മൂന്ന് പതിറ്റാണ്ടോളമായി ഹിന്ദി സിനിമാരംഗത്ത് സജീവമായ വ്യക്തിയാണ് നടനും കാസ്റ്റിങ് കോഓർഡിനേറ്ററുമായ പലാഷ് ദത്ത. അടുത്തയിടെ ഒരു അഭിമുഖത്തിലാണ് ബോളിവുഡിലെ കാസ്റ്റിങ് രീതികൾ, സ്വജനപക്ഷപാതം, സ്വകാര്യ പാർട്ടികൾ, വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്. ബോളിവുഡിലെ കാസ്റ്റിങ് സംവിധാനത്തിൽ മാഫിയ സംസ്‌കാരം നിലനിൽക്കുന്നുണ്ടെന്നും കഴിവുള്ള നിരവധി അഭിനേതാക്കൾ അവസരങ്ങളില്ലാതെ പുറത്തുനിൽക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സിനിമകളിലും വെബ് സീരീസുകളിലും ഒരേ അഭിനേതാക്കളെ ആവർത്തിച്ച് തിരഞ്ഞെടുക്കുന്നതിന് പിന്നിൽ വ്യക്തിബന്ധങ്ങളും സ്വാധീനവുമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. മൊഹബ്ബത്തേൻ, ധൂം, ഗ്രാൻഡ് മസ്തി തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്തും സാന്നിധ്യമറിയിച്ച പലാഷ്, ഹുമ ഖുറേഷി, അദിതി റാവു ഹൈദരി, അലി ഫസൽ, രാജ്കുമാർ റാവു തുടങ്ങിയ താരങ്ങൾ കരിയറിന്റെ തുടക്കത്തിൽ ഓഡിഷനുകൾക്ക് എത്തിയിരുന്ന കാലത്തെ അനുഭവങ്ങളും പങ്കുവച്ചു.

To advertise here,

കാസ്റ്റിങ് മാഫിയയും വ്യക്തിബന്ധങ്ങളും

ബോളിവുഡിലെ കാസ്റ്റിങ് സംവിധാനത്തിൽ കഴിഞ്ഞ പത്തുപതിനഞ്ച് വർഷത്തിനിടെ വലിയ മാറ്റങ്ങളുണ്ടായെന്നാണ് പലാഷിന്റെ അഭിപ്രായം. ഒരുകാലത്ത് കഴിവും മുൻപരിചയവുമായിരുന്നു അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ പ്രധാന മാനദണ്ഡങ്ങൾ. എന്നാൽ ഇന്ന് വ്യക്തിബന്ധങ്ങൾക്കും ചില പ്രത്യേക സംഘങ്ങൾക്കും അമിതപ്രാധാന്യം ലഭിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സിനിമയിലോ വെബ് സീരീസിലോ അവസരം ലഭിച്ചാൽ അതിലൂടെ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന കാലമുണ്ടായിരുന്നു. ഇന്ന് മികച്ച പരിശീലനവും അഭിനയപരിചയവുമുള്ളവർക്ക് പോലും ഓഡിഷനുള്ള അവസരം ലഭിക്കുന്നില്ലെന്ന് പലാഷ് പറഞ്ഞു. മുംബൈയിലെ ചാർ ബംഗ്ലാ പ്രദേശത്ത് പത്തുപന്ത്രണ്ട് വർഷത്തോളം കാസ്റ്റിങ് സ്റ്റുഡിയോ നടത്തിയിരുന്നുവെന്ന് പലാഷ് പറഞ്ഞു. ഇന്റർനെറ്റും ഇമെയിലും വ്യാപകമാകുന്നതിന് മുമ്പുള്ള കാലത്ത് അഭിനേതാക്കൾ നേരിട്ട് സ്റ്റുഡിയോയിലെത്തി ഫോട്ടോകളും കോംപ് കാർഡുകളും സമർപ്പിക്കുമായിരുന്നു. ചിലർ കൊറിയർ വഴിയും ചിത്രങ്ങൾ അയച്ചിരുന്നു.ഹുമ ഖുറേഷി, അദിതി റാവു ഹൈദരി, അലി ഫസൽ, രാജ്കുമാർ റാവു തുടങ്ങിയവർ അന്ന് ഓഡിഷനുകൾക്കായി കാത്തുനിന്നിരുന്നവരാണെന്ന് പലാഷ് പറഞ്ഞു. 1998-ൽ കാസ്റ്റിങ് രംഗത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ മോഡൽ കോഓർഡിനേറ്റർ എന്ന രീതിയിലായിരുന്നു ജോലി. ഒരു കഥാപാത്രത്തിന് അനുയോജ്യരായ പത്തോളം അഭിനേതാക്കളെ കൃത്യമായി നിർദേശിക്കാനാണ് ശ്രമിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബോളിവുഡിലെ സ്വകാര്യ പാർട്ടികൾ

ബോളിവുഡിലെ ചില സൂപ്പർതാരങ്ങളുടെ ഭാര്യമാർ വിദേശയാത്രകളിൽ തങ്ങളുടെ ടോയ് ബോയ്‌സിനേയും ഒപ്പം കൂട്ടാറുണ്ടെന്നാണ് പലാഷ് ദത്തയുടെ ആരോപണം. ചിലർ വിദേശത്തുവച്ചുതന്നെ ഇത്തരം ബന്ധങ്ങൾ സ്ഥാപിക്കാറുണ്ടെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സിനിമാലോകത്തെ ചില പ്രമുഖർ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽനിന്ന് വ്യത്യസ്തമായ സ്വകാര്യജീവിതമാണ് നയിക്കുന്നത്. അവർ പരസ്പരധാരണയോടെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. നടന്മാർ അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ അവരുടെ പങ്കാളികളും തങ്ങളുടെ വ്യത്യസ്തമായ ജീവിതം നയിക്കുകയാണെന്നുമാണ് പലാഷിന്റെ ആരോപണം. ഇതൊക്കെ പുതിയ കാര്യമല്ലെന്നും കാലങ്ങളായി ഇതൊക്കെ ഇങ്ങനെ തന്നെയാണെന്നും അദ്ദേഹം പറയുന്നു.

ബോളിവുഡിലെ ചില താരദമ്പതികൾ ഉൾപ്പെടുന്ന സ്വകാര്യ പാർട്ടികളെക്കുറിച്ചും പലാഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. പ്രമുഖ അഭിനേതാക്കളും സംവിധായകരും നിർമാതാക്കളും വ്യവസായികളും പങ്കെടുക്കുന്ന രഹസ്യ ആഘോഷങ്ങളിൽ മയക്കുമരുന്ന് ഉപയോഗവും ലൈംഗിക കൂട്ടായ്മകളും നടക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോൾ സിനിമകളിൽ അക്രമവും ലൈംഗികതയുടെ ചിത്രീകരണവും അമിതമായി വർധിച്ചുവെന്നാണ് പലാഷിന്റെ അഭിപ്രായം. ഹൃഷികേശ് മുഖർജി, ബാസു ചാറ്റർജി തുടങ്ങിയ സംവിധായകരുടെ കാലത്ത് കുടുംബബന്ധങ്ങളും മനുഷ്യരുടെ നിത്യജീവിതവും പ്രമേയമാക്കിയ നിരവധി സിനിമകൾ പുറത്തിറങ്ങിയിരുന്നു.ഗോൾമാൽ, ചുപ്‌കെ ചുപ്‌കെ തുടങ്ങിയ ചിത്രങ്ങളെ അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.ഇന്ന് അനിമൽ, ധുരന്ധർ, മിർസാപുർ തുടങ്ങിയ സിനിമകളിലെയും സീരീസുകളിലെയും അക്രമത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുവെന്ന് പലാഷ് അഭിപ്രായപ്പെട്ടു.കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും പലാഷ് വെളിപ്പെടുത്തി.കരൺ ജോഹർ, ഏക്താ കപൂർ തുടങ്ങിയവരോട് ജോലി ആവശ്യപ്പെട്ട് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് പങ്കുവച്ചിരുന്നു. അവസരം ലഭിക്കുന്നില്ലെങ്കിൽ വീട്ടുജോലിക്കാരനായോ പാചകക്കാരനായോ കുട്ടികളെ പരിചരിക്കുന്ന ജോലിയിലോ പ്രവർത്തിക്കാൻ തയ്യാറാണെന്നും അന്ന് അറിയിച്ചിരുന്നതായി പലാഷ് പറഞ്ഞു.അധ്വാനിച്ച് ചെയ്ത ചില ജോലികളുടെ പ്രതിഫലം പോലും ലഭിക്കാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആത്മഹത്യാ ചിന്തകളുമായുള്ള പോരാട്ടം

സ്വന്തം മാനസികാരോഗ്യത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. കഴിഞ്ഞ എട്ടൊൻപത് വർഷമായി ആത്മഹത്യാ ചിന്തകൾ തന്നെ അലട്ടുന്നുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതും സാമ്പത്തിക പ്രതിസന്ധികളും തുടർച്ചയായ അവഗണനയും മാനസികാരോഗ്യത്തെ ബാധിച്ചതായി പലാഷ് പറഞ്ഞു.ആത്മഹത്യാ ചിന്തകളുണ്ടാകുമ്പോൾ അടുത്ത സുഹൃത്തുക്കളെ വിവരമറിയിക്കണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ടെന്നും പലാഷ് പറഞ്ഞു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലെന്നും താൻ വിവാഹിതനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കയ്പ് നിറഞ്ഞ കുട്ടിക്കാലം

നാവികസേനയിൽ ജോലി ചെയ്തിരുന്ന പിതാവ് വളരെ കർക്കശക്കാരനായിരുന്നുവെന്ന് പലാഷ് പറഞ്ഞു.കുട്ടിക്കാലത്ത് പിതാവിൽനിന്ന് ശാരീരികശിക്ഷകൾ നേരിട്ടിരുന്നു. ബെൽറ്റ് ഉപയോഗിച്ചുള്ള അടിയടക്കം മാനസികമായി ഏറെ വേദനിപ്പിച്ച അനുഭവങ്ങളായിരുന്നു. മോഡലിങ് രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചപ്പോഴും പിതാവ് എതിർത്തു. സ്ഥിരതയുള്ള ജോലി ഉപേക്ഷിച്ച് അനിശ്ചിതത്വമുള്ള സിനിമാരംഗത്തേക്ക് പോകുന്നത് അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇരുപത്തിനാലാം വയസ്സിൽ വീട്ടിൽനിന്ന് പുറത്തുപോകാൻ പോലും പിതാവ് ആവശ്യപ്പെട്ടിരുന്നുവെന്ന് പലാഷ് ഓർത്തെടുത്തു.എന്നാൽ പിന്നീട് പിതാവിന്റെ നിലപാടുകൾ മനസ്സിലാക്കാനും അദ്ദേഹത്തോട് ക്ഷമിക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.തന്റെ ലൈംഗികാഭിമുഖ്യത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും പലാഷ് വെളിപ്പെടുത്തി.ഏകദേശം അഞ്ചുവർഷം മുമ്പാണ് സ്വവർഗാനുരാഗിയാണെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.ഈ തീരുമാനം വലിയ പിന്തുണയാണ് നേടിക്കൊടുത്തതെന്നും  പലാഷ് ഓർമിച്ചു.