ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ആവര്‍ത്തിച്ച് റാങ്ക് ചെയ്യപ്പെടുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്.

സിംഗിളാണോ? എങ്കിൽ ഒരു ഹാപ്പി ന്യൂസുണ്ട്. സിംഗിൾസിന് പ്രണയം കണ്ടെത്താൻ ഒരു സൗജന്യ ഡിന്നർ ഡേറ്റ് ഒരുക്കിയിരിക്കുകയാണ് ഫിൻലൻഡ് ടൂറിസം ബോർഡ്. ഫിൻലൻഡിലെ ഭക്ഷണ സംസ്‌കാരം അറിയുന്നതിനൊപ്പം നാടുകാണാനും വേണമെങ്കിൽ പ്രണയത്തിലാകാനും അവസരമൊരുങ്ങുന്ന ഒരു യാത്രയാണ് ലോകമെമ്പാടുമുള്ള സിംഗിൾസിനായി ഫിൻലൻഡ് ഓഫർ ചെയ്തിരിക്കുന്നത്. പക്ഷെ, ഫിന്നിഷ് ഡിന്നർ ഡേറ്റ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ തിരഞ്ഞെടുക്കപ്പെടുന്ന 16 പേർക്ക് മാത്രമായിരിക്കും അവസരം. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, യാത്രയിലെ വിനോദങ്ങൾ എന്നിവയെല്ലാം സൗജന്യമായിരിക്കും, അതുകൊണ്ട് തന്നെ രാജ്യത്ത് കറങ്ങാൻ ഇതൊരു സുവർണ്ണാവസരമാണ്. 2027 ഫെബ്രുവരി 9-19 തീയതികൾക്കിടയിലുള്ള നാലുദിവസമായിരിക്കും യാത്ര.
പ്രാദേശിക ഫിന്നിഷ് അവിവാഹിതരുമൊത്തുള്ള റിലാക്‌സ്ഡ് ആയ ഗ്രൂപ്പ് ഡിന്നർ ഡേറ്റാണ് ഈ യാത്രയുടെ പ്രധാന ഹൈലൈറ്റ്.
അതുകൊണ്ടുതന്നെയാണ് ഇതിന് ഫിന്നിഷ് ഡിന്നർ ഡേറ്റ് എന്ന് പേരിട്ടിരിക്കുന്നത്. ഫിൻലാന്റിലെ പ്രാദേശിക രുചികൾ അനുഭവിച്ചറിയാനും ഫിൻലാന്റുകാരുമായി സമ്പർക്കത്തിൽ ഏർപ്പെടാനും പദ്ധതി വഴി സാധിക്കും. 16 അവിവാഹിതരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചുവിട്ടാണ് ഈ പരിപാടി നടത്തുന്നത്. എട്ട് പേർ ഹെൽസിങ്കി അനുഭവത്തിന്റെ ഭാഗമാകുമ്പോൾ, എട്ട് പേർ ടാമ്പെരെയിലേക്ക് പോകും. ഇത് പങ്കെടുക്കുന്നവർക്ക് നോർഡിക് രാജ്യത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങൾ നൽകും.
ബാൾട്ടിക് കടലിന്റെ തീരവുമായി സംഗമിക്കുന്ന, നോർഡിക് ശൈലിയിലുള്ള മികച്ച ശൈത്യകാല അനുഭവം ഹെൽസിങ്കി പ്രദാനം ചെയ്യുന്നു. സന്ദർശകർക്ക് നഗരത്തിലെ സവിശേഷമായ വാസ്തുവിദ്യ, ഡിസൈൻ ബോട്ടിക്കുകൾ, മ്യൂസിയങ്ങൾ എന്നിവ കാണാനും ഔട്ട്ഡോർ ഐസ് സ്‌കേറ്റിംഗ് ആസ്വദിക്കാനും, നദീതീരത്തുകൂടി മനോഹരമായ നടത്തം ആസ്വദിക്കാനും കഴിയും. യാത്രക്കാർക്കായി തയ്യാറാക്കിയ പ്രത്യേക മെനുവിലൂടെ ഫിന്നിഷ് ഭക്ഷണ സംസ്‌കാരം അനുഭവിക്കാൻ കഴിയും. പ്രാദേശിക ചേരുവകളും സീസണൽ ഉൽപ്പന്നങ്ങളും ഉപയോഗിച്ച് തയാറാക്കുന്ന ഫിന്നിഷ് പാചകരീതി ഒരുക്കുന്ന ഈ കാമ്പെയ്ൻ മികച്ചൊരു അനുഭവം വാഗ്ദാനം ചെയ്യുന്നു. മീൻ, വേട്ടയിറച്ചി, ബെറികൾ, കൂൺ എന്നിവ രാജ്യത്തിന്റെ ഭക്ഷണ പാരമ്പര്യങ്ങളിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്ന ചേരുവകളാണ്.
ഫിൻലാന്റിൽ താമസിക്കുന്നവർ ഒഴികെ 18 വയസ്സിന് മുകളിലുള്ള ലോകത്തിലെ ഏത് രാജ്യക്കാർക്കും ഈ അവസരത്തിനായി അപേക്ഷിക്കാം. 'ഒരു ഡിന്നർ ഡേറ്റിൽ നിങ്ങൾ പങ്കാളിക്കായി എന്ത് ഭക്ഷണമായിരിക്കും വിളമ്പുക, എന്തുകൊണ്ട്?' എന്ന ചോദ്യത്തിന് മറുപടിയായി ഇംഗ്ലീഷിൽ തയ്യാറാക്കിയ ഹ്രസ്വ വീഡിയോ ഇൻസ്റ്റാഗ്രാം, ടിക് ടോക് അല്ലെങ്കിൽ യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കണം. വീഡിയോയോടൊപ്പം #FinnishDinnerDate എന്ന ഹാഷ്ടാഗ് ചേർക്കുകയും വിസിറ്റ് ഫിൻലാൻഡ് ഔദ്യോഗിക പേജ് ടാഗ് ചെയ്യുകയും വേണം. ഇതിനുശേഷം FinnishDinnerDate.com എന്ന ഔദ്യോഗിക വെബ്സൈറ്റിലെ ഫോം പൂരിപ്പിച്ച് വീഡിയോ ലിങ്ക് സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10. തിരഞ്ഞെടുക്കപ്പെടുന്ന 16 പേരുടെ വിവരങ്ങൾ ഡിസംബർ ഒന്നിന് വിസിറ്റ് ഫിൻലാന്റിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലൂടെ പുറത്തുവിടും. 2027 ഫെബ്രുവരി 9 മുതൽ 19 വരെയുള്ള ദിവസങ്ങളിലായിരിക്കും സന്ദർശനം.
Read More: കുളിക്കാതെ ഡേറ്റിങ്ങിന് പോകുന്ന പുരുഷന്മാർ; 'ഫെറോമോൺ മാക്‌സിങ്' ട്രെൻഡ് അറിയാം
സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന അവിവാഹിതർ പിങ്ക് നിറത്തിലുള്ള ബാസ്‌ക്കറ്റുകൾ ഉപയോഗിക്കുന്ന 'സിങ്കുകോറി' എന്ന പ്രാദേശിക ആചാരത്തിൽനിന്നാണ് ഈ ആശയത്തിന്റെ തുടക്കം. അവിവാഹിതർക്ക് പരസ്പരം ഇടപഴകുന്നതിനായി സമ്മർദ്ദരഹിതമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണിത്. തങ്ങൾ അവിവാഹിതരാണെന്ന് മറ്റുള്ളവരെ പ്രയാസമില്ലാതെ അറിയിക്കാനുള്ള സ്വമേധയാ ഉള്ള മാർഗ്ഗമാണിത്. അതായത് പിങ്ക് ബാസ്‌കറ്റുമായി നിൽക്കുന്നവരോട് ഡേറ്റിങ് അഭ്യർഥനയ്ക്കായി മടിക്കാതെ കടന്നുചെല്ലാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇതിലൂടെ.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ആവർത്തിച്ച് റാങ്ക് ചെയ്യപ്പെടുന്ന രാജ്യമാണ് ഫിൻലൻഡ്. ഇപ്പോൾ, ഫിൻലൻഡിലെ ഏറ്റവും മനോഹരമായ രണ്ട് നഗരങ്ങളിലെ സിംഗിൾസ് ഇവന്റിലൂടെ, രാജ്യം അതിന്റെ അതിരുകൾക്കപ്പുറത്തേക്കും സന്തോഷം വ്യാപിപ്പിക്കുകയാണ്.
Content Highlights: Singles over 18 can apply for Finland's unique dinner date event by submitting a short video on social media by November 10.
Published: 07 Nov 2026, 11:08 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented