ബോളിവുഡിലെ മാതൃകാ ദമ്പതിമാരാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇപ്പോഴിതാ കെനിയയിലെ പ്രശസ്തമായ മാസായി മാര ദേശീയ ഉദ്യാനത്തിൽ വെച്ച് ആലിയയോട് വിവാഹാഭ്യർത്ഥന നടത്തിയത് എങ്ങനെയാണെന്ന് ഓർത്തെടുക്കുകയാണ് നടൻ രൺബീർ കപൂർ. അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന 'കോൺ ബനേഗാ ക്രോർപതി യിൽ പങ്കെടുത്തപ്പോഴാണ് രൺബീർ ഇക്കാര്യം വെളിപ്പെടുത്തിയത്.

To advertise here,

യാത്രയ്ക്കിടയിൽ ഗൈഡിനോടും ഡ്രൈവറോടും കാടിന്റെ മധ്യത്തിൽ വണ്ടി നിർത്താൻ മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നുവെന്ന് രൺബീർ പറയുന്നു. 'അവൾ അറിയാതെ ഞാൻ വീട്ടിൽനിന്ന് തന്നെ മോതിരം കരുതിയിരുന്നു. ദൂരെ നിന്ന് ഞങ്ങളുടെ ചിത്രങ്ങൾ പകർത്തുവാൻ ഗൈഡിനോട് നിർദ്ദേശിക്കുകയും ചെയ്തു. പെൺകുട്ടികൾക്ക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ ചിത്രങ്ങൾ ഏറെ പ്രിയപ്പെട്ടതാണെന്ന് അറിയാമല്ലോ, അതുകൊണ്ട് ആലിയയ്ക്ക് അത് വളരെ പ്രധാനമാണെന്ന് എനിക്ക് ഉറപ്പായിരുന്നു,' രൺബീർ പറഞ്ഞു.

'ഞങ്ങളിൽ നിന്ന് ഏകദേശം നൂറടി മാത്രം അകലെ മൂന്ന് സിംഹങ്ങൾ നിൽക്കുന്നുണ്ട്. എന്റെ മുന്നിൽ എന്റെ പെൺസിംഹവും. അവരുടെ മുന്നിൽ ഒരു പാവം എലിയെപ്പോലെ മുട്ടുകുത്തി നിന്ന് ഞാൻ ചോദിച്ചു: 'ബേബി, നീ എന്നെ വിവാഹം കഴിക്കുമോ?' എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും മനോഹരവുമായ അനുഭവമായിരുന്നു അത്. ആ നിമിഷം ഞാൻ എന്നും ഓർമ്മിക്കും.'

നേരത്തെ 'കോഫി വിത്ത് കരൺ' ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോൾ ആലിയയും പ്രൊപ്പോസലിനെക്കുറിച്ച് സംസാരിച്ചിരുന്നു. കൊവിഡ് കാരണം വിവാഹം നീണ്ടുപോയപ്പോൾ തങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുന്നത് നിർത്തിവെച്ചിരുന്നുവെന്നും, എന്നാൽ മാസായിമാരയിലെത്തി രൺബീർ ഇത്തരമൊരു സപ്രൈസ് തരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആലിയ വെളിപ്പെടുത്തിയിരുന്നു.

ഇരുവരുടെയും ബന്ധത്തിന്റെ അടിത്തറ സൗഹൃദമാണെന്നും രൺബീർ അമിതാഭിനോട് സംസാരിക്കുന്നുണ്ട്. ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറ സൗഹൃദമാണ്. സ്‌നേഹമാണ് ഒരു ബന്ധത്തെ ഒന്നിച്ചുനിർത്തുന്നത്, വിശ്വാസം അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു, എന്നാൽ പരസ്പര ബഹുമാനമാണ് ആ ബന്ധത്തെ എന്നെന്നും നിലനിർത്തുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഏതൊരു ബന്ധത്തിലും ഈ ഘടകങ്ങൾ വളരെ പ്രധാനമാണ്,' രൺബീർ പറയുന്നു.

മകൾ റാഹ ജനിച്ചതിനു ശേഷം കുടുംബത്തിൽ തുടങ്ങിയ ഒരു പ്രധാന ആത്മീയ ശീലത്തെക്കുറിച്ചും രൺബീർ അമിതാഭ് ബച്ചനോട് വെളിപ്പെടുത്തി. 'റാഹ ജനിച്ചതിനു ശേഷം, അങ്ങ് ആലപിച്ച ഹനുമാൻ ചാലിസ കേട്ടുകൊണ്ട് ഞങ്ങളുടെ പ്രഭാതം ആരംഭിക്കാത്ത ഒരു ദിവസം പോലും ഇതുവരെ ഉണ്ടായിട്ടില്ല,' രൺബീർ പറഞ്ഞു. ഇത് കേട്ട ബിഗ് ബി ഏറെ സന്തോഷത്തോടെയാണ് രൺബീറിന്റെ വാക്കുകളെ സ്വീകരിച്ചത്. 2022 ഏപ്രിൽ 14-നായിരുന്നു രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. തികച്ചും സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ വീട്ടിൽവച്ചുതന്നെയായിരുന്നു വിവാഹം. 2022 നവംബർ 6-നാണ് മകൾ റാഹ കപൂർ ജനിക്കുന്നത്.