പ്രണയത്തിന്റെ വര്‍ണവും വസന്തവുമാണ് ഫെബ്രുവരിയുടെ അഴകിനുപിന്നില്‍. വാലന്റൈന്‍സ് ഡേയുടെ ആഘോഷവും ആനന്ദവും ഫെബ്രുവരിയിലാണെന്നതാണ് അതിനുകാരണമെന്നറിയാത്തവര്‍ വിരളം. പ്രണയം പറയാനും പങ്കുവെക്കാനും വാലന്റൈന്‍സ് ദിനത്തിനായി കാത്തിരിക്കുന്നവരേറെയാണ്. യുവസൈനികര്‍ക്ക് വിവാഹത്തിന് അനുമതി നിഷേധിച്ച ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ തീരുമാനത്തെ ധിക്കരിച്ച് പ്രണയിതാക്കളെ ഒന്നാകാന്‍ സഹായിച്ച സെന്റ് വാലന്റൈന്റെ സ്മരണയാണ് പ്രണയിതാക്കളുടെ ദിനമായി വാഴ്ത്തപ്പെടുന്നത്. ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ എങ്കിലും പ്രണയികള്‍ക്കായി ഫെബ്രുവരി ഏഴിനാരംഭിക്കുന്ന ഒരാഴ്ച നീളുന്ന പ്രണയാനുബന്ധദിവസങ്ങളാണുള്ളത്. പ്രണയദിനമല്ല, പ്രണയവാരമാണ് പ്രണയികളേ നിങ്ങള്‍ക്കുമുന്നില്‍...!
ഫെബ്രുവരി 7- റോസ് ഡേ
'പനിനീര്‍പ്പൂ'ദിനമെന്ന് നമുക്കീ ദിനത്തെ വിളിക്കാം. ഈ ദിവസത്തോടെയാണ് വാലന്റൈന്‍ വീക്ക് ആരംഭിക്കുന്നത്. പല നിറത്തിലുള്ള പനിനീര്‍പ്പൂക്കള്‍ സമ്മാനമായി നല്‍കി നമുക്ക് ഇഷ്ടം പ്രകടമാക്കാം. വ്യത്യസ്തനിറങ്ങള്‍ വ്യത്യസ്തവികാരങ്ങളെ സൂചിപ്പിക്കുന്നു. മഞ്ഞ നിറത്തിലുള്ളവ സൗഹൃദത്തേയും പിങ്ക് നിറത്തിലുള്ളത് ആരാധനയേയും ചുവന്ന നിറത്തിലുള്ള പൂക്കള്‍ പ്രണയത്തേയും അഭിനിവേശത്തേയും സൂചിപ്പിക്കുന്നു. ഈ ദിനത്തില്‍ ചുവന്ന റോസാപ്പൂക്കള്‍ സമ്മാനിച്ച് നീയെനിക്ക് ഏറെ പ്രിയപ്പെട്ടവന്‍ / പ്രിയപ്പെട്ടവള്‍ എന്ന് പറഞ്ഞുറപ്പിക്കുകയാണ് ഓരോ പ്രണയിയും. എന്നാല്‍ ഓര്‍മ്മിക്കേണ്ട കാര്യമിതാണ്, വെള്ള നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള പനിനീര്‍പ്പൂവ് ഒരിക്കലും ഈ ദിവസത്തില്‍ സമ്മാനിക്കരുത്. കാരണം വാലന്റൈന്‍സ് ദിനവുമായി ഒരിക്കലും യോജിക്കാത്തവയാണിവ.

ഫെബ്രുവരി 8- പ്രൊപ്പോസ് ഡേ
ഏറ്റവും പ്രിയപ്പെട്ട വ്യക്തിയോട് എക്കാലവും എനിക്കൊപ്പമുണ്ടാകാമോ എന്നഭ്യര്‍ഥിക്കുന്ന ദിവസമാണിത്. ഒകെ എന്നുള്ള മറുപടി കിട്ടിയാല്‍പ്പിന്നെ ആ ബന്ധത്തിന് അടുത്തഘട്ടത്തിലേക്ക് കടക്കാം. വാലന്റൈന്‍സ് വാരത്തില്‍ ഏറ്റവും ആകാംക്ഷയോടെ പ്രണയികള്‍ കാത്തിരിക്കുന്ന ദിനം കൂടിയാണിത്.
ഫെബ്രുവരി 9- ചോക്കലേറ്റ് ഡേ
ചോക്കലേറ്റ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. സ്‌നേഹത്തിന്റേയും കരുതലിന്റേയും പ്രതീകമായാണ് പങ്കാളികള്‍ ചോക്കലേറ്റ് സമ്മാനിക്കുന്നത്. തങ്ങളുടെ പ്രണയബന്ധത്തിന് കൂടുതല്‍ ഊഷ്മളത പകരാനും ബന്ധം കൂടുതല്‍ ദൃഢമാക്കാനും ചോക്കലേറ്റ് സമ്മാനിക്കുന്നത് പ്രണയികള്‍ കാലങ്ങളായി തുടര്‍ന്നുവരുന്നു.

ഫെബ്രുവരി 10- ടെഡി ഡേ
ഈ ദിവസം ടെഡി ബെയര്‍ എന്ന കരടിപ്പാവക്കുട്ടിക്കുട്ടികളെ സമ്മാനിക്കുന്ന പ്രണയികളുണ്ട്. സ്‌നേഹത്തിന്റേയും ബന്ധത്തിന്റെ ഊഷ്മളതയേയും സ്വാസ്ഥ്യത്തേയും സൂചിപ്പിക്കുന്നതിനാണ് ടെഡി ബെയര്‍ സമ്മാനിക്കുന്നതിലൂടെ അര്‍ഥമാക്കുന്നത്. പ്രണയം കൈമാറുന്നതിന്റെ വളരെ ക്യൂട്ടായ മാര്‍ഗമാണിത്.
ഫെബ്രുവരി 11- പ്രോമിസ് ഡേ
പങ്കാളികള്‍ പരസ്പരം അര്‍ഥവത്തായ ഉടമ്പടികള്‍ പങ്കുവെക്കുന്ന ദിവസമാണിത്. പ്രണയം, വിശ്വാസം, പ്രതിബദ്ധത, സമര്‍പ്പണം തുടങ്ങിയവയൊക്കെ ദൃഢമാക്കാന്‍ ഈ ദിവസം പ്രണയികളേ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

ഫെബ്രുവരി 12- ഹഗ് ഡേ
മറ്റുള്ളവരോടുള്ള സ്‌നേഹവും കരുതലും വാക്കാലല്ലാതെ പ്രകടമാക്കാനുള്ള മനോഹരമായ പ്രവൃത്തിയാണ് ആലിംഗനം. ഒരാലിംഗനത്തിലൂടെ ഒരാളോടുള്ള സ്‌നേഹവും അടുപ്പവും ഏറ്റവും വ്യക്തമായി പ്രകടിപ്പിക്കാം.

ഫെബ്രുവരി 13- കിസ്സ് ഡേ
ചുംബനദിനമാണ് അടുത്തത്. പ്രണയത്തെ ഏറ്റവും സ്പഷ്ടമായി പ്രകടമാക്കാം ചുംബനത്തിലൂടെ. പരസ്പരമുള്ള സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടയാളം കൂടിയാണ് ചുംബനം. പരസ്പരബന്ധം ഊട്ടിയുറപ്പിക്കാനും ചംബനത്തിലൂടെ സാധ്യമാകും. ഇതിനുപിന്നാലെയാണ് പ്രണയദിനമെത്തുന്നത്.

ഫെബ്രുവരി 14- വാലന്റൈന്‍സ് ഡേ
പ്രണയവാരത്തിന്റെ ഒടുവിലത്തെ ദിവസമാണ് വാലന്റൈന്‍സ് ദിനം. സമ്മാനങ്ങളിലൂടേയും സന്ദേശങ്ങളിലൂടേയും തങ്ങളുടെ പ്രണയമോ സ്‌നേഹമോ പ്രകടമാക്കാന്‍ പങ്കാളികളും സുഹൃത്തുക്കളുമെല്ലാം ഈ ദിനത്തെ കൂട്ടുപിടിക്കാറുണ്ട്. ഒരു വര്‍ഷത്തിലെ ഏറ്റവും വര്‍ണാഭമായ ആഘോഷങ്ങളിലൊന്നുകൂടിയാണ് പ്രണയദിനം.
Content Highlights: Valentine's Week Rose Day Kiss Day Proposal Day
Published: 08 Feb 2025, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented