ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് ആദ്യചിത്രത്തിലൂടെ ശ്രദ്ധേയയായ മാറിയ നടിയാണ് തനുശ്രീ ദത്ത. 2005-ൽ പുറത്തിറങ്ങിയ 'ആഷിക് ബനായ ആപ്നേ' എന്ന റൊമാന്റിക് ത്രില്ലർ ചിത്രം തനുശ്രീയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റി. എന്നാൽ കരിയറിൽ തിളങ്ങിനിൽക്കുമ്പോൾതന്നെ വിവാദങ്ങളും അവരെ വേട്ടയാടി. തന്റെ നിലപാടിലുറച്ചുകൊണ്ട് അവർ ശക്തമായി അതിനെതിരേ പോരാടി. ലൈംഗികാതിക്രമങ്ങൾക്കെതിരെ ലോകമെമ്പാടും സ്ത്രീകൾ ശബ്ദമുയർത്തിയ മീടൂ പ്രസ്ഥാനം ഇന്ത്യയിൽ, പ്രത്യേകിച്ച് ബോളിവുഡിൽ, വലിയ ചർച്ചയായി മാറിയതിന് പിന്നിൽ നടി തനുശ്രീ ദത്തയുടെ നിർണായകമായൊരു വെളിപ്പെടുത്തലുണ്ട്. സിനിമാ ചിത്രീകരണത്തിനിടെ പ്രമുഖ നടനിൽനിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വർഷങ്ങൾക്കുശേഷം തുറന്നുപറഞ്ഞ തനുശ്രീ, ഇന്ത്യൻ സിനിമാലോകത്തെ നിശ്ശബ്ദതയെ ചോദ്യം ചെയ്തു. 2008-ൽ നാനാ പടേക്കർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ 2018-ൽ വീണ്ടും പൊതുസമൂഹത്തിന് മുന്നിലെത്തിച്ചതോടെ ബോളിവുഡിലെ മീടൂ പ്രസ്ഥാനത്തിന് അവർ ശക്തി പകർന്നു.

To advertise here,

അന്ന് തനുശ്രീ ഉന്നയിച്ച ആരോപണങ്ങൾ ഒരു നടിയും സഹപ്രവർത്തകനും തമ്മിലുള്ള വിവാദത്തിൽ മാത്രം ഒതുങ്ങിയില്ല. സിനിമയിലെ അധികാരബന്ധങ്ങൾ, തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ, ലൈംഗികാതിക്രമ പരാതികൾ ഉന്നയിക്കുന്നവർ നേരിടുന്ന അവഗണന, അതിജീവിതരെ വിശ്വസിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ ദേശീയതലത്തിൽ ചർച്ചയായി. പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും ഉൾപ്പെടെയുള്ള പ്രമുഖർ തനുശ്രീയെ പിന്തുണച്ചപ്പോൾ ചില സൂപ്പർതാരങ്ങൾ പ്രതികരിക്കാൻ മടിച്ചു. ആ സംഭവങ്ങളാണ് പിന്നീട് ഇന്ത്യയിലെ മീടൂ മുന്നേറ്റത്തിന്റെ പ്രധാന വഴിത്തിരിവുകളിലൊന്നായി വിലയിരുത്തപ്പെട്ടത്.

നാനാ പടേക്കറുടെ മരണത്തിന് പിന്നാലെതനുശ്രീ ദത്ത നടത്തിയ പരാമർശങ്ങൾ വീണ്ടും ചർച്ചയായി. 2008-ൽ സിനിമാചിത്രീകരണത്തിനിടെ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച തനുശ്രീ, പിന്നീട് ഇന്ത്യയിലെ മീടൂ പ്രസ്ഥാനത്തിന്റെ പ്രധാന മുഖങ്ങളിലൊന്നായി മാറി. ഒക്ടോബർ എട്ടിന് നാനാ പടേക്കർ അന്തരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെയും അദ്ദേഹത്തിനെതിരായ നിലപാടിൽ മാറ്റമില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ നാനാ പടേക്കറെ 'ഈവിൾ ഡെഡ്' എന്ന് വിശേഷിപ്പിച്ചതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നെങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തനുശ്രീ. ഏകദേശം രണ്ട് പതിറ്റാണ്ടായി ഇരുവരും തമ്മിൽ നിലനിന്നിരുന്ന വിവാദങ്ങളും തനുശ്രീയുടെ മീടൂ ആരോപണങ്ങളും ഇതോടെ വീണ്ടും ചർച്ചയായി.

2008-ൽ തുടങ്ങിയ പോരാട്ടം; അന്ന് തനുശ്രീയ്ക്ക് സംഭവിച്ചത്

2008-ൽ ഹോൺ ഓകെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിവാദത്തിന് തുടക്കമായ സംഭവം നടന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കർ തന്നോട് ലൈംഗികമായി മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീയുടെ ആരോപണം. ഗാനരംഗത്തിൽ അനാവശ്യമായി ഇടപെടാൻ ശ്രമിച്ചെന്നും തന്റെ സമ്മതമില്ലാതെ സ്പർശിച്ചെന്നും നടി ആരോപിച്ചു.സംഭവം നടന്നപ്പോൾത്തന്നെ തനുശ്രീ പ്രതിഷേധിച്ചിരുന്നു. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകരിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് നടി പിന്നീട് വെളിപ്പെടുത്തിയത്. പരാതിയുമായി മുന്നോട്ടുപോയ തനിക്ക് ഭീഷണികളും സമ്മർദങ്ങളും നേരിടേണ്ടിവന്നതായും അവർ ആരോപിച്ചു. സംവിധായകൻ വിവേക് അഗ്‌നിഹോത്രിക്കെതിരെയും സമാനമായ ആരോപണം തനുശ്രീ ഉന്നയിച്ചിരുന്നു. 2005-ൽ പുറത്തിറങ്ങിയ 'ചോക്ലേറ്റ്: ഡീപ് ഡാർക്ക് സീക്രട്ട്‌സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സംവിധായകൻ വിവേക് അഗ്‌നിഹോത്രി തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചതായി തനുശ്രീ ആരോപിച്ചിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിനായി വസ്ത്രങ്ങൾ ഊരിമാറ്റി നൃത്തം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും, എന്നാൽ അന്ന് ഒപ്പമുണ്ടായിരുന്ന സഹനടന്മാരായ ഇർഫാൻ ഖാനും സുനിൽ ഷെട്ടിയും തനിക്ക് പിന്തുണ നൽകിയെന്നും അവർ വെളിപ്പെടുത്തിയിരുന്നു. തനിക്ക് എതിരേയുണ്ടായ ആരോപണങ്ങളെല്ലാം നാനാ പടേക്കർ നിഷേധിച്ചിരുന്നു. അന്നത്തെ സാഹചര്യത്തിൽ സിനിമാ മേഖലയിൽനിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതിരുന്നതും തുടർന്നുണ്ടായ അനുഭവങ്ങളും തനുശ്രീയെ സിനിമയിൽനിന്ന് അകറ്റിയതായി നടി പിന്നീട് അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിരുന്നു.

പത്തുവർഷത്തിനുശേഷം വീണ്ടും തുറന്നുപറഞ്ഞപ്പോൾ

2017-ൽ ഹോളിവുഡിൽ ശക്തിപ്രാപിച്ച മീടൂ പ്രസ്ഥാനം ലോകമെമ്പാടും ചർച്ചയാകുന്നതിനിടെയാണ് 2018 സെപ്റ്റംബറിൽ തനുശ്രീ പഴയ ആരോപണങ്ങൾ വീണ്ടും ഉന്നയിച്ചത്.ഇത്തവണ പ്രതികരണം വ്യത്യസ്തമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തനുശ്രീയുടെ വെളിപ്പെടുത്തലുകൾ വ്യാപകമായി പ്രചരിച്ചു. സിനിമാ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ നേരിട്ടിട്ടും തുറന്നുപറയാൻ കഴിയാതിരുന്ന നിരവധി സ്ത്രീകൾക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാനുള്ള ധൈര്യം ലഭിച്ചു.2008-ലും താൻ ഇതേ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ അന്ന് തന്റെ ശബ്ദം കേൾക്കാൻ ആരും തയ്യാറായില്ലെന്നും തനുശ്രീ പിന്നീട് വ്യക്തമാക്കിയിരുന്നു. 2018-ൽ സമൂഹമാധ്യമങ്ങൾ നൽകിയ പിന്തുണയും പൊതുസമൂഹത്തിന്റെ മാറിയ സമീപനവുമാണ് വ്യത്യാസമുണ്ടാക്കിയതെന്നായിരുന്നു നടിയുടെ വിലയിരുത്തൽ.തനുശ്രീയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബോളിവുഡിൽ മാത്രമല്ല, മാധ്യമരംഗത്തും വിനോദമേഖലയിലും മറ്റ് തൊഴിലിടങ്ങളിലും ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നു. പ്രമുഖരായ പലർക്കുമെതിരെ സ്ത്രീകൾ തുറന്നുപറയാൻ തുടങ്ങി.

മീടു പറഞ്ഞ് കങ്കണയും

നടിയും സംവിധായികയുമായ കങ്കണ റണാവത്ത് സംവിധായകൻ വികാസ് ബഹലിനെതിരെ ആരോപണം ഉന്നയിച്ചു. മാധ്യമപ്രവർത്തക പ്രിയ രമണി മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു. കോമഡി, ടെലിവിഷൻ, മാധ്യമ മേഖലകളിലേക്കും മീടൂ മുന്നേറ്റം വ്യാപിച്ചു. ചില സ്ഥാപനങ്ങൾ ആഭ്യന്തര അന്വേഷണങ്ങൾ പ്രഖ്യാപിക്കുകയും ആരോപണവിധേയരായ ചിലർ സ്ഥാനങ്ങൾ ഒഴിയുകയും ചെയ്തു.തനുശ്രീയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായതോടെ ഫർഹാൻ അക്തർ, പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര, സോനം കപൂർ, കൊങ്കണ സെൻശർമ, റിച്ച ഛദ്ദ, ട്വിങ്കിൾ ഖന്ന തുടങ്ങിയവർ പിന്തുണയുമായി രംഗത്തെത്തി.

സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾക്ക് സാക്ഷിയായിരുന്ന മാധ്യമപ്രവർത്തക ജാനിസ് സെക്വീരയുടെ വെളിപ്പെടുത്തൽ ഫർഹാൻ അക്തർ പങ്കുവെച്ചു. പത്തുവർഷത്തിനുശേഷം ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തനുശ്രീയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.അതിജീവിതരുടെ വാക്കുകൾ വിശ്വസിക്കണമെന്ന സന്ദേശവുമായി പ്രിയങ്ക ചോപ്രയും രംഗത്തെത്തി. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ സ്ത്രീകൾക്ക് ഭയമില്ലാതെ സംസാരിക്കാൻ കഴിയണമെന്നായിരുന്നു മറ്റ് താരങ്ങളുടെ പ്രതികരണം.അതേസമയം, അമിതാഭ് ബച്ചൻ ആരോപണങ്ങളെക്കുറിച്ച് നേരിട്ട് പ്രതികരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറി. വിശദാംശങ്ങൾ അറിയാതെ അഭിപ്രായം പറയാനാകില്ലെന്ന് ആമിർ ഖാനും സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് സൽമാൻ ഖാനും വ്യക്തമാക്കി.

മീടൂ പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ചത് തനുശ്രീയിലൂടെയാണോ?

ഇന്ത്യയിലെ മീടൂ പ്രസ്ഥാനത്തിന്റെ തുടക്കം തനുശ്രീ ദത്തയിലൂടെയാണെന്ന് പറയുന്നത് പൂർണമായും ശരിയല്ല. ലൈംഗികാതിക്രമങ്ങൾക്കെതിരായ മുന്നേറ്റങ്ങൾ ഇന്ത്യയിൽ അതിനുമുമ്പുതന്നെ സജീവമായിരുന്നു.2006-ൽ അമേരിക്കൻ സാമൂഹികപ്രവർത്തക തരാന ബർക്ക് ആരംഭിച്ച മീടൂ മുന്നേറ്റം 2017-ൽ ആഗോളതലത്തിൽ ശക്തിപ്രാപിച്ചു. അതേ വർഷം ഇന്ത്യയിൽ നിയമവിദ്യാർഥിനിയായ രായ സർക്കർ അക്കാദമിക് മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിട്ടവരുടെ പേരുകൾ ഉൾപ്പെടുത്തിയ പട്ടിക പുറത്തുവിട്ടിരുന്നു. ഇതും രാജ്യത്തെ മീടൂ ചർച്ചകളിൽ പ്രധാന സംഭവമായിരുന്നു. എന്നാൽ 2018-ൽ തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലുകളാണ് ഇന്ത്യയിൽ, പ്രത്യേകിച്ച് ബോളിവുഡിൽ, മീടൂ പ്രസ്ഥാനത്തിന് വലിയ ജനശ്രദ്ധയും ശക്തിയും നൽകിയത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മീടൂ മുന്നേറ്റത്തിന്റെ പ്രധാന മുഖങ്ങളിലൊന്നായാണ് തനുശ്രീയെ വിലയിരുത്തുന്നത്.

പരാതിയും പൊലീസ് അന്വേഷണവും

തനുശ്രീയുടെ ആരോപണങ്ങൾക്ക് പിന്നാലെ സിനിമാ മേഖലയിലെ വിവിധ സംഘടനകളും വിഷയത്തിൽ ഇടപെട്ടു. സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. മഹാരാഷ്ട്ര നവനിർമാൺ സേനയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു.തനുശ്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് നാനാ പടേക്കർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2019-ൽ പൊലീസ് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു.അന്വേഷണത്തിന്റെ ഈ ഘട്ടത്തിലും നാനാ പടേക്കർ ആരോപണങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ തനുശ്രീ ഉറച്ചുനിന്നു.

മരണവാർത്തയോടുള്ള തനുശ്രീയുടെ പ്രതികരണം

നാനാ പടേക്കറുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തനുശ്രീ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. ലഖ്‌നൗവിലെ ഒരു പ്രധാന പരിപാടിയിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെയാണ് മരണവാർത്ത അറിഞ്ഞതെന്ന് നടി പറഞ്ഞു. അന്ന് തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ നാനാ പടേക്കറുടെ മരണവാർത്ത പരിപാടിയുമായി ബന്ധപ്പെട്ട മാധ്യമശ്രദ്ധയെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും തനുശ്രീ വ്യക്തമാക്കി.ലൈവ് വീഡിയോകൾ ചെയ്യാനുമൊക്കെ തീരുമാനിച്ചിരുന്നു. എന്നാൽ വൈകുന്നേരമാകുമ്പോൾ മാധ്യമങ്ങൾക്കെല്ലാം ഈവിൾ ഡെഡിനെക്കുറിച്ച് അറിയാനായിരിക്കും താൽപര്യം. അതുകൊണ്ട് എന്ത് പ്രതികരണമാണ് നൽകേണ്ടതെന്ന് തീരുമാനിച്ചശേഷം ഞാൻ പ്രതികരിക്കാം. തീർച്ചയായും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു,' എന്നും തനുശ്രീ പറഞ്ഞു.നാനാ പടേക്കറുടെ മരണത്തിന് പിന്നാലെയുള്ള തനുശ്രീയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായി. ഒരാളുടെ മരണശേഷം ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അനുചിതമാണെന്നായിരുന്നു വിമർശകരുടെ നിലപാട്.എന്നാൽ വിമർശനങ്ങൾക്ക് പിന്നാലെയും തന്റെ നിലപാട് തിരുത്താൻ തനുശ്രീ തയ്യാറായില്ല.തന്നെ സംബന്ധിച്ചിടത്തോളം അയാൾ ഇവിൾ ഡെഡ് തന്നെയാണ്' എന്നായിരുന്നു തനുശ്രീ വ്യക്തമാക്കിയത്.

 

ആത്മീയതലേക്ക് നടന്ന നടി

തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ കരിയറിലും ജീവിതത്തിലും അവർ ബുദ്ധിമുട്ടി. മീ ടൂ ആരോപണത്തിലും പ്രതിസ്ഥാനത്ത് നിന്നവർക്ക് ശിക്ഷ ലഭിച്ചില്ല. ഇൗ പ്രശ്‌നങ്ങളിൽ നിന്നും അവർ അഭയം തേടിയത് ആത്മീയതയിലായിരുന്നു.സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം ആദ്യത്തെ ഒന്നര വർഷം തനുശ്രീ ഒരു ആശ്രമത്തിൽ താമസിക്കുകയും പിന്നീട് ഹിമാലയത്തിലും ലഡാക്കിലും പോയി അവിടെ ബുദ്ധമത ധ്യാനം പഠിക്കുകയും ചെയ്തു.കോയമ്പത്തൂരിൽ ശിവസാധനയും അഭ്യസിച്ചു. വിവിധ മതങ്ങളിലെ ആശയങ്ങൾ മനസ്സിലാക്കുന്നതിലൂടെ ജീവിതത്തെക്കുറിച്ച് കൂടുതൽ വിശാലമായ കാഴ്ചപ്പാട് നേടാനാണ് ശ്രമിച്ചതെന്ന് തനുശ്രീ പറഞ്ഞിട്ടുണ്ട്.