തങ്കേച്ചി. സാങ്കല്‍പികമാണ് പേര്. പക്ഷേ, സങ്കല്‍പങ്ങള്‍ക്കപ്പുറമായിരുന്നു അവരുടെ ജീവിതം. വാക്ക് കൊണ്ട് വരച്ചിടാവുന്നതിനപ്പുറം. അതിശയോക്തിയുടെയോ ഭാവനയുടെയോ ലാഞ്ജന തെല്ലുമില്ലാത്ത പച്ചയായ ജീവിതം. ഇപ്പോഴുമുണ്ടവര്‍, ഉയിരോടെ കണ്മുന്നില്‍. നേരിയ പരാതി പോലുമില്ലാതെ, ഭൂതകാല ദുരിതങ്ങള്‍ മുഖത്ത് വരച്ചിട്ട വറ്റിയ കണ്ണീര്‍ച്ചാലുമായി എസ്റ്റേറ്റ് ജീവിതം തള്ളിനീക്കിക്കൊണ്ടങ്ങനെ...

To advertise here,

കണ്ണീര്‍ക്കഥയെന്നോ ദുരന്തകഥയെന്നോ വിശഷിപ്പിക്കണമെന്ന് അറിയില്ല. ഒന്നുറപ്പ്, സിനിമാക്കഥയെപ്പോലും വെല്ലും, തെല്ലൊരു അവിശ്വസനീയതയോടെ മാത്രം കേട്ടിരിക്കാവുന്ന അവരുടെ കഥ. ആ കഥ അവരുടെ വാക്കുകളില്‍ തന്നെ കേള്‍ക്കാം. ഇടറാതെ പറഞ്ഞുതീര്‍ക്കാനായിട്ടില്ല ഇന്നോളം എനിക്കാ കഥ. അല്ല... ആ ജീവിതം.

മുറ്റത്തു കൂട്ടിയിട്ട ചപ്പു ചവറുകള്‍ക്ക് തീ കൊളുത്തേണ്ട താമസം.. വന്നു ഒരുത്തി. ലച്ചുമി. മൂത്തവളാണ്. ചപ്പ് അടിച്ചുകൂട്ടാന്‍ ഒരുത്തിയുമില്ല. തീ കായാന്‍ നേരത്ത് ഉടുതുണിയും പൊക്കിപ്പിടിച്ചു വന്നോളും ഒരു ഉളുപ്പുമില്ലാതെ.. പണിയെടുക്കാന്‍ ബാക്കിയുള്ളോരും തീ കായാന്‍ നേരത്തു ഇവറ്റോളെ കെട്ടിയെടുക്കും. പറഞ്ഞു തീര്‍ന്നില്ല വന്നു അടുത്തവള്‍. ഇരട്ടകളാണ്.

ആര്‍ക്കും വേണ്ടാതെ ജനിച്ചവര്‍. എനിക്കൊട്ടും വേണ്ടിയിരുന്നില്ല. അവരുടെ അച്ഛന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിക്കാണുമോ.. ഏയ് സാധ്യതയില്ല. ഒരിക്കല്‍ പോലും കുഞ്ഞുണ്ടാകുന്നതിനെ പറ്റിയോ അവരെ ലാളിക്കുന്നതിനെക്കുറിച്ചോ ഒന്നും മിണ്ടിയിട്ടില്ല. ഒന്നിനെ പോലും വേണം എന്ന് വിചാരിക്കാത്തത് കൊണ്ടാവും രണ്ടെണ്ണത്തെ ഒരുമിച്ച് ദൈവം തന്നത്. അല്ലെങ്കിലും, ആഗ്രഹിച്ചത് കയ്യില്‍ നിന്ന് തട്ടിപ്പറിച്ച്, ആഗ്രഹിക്കാത്തത് തന്നല്ലേ ശീലം ദൈവത്തിന്. തന്നതിനെ കണ്ണ് നിറയെ കാണുന്നതിന് മുമ്പ് കാണാമറയത്തേക്ക് കൊണ്ടുപോയതല്ലേ.

'എന്താ തങ്കം കിനാവ് കണ്ടു നിക്കുന്നെ'.?
വേലുവണ്ണനാണ്. വെളുപ്പിനെ പോകും ഒരു മൊന്തയുമായി. താഴ്​വാരത്തിലേക്ക്. പാടി (എസ്റ്റേറ്റ് പണിക്കാർ താമസിക്കുന്ന വീടുകൾ) ഇപ്പൊ പണ്ടത്തെ പോലെയല്ല. നാലു കുടുംബത്തിന് ഒന്ന് വീതം ശുചിമുറിയൊക്കെയുണ്ട്. എന്നാലും വേലുവണ്ണന്‍ രാവിലെ പീടികയില്‍ പോയി ഒരു ബീഡി പുകച്ചതിന് ശേഷം താഴ്​വാരത്ത് പോയേ കാര്യം സാധിക്കുകയുള്ളൂ. അണ്ണന്റെ മോന്റെ പീടിക തന്നെയാണ്. പറഞ്ഞാല്‍ ഒരു കെട്ട് ബീഡി വീട്ടില്‍ കൊണ്ടുപോയി കൊടുക്കും. അണ്ണന് പക്ഷേ അത് വേണ്ടാ. പീടികമുറ്റത്ത് തീക്കൂനയ്ക്ക് അടുത്ത് കുന്തിച്ചിരുന്ന് ബീഡി പുകച്ച്, അവിടെ വന്നിരിക്കുന്നവരോടൊക്കെ പീടിക മുതലാളി ചമഞ്ഞ് വിലക്കയറ്റത്തേക്കുറിച്ചും തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ചുകഴിഞ്ഞാല്‍ മാത്രമേ താഴവരത്തേക്ക് ഇറങ്ങാന്‍ ഒരു സുഖമുള്ളൂ. എന്നും പറയുന്നത് ഒരേ വിഷയം തന്നെ ആണെങ്കിലും വേലുവണ്ണന്‍ പറയാതിരിക്കില്ല.

'ഇന്നെന്താ മൊന്ത എടുത്തില്ലേ അണ്ണാ..?'
കുട്ടികള്‍ ചോദിച്ചയുടനെ മുണ്ടിന്റെ മടിക്കുത്തില്‍ ഇട്ടിരുന്ന മൊന്ത, ഇടുപ്പ് ഇളക്കി കാണിച്ചു വേലുവണ്ണന്‍.
'കിളവനായല്ലോ എന്നിട്ടും തന്തയുടെ ഇളക്കം മാറിയിട്ടില്ല.'
പിറുപിറുത്തത് അയാള്‍ കേട്ടൂന്ന് തോന്നുന്നു.
'നിന്റെ തള്ളയ്ക്ക് എന്താ ലച്മീ ഇന്ന് പൊലര്‍ച്ചെ തന്നെ തുടങ്ങിയോ..?'
താന്‍ പതുക്കെ പറഞ്ഞത് അണ്ണന്‍ കേട്ടുവെന്ന് മനസിലായി. വയസ്സായി, എന്നാലും പാമ്പിന്റെ ചെവിയാണ്.
പാവം, അങ്ങനെയൊന്നും പറയേണ്ട. ആകെയുള്ള തുണയാണ് അണ്ണനും കുടുംബവും. ശേഖരേട്ടന്റെ സുഹൃത്താണ്. കല്യാണം കഴിഞ്ഞു വന്നപ്പോ മുതല്‍ ഇതുവരെയും ഒന്ന് വിളിച്ചാല്‍ ഓടിവരാന്‍ അവരെയുള്ളൂ.

കല്യാണത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ മനസ് പെട്ടന്ന് വയനാട്ടിലെ കാലത്തിലേക്ക് പോയി. അമ്മ പണിക്കു നിന്ന വീട്ടിലെ ജീവിതം. സത്യത്തില്‍ പണിക്ക് നിന്നതല്ല. അമ്മയുടെ ബന്ധുക്കൾ തന്നെയാണ് വീട്ടുകാര്‍. പണമില്ലാത്തത് കൊണ്ട് ബന്ധുത്വമൊന്നും അവിടെ വിഷയമായിരുന്നില്ല. അമ്മയെ സഹായിക്കാന്‍ ചെറുപ്പം മുതലേ പോകുന്നതാണ്. അച്ഛന്‍ ആരെന്നോ അങ്ങനെ ഒരാളെ കണ്ടതായോ അറിയില്ല. നെല്ല് കുത്താനും അരി ആട്ടാനും അച്ചാര്‍ ഉണ്ടാക്കാനും കൈപ്പയ്ക്ക, മുളക് കൊണ്ടാട്ടങ്ങള്‍ ഉണ്ടാക്കാനും കപ്പയും ചക്കയുമായാല്‍ അത് വരട്ടിവയ്ക്കാനും പപ്പടം ഉണ്ടാക്കാനുമൊക്കെ നന്നായി അറിയാം. അമ്മയ്ക്ക് ആശ്വാസമാണ് ഞാന്‍ കൂടി പോകുന്നത്.

പതിനാറു വയസുള്ളപ്പോഴാണ് കല്യാണം. അതിനെ കല്യാണം എന്ന് വിളിക്കാമോ എന്നറിയില്ല. ആ വീട്ടില്‍ ഒരു ബന്ധു വിരുന്നു വന്നപ്പോ അവരുടെ കൂടെയുണ്ടായിരുന്നു ശേഖരേട്ടന്‍. ബന്ധം എന്തെങ്കിലും ഉണ്ടോന്ന് അറിയില്ല. നല്ല വെളുത്തു ഉയരത്തിലുള്ള ആള്‍ക്ക് എന്നെ എങ്ങനെ ബോധിച്ചു ആവോ... ഞാന്‍ ആണെങ്കില്‍ നിറം കുറഞ്ഞു നീളം ഇല്ലാതെ... മുടി മാത്രമുണ്ട് മുട്ടിനൊപ്പം. ഇനി മുടി  കണ്ടിട്ടാണാവോ എന്നെ കെട്ടാന്‍ തോന്നിയത്. വന്ന് മൂന്നു ദിവസം അവിടെ കൂടി, നാലാം ദിവസം കുളിച്ചുവരാന്‍ പറഞ്ഞു, അകത്തമ്മ. വന്നപ്പോള്‍ ശേഖരേട്ടന്‍ ഒരു പുടവ തന്നു. മുണ്ടും നേര്യതും. ഒരു നിലവിളക്ക് പോലും കത്തിച്ചുവച്ചില്ല. ഇങ്ങനെ ആണോ ഇവിടെ കല്യാണം.? അങ്ങനെയൊന്നുമല്ല, അടിച്ചുതളിക്കാരി ആയതു കൊണ്ട് അതു തന്നെ അധികം.

അന്ന് വൈകുന്നേരം ശേഖരേട്ടന്‍ വീട്ടില്‍ വന്നു. അമ്മയെ കൊണ്ടാവുംവിധമൊക്കെ ഭക്ഷണം ഒരുക്കി. പിറ്റേന്ന് വീണ്ടും വാല്യപ്പണിക്ക് പോയി, അമ്മയുടെ കൂടെ. ഉച്ചയ്ക്ക് ഊണ് കഴിച്ച് കഴിഞ്ഞപ്പോള്‍ പറഞ്ഞു, ഇറങ്ങാണ്. സമയം ആയെന്ന്. അമ്മ വേഗം വീട്ടില്‍ പോയി ആകെയുള്ള ഒരു ജോഡി പാവാടയും ജാക്കറ്റും എടുത്തു വന്നു പൊതിഞ്ഞു കെട്ടിത്തന്നു. അതൊന്നും വേണ്ട. ആവശ്യമില്ല. കല്യാണം കഴിഞ്ഞു. ഇനിയാണോ പാവാട. തങ്കത്തിനു വേണ്ടതൊക്കെ ശേഖരന്‍ വാങ്ങിക്കൊടുക്കും. അന്യനൊന്നും അല്ലല്ലോ. നമ്മുടെ ബന്ധു തന്നെയല്ലേ. അപ്പോഴാണ് അവരുടെ ബന്ധു തന്നെയാണ് താനെന്ന് മനസിലായത്. പടിയിറങ്ങുമ്പോള്‍ മെല്ലെ വന്ന് അമ്മ പറഞ്ഞു. അടുത്തൊന്നുമല്ല തങ്കം. പന്തല്ലൂരാണ്. തമിഴന്മാരുടെ സ്ഥലം. ഭാഷയും വേറെ. പേടിക്കാനൊന്നൂല്ല്യ. ശേഖരന് എല്ലാം അറിയാം. പന്ത്രണ്ടു കൊല്ലായി അവിടെ എസ്റ്റേറ്റില്‍ ആണ് പോലും. പറ്റുമ്പോ വന്ന് രണ്ടീസം അമ്മേടെ കൂടെ നില്‍ക്കണം. എനിക്ക് അങ്ങോട്ട് വരാന്‍ പറ്റില്ലല്ലോ.
അമ്മയുടെ ശബ്ദം ഇടറി. ഒന്നും മിണ്ടാന്‍ പോയില്ല. മിണ്ടാതെ പടിയിറങ്ങി.

പതിനാറു വയസ്സില്‍ അമ്മയെയും നാടിനെയും വിട്ട് ഈ പാടിയില്‍ വന്നതാണ്. തമിഴ്‌നാട്ടില്‍ പന്തല്ലൂര്‍ എന്ന സ്ഥലം. കണ്ണെത്താ ദൂരം മുഴുവന്‍ തേയില എസ്റ്റേറ്റ് ആണ്. വീട്ടില്‍  ആണെങ്കില്‍ ശേഖരേട്ടന്‍ മാത്രം. വീടല്ല. എസ്റ്റേറ്റ് പാടി. അപ്പോള്‍ വീട്ടുകാരൊക്കെ..?
ചോദിച്ചപ്പോള്‍ പറഞ്ഞു: 'ഇപ്പൊ ഇവിടെ ഞാന്‍ മാത്രമേയുള്ളു. എന്താ പോരെ' എന്ന്.. പിന്നെ ഒന്നും ചോദിക്കാന്‍ പോയില്ല. സ്വന്തം അല്ലെങ്കിലും ഓര്‍മ്മ വച്ചത് മുതല്‍ വലിയൊരു വീട്ടില്‍ പെരുമാറിയിട്ട് ഈ എസ്റ്റേറ്റ് പാടിയില്‍ കുടുസ്സ്മുറിയിലെ ജീവിതവുമായി ഒട്ടും പൊരുത്തപ്പെടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പിന്നെ ആരോട് പറയാന്‍. തൊട്ടടുത്ത മുറിയില്‍ വേലുവണ്ണനും കുടുംബവുമുണ്ട്. അവരോട് മാത്രമാണ് മിണ്ടാനുള്ളത്. എല്ലാവരും രാവിലെ എസ്റ്റേറ്റില്‍ പണിക്ക് പോകുന്നവര്‍. തന്നോട് മാത്രം പണിക്കിറങ്ങാന്‍ പറഞ്ഞുമില്ല. ഇറങ്ങിയതുമില്ല.

ആദ്യമൊക്കെ മറ്റു തൊഴിലാളികളുടെ കൂടെ തേയില നുള്ളാനും മറ്റു പണികള്‍ക്കും പോയിരുന്ന ശേഖരേട്ടന്‍ പതുക്കെ ബംഗ്ലാവിലെ വേണ്ടപ്പെട്ടവനായി മാറി. എഴുത്തും വായനയും അറിയുമത്രേ ശേഖരേട്ടന്. അതുകൊണ്ട് സൂപ്രണ്ടിന്റെ സഹായിയായി അവിടെ കൂട്ടിയെന്ന്  വേലുവണ്ണന്റെ മകന്‍ സെല്‍വനാണ് പറഞ്ഞത്. വീട്ടില്‍ ദിവസവും വരുന്നത് ആഴ്ചയില്‍ രണ്ടു ദിവസമായി ചുരുങ്ങി. പിന്നെ പിന്നെ അത് വല്ലപ്പോഴുമായി മാറി. ഇതിനിടയില്‍ ഒരു കുഞ്ഞുണ്ടായി. ഗര്‍ഭകാലവും പ്രസവവുമൊക്കെ  നോക്കിയതും അവര്‍ തന്നെ. നാട്ടില്‍ കൊണ്ടുപോകാനും അമ്മയെ കാണണമെന്നുമൊക്കെ പല തവണ പറഞ്ഞു. കേട്ടതായി ഭാവിക്കില്ല. ശേഖരേട്ടന്‍ ഇടയ്ക്ക് നാട്ടില്‍ പോകുന്നുണ്ടെന്നു മനസിലായി. പ്രസവത്തിനെങ്കിലും ഒന്ന് നാട്ടില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോ അവിടെ ആരും ഇരിക്കുന്നില്ല സ്വീകരിക്കാന്‍ എന്ന് മാത്രം മറുപടി പറഞ്ഞു. അപ്പോള്‍ അമ്മയോ? അമ്മ എവിടെപ്പോകാനാണ്. അമ്മയ്ക്ക് എന്തുപറ്റി എന്ന് ചോദിച്ചപ്പോഴേക്കും കരഞ്ഞുപോയി.

ഒരു സ്വസ്ഥത തരാത്ത കൂട്ടം എന്ന് പറഞ്ഞ് കാര്‍ക്കിച്ചു തുപ്പി ഇറങ്ങിപ്പോയി. അമ്മയെന്ന ചോദ്യവും ഉത്തരവും അവിടെ അവസാനിച്ചു. ബംഗ്ലാവിലെ കാര്യക്കാരന്‍ ആയതില്‍ പിന്നെ ശേഖരേട്ടന്‍ പാടേ മാറി. പൈസ ഇഷ്ടം പോലെ ഉണ്ടത്രേ. വൈകുന്നേരം നന്നായി സേവിക്കാനും കിട്ടുമെന്ന്. പണിക്കാര്‍ക്കിടയില്‍ എപ്പോഴെങ്കിലും വന്നാല്‍ തന്നെ പഴയ അടുപ്പമൊന്നും ആരോടുമില്ല. വേലുവണ്ണന്‍ ഒരിക്കല്‍ പറഞ്ഞു: 'നമ്മുടെ ശേഖരന്‍ മാറിപ്പോയി തങ്കം. കണ്ടിട്ട് കാണാത്ത പോലെ പോകുന്നത് കണ്ടപ്പോ നെഞ്ചില്‍ ഒരു പെടച്ചില്‍' ഇവിടെ കെട്ടിയ പെണ്ണിനേയും കുഞ്ഞിനേയും കാണാന്‍ കണ്ണില്ലാത്ത മനുഷ്യന്‍ ആണ് അണ്ണാ നിങ്ങളെ വക വയ്ക്കുന്നത്. കൂടെ നിന്ന് പണിയെടുത്തു ജീവിക്കുന്ന സമയത്ത് ചെലവിനെങ്കിലും തരുമായിരുന്നു. ബംഗ്ലാവിലെ പൊറുതി തുടങ്ങിയതോടെ അതും നിലച്ചു. ആദ്യമൊക്കെ ഇടയ്ക്ക് വന്ന് ഒരു രാത്രി നിന്നിട്ട് പോകും. പോകുമ്പോള്‍ കുറച്ചു പൈസ അവിടെ വച്ചിട്ട് പോകും. അതുകൊണ്ട് എല്ലാം ആയോ. പിന്നെ ഒന്നും നോക്കിയില്ല. മറ്റുള്ളവരുടെ കൂടെ പണിക്ക് ഇറങ്ങി. ആദ്യമാദ്യം എല്ലാവര്‍ക്കും അതിശയായിരുന്നു. ശേഖരന് ബംഗ്ലാവില്‍ പോയി കാശ് കൂടുതല്‍ ആയപ്പോ ആണോ തങ്കത്തിന് പണിക്ക് ഇറങ്ങേണ്ടി വന്നത്. അപ്പോള്‍ ശേഖരന്‍ ഒന്നും കൊടുക്കുന്നില്ലേ. അങ്ങനെ പല പല സംശയങ്ങള്‍.

അങ്ങനെയൊരാളെ മറന്നു തുടങ്ങുമ്പോള്‍ ശേഖരേട്ടനുണ്ട് വീട്ടിലേക്കൊരു വരവ്. എന്തിനെന്നു അയാള്‍ക്ക് പോലും അറിയില്ല. മോനോട് പോലും ഒരു സ്‌നേഹമില്ല. സ്വന്തം കുഞ്ഞല്ലേ. എങ്ങനെ ഇങ്ങനെയൊക്കെ പെരുമാറാന്‍ പറ്റുന്നോ ആവോ.. ഒന്ന് നോക്കാന്‍ പോലും ബുദ്ധിമുട്ട്. ഒരു കള്ളനെ പോലെ പാളിനോക്കും. ഞാന്‍ കണ്ടെന്നു തോന്നിയാല്‍ വേഗം നോട്ടം മാറ്റും. മിക്കവാറും അവന്‍ ഉറങ്ങുമ്പോഴായിരിക്കും വരുന്നത്. ഉണരുമ്പോഴേക്കും തിരിച്ചുപോവുകയും ചെയ്യും.  അച്ഛന്റെ ഛായയാണ് ബിബുവിന്. അയാളുടെ നിറവും, അയാളുടെ പോലെ തന്നെ മെലിഞ്ഞ ശരീരവും. എന്നിട്ടും ഈ മനുഷ്യന്‍ എന്താ ഇങ്ങനെ പെരുമാറുന്നതാവോ.. ഒന്നും അറിയില്ല. അച്ഛന്‍ എന്നയാള്‍ എസ്റ്റേറ്റ് ബംഗ്ലാവില്‍ കാണുന്ന ആള്‍ ആണെന്ന് മാത്രം അവനറിയാം. അച്ഛാ എന്ന് വിളിക്കുന്നതോ, അച്ഛന്‍ മകനോട് എന്തെങ്കിലും സംസാരിക്കുന്നതോ കണ്ടിട്ടില്ല. ഒരു ദിവസം കൂലി വാങ്ങാന്‍ എസ്റ്റേറ്റ് ബംഗ്ലാവില്‍ പോയതാണ്. ശനിയാഴ്ചയാണ് കൂലി കിട്ടുന്ന ദിവസം. കൂലി എഴുതി ഒപ്പിടുന്ന ഷെഡിന്റെ അടുത്ത് എത്തുമ്പോള്‍ തന്നെ ബിബുവിന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ടു. ഓടിച്ചെന്നു നോക്കുമ്പോ അവനെ ഒരു തൂണില്‍ കെട്ടിയിട്ടിരിക്കുന്നു. എന്നിട്ട് ചൂരല്‍ കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയാണ് അവന്റ അച്ഛന്‍. ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു. തൂണില്‍ നിന്നും കെട്ടഴിച്ചപ്പോഴേക്കും ബിബു കുഴഞ്ഞു വീണുപോയി. അത്രയേറെ ഉപദ്രവിച്ചു അയാള്‍.

ആദ്യമായി അയാളെ ദേഷ്യത്തോടെ തുറിച്ചു നോക്കി, എന്തെങ്കിലും ചോദിക്കാന്‍ തുടങ്ങുമ്പോഴേക്ക് ചൂരല്‍ ശക്തിയായി നിലത്തേക്കെറിഞ്ഞുകൊണ്ട് അയാള്‍ അകത്തേക്ക് വേഗത്തില്‍ കയറിപ്പോയി. പിന്നെ അവിടെയുള്ള പുറംപണിക്കാരാണ് പറഞ്ഞത്, ബിബുവും വേറൊരു ചെക്കനും കൂടി ആരും കാണാതെ കശുമാങ്ങ വാറ്റാന്‍ പറിച്ചു വച്ചിടത്തു നിന്ന്, കശുവണ്ടി എല്ലാം പിഴുതെടുത്തു, തേയില ചാക്കിലിട്ടു കൊണ്ടുപോകാൻ നോക്കിയ കാര്യം. മുതലാളിയുടെ ഭാര്യ വിക്കി അത്  കാണുകയും പണിക്കാരെ വിട്ട്, കുട്ടികളെ പിടിച്ചുവച്ചു ചോദ്യം ചെയ്യാനും തുടങ്ങി. ചൂരല്‍ എടുക്കുന്നത് കണ്ടപ്പോള്‍ അടി പേടിച്ചു ബിബു പറഞ്ഞു ശേഖരന്റെ മകനാണ് താനെന്നും ശിക്ഷിക്കരുത്, ഇനി ഒരിക്കലും മോഷ്ടിക്കില്ലെന്നും കരഞ്ഞുപറഞ്ഞു..

വിക്കി അപ്പോള്‍ തന്നെ ശേഖരനെ വിളിച്ചു. ഇത് മകനാണോ, ചെക്കന്‍ കശുവണ്ടി കട്ടിട്ട് പിടിച്ചപ്പോള്‍ നിന്റെ മോനാണ് എന്നാ പറഞ്ഞത്. ചെക്കന്‍ പറഞ്ഞത് ശരിയാണോ എന്ന് ചോദിച്ചു. ശേഖരൻ ആ ചൂരല്‍ വാങ്ങി ബിബുവിനെ അടിക്കാൻ  തുടങ്ങി. കട്ടതിനേക്കാള്‍, ബിബു തന്റെ മകന്‍ ആണെന്ന് മുതലാളിയുടെ ഭാര്യ അറിഞ്ഞതാണ് ശേഖരനെ ചൊടിപ്പിച്ചത്. പതിനൊന്നു വയസുള്ള ബിബുവിനെ എടുത്താണ് അന്ന് വീട് വരെ എത്തിയത്. അവന്‍ അത്രയ്ക്ക് തളര്‍ന്നുപോയിരുന്നു. പിറ്റേന്ന് ആയപ്പോഴേക്കും അവന് പൊള്ളുന്ന പനി. ചുക്കുകാപ്പി കുടിപ്പിച്ചും, കരിമ്പടം കൊണ്ട് മൂടി പുതപ്പിച്ചും അന്ന് പകലും രാത്രിയും അവന്റെ കൂടെ തന്നെയിരുന്നു.

രാവിലെ പണിക്ക് പോകണം. തിങ്കളാഴ്ചയാണ്. ബിബുവിന് പനി കുറവുണ്ട്. ദേഹത്ത് അടി കൊണ്ട പാടുകള്‍ തിണര്‍ത്തു കിടക്കുന്നു. പനി മാറട്ടെ ആദ്യം. കുറച്ചു മുറിവെണ്ണ വാങ്ങി പുരട്ടി ചൂട് പിടിച്ചു കൊടുക്കണം ചെക്കന്. പാവം. ഉച്ചയ്ക്ക് കഞ്ഞി കുടിക്കാന്‍ നേരം ഞാന്‍ വരാം ട്ടോ. കണ്ണടച്ചു കിടന്നോ 'എന്നും പറഞ്ഞു വീട്ടില്‍ നിന്നും പണിക്കിറങ്ങിയതാ, ഈ മേടമായാല്‍ കൊല്ലം പതിനാറു കഴിഞ്ഞു എന്റെ മോനെ കണ്ടിട്ട്. കഞ്ഞി കൊടുക്കാന്‍ ഉച്ചയ്ക്ക് വന്നപ്പോള്‍ കട്ടിലില്‍ അവനില്ല. എല്ലായിടത്തും അന്വേഷിച്ചു. വൈകിട്ടു ലോഡിങ് പണിക്കാരാണ് പറഞ്ഞത്, ലോഡ് കൊണ്ടുപോകാന്‍ വന്ന ലോറിയില്‍ കയറുന്നത് കണ്ടിരുന്നു. അടുത്ത് മാര്‍ക്കറ്റ് വരെയൊ മറ്റോ പോകാന്‍ കയറിയതാകും എന്നാ കരുതിയത്.

തിരിച്ചുവരുമെന്ന് കരുതി ഓരോ ദിവസവും കാത്തിരുന്നു.. ദിവസങ്ങള്‍ വര്‍ഷങ്ങളായി. അതിനിടയില്‍ ഒരു ദിവസം കേട്ടു, ശേഖരേട്ടന്‍ മരിച്ചെന്ന്. എസ്റ്റേറ്റില്‍ നിന്ന് രാത്രി എന്തോ കണ്ടു പേടിച്ചെന്നും അതില്‍ പിന്നെ മാനസികരോഗിയെപ്പോലെ പിച്ചും പേയും പറഞ്ഞു നടക്കല്‍ ആയിരുന്നു കുറച്ചു നാളെന്നും. എസ്റ്റേറ്റില്‍ നിന്ന് പുറത്താക്കിയെങ്കിലും ആ ബംഗ്ലാവ് വിട്ട് എങ്ങോട്ടും പോകാന്‍ അയാള്‍ കൂട്ടാക്കിയില്ല. കോട്ടും തൊപ്പിയുമിട്ട് എന്തൊക്കെയോ പിറു പിറുത്തു ബംഗ്ലാവിന് ചുറ്റും നടക്കുന്നത് കണ്ടവരുണ്ട്. മരിച്ചതല്ലെന്നും വട്ട് മൂത്ത് ശല്യമായപ്പോള്‍ ബംഗ്ലാവിലുള്ളവര്‍ തന്നെ കൊന്നതാണെന്നുമൊക്കെ പറഞ്ഞുകേട്ടു. ചത്തതായാലും കൊന്നതായാലും അയാളെ അവസാനമായി ഒന്ന് കാണാന്‍ പോലും മനസ് വന്നില്ല. എന്റെ മോനെ നാടുകടത്തിയത് അയാളാണ്. എന്റെ ജീവിതം ഇങ്ങനെ അനാഥമാക്കിയത് അയാളാണ്. എന്തിന് പോയി കാണണം.

വര്‍ഷങ്ങള്‍ കഴിഞ്ഞു. പണിക്ക് വന്ന ഒരു കുടകന്‍ (കർണാടകയിലെ കുടക് സ്വദേശി) കൂടെക്കൂടെ സംസാരിക്കാന്‍ വരുമായിരുന്നു. വന്നു വന്ന് അവസാനം വീട്ടില്‍ തന്നെ പൊറുതിയുമായി. അയാള്‍ക്ക് കുടകില്‍ ഭാര്യയും മക്കളും ഉണ്ടെന്നും സീസണ്‍ കഴിഞ്ഞാല്‍ അങ്ങോട്ട് തന്നെ തിരിച്ചു പോകേണ്ടി വരുമെന്നുമൊക്കെ പറഞ്ഞു. എന്നിട്ടും അയാളോട് ഇവിടെ വരേണ്ടെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല, ഇരുണ്ടു തുടങ്ങുമ്പോള്‍ അയാളുടെ വരവും കാത്തിരിക്കലും പതിവായി. വാറ്റ് ചാരായത്തിന്റെ മണമാണ് അയാള്‍ക്ക്. ഒരു വൃത്തിയും വെടിപ്പുമില്ലാത്ത മനുഷ്യന്‍. മൂക്കറ്റം കുടിച്ച് മുറുക്കി ചുമപ്പിച്ച്,  കടവായില്‍ കൂടി എപ്പോഴും ചുവന്ന കൊഴുത്ത ഉമിനീര്‍ ഒലിച്ചുകൊണ്ടേയിരിക്കും. എന്നിട്ടും അയാളുടെ വരവിനായി കാത്തിരുന്നു. അയാളുടെ ജട കെട്ടിയ ചുരുണ്ട മുടിയില്‍ കൈവിരലോടിക്കുമ്പോള്‍ അറപ്പും വെറുപ്പും ഒന്നും ഇല്ലാത്ത ഒരു പെണ്ണാണ് താന്‍ എന്ന് സ്വയം മനസ്സില്‍ ഉറപ്പിച്ചു. എന്തിനാണ് അറപ്പ്. വൃത്തിയുള്ള ശേഖരനെക്കാള്‍ വൃത്തികെട്ട ഈ കുടകന്‍ തന്നെ എന്തുകൊണ്ടും നല്ലത്.

കൊല്ലം ഒന്നായില്ല. അതിന് മുമ്പ് തന്നെ കുടകന്റെ രണ്ടു പെണ്‍കുട്ടികളെ പ്രസവിച്ചു. ഇരട്ടക്കുട്ടികള്‍. ഗര്‍ഭം മൂന്നു മാസമായപ്പോള്‍ അയാള്‍ തിരിച്ച് കുടകിലേക്ക് പോയി. അയാള്‍ക്ക് നല്ല സങ്കടം ഉണ്ടായിരുന്നു. വിഷമിക്കരുതെന്നും അടുത്ത സീസണില്‍ വരുമെന്നുമൊക്കെ ഉറപ്പ് പറഞ്ഞ് കലങ്ങിയ കണ്ണുമായാണ് അയാള്‍ ലോറിയിലേക്ക് കയറിയത്. അയാള്‍ മുമ്പ് കല്ല്യാണം കഴിക്കണ്ടായിരുന്നു എന്നും തന്റെ മാത്രം ഭര്‍ത്താവായി.. തനിക്കു മാത്രമായി അയാളെ കിട്ടിയിരുന്നെങ്കില്‍ എന്നും ആദ്യമായി ആഗ്രഹിച്ച നിമിഷമായിരുന്നു അത്. തനിക്കു വേണ്ടി ഒരാളുടെ കണ്ണ് നിറഞ്ഞത് ജീവിതത്തില്‍ അന്ന് ആദ്യമായ് കാണുകയായിരുന്നു. വരാമെന്ന് പറഞ്ഞ് പോയ കുടകനെ പിന്നെ കണ്ടതേയില്ല. അയാളുടെ കുടകത്തിയോട്, കൂടെ വന്നവര്‍ എന്തൊക്കെയോ പറഞ്ഞു കൊടുത്തുവെന്ന്.. ഞാനുമായുള്ള അടുപ്പം അറിഞ്ഞത് കൊണ്ട് കുടകത്തി പിന്നെ വിട്ടുകാണില്ല. പണിക്ക് വന്നില്ലെങ്കിലും എന്തെങ്കിലും കാരണം പറഞ്ഞ് ഒന്ന് കാണാന്‍ വേണ്ടി ഒരിക്കല്‍ എങ്കിലും വന്നൂടെ അയാള്‍ക്ക്. മൂന്നു മാസം ഗര്‍ഭിണിയായ എന്നെയും കണ്ടിട്ട് പോയതാ. വരാന്‍ സാധിച്ചുകാണില്ല. അയാളോട് ഒരിക്കല്‍ പോലും ദേഷ്യം തോന്നിയില്ല. അല്ലെങ്കിലും ജീവിതത്തില്‍ നഷ്ടങ്ങള്‍ പുതിയ കഥ അല്ലല്ലോ. പൊന്നുപോലെ സ്‌നേഹിച്ചു പോറ്റിയ മോന്‍ പോയി. അത്രത്തോളം വരില്ല ഒന്നും.. നഷ്ടങ്ങളുടെ മുത്തുകള്‍ കൊണ്ട് കോര്‍ത്ത മാലയുടെ നീളം കൂട്ടാന്‍ ഒരു മുത്ത് കൂടി.. അത് മാത്രമായി കുടകന്‍. 

'ഔ... അമ്മേ..' ഉറക്കെയുള്ള നിലവിളി കേട്ട് മക്കള്‍ രണ്ടും കൂടി ഓടിവന്നു. 
'എന്തമ്മീ ഓളിയിടുന്നെ'?

'കയ്യില്‍ മുള്ള് കുത്തി.' മറുപടിയ്ക്ക് തീരെ ശബ്ദമുണ്ടായില്ല. കുറേതവണ ഈ അബദ്ധം പറ്റിയതും പിള്ളേരുടെ അടുത്ത് നിന്ന് വഴക്ക് കേട്ടതുമാണ്. കഞ്ഞിക്ക് കൂട്ടിക്കഴിക്കാനായി മുള്ളന്‍ വറക്കും. അത് കഞ്ഞിയിലിട്ട് ഇളക്കും. എന്നിട്ട് കഴിക്കുമ്പോ മുള്ള് എങ്ങനെയെങ്കിലും നഖത്തിനിടയില്‍ കുത്തിക്കയറും. 'മീന്‍ ചുട്ടത് കഞ്ഞിയിലിട്ട് ഇളക്കിയാല്‍ പിന്നെ എന്തിനെങ്കിലും കൊള്ളുവോ. എങ്ങനെയെങ്കിലും തിന്നണം എന്നേയുള്ളൂ. ഞങ്ങള്‍ക്ക് ആര്‍ത്തിയാന്നു പറഞ്ഞു പറഞ്ഞു ഇപ്പൊ അമ്മയ്ക്ക് തന്നെയാണ് ആര്‍ത്തി'. ഇരട്ടകളില്‍ രണ്ടാമത്തെ ആണെങ്കിലും അവള്‍ക്ക് വായില്‍ നാവ് കൂടുതലാണ്.

എന്റെ കയ്യിലല്ലേ. ഞാന്‍ സഹിച്ചു... പിറു പിറുത്തു കൊണ്ട് ഇറയത്തേക്കിറങ്ങിയപ്പോള്‍ ആരോ മുറ്റത്തു നില്‍ക്കുന്നത് പോലെ. കുടയുള്ളത് കൊണ്ട് ആരാന്നു തിരിയുന്നില്ല. ചോര ഊറി വരുന്ന വിരല്‍ ചുണ്ടില്‍ വച്ച് ഉറിഞ്ചിക്കൊണ്ട് മുറ്റത്തേക്കിറങ്ങി.. അയാള്‍ക്ക് അനക്കമില്ല. തൊട്ടടുത്തു പോയി സൂക്ഷിച്ചുനോക്കി. പരിചയം തോന്നുന്നില്ലല്ലോ. ഇവിടെയൊന്നുമുള്ള ആളല്ല.. വഴി തെറ്റി വന്നതാകും. അത് ചോദിക്കാന്‍ തുടങ്ങുമ്പോഴേക്ക് അയാളുടെ ശബ്ദം പതിയെ ചെവിയില്‍ പതിഞ്ഞു.
' അമ്മാ.. ഞാനാണ്.. ബിബുവാണ്.' 

ഒരു ഞെട്ടല്‍ ആയിരുന്നു. പെട്ടന്ന് പേടിച്ച പോലെ.. ദേഹം മുഴുവന്‍ കുടഞ്ഞൊരു ഞെട്ടല്‍. ബിബുവാണോ ഇത്. തന്റെ മകന്‍ തന്നെയാണോ.. നീളം കുറഞ്ഞ് മെലിഞ്ഞു ഒരു ശോഷിച്ച മനുഷ്യന്‍.  വായില്‍ മുന്‍നിരയില്‍ മുകളില്‍ രണ്ടോ മൂന്നോ പല്ലുകള്‍ ഇല്ല. രണ്ടു വാക്കുകള്‍ മാത്രമേ പറഞ്ഞുള്ളുവെങ്കിലും ആരും പെട്ടന്ന് അത് ശ്രദ്ധിക്കും. എന്റെ മോന് ഇതെന്തുപറ്റി. ഇത് അവന്‍ തന്നെയാണോ? വല്ലവരും എന്നെ പറ്റിക്കാന്‍ വേണ്ടി വന്നതാണോ?

'അച്ഛന്‍ വരാറുണ്ടോ അമ്മാ. ഇപ്പോഴും എന്നോട് ദേഷ്യമാണോ'.
അതുകൂടി കേട്ടപ്പോഴേക്കും എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞ് മുറ്റത്തിരുന്നു പോയി. എന്റെ മോന്റെയൊരു കോലം. വൃത്തിയില്ലാത്ത, ഇറക്കം കുറഞ്ഞ ഒരു പാന്റും ഒരു വരയന്‍ ഷര്‍ട്ടും. ചെറുപ്പത്തില്‍ എത്ര കഷ്ടപ്പാട് ആണെങ്കിലും അവനെ നന്നായി ഭക്ഷണം കൊടുത്ത് ഒരു ഗുണ്ടുമണിയാക്കി വച്ചിരുന്നു. എന്നെപ്പോലെ അല്ല, അവന്റെ അച്ഛന്റെ നിറമാണ് അവന് കിട്ടിയത്. എസ്റ്റേറ്റ് തൊഴിലാളിയുടെ മകന്‍ ആണെന്ന് ആരും പറയില്ലായിരുന്നു. ആ മോനാണോ ഇത്.

അവനെയും വിളിച്ച് ഉമ്മറത്തേക്ക് കയറിയപ്പോള്‍ പെണ്‍കുട്ടികള്‍ രണ്ടും അന്തംവിട്ട് നോക്കിനില്‍ക്കുന്നു. അപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. വേഗം അടുക്കളയില്‍ പോയി അവനുള്ള കട്ടന്‍ കാപ്പി ഉണ്ടാക്കാന്‍. പണ്ട് മുതലേ ചായ അവന് ഇഷ്ടമല്ല. കാപ്പി ഉണ്ടാക്കിക്കൊടുത്തപ്പോള്‍ അവന്‍ ഒന്നും മിണ്ടാതെ വാങ്ങി കുടിച്ചു. എന്റെ കൂടെയുള്ളവര്‍ ആരെന്നോ അങ്ങനെ യാതൊരുവിധ അന്വേഷണവും അവന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇത്രയും വര്‍ഷങ്ങള്‍ അവന്‍ എവിടെയാണെന്നോ എന്ത് ജോലിയാണ് ചെയ്തതെന്നോ എന്നെ വിട്ടുപോകാന്‍ കാരണമെന്താണെന്നോ ഒന്നും ഞാനും ചോദിക്കാന്‍ നിന്നില്ല. എന്തായാലും അവന്‍ സുഖമായിരിക്കുകയല്ലായിരുന്നു എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായി.

കൂടുതല്‍ എന്തെങ്കിലും ചോദിച്ച് അവന്റെ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി ഒന്നും മിണ്ടിയില്ല. ഇനി ഇവിടെത്തന്നെയുണ്ടല്ലോ. അവന്‍ തന്നെ പറയുമായിരിക്കും. അവന്‍ ഉറങ്ങിയപ്പോള്‍ കയ്യില്‍ കൊണ്ടുവന്ന സഞ്ചി തുറന്നു നോക്കി. മുഷിഞ്ഞ ഒരു പാന്റും ഷര്‍ട്ടും. പിന്നെ ഇരുമ്പിന്റെ കൊച്ചു കൊച്ചു കമ്പികളും.  ഇതെന്തിനാണാവോ ഈ സാധനം.. ഒന്നും പിടികിട്ടിയില്ല. ഒരു രൂപ പോലും ആ സഞ്ചിക്കകത്തില്ല. ഇവന്‍ ഇതെങ്ങനെ പിന്നെ ഇവിടെവരെയെത്തി..?

എന്തെങ്കിലും ആകട്ടെ.. അവസാനം വന്നല്ലോ.. ഇനി എല്ലാം പറഞ്ഞു മനസിലാക്കണം. അവന്റെ അനിയത്തിമാരാണെന്നും ഇനി അമ്മയ്ക്കും അനിയത്തിമാര്‍ക്കും അവന്‍ മാത്രമേയുള്ളൂ എന്നും. ഇനി ഒരിക്കലും ബുദ്ധിമോശം കാണിച്ചു വീട്‌വിട്ടു പോകരുതെന്നുമൊക്കെ പറഞ്ഞു മനസിലാക്കിയെടുക്കണം.

പാടിയില്‍ നിന്ന് ആരൊക്കെയോ അവനെ കാണാന്‍ വന്നു. അവന്‍ ആണെങ്കില്‍ ആരോടും ഒരക്ഷരം പോലും  മിണ്ടിയില്ല. ചോദിച്ചതിനെങ്കിലും മറുപടി പറയേണ്ടേ. അതുമില്ല 
എന്താ തങ്കം ചെക്കന്‍ ഇങ്ങനെ.. ഒന്നും മിണ്ടുന്നില്ലല്ലോ.. ഇനി വല്ല ബുദ്ധിക്കുറവുമുണ്ടോ? 
ഒരുത്തിയുടെ സംശയം കേട്ടപ്പോള്‍ ചൊറിഞ്ഞുകേറി വന്നു. അവന് ഇപ്പൊ ഒരു കുറവുമില്ല. നിങ്ങളായിട്ട് ഒന്നും ഉണ്ടാക്കാതിരുന്നാല്‍ മാത്രം മതി. അവളോട് അങ്ങനെ പറഞ്ഞുവെങ്കിലും അവനെ കണ്ടപ്പോള്‍ മുതല്‍ ഉള്ളില്‍ ഉറഞ്ഞുകൂടിയിരുന്ന ഒരു ആധി അവളുടെ ചോദ്യം കൂടിയായപ്പോള്‍ പെട്ടന്ന് രാക്ഷസരൂപം പ്രാപിച്ചു.

എന്തെങ്കിലും കുഴപ്പമുണ്ടോ അവന്. ദൈവമേ ഇനിയും പരീക്ഷണങ്ങള്‍ ആണോ.? മതിയായില്ലേ എന്നെ ഇങ്ങനെ. ഒരു തേങ്ങല്‍ അറിയാതെ ഉള്ളില്‍ നിന്നും...
ഹേയ് അങ്ങനെ ഒന്നുമില്ല.. എല്ലാം വെറുതെ തന്റെ ആധിയാണ്. അവന്‍ ഇത്ര വര്‍ഷങ്ങള്‍ക്കുശേഷം വന്നതല്ലേ. ആരെയും അറിയുകയുമില്ല. അതിന്റെ ഒരു പ്രശ്‌നമായിരിക്കും. അത് തന്നെ ആണ്. 

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങിത്തുടങ്ങി. എല്ലാം ഒന്ന് പരിചയമാവട്ടെ. ഒന്ന് ഉഷാറായാല്‍ മതിയായിരുന്നു. മാസം ഒന്നായി അവന്‍ വന്നിട്ട്. എന്നും രാവിലെ പട്ടണത്തിലേക്ക് ലോറി കയറിപ്പോകും. പിന്നെ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു തിരിച്ചുവരും. അപ്പോഴൊക്കെ തിന്നാന്‍ എന്തെങ്കിലും ഉണ്ടാകും, പൊതിയില്‍. പരിപ്പ് വടയോ ബണ്ണോ അങ്ങനെ എന്തെങ്കിലും. വന്നാല്‍ അവിടെ ബെഞ്ചില്‍ വയ്ക്കും. വന്നിട്ട് ഇത്ര നാളായിട്ടും കുട്ടികളോട് ഒന്നും മിണ്ടിയിട്ടില്ല. അവരെ ശ്രദ്ധിക്കുന്നത് പോലുമില്ല. അവര്‍ക്കാണെങ്കില്‍ ചേട്ടനോട് നല്ല താല്പര്യം. അവന്‍ ഒന്ന് മിണ്ടാന്‍ കുട്ടികള്‍ക്ക് നല്ല ആഗ്രഹം ഉണ്ട്. 
കുറച്ചു നാള്‍ കഴിയുമ്പോ എല്ലാം ശരിയാകുമായിരിക്കും.

ഒരു ജീപ്പ് താഴെ വഴിയില്‍ നില്‍പ്പുണ്ടല്ലോ. ആരാണാവോ.. ഇറയത്തു നിന്ന് ഇറങ്ങുമ്പോഴേക്ക് അവര്‍ മുറ്റത്ത് എത്തിക്കഴിഞ്ഞു. പോലീസുകാരാണല്ലോ. നെഞ്ച് പടാ പടാ അടിച്ചു തുടങ്ങി. പണ്ടേ പേടിയാണ് പോലീസുകാരെ. പ്രത്യേകിച്ച് തമിഴന്‍ പോലീസിനെ. ബിബുവിന്റെ അമ്മയല്ലേ.. അതേയെന്ന് തലയാട്ടി. മോനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണക്കുറ്റമാണ്. 

ബംഗ്ലാവിലെ തൂണില്‍ കെട്ടിയിട്ട് അവന്റെ അച്ഛന്റെ കയ്യില്‍ നിന്നും പണ്ട് അടിവാങ്ങി പുളഞ്ഞു കരയുന്ന ബിബുവിന്റെ മുഖം മനസ്സില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നി മാഞ്ഞു. ഇങ്ങനെയും അനുഭവിച്ചു ജന്മം നശിക്കാനായിരുന്നോ ദൈവമേ അവനെ എനിക്ക് തിരിച്ചുതന്നു കൊതിപ്പിച്ചത്. തിരിച്ച് വീട്ടിലേക്ക് കയറുമ്പോള്‍ പെണ്‍കുട്ടികള്‍ രണ്ടുപേരും തരിച്ചുനില്‍ക്കുന്നു. അവര്‍ ബിബുവിനെ ഒന്ന് ഇഷ്ടപ്പെട്ടു വരുന്നേയുണ്ടായിരുന്നുള്ളൂ. സ്‌നേഹിക്കാന്‍ പാകത്തിനുള്ള ഒരു പെരുമാറ്റവും അവന്റെ ഭാഗത്ത് നിന്ന് അവരോട് ഉണ്ടായിട്ടില്ല. എങ്കിലും നിങ്ങളുടെ ഏട്ടനാണ്, നാളെ അമ്മയില്ലെങ്കിലും നിങ്ങള്‍ക്ക് എന്ന് പറയാന്‍ ഈ ലോകത്ത് ആകെയുള്ള ഒരു തുണയാണ്, അമ്മയെ എങ്ങനെ സ്‌നേഹിക്കുന്നോ അങ്ങനെ ഏട്ടനെയും സ്‌നേഹിക്കണം എന്നൊക്കെ പറഞ്ഞ് അവരെ ഒരുവിധം മാറ്റിക്കൊണ്ട് വന്നതായിരുന്നു. ഇനി ഞാന്‍ എന്തുപറയും.

കുട്ടികളുടെ മുഖത്തേക്ക് നോക്കാനോ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാനോ നില്കാതെ വേഗം സാരി ഉടുത്തിറങ്ങി. വേലുവണ്ണന്റെ വീട്ടില്‍ പോയി, അണ്ണനോട് കാര്യം പറഞ്ഞു. പാവം സുഖമില്ലാതെ കിടപ്പാണ്.

'എന്റെ തങ്കം.. നിനക്ക് അനുഭവിക്കാന്‍ ഇനിയും ബാക്കി കിടക്കുന്നുണ്ടല്ലേ..' ദീര്‍ഘനിശ്വാസത്തോടെ അണ്ണന്‍ പറഞ്ഞു നിര്‍ത്തി.

'ശരവണനെ കൂടി കൂട്ടിക്കോ. ഒറ്റയ്ക്ക് പോകണ്ട.'

പോലീസ് സ്റ്റേഷന്റെ മുറ്റത്തു എത്തിയപ്പോള്‍ അവിടെ എല്ലാവരും ഭയങ്കര തിരക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.

'ഞാന്‍ ബിബുവിന്റെ അമ്മ'.
ഒന്ന് രണ്ടു തവണ പതിയെ പറഞ്ഞു നോക്കി.. ആരും ശ്രദ്ധിക്കുന്നില്ല.
പിന്നിലേക്ക് മാറി നിന്ന ശരവണന്‍ അവസാനം അവിടെ തിരക്കില്‍ ഫോണ്‍ ചെയ്ത് കൊണ്ടിരുന്ന പോലീസുകാരന്‍ ഫോണ്‍ വച്ചയുടനെ പോയി പറഞ്ഞു. ബിബുവിന്റെ അമ്മയാണ്. കാണാന്‍ വന്നതാണ് എന്ന്.
പോലീസുകാരന്‍ വേഗം തന്നെ അടുത്ത് വന്ന് അകത്തുള്ള ഏമാന്റെ മുറിയിലേക്ക് കൊണ്ടുപോയി.
'അമ്മ സമാധാനമായി കേള്‍ക്കണം... ബിബു ഒരു അബദ്ധം ചെയ്തു. ചെറിയ ഒരു മോഷണം മാത്രമാണ് കുറ്റം. അതിന് വലിയ ശിക്ഷ ഒന്നും കിട്ടില്ലായിരുന്നു. അമ്മയെ അറിയിക്കരുത് എന്നത് മാത്രം ആയിരുന്നു ഇവിടെ കൊണ്ടുവന്നപ്പോള്‍ മുതല്‍ പറഞ്ഞിരുന്നത്. നിയമ നടപടികള്‍ ഉണ്ടല്ലോ. വീട്ടില്‍ അറിയിക്കാതെ പറ്റുമായിരുന്നില്ല. അതാണ് വീട്ടിലേക്ക് പോലീസ് വന്നത്.' അവര്‍ തിരിച്ചുവന്ന് അമ്മയെ കണ്ട കാര്യം അവനോട് പറഞ്ഞു. അതിനുശേഷം ബാത്റൂമില്‍ പോകണമെന്ന് പറഞ്ഞു പോയതാണ്. അവന്‍ അതിനുള്ളില്‍ കയറി ഒരബദ്ധം കാണിച്ചു.
ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്. 
കൂടെ പോലീസുകാരുമുണ്ട്. വേണമെങ്കില്‍ ഞങ്ങള്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാം. 

എന്താണ് സംഭവിക്കുന്നത് എന്നോ, ഇവര്‍ പറയുന്നതോ മനസിലാകുന്നില്ല. എന്റെ മോന്‍ ജീവനോടെയുണ്ടോ.. അല്ല അവന്‍ പോയോ. ഒന്നും അറിയുന്നില്ലല്ലോ.

 ശരവണന്‍ എന്തിനാ കരയുന്നത്. അവന്‍ ബിബുവുമായി സംസാരിച്ചിട്ട് പോലുമില്ല. പിന്നെ ഇവന്‍ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്... ആവോ ഒന്നും മനസിലാകുന്നില്ല.

'അമ്മ എന്തു തീരുമാനിച്ചു?' ഏമാനാണ്.
നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം അല്ലെ. ഇതാരാ മോന്‍ ആണോ.? അയാള്‍ പിന്നേയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.

എനിക്ക് വീട്ടില്‍ പോയാല്‍ മതി. നമുക്ക് പോകാം ശരവണാ. അവിടെ നിന്നും ഇറങ്ങി ഒടുകയായിരുന്നു. എന്റെ ബിബു വരുമോ? ആശുപത്രിയില്‍ പോയിട്ട് എന്തായി. അവന് കുഴപ്പമൊന്നുമില്ലല്ലോ.. ആവോ എനിക്ക് ഒന്നും അറിയേണ്ട. എനിക്ക് ഒന്നും കേള്‍ക്കേണ്ട.. എനിക്ക് ഒന്നും കാണേണ്ട..
വീട്ടില്‍ കയറി ഓടിപ്പോയി കിടന്നു. ഇന്നലെ ഈ കട്ടിലില്‍ അവന്‍ കിടന്നതാണ്.
ഇനി ഇതില്‍ കിടക്കാന്‍ അവന്‍ വരുമോ...?

കണ്ണുകള്‍ അടഞ്ഞു പോകുന്നു. ചുറ്റും ഇരുട്ട് മൂടുന്നു. ആംബുലന്‍സിന്റെ സൈറണ്‍ കേട്ടപ്പോഴാണ് ചാടി എഴുന്നേറ്റത്. അവനെ കൊണ്ടുവന്നു.. അവന് നടക്കാന്‍ പറ്റുമോ,
ആവോ..?

എങ്ങനെയോ നിരങ്ങി ഇറയത്തേക്ക് വന്നപ്പോഴേക്കും കണ്ടു. പോലീസുകാര്‍ നാലു ഭാഗത്തും പിടിച്ചു ഇറക്കുന്ന സ്ട്രച്ചർ. അതില്‍ വെള്ള പുതച്ച് എന്റെ മോന്‍.. ബിബു.. അങ്ങനെ കാത്തിരുന്ന് അവന്‍ വീണ്ടും വന്നു. എന്റെ മോന്റെ രണ്ടാംവരവ്..
രണ്ടാമത്തെയും അവസാനത്തെയും വരവ്.. വഴക്ക് പറയേണ്ട... അതെ ഒന്നും പറയേണ്ട.. അവന്റെ അച്ഛന്‍ അടിച്ചതിനു പിണങ്ങിപ്പോയതാണ് പണ്ട്. വീണ്ടും പിണങ്ങി ഇനി എന്നെ വിട്ടുപോയാലോ. വേണ്ട ഇനി അവനെ വഴക്ക് പറയേണ്ട. അവന്റെ നെറ്റിയില്‍ ഒരുമ്മ കൊടുത്ത് അവനെ സ്വീകരിക്കാം... ഞാന്‍ ഓടട്ടെ....
എന്റെ മോന്‍ വീണ്ടും വന്നു.. അവന് ഓടിപ്പോയി നെറുകയില്‍ ഒരു ഉമ്മ കൊടുക്കട്ടെ...