പ്രമുഖ അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ ജൂനിയറായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഇവര്‍.

യുവഡോക്ടറെ കൊച്ചി പൊന്നുരുന്നിയിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും വിലപിടിപ്പുള്ള ഫോണുകളും കവരുകയും ചെയ്ത കേസിൽ അറസ്റ്റിലായത് രണ്ട് അഭിനേതാക്കളാണ്. ഡീയസ് ഇറ എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധേയായ അതുല്യ ചന്ദ്രനും നടൻ ബിബിൻ പെരുമ്പിള്ളിയും. ആക്രമണത്തിന് പിന്നിൽ ബ്ലാക്ക്മെയിലിങ്ങും കോടികൾ തട്ടാനുള്ള ഗൂഢാലോചനയുമുണ്ടെന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.
നടി അതുല്യ ചന്ദ്ര, തനിക്ക് മുൻപരിചയമുള്ള ഡോക്ടറെ തന്റെ അമ്മയുടെ സഹോദരിക്ക് സുഖമില്ല എന്ന് വിശ്വസിപ്പിച്ച് ഫ്‌ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. അപ്പാർട്ട്മെന്റിൽ എത്തിച്ചേർന്ന ഡോക്ടറെ, അതുല്യയുടെ ബന്ധുവിന് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ച് പ്രതികൾ കസേരയിൽ കെട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഡോക്ടറുടെ വാരിയെല്ലുകൾക്ക് പരിക്കേൽപിച്ച സംഘം, അദ്ദേഹത്തിന്റെ മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന രണ്ട് സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ കവർന്നു.
എൽഎൽബിക്ക് ശേഷം മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച് സിനിമയിൽ എത്തിയ നടിയാണ് അതുല്യ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായ 'ഗാനഗന്ധർവൻ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വരുന്നത്. തുടർന്ന് 'ഇന്നലെ വരെ', 'ഒ ബേബി', 'ഡീയസ് ഈറ', 'ഉയിർ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. പ്രമുഖ അഭിഭാഷകനായ ബി. രാമൻപിള്ളയുടെ ജൂനിയറായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഇവർ. നിയമത്തിന്റെ സുരക്ഷയും പരിരക്ഷയും എന്തെന്ന് വ്യക്തമായി അറിയാവുന്ന അതുല്യ ഇത്തരമൊരു കുറ്റകൃത്യത്തിന്റെ ഭാഗമായതാണ് പലരെയും ഞെട്ടിച്ചത്.
‘ഡീയസ് ഇറെ’യിലെ ഇന്റിമസി രംഗങ്ങളെക്കുറിച്ചും അഭിനയ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ചർച്ചകളിൽ അതുല്യ നടത്തിയ പ്രതികരണങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പ്രണവ് മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ദൗർബല്യം കാണിക്കുന്നതിനായി സിനിമയുടെ തുടക്കത്തിൽതന്നെ ഇന്റിമസി രംഗം ഉൾപ്പെടുത്തിയിരുന്നു. കഥയ്ക്ക് ആവശ്യമായതുകൊണ്ടാണ് ആ രംഗത്തിൽ താൻ അഭിനയിച്ചതെന്നും കൊറിയോഗ്രാഫർമാരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് അഭിനയിച്ചതെന്നും അവർ പറഞ്ഞിരുന്നു.
ഗീതുമോഹൻദാസ് സംവിധാനം ചെയ്ത ടോക്‌സിക് സിനിമയുടെ ട്രെയ്‌ലർ വിവാദമായപ്പോഴും നിലപാടുമായി അതുല്യ രംഗത്തെത്തിയിരുന്നു. 'പ്രത്യയശാസ്ത്രം എന്നുപറയുന്നത് അവസരത്തിനൊത്ത് അണിയേണ്ട ഒന്നല്ലെന്നും സ്വന്തം വൈരുദ്ധ്യങ്ങൾ മറച്ചുവയ്ക്കുന്നതിനായി മറ്റുള്ളവർക്ക് നേരെ പിടിക്കേണ്ട പരിചയല്ല' എന്നായിരുന്നു അതുല്യയുടെ പോസ്റ്റ്.
'ലോക', 'കിംഗ് ഓഫ് കൊത്ത', 'സീതാരാമം', 'റോഷാക്ക്', 'ആശാൻ' തുടങ്ങിയ ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബിബിൻ പെരുമ്പിള്ളി. 'ലോക' എന്ന ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അഭിനയിച്ചത്.
സംഭവത്തിൽ ആകെ 12 പേരെയാണ് പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബിബിൻ പെരുമ്പിള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. ബിബിന്റെ സഹായിയും എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയുമായ വിഷ്ണുവടക്കം മൂന്നുപേർ ഇതുവരെ പിടിയിലായിട്ടുണ്ട്. പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാമെന്നു പറഞ്ഞ് ഡോക്ടറോട് ആറ് കോടി രൂപ പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടതായും വഴങ്ങാത്തതിനെ തുടർന്ന് സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഹണിട്രാപ്പ് സാധ്യത മുൻനിർത്തിയാണ് പൊലീസ് കേസ് കൂടുതൽ അന്വേഷിക്കുന്നത്.
അതേസമയം,സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്ടർ ജോൺസൺ ജെ. വർഗീസിനെതിരേയാണ് പരാതിയുമായി ഒരു യുവതി രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങളടങ്ങിയ ഡോക്ടറുടെ ഫോൺ യുവതി പോലീസിന് കൈമാറിയതായാണ് വിവരം. കേസിലെ പ്രതിയുടെ ബന്ധുവാണ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
Content Highlights: Actress Atulya Chandra, known for her legal background, shocked many by being involved in a crime against a doctor in Kochi.
Published: 06 Nov 2026, 02:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented