ണ്ടക്ടര്‍ വന്ന് ടിക്കറ്റ് എന്ന് ചോദിച്ചപ്പോള്‍ മുഖം ഉയര്‍ത്താതെ തന്നെ ചുരുട്ടിയ നോട്ട് അയാള്‍ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു: 'ഒരു അമ്പലനട'.  
ബാക്കി വേണ്ടേ? അയാളുടെ ഉറക്കെയുള്ള ശബ്ദം. പൈസ തന്നില്ലെങ്കിലും സാരല്യായിരുന്നു. ഇങ്ങനെ ഉറക്കെ ചോദിക്കണോ. ബാക്കി പൈസ വാങ്ങി ബാഗില്‍ വയ്ക്കുമ്പോള്‍ കുനിഞ്ഞിരുന്ന് ആരുമറിയാതെ കണ്ണുകള്‍ തുടച്ചു. നെഞ്ചിനുള്ളില്‍ ഒരു കല്ല് കയറ്റിവച്ചത് പോലെ. ബസില്‍ കയറിയിരുന്നതും അതുവരെ അടക്കിവച്ചിരുന്ന സങ്കടം മൊത്തം അണപൊട്ടിയൊഴുകി.

To advertise here,

ആറു മാസം ആകുന്നേയുള്ളൂ മോന്. പ്രസവാവധി കഴിഞ്ഞു. ഇനി ഡ്യൂട്ടിക്ക് കയറാതെ പറ്റില്ല. കുഞ്ഞിനെ നോക്കാന്‍ യാതൊരു വഴിയുമില്ല. മൂത്ത മകന്‍ ഉണ്ടായിരുന്നപ്പോള്‍ ഇങ്ങനെ ഒരു പ്രശ്നവുമില്ലായിരുന്നു.  ഹരിയുടെ അമ്മയും ഏട്ടത്തിയമ്മയുമുണ്ടായിരുന്നു മോനെ നോക്കാന്‍. തനിച്ചാക്കി പോകുന്നതിന്റെയോ കുഞ്ഞിനെ ആര് നോക്കുമെന്നോ ഓര്‍ത്തുള്ള ആധി ഇല്ലായിരുന്നു. മോന് അഞ്ചു വയസുള്ളപ്പോള്‍ ഹരിയുടെ അമ്മ മരിച്ചു. പെട്ടെന്നുള്ള മരണമായിരുന്നു. അതോടെ ഞങ്ങള്‍ ഒറ്റയ്ക്കായി.

ആയിടയ്ക്കായിരുന്നു രണ്ടാമത്തെ മകന്റെ ജനനം. ഞാന്‍ തൃശൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായി ജോലി ചെയ്യുന്നു. രണ്ടുപേരും രാവിലെ ജോലിക്ക് പോകുന്നവര്‍. ഹരിക്ക് രാവിലെ ഏഴരയ്ക്ക് പോകണം. എനിക്ക് ആണെങ്കില്‍ ഒമ്പത് മണിക്ക് മുമ്പ് സ്റ്റേഷനിലും എത്തണം. വീട്ടില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരമുണ്ട്. ആറുമാസത്തെ പ്രസവാവധി കഴിഞ്ഞു. മോനെ എന്തുചെയ്യും. ആരെ ഏല്‍പിക്കും എന്നൊന്നും ഒരു നിശ്ചയവുമില്ല. എന്റെ വീട്ടില്‍ നിന്ന് അമ്മയെ കുറച്ചുനാള്‍ കൊണ്ടുനിര്‍ത്താമെന്ന് ഞാന്‍ പറഞ്ഞപ്പോഴേക്കും ഹരിയുടെ ചോദ്യം വന്നു. 'കുറച്ചു നാള്‍ കഴിഞ്ഞിട്ടോ?' 
അതും ശരിയാണ്. കുറച്ചുനാള്‍ കഴിഞ്ഞ് എന്തുചെയ്യും..?

എന്റെ അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ അങ്ങ് ദൂരെയാണ്. വയനാട്ടില്‍. അമ്മയ്ക്ക് അവിടെ അങ്കണവാടിയില്‍ ജോലിയാണ്. രാവും പകലും പാടത്തും പറമ്പിലും പണിയെടുക്കുന്ന അച്ഛന്‍, പഠിക്കാന്‍ പോകുന്ന അനിയന്‍, അതിന്റെ കൂടെ നാലഞ്ചു പശുക്കള്‍, നിറയെ കോഴികള്‍, ആടുകള്‍, രണ്ടു നായ്ക്കള്‍.. ഇതിന്റെയെല്ലാം അച്ചുതണ്ട് അമ്മയാണ്. അമ്മ ഒരു ദിവസം വീട്ടില്‍ ഇല്ലെങ്കില്‍ മിണ്ടാപ്രാണികളുടെ കാര്യം വരെ കഷ്ടത്തിലാകും. ഏത് നേരവും വിശ്രമമില്ലാതെ ഓടിനടന്ന് പണി ചെയ്യുന്ന ഒരു രൂപമാണ് അമ്മ എന്ന് പറയുമ്പോള്‍ മനസ്സില്‍ വരിക.

'എന്തായാലും അമ്മയ്ക്ക് ഇവിടെ സ്ഥിരമായി നില്‍ക്കാന്‍ പറ്റില്ല. കുറച്ചുനാള്‍ കഴിഞ്ഞാലും നമ്മള്‍ തന്നെയാകും. അത് നമ്മള്‍ മാത്രം കഷ്ടപ്പെട്ടാല്‍ പോരേ. എന്തിനാ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നത്.?'  

അത് മാത്രമല്ല എന്റെയും അനിയത്തിയുടെയും പ്രസവം ഇരുപത് ദിവസത്തെ വ്യത്യാസം മാത്രം. അവള്‍ക്ക് ആണെങ്കില്‍ ആ സമയത്ത് ചിക്കന്‍പോക്സ് വന്നത് കൊണ്ട് അമ്മയ്ക്ക് മുഴുവന്‍ സമയവും അവളുടെ കൂടെ തന്നെ നില്‍ക്കേണ്ടി വന്നു.

ഒരമ്മ എന്ന നിലയില്‍ ഞാന്‍ സ്വയംപര്യാപ്തയായത് രണ്ടാമത്തെ മകന്‍ ജനിച്ചതില്‍ പിന്നെയാണ്. സിസേറിയന്‍ ആയിരുന്നു. കുഞ്ഞിന് ഹാര്‍ട്ട് ബീറ്റ് കുറഞ്ഞുപോയി. ഹോസ്പിറ്റല്‍ പോയത് മുതല്‍ എല്ലാ കാര്യങ്ങളും സ്വയം തന്നെ. കുഞ്ഞിനെ കുളിപ്പിക്കല്‍, വീട്ടുജോലികള്‍ എല്ലാം സ്വന്തം തന്നെ. എണ്ണയും തൈലവും തേച്ചുവെച്ച് വെള്ളം വെട്ടിത്തിളപ്പിച്ച് കുളിപ്പിക്കാന്‍ ആരുമില്ല. രസായനങ്ങളും കഷായങ്ങളും കഴിച്ചു വിശ്രമിക്കാന്‍ നേരമില്ല. മൂത്ത മകനെ സ്‌കൂളില്‍ വിടണം. കുഞ്ഞിന്റെ കാര്യങ്ങള്‍, ഹരിയ്ക്ക് ജോലിക്ക് പോകണം. പണ്ടുള്ളവര്‍ പറയുന്നത് പോലെ താങ്ങാനാളുള്ളപ്പോള്‍ തളര്‍ച്ചയുമുണ്ടാകും. ഇല്ലെങ്കിലോ എല്ലാം ചെയ്യും. ഗര്‍ഭിണി ആണെന്ന് അറിയുമ്പോള്‍ മുതല്‍ കാറില്‍ മാത്രം യാത്ര ചെയ്ത്, പ്രസവം കഴിഞ്ഞു മൂന്നു വര്‍ഷം കഴിഞ്ഞാലും ആ ഒരു പരിഗണനയുടെ ലാളനയില്‍ ജീവിക്കുന്ന എത്രയോ പേര്‍. ഗര്‍ഭം ഒരു രോഗമായി കണ്ട് ഇടതും വലതും ബന്ധുക്കളും സഹായികളുമായി ഗര്‍ഭവും പ്രസവവും ഒരു ആഘോഷമാക്കുന്ന ആളുകളെ കാണുമ്പോള്‍ തെരുവോരങ്ങളില്‍ കാണുന്ന അമ്മമാരെ ഓര്‍ക്കും. പിന്നെ അമ്മൂമ്മമാര്‍ സ്ഥിരം പറയുന്ന ആ കഥകളും.. പാടത്തു പണിയെടുക്കുമ്പോള്‍ പ്രസവവേദന വന്നു. വീട്ടിലേക്കു കയറി പ്രസവിച്ചു എന്നതൊക്കെ.

പാടത്തു പണിക്കൊന്നും പോയില്ലെങ്കിലും സുഖമില്ലാതാകുന്നത് വരെ സ്റ്റേഷനില്‍ ജോലിക്ക് പോയിരുന്നു. വേദന വന്നപ്പോള്‍ ഹരിയുടെ ബൈക്കിന്റെ പിന്നില്‍ ഇരുന്നാണ് ഹോസ്പിറ്റലിലേക്ക് പോയത്. തുണികളും ബക്കറ്റും കപ്പുമായി മെഡിക്കല്‍ കോളേജിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി ഇറങ്ങുന്നതാണെങ്കിലോ ഞാന്‍ കാണിക്കുന്ന ഡോക്ടറുടെ മുന്നില്‍. 'എന്തിനാ ഇറങ്ങിയത്.. പ്രസവം കൂടി അതിന്റെ മേലെ ആകാമായിരുന്നില്ലേ' എന്ന് ഡോക്ടര്‍ ചോദിക്കുമ്പോള്‍ ബക്കറ്റും കപ്പും ഒളിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു ഹരി.

ആറു മാസം പെട്ടന്ന് കടന്നുപോയി. തിരികെ ജോലിയില്‍ കയറാന്‍ സമയമായി. മോന്റെ കാര്യം എന്തുചെയ്യണമെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ഹരിയുടെ ജോലിസ്ഥലത്തിനടുത്തു ഒരു ഡേ കെയര്‍ ഉണ്ടെന്ന് അറിഞ്ഞത്. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. അവിടെ പോയി പറഞ്ഞു മോന് അഡ്മിഷന്‍ എടുത്തു. രാവിലെ ഞാന്‍ കൊണ്ടുവിടണം, ഹരി ജോലി കഴിഞ്ഞു വരുമ്പോള്‍ കുഞ്ഞിനെ കൊണ്ടുവരാമെന്നൊക്കെ പ്ലാന്‍ ചെയ്തു. ജോലിക്ക് പോകേണ്ട ദിവസം അടുക്കുംതോറും സങ്കടം കൂടി കൂടി വന്നു. ഇത്രയും ചെറിയ കുഞ്ഞിനെ ഇങ്ങനെ ഏല്പിച്ചു പോകേണ്ട അവസ്ഥ. അവിടെയുള്ളവര്‍ നന്നായി നോക്കുമോ എന്തോ.. ഭക്ഷണകാര്യം വളരെ കഷ്ടമാണ്. കഴിക്കാനുള്ള ഭക്ഷണം നമ്മള്‍ രാവിലെ കൊണ്ടുപോകണം. അവിടെ ഭക്ഷണം പാകം ചെയ്യലൊന്നുമില്ല. കുഞ്ഞാണെങ്കില്‍ അതുവരെയും മുലപ്പാല് മാത്രം കുടിച്ചുള്ള ശീലമേയുള്ളൂ. റാഗി കൊണ്ടുള്ള കുറുക്ക് കൊടുത്തു വിട്ടു. അതാണെങ്കില്‍ ചൂടോടെ കഴിക്കണം. അല്ലെങ്കില്‍ തണുത്തു കട്ടിയാകും. പിന്നെ കഴിക്കാനും പറ്റില്ല. പാല്‍ ആണെങ്കിലും അങ്ങനെ തന്നെ. ഉച്ചയാകുമ്പോഴേക്കും കേടാകും. പിന്നെ കുഞ്ഞിനെ നോക്കുന്നവര്‍ ആണെങ്കില്‍ വലിയ പ്രായമൊന്നുമില്ല. ഇരുപത് ഇരുപത്തിയഞ്ചു വയസ്സൊക്കെയേയുള്ളുവെന്ന് തോന്നുന്നു. ഈ ചെറിയ പെണ്‍കുട്ടികള്‍ക്ക് ജനിച്ചു മൂന്നും ആറും മാസമുള്ള കുഞ്ഞുങ്ങളെയൊക്കെ നോക്കാന്‍ വശമുണ്ടാകുമോ. എല്ലാം കൂടി ഒരെത്തുംപിടിയും കിട്ടുന്നില്ല.

ആദ്യ ദിവസം മോനെ അവരെ ഏല്പിച്ചു വന്നത് ഓര്‍ക്കാന്‍ കൂടി വയ്യ. അമ്മയെയും അച്ഛനെയും അനന്തു ഏട്ടനെയും മാത്രം കണ്ടു ശീലിച്ച മോന്‍ പെട്ടന്ന് ഒരു പരിചയവും ഇല്ലാത്തവരുടെ കൈകളില്‍.. കുഞ്ഞ് നല്ല കരച്ചിലായിരുന്നു. അവന്‍ അമ്മയെ ദുഷ്ടത്തി എന്ന് കരുതുന്നുണ്ടാകും. ജോലിക്ക് പോകുന്നതോ അമ്മയുടെ സങ്കടമോ ഒന്നും അവനറിയില്ലല്ലോ. രാവിലെ ആരുടെയോ അടുത്ത് കൊണ്ടുതള്ളി ബസ് കയറിപ്പോകുന്ന അമ്മ. വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന അനന്തുവിനെ ആണ് ആദ്യം കണ്ടത്. എന്തുപറ്റി മോനെയെന്ന് ചോദിച്ചപ്പോള്‍ തന്നെ 'അമ്മ വാവയെ ഒന്ന് നോക്ക്, അവന് വയ്യ. അമ്മ ജോലിക്ക് പോകേണ്ട അമ്മാ.. വാവയ്ക്ക് അമ്മയില്ലാതെ പറ്റില്ല' എന്ന് പറഞ്ഞു വാവിട്ടു കരയുന്നു. അകത്തു ചെന്നപ്പോള്‍ കരഞ്ഞു തളര്‍ന്നുറങ്ങുന്ന മോനെയാണ് കണ്ടത്. കുറച്ചു മണിക്കൂറുകള്‍ കൊണ്ട് തന്നെ കുഞ്ഞു ക്ഷീണിച്ചു പോയിരിക്കുന്നു. രാവിലെ മുതല്‍ നിര്‍ത്താതെ കരച്ചില്‍ തന്നെ ആയിരുന്നുവത്രേ.

അനന്തു വീണ്ടും ആവലാതിയുമായി വന്നു. 'അമ്മ ഇനി വാവയെ ഒറ്റയ്ക്കാക്കി ജോലിക്ക് പോകേണ്ട.' ഇതു മാത്രമാണ് അവന് പറയാനുള്ളൂ. ഉള്ള് നീറുന്നുണ്ടെങ്കിലും അവനെ സമാധാനിപ്പിക്കാന്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു ''മോനേ, നമ്മുടെ വാവയെപ്പോലെ, അതിനേക്കാള്‍ ചെറിയ കുഞ്ഞുങ്ങള്‍ അച്ഛനും അമ്മയുമില്ലാതെ അനാഥാലയങ്ങളിലും, തെരുവുകളിലും ഉണ്ട്. അവര്‍ക്ക് പാല് കൊടുക്കാന്‍ അമ്മയില്ല. കെട്ടിപ്പിടിച്ചു കിടക്കാന്‍ ആരുമില്ല. വിശക്കുമ്പോള്‍ ഭക്ഷണം കിട്ടിക്കൊള്ളണമെന്നില്ല. താരാട്ടു പാടിയുറക്കാന്‍ ആരുമില്ല. വൈകിട്ടു വീട്ടിലേക്കു കൊണ്ടുപോകാന്‍ ആരും വരില്ല. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനുകളിലുമൊക്കെ കണ്ടിട്ടില്ലേ. അവര്‍ റോഡിലേക്ക് ഓടിപ്പോകുന്നുണ്ടോ വണ്ടിയെങ്ങാനും തട്ടുമോ എന്നൊക്കെ ശ്രദ്ധിക്കാന്‍ ആരെങ്കിലമുണ്ടോ. അങ്ങനെയും ഒരുപാട് കുഞ്ഞുങ്ങള്‍ ഈ ഭൂമിയില്‍ വളരുന്നുണ്ട്. നിനക്കും വാവയ്ക്കും വൈകുന്നേരമാകുമ്പോള്‍ അച്ഛനും അമ്മയും വരാനില്ലേ. അതില്ലാത്ത കുഞ്ഞു വാവകളെ ഓര്‍ത്ത് നോക്ക്. 'അവനോട് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാന്‍ ഒരു ദിവസം പല തവണ എന്നോട് തന്നെ പറഞ്ഞു ആശ്വസിക്കുന്ന കാര്യങ്ങളാണ്. അങ്ങനെ ആണ് ഞാന്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. നെഞ്ചില്‍ സങ്കടം തിങ്ങി വിങ്ങിനില്‍ക്കുമ്പോഴൊക്കെ, പിറന്നുവീണത് മുതല്‍ അനാഥരായ കുഞ്ഞുങ്ങളെ ഓര്‍ക്കും. തെരുവില്‍ കൊതുക് കടിയും ഉറുമ്പ് കടിയുമേറ്റ് മഞ്ഞും മഴയും പൊരിവെയിലുമേറ്റ് കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ ഓര്‍മ വരും. എന്താണ് വ്യത്യാസം എന്റെ മക്കളും അവരും തമ്മില്‍. കുഞ്ഞുങ്ങള്‍ എല്ലാം ഒന്ന് തന്നെ. ഒരു വ്യത്യാസവുമില്ല. അവരെ ഉറുമ്പ് കടിച്ചാലും നോവും, അവരും വെയിലത്തു വാടും, വിശന്നു കുഞ്ഞു വയറ് ഉള്ളിലേക്ക് ചൊട്ടിപ്പോകും. ആ കുഞ്ഞുങ്ങള്‍ക്കും അമ്മയുടെ മുലപ്പാലിന് അര്‍ഹതയില്ലേ. നല്ല വീട്ടില്‍ താമസിക്കാന്‍ യോഗ്യതയില്ലേ. ആരാണ് അവര്‍ക്ക് എല്ലാം നിഷേധിച്ചത്. ആരാണ് അവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞത്. ചില ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലല്ലോ. ആ കുഞ്ഞുങ്ങളുടെ കാര്യം ഓര്‍ത്താല്‍ എന്റെ മക്കള്‍ സ്വര്‍ഗലോകത്താണ് ജീവിക്കുന്നത്. പിന്നെ ഞാന്‍ എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നത്. ഇങ്ങനെയൊക്കെ ഞാന്‍ സ്വയം ആശ്വസിക്കുമെങ്കിലും ഇടയ്ക്കിടെ ഒരു തേങ്ങല്‍ ഇടനെഞ്ചില്‍ നിന്ന് പുറത്ത് വരും.

ജോലിയ്ക്ക് പോയാലും ബുദ്ധിമുട്ട് തന്നെ. രാവിലെ മുതല്‍ വൈകുന്നേരം വരെ പാല് കൊടുക്കാതിരിക്കുമ്പോഴുള്ള വേദന. അത് അസഹനീയമാണ്. ഓഫീസ് ജോലിയാണെങ്കില്‍ ഇടയ്ക്ക് പോയി ബാത്റൂമില്‍ പിഴിഞ്ഞ് കളയുകയെങ്കിലും ചെയ്യാം. അതിനും പറ്റില്ല. പുറത്ത് ആയിരിക്കും മിക്കവാറും ഡ്യൂട്ടി. സാധാരണ സാരിയും ചുരിദാറും ഷാളുമൊക്കെ ആണെങ്കില്‍ ഒന്ന് മറയ്ക്കുകയെങ്കിലും ആകാമായിരുന്നു .ഇത് പോലീസ് യൂണിഫോമാണ്. ഷര്‍ട്ടും പാന്റ്‌സും. പുറത്തുള്ള ഡ്യൂട്ടിയാകുമ്പോള്‍ ഇതെല്ലാം മാറ്റി പാല് പിഴിഞ്ഞുകളയല്‍ എങ്ങനെ? വൈകുന്നേരം ആകുമ്പോഴേക്കും പാല്‍ വന്നു നിറഞ്ഞു കല്ല് പോലെയാകും. അല്ലെങ്കില്‍ നിറഞ്ഞൊഴുകും. ടവല്‍ മടക്കിവച്ചാണ് അഡ്ജസ്റ്റ് ചെയ്തു പോകുന്നത്. പലര്‍ക്കും കല്ലിപ്പ് വന്നു കീറേണ്ട അവസ്ഥ വരെ എത്തിയിട്ടുണ്ടെന്ന് കൂടെ ജോലി ചെയ്തവര്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ അറിഞ്ഞു. അതിന് ഞാന്‍ തല്ക്കാലം ഒരു പോംവഴി കണ്ടെത്തിയത് എന്നും പാര്‍ക്ക് ഡ്യൂട്ടി വാങ്ങുക എന്നതായിരുന്നു. പോയ ഉടനെ സ്റ്റേഷന്‍ റൈറ്ററെ പോയി കണ്ടു പറയും ''സര്‍ പാര്‍ക്ക് ഡ്യൂട്ടി എനിക്ക് തന്നെ തരണേ.. മോനേ കൊണ്ടുവരാനാണ്.'

നഗരമധ്യത്തിലുള്ള നെഹ്‌റു പാര്‍ക്കില്‍ പോലീസ് എയ്ഡ് പോസ്റ്റുണ്ട്. പകുതി വരെ ചുമരും പകുതിയ്ക്ക്  മുകളില്‍  ഗ്ലാസ്സിട്ട ഒരു ചെറിയ മുറി. എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടി വാങ്ങുന്ന ദിവസം ഹരി ജോലി കഴിഞ്ഞു കുഞ്ഞിനേയും കൊണ്ട് വരും. കുറച്ചു പേപ്പറുകള്‍ ഞാന്‍ മുമ്പ് തന്നെ കൊണ്ടുവന്നു വയ്ക്കും. മോനെ കൊണ്ടുവന്നാല്‍ പേപ്പര്‍ നിലത്തു വിരിച്ചു അതിലിരുന്നു കുഞ്ഞിന് പാല് കൊടുക്കും. ഗ്ലാസ് ഇട്ട റൂം ആയത് കൊണ്ട് കസേരയിലിരുന്നാല്‍ പാര്‍ക്കില്‍ വരുന്ന എല്ലാവര്‍ക്കും അകത്തേക്ക് കാണാന്‍ പറ്റും. അതിനാണ് തറയില്‍ ഇരിക്കുന്നത്. വാതിലിന്റെ അടുത്ത് ഹരി കാവല്‍ നില്‍ക്കും. ആരെങ്കിലും പെട്ടന്ന് കയറി വന്നാലോ. യൂണിഫോമുമിട്ട് തറയിലിരുന്നു കുഞ്ഞിനെ പാല് കൊടുത്ത് അവിടെ തന്നെ ഇരുന്നുറങ്ങിപ്പോയ ദിവസവുമുണ്ട്. പോലീസ് ജോലി എന്നല്ല മുലയൂട്ടുന്ന സമയത്ത് ഏത് ജോലിക്ക് പോകുന്ന  അമ്മമാരാണെങ്കിലും ഇങ്ങനെ എന്തൊക്കെ ത്യാഗങ്ങള്‍ സഹിച്ചും വേദനകള്‍ കടിച്ചമര്‍ത്തിയുമാണ് ഒന്നര രണ്ടു വര്‍ഷം തള്ളിനീക്കി മാതൃത്വം എന്ന മഹത് സ്ഥാനം അനുഭവിച്ചു തീര്‍ത്തിട്ടുള്ളത്.

മോനെ ഡേ കെയറില്‍ കൊണ്ടുവിട്ടു തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. അവന്‍ പക്ഷേ അവരുമായി ഇപ്പോഴും ഇണങ്ങിയിട്ടില്ല. അന്ന് രാവിലെ മുതല്‍ തന്നെ മോന് എന്തോ ഒരു വയ്യായ്ക പോലെ തോന്നിയിരുന്നു. അവിടെ കൊണ്ടുപോയി അവരുടെ കയ്യില്‍ കൊടുത്തപ്പോള്‍ മുതല്‍ അലറിക്കരയുകയാണ് കുഞ്ഞ്. ബസില്‍ കയറിയിട്ടും അവന്റെ കരച്ചില്‍ കേള്‍ക്കുന്നു. ബസില്‍ നിന്നും ഇറങ്ങിപ്പോയി കുഞ്ഞിനെ എടുത്താലോ എന്ന് തോന്നി. അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ടക്ടര്‍ കണ്ടുവെന്ന് ഉറപ്പാണ്. അയാള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോഴൊക്കെ എന്നെ നോക്കുന്നുണ്ട്. ആരോ പിന്നിലെ സീറ്റില്‍ നിന്ന് ചുമലില്‍ തട്ടുന്നത് പോലെ. മെല്ലെ തല തിരിച്ചു നോക്കി. 'ഹരിയുടെ ഭാര്യയല്ലേ?'
ഞാന്‍ അതേയെന്ന് പറഞ്ഞപ്പോഴേക്കും ''എന്തിനാ ഇങ്ങനെ കരയുന്നത്. കുട്ടി ബസില്‍ കയറിയപ്പോ മുതല്‍ ഞാന്‍ കാണുന്നതാ. എന്തുപറ്റി? എവിടെ പോയതാ?'
ശാന്തേച്ചിയാണ്. ഹരിയുടെ കൂട്ടുകാരന്റെ അമ്മ. കിഴക്ക് ഭാഗത്താണ് വീട്. കണ്ടു പരിചയമുണ്ട്. 
'അത് പിന്നെ.. മോനെ ഡേ കെയറില്‍ കൊണ്ടുവിട്ട് വരികയാണ്. അവന് വയ്യെന്ന് തോന്നുന്നു. ഭയങ്കര കരച്ചില്‍. ഒരാഴ്ച ആയി പോകുന്നു. ഇപ്പോഴും കരച്ചില്‍ തന്നെ'. മുഴുവന്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റിയില്ല.. ശബ്ദം ഇടറിയിട്ട്.

വിഷമിക്കേണ്ട.. ബസ് ഇറങ്ങട്ടെ. എന്നിട്ട് പറയാം എന്ന് പറഞ്ഞു ശാന്തേച്ചി.ബസ് ഇറങ്ങിയ ഉടനെ തന്നെ എന്റെ അടുത്തേക്ക് വന്നു. 'ഇങ്ങനെ കരയാന്‍ മാത്രം എന്താ.? പോലീസുകാരി  ആയിട്ടാണോ ബസിലിരുന്നു ഇങ്ങനെ കരയുന്നത്. മോശം ആണെ. പണ്ടുള്ളവരൊക്കെ പത്തും പതിനഞ്ചുമൊക്കെ പെറ്റിട്ട് എപ്പോഴും കയ്യില്‍ വച്ച് നോക്കിയിട്ടാണോ. കുഞ്ഞങ്ങളൊക്കെ അങ്ങ് വളരും. അല്ല പിന്നെ.' എന്നൊക്കെ എന്നെ ആശ്വസിപ്പിക്കാന്‍ പറഞ്ഞിട്ട് ഒരു കാര്യം കൂടി പറഞ്ഞു. 
'അതേയ് നാളെ മുതല്‍ മോനെ വല്ലയിടത്തും കൊണ്ടുവിട്ടു കരയാന്‍ നില്‍ക്കേണ്ട. ഹരിയോട് പറഞ്ഞിട്ട് വീട്ടിലേക്ക് കൊണ്ടുവാ. എന്നിട്ട് ജോലിക്ക് പൊയ്‌ക്കോളൂ. ഞാന്‍ നോക്കിക്കോളാം. അഞ്ചാറു മക്കളെയും അവരുടെ മക്കളെയും പോറ്റി വലുതാക്കിയതാ. ഇനി ഒന്നിനെ കൂടി നോക്കാനാണോ പറ്റാത്തത്. ഹരി എന്റെ മോനെ പോലെ തന്നെയാ. കുട്ടി ഇങ്ങനെ കരഞ്ഞു വിളിച്ചു നടക്കുന്നത് കണ്ടിട്ട് എങ്ങനെയാ കാണാത്തമട്ടില്‍ പോവുക . നാളെ രാവിലെ ജോലിക്ക് പോകുമ്പോ മോനെയും കൊണ്ട് വന്നോളൂ ട്ടോ'
         
ജീവിതത്തില്‍ ഒരമ്മയെ കൂടി എനിക്ക് കിട്ടിയ ദിവസമായിരുന്നു അന്ന്. എന്തെന്നില്ലാത്ത സന്തോഷം മനസ്സില്‍. എല്ലാ വിഷമങ്ങളും എങ്ങോ പോയ് മറഞ്ഞു. ഹരിയോട് ഫോണില്‍ കൂടി ഈ കാര്യം പറയുമ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് എങ്ങലടിച്ചു കരയുകയായിരുന്നു.  ഹരിയുടെ കൂട്ടുകാരന്‍ മാത്രമല്ല അവര്‍ക്ക് വേറെയും മക്കള്‍ ഉണ്ട്. രണ്ടുപേര്‍ വിദേശത്താണ്.അടുത്ത് തന്നെ മറ്റ് മക്കളുമുണ്ട്. അവര്‍ക്കൊക്കെ സമ്മതമാകുമോ എന്ന സംശയം പറഞ്ഞു ഹരി.
ഹരിയുടെ ഫോണ്‍ വച്ചയുടനെ ഞാന്‍ ശാന്തേച്ചിയുടെ വീട്ടിലേക്ക് വിളിച്ചു. ഹരി പറഞ്ഞ സംശയം ചോദിച്ചു. ഒരാളും എതിര്‍പ്പ് പറയില്ല. ഒരു കുഞ്ഞിനെ  നോക്കുന്നതിനു ആര് എന്തു പറയാന്‍. എന്റെ മക്കള്‍ ആരും അങ്ങനെയുള്ളവരല്ലട്ടോ... ധൈര്യമായി കൊണ്ടുവന്നോളൂ' 

പിറ്റേന്ന് രാവിലെ മോനെ കുളിപ്പിച്ച് രാവിലെത്തെ ഭക്ഷണവും കൊടുത്തു, പാലും കുറുക്കുമൊക്കെയായി ശാന്തേച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ' 'വാടാ മുത്തേ ഇനി ഇതാണ് നിന്റെ വീട്, ഞാന്‍ ആണ് അമ്മൂമ്മ. കേട്ട്വോ ' എന്ന് പറഞ്ഞു എന്റെ കുഞ്ഞിനെ ഏറ്റു വാങ്ങിയതാണ് ആ അമ്മ. അന്ന് മുതല്‍  മക്കളെ ഓര്‍ത്ത് വിഷമിക്കാനുള്ള അവസരം അവര്‍ എനിക്ക് തന്നിട്ടില്ല. കുഞ്ഞിന് ഇടാനുള്ള ഡയപ്പറും ഡ്രെസ്സുമൊക്കെയായി പോയ എന്നോട് പറഞ്ഞു. ഈ സാധനമൊന്നും ഇവിടെ വേണ്ട. നിങ്ങള് പുറത്ത് കൊണ്ടുപോകുമ്പോള്‍  മാത്രം ഇതൊക്കെ ഉപയോഗിച്ചാല്‍  മതി. കുട്ടിയ്ക്ക് ഇങ്ങനെയുള്ളതൊക്കെ വച്ചു കെട്ടിയാല്‍ വല്ല അസുഖവും വരും. പിന്നെ രാവിലെ സമയമില്ലാത്ത നേരത്ത് കുളിപ്പിക്കാനൊന്നും നില്‍ക്കേണ്ട. ഞാന്‍ ഇവിടെ കുളിപ്പിച്ചോളും. പിന്നെ അവന് കഴിക്കേണ്ടതൊക്കെ ഞാന്‍ ഇവിടെ ഉണ്ടാക്കിക്കോളും. പാലും വേണ്ട, കുറുക്കും വേണ്ട. നാളെ മുതല്‍ കുഞ്ഞിനെ മാത്രം കൊണ്ടുവന്നാല്‍ മതി'  

ശാന്തേച്ചിയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്ന എന്റെ മോനെയും കണ്ട് ഇറങ്ങിയ ഞാന്‍ പോലീസ് സ്റ്റേഷനില്‍ എത്തുന്നത് വരെ കരഞ്ഞു. അത് പക്ഷേ സന്തോഷക്കണ്ണീര്‍ ആയിരുന്നു. ഞാന്‍ വിളിക്കുന്ന സകല ദൈവങ്ങളുടെയും മുന്നില്‍ മനസ് കൊണ്ട് സാഷ്ടാംഗം പ്രണമിച്ചു. എനിക്ക് ഇങ്ങനെ ഒരു അമ്മയെ കാണിച്ചു തന്നതിന്. എന്റെ മോന് അവന്റെ അച്ഛമ്മയെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. പകരം ഒരു അമ്മൂമ്മയെ അവന് കിട്ടി. 

placeholder
ശാന്തേച്ചി അജിഷയുടെ മക്കൾക്കൊപ്പം (പഴയ ഫോട്ടോ)

അന്ന് മുതല്‍ അവന്‍ ആ വീട്ടിലെ ഒരംഗമായി. വൈകുന്നേരം കൊണ്ടുവരാന്‍ പോകുമ്പോള്‍ എണ്ണയിട്ട്  കുളിപ്പിച്ച് കണ്ണെഴുതി പൊട്ടു കുത്തി സുന്ദരകുട്ടനായിരിക്കുന്ന മോനെയാണ് കാണുക. അന്നത്തെ ദിവസം പിന്നെ ഒന്നും അവന് കഴിക്കാന്‍ കൊടുക്കേണ്ട. അത്രയും ഭക്ഷണം കഴിപ്പിച്ചു കുഞ്ഞു വയറ് നിറച്ചിട്ടേ എന്റെ കയ്യില്‍ തരുള്ളൂ. ആറു മാസം ഞങ്ങളുടെ കൂടെയുണ്ടായിട്ടും മോനെ അങ്ങനെ ഒരുക്കി സുന്ദരനായി ഞാന്‍ കണ്ടത് അപ്പോള്‍ മാത്രം ആയിരുന്നു. അവിടെ ശാന്തേച്ചിയുടെ മകളും പേരക്കുട്ടികളും ഉണ്ട്. വീടിന് അടുത്തായി മറ്റ് മക്കളും വീട് വച്ചു താമസിക്കുന്നുണ്ട്. എല്ലാവരും തറവാട് വീടായ അവിടേക്ക് എന്നും വരും. അങ്ങനെ ഒരുപാട് പേരുടെ പോന്നോമനയായി അവന്‍ അവിടെ അവരില്‍ ഒരാളായി മാറി. 

നാളുകള്‍ കഴിയുന്തോറും വൈകിട്ടു അവനെ കൊണ്ടുവരാന്‍ പോകുന്ന ഞങ്ങളെ കണ്ട ഭാവം പോലും അവനില്ല. അവന്‍ അവിടെ ചേച്ചിമാരുടെയും ഏട്ടന്മാരുടെയും അമ്മൂമ്മയുടെയും കുഞ്ഞായി കഴിഞ്ഞു. ജോലിക്ക് പോകുമ്പോള്‍ മാത്രം കൊണ്ടുപോയിരുന്നതൊക്കെ പഴങ്കഥയായി. ലീവ് ആണെങ്കിലും മോനെ കൊണ്ടു പോകണം. ഞങ്ങള്‍ക്ക് ഷോപ്പിങ്ങിനൊ സിനിമക്കോ എന്തിനും ഏത് പാതിരാത്രിയ്ക്കും പോകാം. ഇനി വീട്ടില്‍ തിരക്കിനിടയില്‍ ഭക്ഷണം വച്ചില്ലെന്ന് അബദ്ധത്തിലെങ്ങാനും പറഞ്ഞു പോയാല്‍ എല്ലാം പാത്രത്തിലാക്കി തരും. സ്‌പെഷ്യല്‍ കറികള്‍ വയ്ക്കുമ്പോള്‍, അച്ചാര്‍ ഉണ്ടാക്കിയാല്‍, പായസം വച്ചാല്‍ തുടങ്ങി എന്തുണ്ടെങ്കിലും ഒരു പങ്ക് വീട്ടിലേക്ക് കൂടി പാത്രത്തില്‍ ഒരുക്കിവച്ചിരിക്കും.എനിക്കും ഹരിയ്ക്കും നൈറ്റ് ഡ്യൂട്ടി വരുന്ന ദിവസങ്ങളില്‍ മക്കള്‍ രാത്രിയും അവിടെ തന്നെ. ആ വീട്ടുകാര്‍ പോകുന്ന എല്ലായിടങ്ങളിലും, അവനും ഉണ്ടാകും. ഞങ്ങള്‍ അറിയാറു പോലുമില്ല. ആര് ചോദിച്ചാലും മകന്റെ കുട്ടിയാണ് എന്നേ ശാന്തേച്ചി പറയുള്ളൂ.

അങ്ങനെ രണ്ടുവര്‍ഷം കടന്നുപോയി. ഒരു ദിവസം ഞാന്‍ പതിയെ പോയി ശാന്തേച്ചിയോട് ചോദിച്ചു, എനിക്ക് ഇനിയൊരു കുഞ്ഞു കൂടി ഉണ്ടാകുന്നതിനോട് എന്താ അഭിപ്രായം എന്ന്.' അത് വെറുതെ. ഇപ്പോഴത്തെ കുട്ടികളൊക്കെ ഒന്നില്‍ നിര്‍ത്തുന്നവരാ. കുട്ടിക്ക് രണ്ടു മക്കളുള്ള സ്ഥിതിക്ക് ഇനി ഒരാളും കൂടിയൊന്നും ഉണ്ടാവില്ല. അതും ജോലിക്കൊക്കെ പോവേം വേണ്ടേ. സാധ്യത ഇല്ല.' അല്പം നിരാശ തോന്നിയെങ്കിലും ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു.. 'അല്ല.. എന്നാലും ഒരു കുഞ്ഞു കൂടി ആയാല്‍ എന്തുചെയ്യും.. ഇവനെ പോലെ തന്നെ ശാന്തേച്ചി നോക്കുമോ'.

'എനിക്ക് വയസും പ്രായവുമൊക്കെയായി. എന്നാലും ഒന്നല്ല ഒരു പത്തെണ്ണത്തിനെ പെറ്റു കയ്യില്‍ തന്നാലും ഞാന്‍ നോക്കും. അതിന് പേടിക്കണ്ട' എന്ന് മറുപടി. 

അപ്പോള്‍ തന്നെ ഞാന്‍ ശാന്തേച്ചിയുടെ കൈ പിടിച്ച്...' എന്നാല്‍ കൃത്യം ഒമ്പത് മാസം ആകുമ്പോ ഒരാളെ കൂടി ഞാന്‍ തരും. വിശേഷം ഉണ്ട് 'എന്നും പറഞ്ഞു മറുപടിക്ക് നില്കാതെ  ഓടി രക്ഷപെട്ടു. അത്രയും ജാള്യതയുണ്ടായിരുന്നു. മോനെ നോക്കാന്‍ ആളില്ലാതെ കരഞ്ഞ ഞാന്‍ ആണ്. രണ്ടു വര്‍ഷം ആകുമ്പോഴേക്കും അടുത്ത കുഞ്ഞിന്റെ കാര്യവും പറഞ്ഞു ചെല്ലുന്നത്. അതും മൂന്നാമത്തെ. 

വിശേഷം ഉണ്ടെന്നറിഞ്ഞപ്പോള്‍ തൊട്ട് പിന്നെ ആ ഒരു പരിഗണന വേണ്ടുവോളം എനിക്ക് തന്നിട്ടുണ്ട്. മുമ്പും എന്തുണ്ടെങ്കിലും വീട്ടിലേക്ക് കൂടി ഒരു പങ്ക് പാത്രത്തില്‍ കരുതാറുള്ളത് പോലെ എനിക്ക് കഴിക്കാന്‍ എന്തെങ്കിലും ഒന്നുണ്ടാകും പോകുമ്പോഴൊക്കെ. അങ്ങനെ ഒട്ടും ആശങ്കയില്ലാതെ കുഞ്ഞിനെ ആരു നോക്കുമെന്ന ടെന്‍ഷന്‍ ഇല്ലാതെ സന്തോഷവതിയായി എന്റെ ഗര്‍ഭകാലം കഴിഞ്ഞു. മൂന്നാമതും ആണ്‍കുട്ടി തന്നെ. ലക്ഷണം കണ്ടിട്ട് ശാന്തേച്ചി പറയാറുണ്ട്. ഇതും മോന്‍ തന്നെ ആണെന്ന്. അതുപോലെ തന്നെയായി.

രണ്ടാമത്തവനെ പോലെ ആറു മാസം വേണ്ടി വന്നില്ല. ഇരുപത്തിയെട്ട് മുതല്‍  മോനെ ശാന്തേച്ചിയുടെ കയ്യില്‍ ഏല്പിച്ചിരുന്നു. അങ്ങനെ രണ്ടുപേരും അവിടെ തന്നെയായി. ചെറിയ മോനെ കൊണ്ട് പോകുമ്പോഴൊക്കെ ഇടയ്ക്കിടെ ഞാന്‍ പറയും 'ശാന്തേച്ചി എന്നൊരാള്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഇവനെ പ്രസവിക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായത്. അല്ലെങ്കില്‍ മൂന്നാമത് ഒരു കുഞ്ഞിന് യാതൊരു സാധ്യതയുമില്ലായിരുന്നു. അതുകൊണ്ട് ഇവിടെ ഭാഗം വയ്ക്കുമ്പോ രണ്ടു ഭാഗം അധികം മാറ്റിയിടണം. എന്റെ മക്കള്‍ക്ക് കൂടി അവകാശമുണ്ടേ'.

താഴെയും മുകളിലും മുറികളുള്ള വലിയ വീടാണ്. തൊട്ടുമുന്നില്‍ റോഡ്. വൈകുന്നേരങ്ങളില്‍ കുളിയും കഴിഞ്ഞു ഉമ്മറത്തുണ്ടാകും കുട്ടികള്‍ കളികളുമായി. ഒരു തവണ പോലും ഒന്ന് വീണിട്ടോ അല്ലാതെയോ ഒരു പോറല്‍ പോലും ഏല്പിക്കാതെയാണ്  അവരുടെ ശാന്തമ്മൂമ്മ അവരെ നോക്കിയത്. ഞങ്ങളുടെ കൂടെ ആണെങ്കിലോ ഇടയ്ക്കിടെ വീണിട്ടും തട്ടിയിട്ടും ഓരോ പാടുകള്‍ വന്നിട്ടുണ്ടാകും. കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ നല്ല വഴക്ക് ശാന്തേച്ചി പറയും. 'ഞാന്‍ ഇവിടെ പൊന്നുപോലെ നോക്കുന്നതാണ് , ആകെ കുറച്ചു സമയമാണ് അച്ഛന്റെയും അമ്മയുടെയും കൂടെ. അതിനിടയില്‍  വീണ് മുറിവുമായി വന്നിരിക്കുന്നു. നോക്കാന്‍ പറ്റില്ലെങ്കില്‍ നിങ്ങള് വൈകിട്ടു കൊണ്ടുപോകേണ്ട. അവര്‍ ഇവിടെയിരുന്നോട്ടെ.'

placeholder
ശാന്തേച്ചി അജിഷയുടെ മക്കൾക്കൊപ്പം (പുതിയ ഫോട്ടോ)

ഒരിക്കല്‍ മാത്രം ശാന്തേച്ചിയുടെ അടുത്ത് നിന്ന് എനിക്ക് തല്ലു കിട്ടുമോ എന്ന് തോന്നുന്ന ഒരു സംഭവവും ഉണ്ടായി. കോവിഡ് അതിന്റെ പാരമ്യത്തില്‍ എത്തിയ സമയം. ലോക്ക്ഡൗണ്‍ ആകുന്നതിനു മുമ്പ് അനിയന്‍ വന്നു മൂത്ത രണ്ടു കുട്ടികളെയും വയനാട്ടിലേക്ക് കൊണ്ടുപോയി. ഞങ്ങളുടെ കൂടെ ചെറിയ മോന്‍ മാത്രം. ജോലിക്ക് പോകുന്നത് കൂടാതെ ഞാന്‍ തൃശൂര്‍ ആകാശവാണിയില്‍ അനൗണ്‍സര്‍ ആയും ജോലി ചെയ്യുന്നുണ്ട്. പുലര്‍ച്ചെ നാലരയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങണം. കോവിഡ് കാലമല്ലേ. അപ്രതീക്ഷിതമായി ഹരിയെ രാത്രി ഡ്യൂട്ടിയ്ക്ക് വിളിച്ചു. കുട്ടികളാണെങ്കില്‍ വയനാടും. അല്ലെങ്കില്‍ ചെറിയ കുഞ്ഞുങ്ങളെ മൂത്ത മകനെ ഏല്‍പ്പിച്ചു എത്രയോ തവണ രാവിലെ ആകാശവാണിയില്‍ ജോലിക്ക് പോയിരിക്കുന്നു. അന്നത്തെ ദിവസം ഞാന്‍ ശരിക്കും പെട്ടുപോയി. രാത്രി  തന്നെ ഞാന്‍ ശാന്തേച്ചിയെ വിളിച്ചു. ഹരി രാത്രി ജോലിക്ക് പോയെന്നും പിറ്റേന്ന് പുലര്‍ച്ചെ ആകാശവാണി ഡ്യൂട്ടിയുണ്ട്. നാലരയ്ക്ക് മുമ്പ് ഞാന്‍ മോനെയും കൊണ്ടുവരുമെന്നും പറഞ്ഞു. റേഡിയോ ലൈവ് ഡ്യൂട്ടി ആണ്. രാത്രി വിളിച്ച് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ പകരം അനൗണ്‍സറെ ഡ്യൂട്ടിയ്ക്ക് വിളിക്കല്‍ ബുദ്ധിമുട്ട് ആണ്. പ്രത്യേകിച്ച് ലോക്ക്ഡൗണ്‍ സമയവും. രാവിലെ പോകാനുള്ള എല്ലാം തയ്യാറാക്കി വച്ചു. ആ സമയത്ത് ഞങ്ങള്‍ കാര്‍ വാങ്ങിയിട്ടില്ലായിരുന്നു. മോനെ കുട്ടികള്‍ക്കുള്ള കങ്കാരു ബാഗിലിരുത്തി സ്‌കൂട്ടര്‍ ഓടിച്ചാണ് കൊണ്ടുപോകാറുള്ളത്. അവന്‍ അതിലിരുന്ന് നെഞ്ചില്‍ ചേര്‍ന്നു കിടന്നോളും. പക്ഷേ പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ എല്ലാ പദ്ധതികളും പൊളിഞ്ഞു. തുള്ളിയ്ക്ക് ഒരു കുടം മഴ. ശക്തമായ കാറ്റും. എങ്ങനെ കുഞ്ഞിനെ കൊണ്ടുപോകുമെന്ന് ഒരു പിടിയുമില്ല. സമയം പോകുന്നു. മഴയാണെങ്കില്‍  തിമര്‍ത്തു പെയ്യുന്നു. മോനെ  ബാഗിലിരുത്തി മഴക്കോട്ടിട്ടു നോക്കി. സിബ് ഇടാന്‍ പറ്റുന്നില്ല. അവനാണെങ്കില്‍ നല്ല ഉറക്കവും.എങ്ങനെ മഴ കൊള്ളാതെ മോനെയൊന്ന് ശാന്തേച്ചിയുടെ അടുത്ത് എത്തിക്കുമെന്ന് ഒരു പിടിയുമില്ല. ഏറ്റെടുത്തിരിക്കുന്ന ജോലി അത്രയും പ്രധാനപ്പെട്ടത്. ലോക്ക്ഡൗണ്‍ ആയത് കൊണ്ട് ഒരു വണ്ടിയുമില്ല വിളിച്ചാല്‍ വരാനുമില്ല. 

പിന്നെ ഒന്നും നോക്കിയില്ല. ഒരു വ്യാപാര സ്ഥാപനത്തിന്റെ അത്യാവശ്യം വലിയ ഒരു പ്ലാസ്റ്റിക് കവര്‍ ഉണ്ടായിരുന്നു. ഉറങ്ങികിടക്കുന്ന കുഞ്ഞിനെ പതിയെ ടവലോട് കൂടി എടുത്തു കവറിനുള്ളില്‍ കിടത്തി. ശ്വസിക്കാനുള്ള ഭാഗം ഒഴിച്ച് കവര്‍ പതുക്കെ മുകളില്‍ കെട്ടി. സ്‌കൂട്ടറില്‍ കാല് വയ്ക്കുന്ന ഭാഗത്ത് ഒരു കൊളുത്തുണ്ട്, ലഗ്ഗേജ് വല്ലതും ഉണ്ടെങ്കില്‍ കൊളുത്തിയിടാന്‍. കുഞ്ഞിനെ കിടത്തിയ കവര്‍ ആ കൊളുത്തില്‍ കൊളുത്തിയിട്ടു. ദേഹം മുഴുവന്‍ മൂടുന്ന മഴക്കോട്ടായത് കൊണ്ടും കാല്‍ വച്ചിരിക്കുന്ന ഭാഗം കുഞ്ഞിന്റെ മേലെ ആയത് കൊണ്ടും ഒട്ടും നനയാതെ കുഞ്ഞു കവറിനുള്ളില്‍ കിടന്നു. ഒന്ന് കരയുകയോ ബുദ്ധിമുട്ടിക്കുകയോ ഒന്നും ചെയ്യാതെ നല്ല കുട്ടിയായി കവറിനുള്ളില്‍ മിണ്ടാതെ കിടന്നുറങ്ങി . 
വീട്ടില്‍ നിന്നും ഇറങ്ങുമ്പോ തന്നെ ശാന്തേച്ചിയെ വിളിച്ചു പറഞ്ഞിരുന്നു. വീടിന്റെ മുന്നില്‍ എത്തിയപ്പോള്‍ തന്നെ ഗേറ്റ് തുറന്നു പടിയ്ക്കല്‍ തന്നെ കാത്തുനില്കുന്നുണ്ടായിരുന്നു ശാന്തേച്ചി. വണ്ടി നിര്‍ത്തി ഞാന്‍ ഇറങ്ങിയപ്പോള്‍ തന്നെ മോനെ കാണാതെ ആകെ തിരഞ്ഞു കൊണ്ട് 'മോനെവിടെ 'എന്ന് എന്ന ചോദ്യം വന്നു.

'ദാ ഇവിടെയുണ്ട് 'എന്ന് പറഞ്ഞു സ്‌കൂട്ടറിന്റ കൊളുത്തില്‍ നിന്ന് പ്ലാസ്റ്റിക് കവര്‍ പൊക്കിയെടുത്തു ശാന്തേച്ചിയ്ക്ക് നീട്ടി. മഴ നനയാതെ കൊണ്ടുവന്ന ഐഡിയ എങ്ങനെയുണ്ട് എന്ന് ചിരിച്ചു കൊണ്ട് ചോദിച്ച എന്നെ ഒരു നോട്ടം കൊണ്ട് തീര്‍ത്തു കളഞ്ഞു അവര്‍. ഇങ്ങനെ  ദേഷ്യപ്പെട്ടിട്ട് ഒരിക്കലും ഞാന്‍ ശാന്തേച്ചിയെ കണ്ടിട്ടില്ലായിരുന്നു. അന്ന് എനിക്ക് കേട്ട വഴക്കിനു കയ്യും കണക്കുമില്ല . 'കവറിലൊക്കെ കുഞ്ഞിനെ പൊതിഞ്ഞു കൊണ്ടുപോവുക എപ്പോഴാന്നറിയോ കുട്ടിയ്ക്ക്. ഇനി മേലില്‍ ഇങ്ങനെ ഞാന്‍ കണ്ടാല്‍. പിന്നെ ഇതാവില്ല എന്റെ സ്വഭാവം കേട്ടുവോ..'അവരുടെ വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു. ഇരുണ്ട വെളിച്ചത്തില്‍ ആ അമ്മയുടെ മുഖത്ത് കണ്ടത് ദേഷ്യം അല്ലായിരുന്നു.

എന്റെ മോനെ വാരിയെടുത്തു നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ഭഗവാന്റെ നാമം ജപിച്ചു കൊണ്ട് അവനെ തുരു തുരെ ഉമ്മ വച്ചു കൊണ്ട് അകത്തേക്ക് കയറുമ്പോള്‍ അന്ന് ആദ്യമായി ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു. മഴ കൊള്ളാതെ എങ്ങനെയും അവനെ ശാന്തേച്ചിയെ ഏല്പിച്ചു ജോലിക്ക് കയറണം എന്ന് മാത്രമേ അപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതല്പം കടന്നകൈ ആയിപ്പോയി എന്ന് ആ അമ്മയുടെ കണ്ണീര് കണ്ടപ്പോഴാണ് എനിക്കും തോന്നിയത്.

ചിലപ്പോള്‍ ചില ത്യാഗങ്ങള്‍ക്ക് പകരംവയ്ക്കാന്‍ ഒന്നുമില്ല. മക്കളുടെയും മരുമക്കളുടെയും സംരക്ഷണയില്‍ സുഖമായി വിശ്രമജീവിതം നയിക്കുന്ന ആ അമ്മയ്ക്ക് എന്റെ രണ്ടു പൊടി കുഞ്ഞുങ്ങളെ നോക്കേണ്ട ഒരു കാര്യവുമില്ല. കുഞ്ഞുങ്ങളെ നോക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അവരെ ഊട്ടി ഉറക്കി കുളിപ്പിച്ച് വീഴാതെ കരയാതെ നോക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനേക്കാള്‍ ഉപരിയായി അച്ഛനും അമ്മയും വന്നു വിളിക്കുമ്പോള്‍ അവരുടെ കൂടെ പോകാന്‍ മടി കാണിക്കുന്ന വിധത്തില്‍ കുഞ്ഞുങ്ങളെ സ്നേഹം കൊണ്ട് കീഴടക്കുക എന്നത് എങ്ങനെയെന്ന് വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ പറ്റുന്നതല്ല.ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ആ അമ്മ എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒഴിവാക്കിയ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഇടയ്ക്കിടെ ദീര്‍ഘദൂര വിനോദയാത്രകള്‍ക്കും അമ്പലങ്ങളിലുമൊക്കെ മക്കള്‍ പോകാറുള്ളപ്പോഴൊക്കെ ശാന്തേച്ചിയെയും വിളിക്കും. പോയാല്‍ എന്റെ കുട്ടികളെ നോക്കാന്‍ ആരുമില്ല, അവര്‍ ഒറ്റയ്ക്കാകും എന്ന് കരുതി അവര്‍ ഒഴിവാക്കിയ ഒരുപാട് യാത്രകളും കല്യാണങ്ങളും ഉണ്ടെന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെങ്കിലും എനിക്ക് അറിയാം.ശാന്തേച്ചിക്കും പോകാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍.' ഓ എനിക്ക് നല്ല സുഖമില്ല.. അല്ലെങ്കിലും ഇത്രയും ദിവസം വീട് വിട്ടു പോകാനൊന്നും എന്നെകൊണ്ട് വയ്യ എന്നൊക്കെയുള്ള മറുപടികളാണ് അവര്‍ തരാറുള്ളൂ. 
                         
ഒമ്പത് വര്‍ഷം പിന്നിടുന്നു. കരഞ്ഞു നിലവിളിച്ചു വന്ന ആ ബസ് യാത്ര ഇന്നും മനസിലുണ്ട്. അന്നത്തെ എന്റെ കണ്ണീരിനു പകരം എന്റെ കുഞ്ഞുങ്ങള്‍ക്ക് കിട്ടിയ ഭാഗ്യം. അവരുടെ ശാന്തമ്മൂമ്മ. മക്കള്‍ രണ്ടുപേരും ഇപ്പോള്‍ സ്‌കൂളില്‍ പോയിതുടങ്ങി. ഒരാള്‍ നാലിലും ചെറിയ മോന്‍ ഒന്നിലും പഠിക്കുന്നു. ഇന്നും ഒരത്യാവശ്യം വന്നാല്‍ കുഞ്ഞുങ്ങളെ എവിടെ ആരെ ഏല്പിക്കുമെന്ന സംശയമില്ല. എപ്പോള്‍, ഏത് പാതിരാത്രിയിലും കയറിച്ചെല്ലാന്‍ ഒരിടമുണ്ട്. എന്റെ കുഞ്ഞുങ്ങളെ കാണാന്‍ എന്നും കൊതിയോടെ കാത്തിരിക്കുന്ന അമ്മൂമ്മയുണ്ട്. സ്വത്ത് ഭാഗം വയ്ക്കുമ്പോള്‍ എന്റെ രണ്ടു മക്കള്‍ക്ക് കൂടി വേണ്ടിവരുമെന്ന് ഞാന്‍ തമാശയായി പറയുമെങ്കിലും എന്റെ മക്കള്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മഹത്തായ സ്വത്ത്.. അതാണ് അവര്‍ക്ക് കിട്ടിയത്. ആ അമ്മയുടെ സ്നേഹം. ഉപാധികള്‍ ഇല്ലാത്ത, ഒരിക്കലും കണക്കുപറച്ചിലുകള്‍ കേള്‍ക്കില്ലെന്ന ഉറപ്പുള്ള, പരിഭവങ്ങളോ പരാതികളോ ഇല്ലാത്ത സ്നേഹം. സ്വന്തം മക്കളുടെ കുഞ്ഞുങ്ങളെ എങ്ങനെ നോക്കുമോ അതുപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെ.. പണ്ടുള്ളവര്‍ പറയുന്നപോലെ കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ എന്റെ മക്കളെ വളര്‍ത്തി എന്നെ ഏല്പിച്ച ആ അമ്മയ്ക്ക് മുന്നില്‍ ഞങ്ങളും മക്കളും എന്നും നമിക്കുന്നു.

ഒരിക്കലും ജീവിതത്തില്‍ നിരാശരാകരുത്. ആരില്ലെങ്കിലും ആരൊക്കെ ഒറ്റപ്പെടുത്തിയാലും ദൈവം ഒരാള്‍ കൂടെയുണ്ടെങ്കില്‍ നമ്മള്‍ പിടിച്ചുനില്‍ക്കും. ഇരുട്ടില്‍ ഇനി മുന്നോട്ടില്ല എന്ന് കരുതി വഴിയടഞ്ഞു നില്‍കുമ്പോള്‍ വെളിച്ചത്തിന്റെ ഒരു തിരി നമ്മുടെ മുന്നില്‍ തെളിഞ്ഞു കത്തും. അങ്ങനെ എന്റെ മുന്നില്‍ തെളിഞ്ഞ ജ്യോതിര്‍നാളാമായിരുന്നു ആ അമ്മ. ഒരു ആയുസ്സ് കൊണ്ട് വീട്ടാന്‍ പറ്റാത്ത   കടപ്പാടുണ്ട്... ഈശ്വരന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.