 ഡിസംബറിലാണ് തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഒരു വർഷത്തിനുശേഷം 2024 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.