
അങ്ങനെ പത്തിന്റെ ഫലം വന്നു. ഫുൾ പാസിന്റെയും ഫുൾ എ പ്ലസിന്റെയും ആഘോഷമാണ് എങ്ങും. എന്റെ മകൻ അനന്തുവുമുണ്ടായിരുന്നു എഴുതാൻ. ആരൊക്കെയോ അവന് ഫുൾ എ പ്ലസ് പ്രതീക്ഷിച്ചിരുന്നത്രെ. പക്ഷേ, അവന്റെ അച്ഛനും അമ്മയ്ക്കു ഉറപ്പുണ്ടായിരുന്നു. ആ ഫുള്ളിൽ അവനുണ്ടാവില്ല. സംഗതി തെറ്റിയില്ല. ഞങ്ങളുടെ കണക്കുകൂട്ടൽ അസ്ഥാനത്തായില്ല. അവന് കിട്ടിയത് 88 ശതമാനം മാർക്ക്. ഞങ്ങൾക്ക് പക്ഷേ, അതിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
അവൻ പത്തു മിനിറ്റ് തുടർച്ചയായി ഇരുന്ന് പഠിക്കുന്നത് കണ്ട ഓർമയേയില്ല. പഠിക്കുന്നതിനിടയിൽ എഴുന്നേറ്റ് ഒന്ന് റോന്ത് ചുറ്റി മടങ്ങിവരും. അതും, അവന് പോലും എന്തിനെന്ന് അറിയാത്ത കാര്യങ്ങൾക്കാവും. കുറച്ച് കഴിഞ്ഞാൽ അടുത്ത റൗണ്ട്സ്. ഒരു പത്താം ക്ലാസ്സുകാരന്റെ ഗൗരവം ഒരിക്കലും അവന്റെ പഠനത്തിൽ കണ്ടിട്ടില്ല.
കുറച്ചു ബുദ്ധിമുട്ടും കഷ്ടപ്പാടുമൊക്കെയുണ്ടെങ്കിലേ പഠിക്കാനുള്ള ആവേശമുണ്ടാവുകയുള്ളൂ. ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടണമെന്നും ഞാൻ രക്ഷപ്പെട്ടാൽ മാത്രമേ എന്റെ കുടുംബം രക്ഷപ്പെടുകയുള്ളൂ എന്നൊക്കെ തോന്നിയാൽ ഇടയ്ക്കിങ്ങനെ പുസ്തകത്തിന്റെ മുന്നിൽ നിന്ന് എഴുന്നേറ്റ് പോകാൻ തോന്നില്ല. പത്താം ക്ലാസ്സ് എന്നല്ല ഒരു പഠനത്തെയും നിസാരമായി കാണാനും കഴിയില്ല. ഇതൊക്കെയായിരുന്നു എന്റെ തോന്നൽ. വെറും തോന്നലല്ല. അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ച പാഠമാണത്.
ഭാഗ്യവശാൽ നമ്മുടെ കുട്ടികൾക്ക്, നമ്മളോ നമ്മുടെ അച്ഛനും അമ്മയും അനുഭവിച്ച പോലുള്ള കഷ്ടപ്പാടുകളോ സൗകര്യക്കുറവോ ഇല്ല. അവർ മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കളുടെ കൂടെയാണ് ജീവിക്കുന്നത്. ഏത് ആവശ്യവും പറഞ്ഞു തീരുന്നതിനു മുമ്പ് നടത്തിക്കൊടുക്കുന്നവരുടെ മക്കളാണവർ. അതുകൊണ്ടുതന്നെ ഏതു കാര്യത്തിലായാലും അത്രയൊക്കെ ഗൗരവമേ അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ.
ഏറ്റവും സന്തോഷം തോന്നിയ കാര്യം, റിസൾട്ട് വരുന്നതൊന്നും ഇവിടുത്തെ ആശാന് ഒരു വിഷയമേയല്ല എന്നതാണ്. ടെൻഷൻ എന്നൊന്ന് ഇല്ലേയില്ല അവന്റെ അജണ്ടയിൽ. "ഇന്ന് റിസൾട്ട് വരും. നിനക്ക് ടെൻഷനൊന്നുമില്ലേ" എന്ന് ചോദിച്ചപ്പോൾ "അമ്മയ്ക്കും അച്ഛനും ഇല്ലാത്ത ടെൻഷൻ എനിക്ക് ഉണ്ടാകുമോ" എന്നാണ് തിരിച്ചു ചോദിച്ചത്. ഞങ്ങൾ ഒരിക്കലും മകൻ പത്താം ക്ലാസ്സ് ആണെന്ന് കരുതി ടെൻഷനടിച്ചിട്ടില്ല. സാധാരണ പോലെ ഈ വർഷവും അവധി കിട്ടിയ സമയം മുഴുവൻ കറങ്ങാൻ പോയി, വയനാട്ടിലും ചെന്നൈയിലും, ബെംഗളൂരുവിലും... ഇറങ്ങുന്ന ഒരു വിധം സിനിമകൾ എല്ലാം തീയേറ്ററിൽ പോയി കണ്ടു. പാർക്കിൽ പോയി, ബീച്ചിൽ പോയി, കല്യാണങ്ങൾക്ക് പോയി. എസ്. എസ്. എൽ.സി പരീക്ഷ എന്ന ഒരു കാര്യം മുന്നിൽ നിർത്തി ഒന്നും മാറ്റിവച്ചിട്ടില്ല. അവനാണെങ്കിൽ ആഘോഷങ്ങൾ ഒന്നുപോലും ഒഴിവാക്കിയിട്ടില്ല. പരീക്ഷയുടെ തലേദിവസം അർധരാത്രി വരെ തൊട്ടടുത്ത അമ്പലത്തിൽ ഉത്സവം കൂടാൻ പോയി.
ഫുൾ എ പ്ലസ് കിട്ടിയില്ലെന്നു പറഞ്ഞ് ഇനി അവനെ ഒന്നും പറയാൻ നിൽക്കേണ്ട, അത്രയൊക്കെ മാർക്കില്ലേ. അത് തന്നെ ധാരാളം "എന്ന് വയനാട്ടിൽ നിന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞു. അതിനേക്കാൾ വാങ്ങാനുള്ള ബുദ്ധി ഉണ്ടായിട്ടും പരിശ്രമിക്കാത്തത് കൊണ്ടാണ്. അല്ലെങ്കിൽ നല്ല മാർക്ക് ഉണ്ടാകുമായിരുന്നു എന്നൊക്കെ അമ്മയോട് പറഞ്ഞുവെങ്കിലും അവനെ ഒരിക്കൽ പോലും ഞാൻ വഴക്ക് പറഞ്ഞില്ല.
കാരണം മറ്റ് അമ്മമാരെപ്പോലെ മകനെ വഴക്ക് പറയാനുള്ള യോഗ്യത എനിക്കില്ല എന്നൊരു തോന്നലുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ ശക്തി അവനാണ്. ഈ വീട്ടിൽ ഏറ്റവും പ്രധാന റോൾ ചെയ്യുന്നത് ഞാനോ അവന്റെ അച്ഛനോ അല്ല. അവനാണ്. ഞങ്ങളുടെ മൂത്തമകനായ അനന്തു. അവൻ അവന്റെ അനിയന്മാരുമായി ഒമ്പതും പതിനൊന്നും വയസ്സിന്റെ വ്യത്യാസമുണ്ട്. ഞങ്ങൾ രണ്ടുപേരും ജോലി കഴിഞ്ഞു വരുമ്പോൾ സമയം വൈകിട്ടു 7:30, 8 മണി കഴിയും. ഇളയവർ തീരെ ചെറിയ കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ മുതൽ ഞങ്ങൾ വീട്ടിലില്ലാത്ത സമയത്ത് അവരെ ഭക്ഷണം കഴിപ്പിക്കുന്നതും കുളിപ്പിക്കുന്നതും അവരുടെ പ്രാഥമിക ആവശ്യങ്ങൾ ചെയ്യുന്നതും അനന്തുവാണ്.
അന്ന് അവനും ചെറുതാണ്. എന്നിട്ടും യാതൊരു കുറവും വരുത്താതെ ഉത്തരവാദിത്തമുള്ള ഏട്ടനായി അവൻ കുഞ്ഞുങ്ങളെ നോക്കും. കോവിഡിന്റ സമയത്ത് ഒരു സംഭവമുണ്ടായി. ഞാൻ അവനെ നമിച്ചുപോയ ഒരു സംഭവം. പെട്ടന്നുണ്ടായ ഒരു ശാരീരിക പ്രശ്നം കാരണം ഹോസ്പിറ്റലിൽ പോവുകയും അഡ്മിറ്റ് ആകേണ്ടി വരികയും ചെയ്തു. കോവിഡ് ടെസ്റ്റ് കഴിഞ്ഞ് ഹോസ്പിറ്റലിൽ കയറിയാൽ പിന്നെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായിരുന്നു അന്ന്. ഞങ്ങൾ രണ്ടുപേരും ഹോസ്പിറ്റലിലും കുട്ടികൾ വീട്ടിലും. ആർക്കും പുറത്തിറങ്ങാൻ പറ്റില്ല. ബന്ധുക്കൾക്കോ കൂട്ടുകാർക്കോ വരാനോ കൂട്ടു നിൽക്കാനോ പറ്റാത്ത സ്ഥിതി. അന്ന് ചെറിയ മോന് ഒന്നര വയസ്സേയുള്ളു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി ഞങ്ങൾ വീട്ടിൽ വരുമ്പോൾ അഞ്ചു ദിവസം കഴിഞ്ഞു. അത്രയും ദിവസം ദോശയുണ്ടാക്കിയും കഞ്ഞി വച്ചും കുട്ടികൾക്ക് കൊടുത്തും, കുളിപ്പിച്ചും ഉറക്കിയും അവരെ പൊന്നുപോലെ നോക്കിയത് അനന്തുവാണ്.
കൂട്ടുകുടുംബത്തിലായത്കൊണ്ട് ഒന്നും അറിയാതെ വളർന്ന മോനാണ്. അവന് എട്ട് വയസ്സായതു മുതൽ ഞങ്ങൾ മാത്രമായുള്ള ജീവിതം തുടങ്ങി. അന്ന് മുതൽ എന്റെ കൂടെ എന്നും അവനുണ്ട്. രണ്ടാമത്തെ മോൻ ഉണ്ടായപ്പോൾ മുതൽ വീട്ടിലെ അത്യാവശ്യം ജോലികൾ എല്ലാം അനന്തു ചെയ്തുതുടങ്ങി. അടിച്ചുവാരൽ, അലക്കിയ തുണി വിരിച്ചിടൽ, തുണികൾ മടക്കിവയ്ക്കൽ, കഴുകിയ പാത്രങ്ങൾ ഷെൽഫിൽ അടുക്കിവയ്ക്കൽ അങ്ങനെ.. മുതിർന്നപ്പോൾ പിന്നെ ജോലികൾ കൂടി.

വൈകുന്നേരം ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ ഒരു കപ്പ് ചൂട് ചായ കിട്ടുക എന്നത് സന്തോഷമാണ്. ഞാനാണ് ഏറ്റവും വൈകി വീട്ടിൽ എത്തുന്നയാൾ. ഹരി ജോലി കഴിഞ്ഞു വന്ന് ചായ ഉണ്ടാക്കിവയ്ക്കും. ഹരി വീട്ടിൽ ഇല്ലാത്തപ്പോഴും ഇപ്പോൾ കൃത്യമായി ചായ കിട്ടും. മോൻ ഉണ്ടാക്കിത്തരും.
സന്ധ്യാസമയമായാൽ വീടും പരിസരവും അടിച്ചു വൃത്തിയാക്കി നിലവിളക്ക് കൊളുത്തും. മുറ്റം അടിക്കാൻ കുറച്ചു മടിയായിരുന്നു. ആരെങ്കിലും കാണുമോ എന്നൊരു ആശങ്ക. അതിനിടയിൽ അവൻ മുറ്റമടിക്കുന്നത് കണ്ട ഒരു അമ്മൂമ്മയുടെ വക കമന്റും. 'ആൺകുട്ടികൾ ചൂല് തൊടാൻ പാടില്ല. അത് ദോഷമാണ്'. ആൺകുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നത് ദോഷം ഒന്നുമില്ലല്ലോ അപ്പോൾ ജോലി ചെയ്യുന്നതും ദോഷമൊന്നുമില്ല." നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നത് ആരെങ്കിലും കാണുന്നതിൽ അപമാനമല്ല അഭിമാനം ആണ് തോന്നേണ്ടത്" എന്ന് ഞാൻ പറഞ്ഞു മനസിലാക്കിക്കൊടുത്തു. പിന്നെ അതും അവന് പ്രശ്നമല്ലാതായി.
എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ മുതൽ സ്വന്തം യൂണിഫോമും അടിവസ്ത്രങ്ങൾ വരെ അവൻ സ്വയം കഴുകിത്തുടങ്ങി. ആദ്യമൊക്കെ അത്ര വൃത്തിയായിരുന്നില്ല. രണ്ടു മൂന്നു തവണ കൂടെ നിന്ന് പറഞ്ഞു കൊടുത്തപ്പോൾ പിന്നെ തുണിയൊക്കെ ഭംഗിയായി അലക്കും. പരീക്ഷയുടെ ദിവസങ്ങളിൽ പോലും അവൻ തന്നെയാണ് വാഷിങ്. 'അമ്മയ്ക്ക് ജോലിത്തിരക്കല്ലേ എല്ലാറ്റിനുംകൂടി സമയം കിട്ടുന്നില്ല. അതുകൊണ്ടാണ് മോനോട് തന്നെ അലക്കിയിടാൻ പറയുന്നത്' എന്ന് പറയുമ്പോഴും അവൻ ആ ജോലികളൊക്കെ പഠിക്കണം എന്നത് മാത്രമായിരുന്നു എന്റെ മനസ്സിൽ.
കൂട്ടുകുടുംബത്തിൽ വളർന്നത് കൊണ്ട് വീട്ടുജോലികൾ ഒന്നും അറിയാത്ത ഒരാളായിരുന്നു ഭർത്താവ് ഹരി. ചായ ഉണ്ടാക്കാനോ, ഡ്രസ്സ് കഴുകിയിടാനോ ഇസ്തിരി ഇടാനോ ഒന്നും അറിയില്ല. 'ഞാൻ ഇതൊന്നും ചെയ്യാറില്ല. എനിക്ക് ഇതൊന്നും ചെയ്തു ശീലമില്ല' എന്നതായിരുന്നു ന്യായം. പത്തു, പതിനഞ്ചു പേർ വീട്ടിലുള്ളപ്പോൾ ഒന്നും അറിയേണ്ട കാര്യമില്ല. പക്ഷേ തനിച്ചാകുമ്പോൾ അതൊരു വലിയ പ്രശ്നം തന്നെയാണ്. ഒരാളിൽ എല്ലാ ഭാരവും വന്നുചേരുക. ജോലിക്കും പോകണം, വീട്ടിലെ ജോലികളെല്ലാം ചെയ്യണം, കുട്ടികളുടെ കാര്യങ്ങൾ നോക്കണം. അങ്ങനെ വരുമ്പോൾ ഒരിക്കലും നമുക്ക് പൂർണമായും തൃപ്തിയോടെ ഒന്നും ചെയ്യാൻ പറ്റില്ല. ജോലികൾ തീരാത്ത അവസ്ഥയും സമയമില്ലായ്മയും... നമ്മുടെ മൊത്തത്തിലുള്ള മാനസിക സന്തോഷം പോയിക്കിട്ടും.
ഞങ്ങൾ ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങിയപ്പോൾ ആദ്യ നാളുകളിൽ ഇതൊരു പ്രശ്നം തന്നെ ആയിരുന്നു. അടുക്കളക്കാര്യങ്ങൾ ഒഴികെയുള്ള മറ്റു ജോലികൾ എല്ലാം ഹരിയ്ക്ക് അറിയാം. വീടും പരിസരവും കാടു കയറാതെ വൃത്തിയായി നോക്കും. മിക്സി, സ്റ്റൗ, ഫാൻ തുടങ്ങി എന്തെങ്കിലും കേടായാൽ ഒരു ഇലക്ട്രീഷ്യനെ വീട്ടിലേക്ക് വിളിക്കേണ്ട ആവശ്യമില്ല, പ്ലംബറുടെ ആവശ്യമില്ല, ഒരു വീട് പണിയുകയാണെങ്കിൽ അതിന്റെ മുക്കാൽ ജോലിയും അറിയുകയും അതിന് വേണ്ടി അത്രയേറെ അധ്വാനിക്കുകയും ചെയ്യും. വീട്ടിൽ ഗ്യാസ്, സ്റ്റൗ, മേശ, കുട്ടികൾക്ക് പഠിക്കാനുള്ള പുസ്തകങ്ങൾ വയ്ക്കുന്ന അലമാര തുടങ്ങി എല്ലാം സ്വന്തം ഉണ്ടാക്കിയതാണ്. അത്തരം കാര്യങ്ങൾക്ക് സകലകലാവല്ലഭൻ തന്നെയാണ്.
പക്ഷേ, ഞാൻ ഇല്ലെങ്കിൽ ഒരു ചായ കുടിക്കണമെങ്കിൽ അത് ഉണ്ടാക്കാൻ അറിയില്ല എന്നുപറയുന്നത് പോരായ്മ തന്നെയാണ്. സ്വന്തം വസ്ത്രം കഴുകിയിടാൻ അറിയാത്തത് മോശം തന്നെയാണ്. പണ്ടുമുതൽ ശീലിച്ചു വന്നതിൽ നിന്നും മാറാൻ പക്ഷേ സമയമെടുത്തു. താൻ അല്ലാതെ വേറെ ആരും ചെയ്യാനില്ല എന്ന അവസ്ഥ വരികയും തനിക്ക് അറിയാത്തത് കാരണം കുട്ടികൾ കൂടി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു എന്ന അവസ്ഥ വന്നപ്പോൾ എല്ലാം പഠിച്ചു, എല്ലാം ചെയ്തു തുടങ്ങി. ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ രാത്രി 8 മണിയാകും. അപ്പോഴേക്കും കുട്ടികൾക്ക് വിശന്നു തുടങ്ങും. വൈകീട്ടു ഭക്ഷണം കൊടുക്കണം. രാവിലെ ഞാൻ 4:30 ന് റേഡിയോ സ്റ്റേഷനിലേക്ക് പോകും. അപ്പോൾ ദോശയുണ്ടാക്കി വച്ചാൽ രാവിലെ ആകുമ്പോൾ അത് തണുത്തു കഴിക്കാൻ പറ്റാതായിട്ടുണ്ടാകും. അങ്ങനെയായപ്പോൾ സ്വയം ചായ വച്ചു തുടങ്ങി, ദോശ ഉണ്ടാക്കി തുടങ്ങി, പാചകം എല്ലാം ചെയ്തു തുടങ്ങി. ഇന്ന് എന്നേക്കാൾ ഭംഗിയായി അടുക്കള കൈകാര്യം ചെയ്യുന്നത് ഹരിയാണ്.
കോവിഡ് വന്നപ്പോൾ ഹരിക്ക് ജോലി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും വന്നാൽ വീട്ടിൽ കയറുന്നതിനു മുമ്പ് യൂണിഫോം കഴുകിയിടേണ്ട സ്ഥിതി വന്നു. അല്ലെങ്കിൽ കുട്ടികൾ പോയി തൊടും. അങ്ങനെ വസ്ത്രം അലക്കുന്നതും പഠിച്ചു. ഇങ്ങനെ ജീവിത സാഹചര്യം പ്രതികൂലമാകുമ്പോൾ വേറെ നിവൃത്തി ഇല്ലാതാകുമ്പോൾ പഠിക്കുകയും ചെയ്യുകയും ചെയ്യേണ്ട ഒന്നല്ല സ്വന്തം വീട്ടിലെ ജോലികൾ. അത് ഒരു കൂട്ടുത്തരവാദിത്തമാണ്. വീട്ടമ്മയ്ക്ക് മാത്രം എന്ന് ആരും എഴുതിവച്ചിട്ടില്ല. ഭക്ഷണം എല്ലാവരും ഒരു നേരം പോലും തെറ്റാതെ കഴിക്കുന്നുണ്ടെങ്കിൽ അതിന് വേണ്ടി ജോലി ചെയ്യേണ്ടതും ഓരോരുത്തരുടെയും കടമ തന്നെയാണ്. വീട്ടമ്മ എന്ന ലേബലിൽ അടുക്കളയിൽ പുലരുമ്പോൾ മുതൽ രാത്രി കിടക്കുന്നത് വരെ ജോലി ചെയ്തു ജീവിതം തീർക്കുന്ന കുറെയേറെ ജന്മങ്ങൾ നമുക്ക് ചുറ്റും അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഇപ്പോഴുമുണ്ട്.
ഇനിയുള്ള തലമുറയിലെ പെൺകുട്ടികളെ അടുക്കളയിൽ ജീവിച്ചു തീർക്കാൻ കിട്ടില്ല. അതുകൊണ്ടുതന്നെ ആൺ -പെൺ വ്യത്യാസം ഇല്ലാതെ അടുക്കളപ്പണിയും വീട്ടുജോലികളും പഠിക്കുകയും ചെയ്യുകയും ചെയ്തേ മതിയാകൂ. ആൺകുട്ടികൾ ആണെന്നുകരുതി ഒന്നും ചെയ്യിപ്പിക്കാതെ വളർത്തുന്നത് നാളെ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെൺകുട്ടിയോട് നമ്മൾ ചെയ്യുന്ന ദ്രോഹമാണ്. സാഹചര്യം വരുമ്പോൾ പഠിക്കുന്നതിനേക്കാൾ നല്ലത് എല്ലാം പഠിച്ചു വച്ചേക്കുക, അപ്പോൾ സാഹചര്യം വരുമ്പോൾ കൂളായി അത് കൈകാര്യം ചെയ്യാൻ സാധിക്കും.
ചെറുപ്പത്തിൽ തന്നെ അങ്ങനെ ശീലിപ്പിച്ചത് കൊണ്ട് ഇപ്പോൾ മോനോട് ഒന്നും പറഞ്ഞു കൊടുത്തു ചെയ്യിപ്പിക്കേണ്ട കാര്യമില്ല. എല്ലാം കണ്ടറിഞ്ഞു ചെയ്യും. ഞാനോ അവന്റെ അച്ഛനോ ഉണ്ടാക്കുന്നതിനേക്കാൾ ഭംഗിയായി നല്ല വട്ടത്തിൽ ദോശ മാവ് തട്ടിൽ പരത്തി ദോശ ഉണ്ടാക്കി അത് കഴിക്കുമ്പോൾ ഞാൻ അവനോട് പറയും ഇത്രയും നല്ല ദോശയുണ്ടാക്കുന്ന അമ്മയുടെ ഈ ബംഗാളിയെ വല്ല ഹോട്ടലുകാരും കണ്ടാൽ കൊത്തിക്കൊണ്ടുപോകുമെന്ന്. എനിക്ക് ഇപ്പോഴും ചോറ് വാർക്കാൻ ശരിക്കും അറിയില്ല. ഇടയ്ക്കിടെ കൈ പൊള്ളും. അവൻ വളരെ എളുപ്പത്തിൽ അതൊക്കെ ചെയ്യുന്നു. ഇന്നിപ്പോൾ ഞങ്ങൾ രണ്ടുപേരും വീട്ടിൽ ഇല്ലെങ്കിലും വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യാനും കുട്ടികളെ നോക്കലും ഭക്ഷണം കൊടുക്കലും കുളിപ്പിക്കലും എല്ലാം അവൻ ചെയ്യും. കുട്ടികളെ പഠിപ്പിക്കാൻ മാത്രം അവനോട് പറയില്ല. അത് എപ്പോഴും ഭീകര വഴക്കിലാണ് ചെന്ന് അവസാനിക്കുക. ഇപ്പോൾ ചെറിയ രണ്ടുപേരെ കൂടി കളത്തിൽ ഇറക്കിയിട്ടുണ്ട്. ചില്ലറ ജോലികളൊക്കെ അവരെക്കൊണ്ടും ചെയ്യിപ്പിക്കും.
അനന്തു കേന്ദ്രീയ വിദ്യാലയത്തിൽ ആയിരുന്നു എട്ടാം ക്ലാസ്സ് വരെ പഠിച്ചത്. പിന്നെ ഇളയ കുട്ടികൾ തനിച്ചാകുന്നത് കൊണ്ട് അവരുടെ സ്കൂളിലേക്ക് അവനെ മാറ്റിച്ചേർത്തു. സിലബസ് മാറി. അതുവരെയുള്ള രീതി അല്ല. അതുമായി പൊരുത്തപ്പെടാൻ പെട്ടന്നു പറ്റിയില്ല. അവന് കെ.വി തന്നെ ആയിരുന്നു ഇഷ്ടം. അതും കുഞ്ഞുങ്ങൾക്ക് വേണ്ടി അവൻ ചെയ്ത ത്യാഗമാണ്. എങ്കിലും പത്താം ക്ലാസ്സ് ആയപ്പോഴേക്കും സ്കൂളിൽ അധ്യാപകരുടെ പ്രിയപ്പെട്ട ശിഷ്യനായി മാറി അവൻ. സ്കൂളിൽ പോകുമ്പോഴൊക്കെ അധ്യാപകരും കുട്ടികളുമൊക്കെ സുഹൃത്തുക്കളെ പോലെ അടിച്ചുപൊളിയായി പോകുന്നു. അതുകണ്ടപ്പോഴും ഒരു സന്തോഷം. എനിക്കൊക്കെ എന്റെ ടീച്ചർമാരോട് മിണ്ടാൻ തന്നെ പേടിയായിരുന്നു.
അവനോട് കുറെയേറെ ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട് എന്ന് തുറന്നു പറയാതെ വയ്യ. അവൻ കുട്ടിയായിരിക്കുമ്പോൾ എനിക്ക് ജോലിയില്ല. അതിന്റേതായ മാനസിക വിഷമം, പി. എസ്.സി പഠനവുമായി ഉറക്കമില്ലാത്ത രാത്രികൾ, ഒരുപാട് പേരുള്ള വീടാണ്. അതിനിടയിലെ എന്തെങ്കിലും അലോസരം.. എല്ലാ വിഷമവും ദേഷ്യവും തീർക്കുന്നത് മോന്റെയടുത്തായിരുന്നു. പുറത്തുപോയി വരുമ്പോൾ എന്തെങ്കിലും ഒരു വിഷയം ഉണ്ടാകും, അതുകേട്ടാൽ പിന്നെയുള്ള എന്റെ ദേഷ്യവും സങ്കടവും മൊത്തം അനുഭവിക്കുന്നത് മകനാണ്. അന്നത്തെ പ്രായത്തിന്റെ പക്വതയില്ലായ്മയും വിവരക്കേടും. ഇന്നും ഓർക്കുമ്പോൾ കുറ്റബോധമുണ്ട്. ഹരി കുട്ടികളെ വഴക്ക് പറയുകയോ അടിക്കുകയോ ഒന്നുമില്ല. പക്ഷേ, എന്റെ പെരുമാറ്റം കൊണ്ടാണാവോ അവൻ വലുതാകുന്നതുവരെ കുറച്ചു അന്തർമുഖനായിരുന്നു. ഒരു ആവശ്യവും പറയില്ല. എന്തെങ്കിലും വേണോ എന്ന് ചോദിച്ചാലും ഒന്നും വേണ്ട. പ്രത്യേകിച്ച് ആവശ്യങ്ങൾ ഒന്നും പറയില്ല. സംസാരവും വളരെ കുറച്ചു മാത്രം. സ്കൂളിലെ ഒരു വിശേഷവും വന്നു പറയില്ല.
ചെറിയ കുട്ടികൾ ഉണ്ടായപ്പോഴാണ് കുട്ടികൾ എങ്ങനെ എന്നും അവരുടെ വികൃതികൾ എങ്ങനെയെന്നും അറിഞ്ഞത്. അവർ വളർന്നത് മൂത്തയാൾ വളർന്ന സാഹചര്യത്തിൽ നിന്നും തികച്ചും വ്യത്യസ്തമായാണ്. അതുകൊണ്ടുതന്നെ അതിന്റെ മിടുക്കും സാമർത്ഥ്യവും രണ്ടുപേർക്കുമുണ്ട്. അവർ ഒപ്പിക്കുന്ന ഓരോ കാര്യങ്ങൾ കൊണ്ട് തലയിൽ കൈവച്ചിരുന്നു പോയിട്ടുണ്ട്. കുറുമ്പിന്റെ അങ്ങേയറ്റം, അവരുടെ കാര്യങ്ങൾ ചോദിച്ചുവാങ്ങാനും, ഒരു ഹോട്ടലിൽ പോയാൽ പോലും അവർക്ക് എന്തൊക്കെയാണോ വേണ്ടത് അത് കൃത്യമായി പറഞ്ഞു ഓർഡർ ചെയ്യും. അപ്പോഴും മൂത്ത മോന് അഭിപ്രായം ഒന്നുമില്ല. എന്തെങ്കിലും മതി എന്നാണ് ഉത്തരം. ചെറിയ രണ്ടു പേരും വളരുന്നത് അത്രയേറെ സ്വാതന്ത്ര്യത്തിൽ അടിപൊളിയായിട്ടാണ്. അതുകൊണ്ട് തന്നെ അവരെ ഒന്ന് വഴക്ക് പറയാൻ പോലും അവന്മാർ നിന്ന് തരില്ല. ഇങ്ങോട്ട് അതിനേക്കാൾ വലിയ ന്യായം പറയും നാലു വയസ്സുള്ള ചെറിയ സന്താനം പോലും.
അവരുമായി താരതമ്യം ചെയ്യുമ്പോൾ മൂത്തയാൾ വെറും പാവം കുട്ടി ആയിരുന്നു. ആ പാവം സ്വഭാവം എന്നെ വിഷമിപ്പിച്ചിരുന്നു എപ്പോഴും. ഞാൻ അനാവശ്യമായി വഴക്ക് പറഞ്ഞും ശിക്ഷിച്ചുമാണ് അവൻ ഇങ്ങനെ ഒതുങ്ങിപ്പോയത് എന്ന കുറ്റബോധം എപ്പോഴും എന്റെയുള്ളിൽ ഉണ്ടായിരുന്നു. ഇപ്പൊ പക്ഷേ അവൻ അങ്ങനെയല്ല. ചെറിയ രണ്ടുപേരുടെയും മുന്നിൽ അടി കൊള്ളാതെ പിടിച്ചു നിൽക്കാനോ, അവരുടെ സാമർത്ഥ്യവും മിടുക്കും കൊണ്ട് ഇവന് പലപ്പോഴും പലതും തിന്നാൻ പോലും കിട്ടാത്ത അവസ്ഥയുമൊക്കെ വന്നപ്പോൾ അവനും മാറിത്തുടങ്ങി. കടയിൽ പോകാനും പുറത്തിറങ്ങി ആളുകളുമായി ഇടപെടാനുമൊക്കെ തുടങ്ങിയപ്പോൾ അവൻ മിടുക്കൻ ആയി. ഇപ്പോൾ പണ്ടത്തെ പോലെ മിണ്ടാതിരിക്കുന്ന പാവം മോനൊന്നുമല്ല. ഏത് കാര്യം പറഞ്ഞാലും എവിടേക്കാണെങ്കിലും ഒറ്റയ്ക്ക് പോവുകയും കാര്യങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്യും.
വീട്ടിലും മാറി. സ്വന്തമായി അഭിപ്രായങ്ങളും നിലപാടുകളും ഉണ്ട്. നന്നായി വിമർശിക്കുകയും തെറ്റാണെങ്കിൽ അമ്മ ചെയ്തത് ശരിയായില്ല എന്ന് മുഖത്തു നോക്കി പറയുകയും ചെയ്യും. ഞാൻ സ്കൂട്ടറിൽ നിന്നും വീണു വയ്യാതെ വീട്ടിൽ വന്നപ്പോൾ ഹരി ഉണ്ടായിരുന്നില്ല. കാലിൽ നീര് വച്ച എന്നെ വണ്ടി വിളിച്ചു കൊണ്ടുവന്നു,തോളിൽ താങ്ങിപിടിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടറെ കാണിക്കുകയും എല്ലാ കാര്യവും ചെയ്ത് തിരിച്ചു കൊണ്ടുവന്നതും അവൻ ആണ്. അന്ന് എന്റെയുള്ളിൽ വന്നയൊരു ധൈര്യം. എനിക്ക് ഇനി എന്തുണ്ടെങ്കിലും താങ്ങിയെടുക്കാൻ മാത്രം എന്റെ മോൻ വളർന്നെന്നുള്ള അറിവ്. അതൊരു ധൈര്യം തന്നെയാണ്.
അവന്റെയും എന്റെയും പരീക്ഷാഫലം വന്നത് തലേന്നും പിറ്റേന്നുമാണ്. എന്റെ പ്രൊമോഷൻ ടെസ്റ്റിൽ രണ്ടു പേപ്പറിനും പാസ്സായപ്പോൾ ഞാൻ പറഞ്ഞു: 'എല്ലാവരും ഓൺലൈൻ ക്ലാസ്സിലും കോച്ചിംഗിനുമൊക്കെ പോയി പരീക്ഷ എഴുതിയപ്പോൾ നിന്റെ അമ്മ ഒരു ക്ലാസ്സിനും പോകാതെ സ്വന്തമായി പഠിച്ചു പരീക്ഷ പാസ്സായത് കണ്ടില്ലേ, നിനക്ക് ഫുൾ എ പ്ലസ് എത്തിക്കാൻ പറ്റിയില്ലല്ലോ' എന്ന്. 'രസകരമായിരുന്നു അവന്റെ മറുപടി. 'അമ്മയ്ക്ക് അമ്മയുടെ അച്ഛന്റെയും അമ്മയുടെയും ബുദ്ധി കിട്ടി. അതുകൊണ്ട് എല്ലായിടത്തും ജയിക്കാൻ പറ്റുന്നു. എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും ബുദ്ധിയാണ് കിട്ടിയത്. അതുകൊണ്ട് ഇത്രയൊക്കെയേ കിട്ടുള്ളൂന്നാ തോന്നുന്നത്'.. ഇവനോടൊക്കെ പിന്നെ എന്തു പറയാൻ.
പത്താം ക്ലാസ്സ് കഴിഞ്ഞു. ഇനി അവന് ഇഷ്ടമുള്ളത് അവൻ തിരഞ്ഞെടുത്ത് പഠിക്കട്ടെ. അവന്റ വഴി അവൻ തന്നെ തിരഞ്ഞെടുക്കട്ടെ. ഇതിനിടയിൽ അവന് ഇഷ്ടമുള്ള എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ്.. അങ്ങനെ എന്തൊക്കെയോ വീഡിയോകൾ നോക്കി പഠിക്കുന്നുണ്ട്. പരസ്യങ്ങളും വീഡിയോകളുമൊക്കെ ചെയ്യാൻ എനിക്ക് സാധിക്കുന്നത് അവന്റെ ഒരാളുടെ സപ്പോർട്ട് കൊണ്ടാണ്. എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണലുകളെ പോലെ തന്നെ ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങും ഭംഗിയായി ചെയ്യുന്നുണ്ട്.
മോന് മാർക്ക് കുറഞ്ഞു പോയതിൽ അവന് പ്രത്യേകിച്ച് വിഷമം ഇല്ലെങ്കിലും ഞങ്ങൾക്ക് വിഷമം ആയോ എന്നൊരു ഭാവം മുഖത്തുണ്ട്. ഒരിക്കലും വിഷമം ഇല്ല. മാർക്ക് ഇനിയും കിട്ടും, കുറച്ചു കൂടി നന്നായി പഠിച്ചാൽ മാത്രം മതി. ഇത് നമ്മുടെ ജീവിതം നിർണയിക്കുന്ന ഒരു പരീക്ഷയുമല്ല.
ഒരു വീഡിയോ കണ്ടിരുന്നു. റോഡിൽ തെരുവു വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്ന് പഠിക്കുന്ന ഒരു കുട്ടി. അങ്ങനെ കഷ്ടപ്പെട്ട്, വീട്ടിലെ പ്രാരാബ്ധങ്ങൾ കൊണ്ട് പാർട്ട് ടൈം ജോലിക്ക് പോയും അച്ഛനും അമ്മയും രോഗികളായി വയ്യാതെ കിടക്കുന്ന വീട്ടിൽ നിന്നും വരുന്നവരും അങ്ങനെ നിരവധി പ്രശ്നങ്ങൾക്കിടയിൽ കൂടി പഠിച്ചു നേടുന്ന മിടുക്കരുണ്ട്. ചിലപ്പോൾ അവർ നേടിയ എ പ്ലസ്സുകളുടെ എണ്ണം കുറവായിരിക്കാം. അങ്ങനെയുള്ളവരെ കണ്ടെത്തി അഭിനന്ദിച്ച് മുന്നോട്ടുള്ള ജീവിതത്തിലേക്ക് ധീരമായി മുന്നേറാൻ അവരുടെ കൈപിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. അല്ലാതെ എല്ലാ വിഷയങ്ങൾക്കും ട്യൂഷനും കൊടുത്ത് ഏത് ആവശ്യവും നിറവേറ്റാൻ പാകത്തിന് നിൽക്കുന്ന ഞാനടക്കമുള്ള മാതാപിതാക്കളുടെ പൊന്നോമനകളായി സ്കൂൾ വണ്ടിയിൽ പോയി പഠിച്ചു വീട്ടിന്റെ പടിയിൽ ഇറങ്ങുന്ന കുട്ടികളേ.. നിങ്ങൾ നേടിയ വിജയം കുറച്ചു കാണുന്നില്ല. പക്ഷേ കഷ്ടപ്പാടുകൾക്കുള്ളിൽ നിന്നുകൊണ്ട് വാങ്ങുന്ന നിങ്ങളുടെ ചില കൂട്ടുകാരെങ്കിലും ഇല്ലേ. അവരുടെ വിജയത്തിനാണ് പത്തര മാറ്റ് എന്നും. അവരെ മറക്കരുത്.
ഫുൾ മാർക്ക് വാങ്ങിയില്ലെങ്കിലും പതറാതെ മുന്നോട്ട് പോകേണ്ടത് ജീവിതത്തിൽ ആണ്. അവിടെ ചിലപ്പോൾ അപ്രതീക്ഷിതമായി തോൽവി വരും, തിരിച്ചടികൾ വരും, ചിലപ്പോൾ ആരോരുമില്ലാതെ ഒറ്റപ്പെട്ടു പോകും, അതിൽ തളരാതെ ഒളിച്ചോടാതെ ആത്മാഭിമാനത്തോടെ പൊരുതി മുന്നോട്ട് പോകുന്നതാണ് യഥാർഥ ജയം. ഇനി നടന്നു കയറേണ്ട വഴികളിൽ മുഴുവൻ നല്ലതിനേക്കാൾ എത്രയോ മടങ്ങ് മോശം കാര്യങ്ങൾ ആണ്. നല്ലതിനെ എടുക്കുകയും തള്ളേണ്ടതിനെ തള്ളുകയും, നോ എന്ന് പറയേണ്ടിടത്തു ധൈര്യമായി നോ എന്ന് പറയുകയും സ്വന്തം മനസാക്ഷിയെ വഞ്ചിക്കാതെ, ശരിയെന്നു തോന്നുന്നത് മാത്രം ചെയ്ത് അനിയന്മാർക്ക് മോഡൽ ആകുന്ന വിധത്തിൽ മിടുക്കനായ ഏട്ടനായും വീടിനും സമൂഹത്തിനും നന്മയാകുന്ന ഒരു യുവാവായും വളരുക. അത് മാത്രമാണ് ആഗ്രഹം.
Content Highlights: ajisha haridas column on son sslc result
Published: 09 May 2024, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented