പാരിസ്: ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾക്ക് നേരെ വൻ സൈബർ ആക്രമണം. സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും താപനില നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിന്റെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കുകയും അവയിലെ താപനില വർദ്ധിപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ദശലക്ഷക്കണക്കിന് യൂറോ മൂല്യമുള്ള പുതിയതും ശീതീകരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ നശിച്ചു.
ഫ്രാൻസിലെ ആകെ 15,000 സൂപ്പർമാർക്കറ്റുകളിൽ ഏകദേശം 400 ഓളം സ്റ്റോറുകളെയാണ് ഈ ആക്രമണം ബാധിച്ചതെന്നാണ് കണക്കാക്കുന്നത്. കൂപ്പറേററ്റീവ് യു (Coopérative U), ഇന്റർമാർഷെ (Intermarché), നെറ്റോ (Netto), കാരഫോർ (Carrefour), മോണോപ്രിക്‌സ് (Monoprix), ഇ.ലെക്ലർക്ക് (E.Leclerc) തുടങ്ങിയ പ്രമുഖ റീട്ടെയിൽ ശൃംഖലകളിലെ സ്റ്റോറുകളെയാണ് ആക്രമണം ബാധിച്ചത്.
കൂപ്പറേററ്റീവ് യു ശൃംഖലയിലെ നൂറിലധികം സ്റ്റോറുകളെയും ഇന്റർമാർഷെ, നെറ്റോ ബ്രാൻഡുകളുടെ 180 സ്റ്റോറുകളെയും സൈബറാക്രമണം ബാധിച്ചു. മുൻകരുതലിന്റെ ഭാഗമായി മറ്റൊരു 100 സ്‌റ്റോകളിൽ ഇന്റർനെറ്റ് ബന്ധം അടിയന്തരമായി വിച്ഛേദിച്ചു. കാരഫോറിന്റെ 80 സ്റ്റോറുകളിലെയും മോണോപ്രിക്‌സിന്റെ 5% സ്റ്റോറുകളിലെയും ഫ്രിഡ്ജുകളെ ഹാക്കിംഗ് ബാധിച്ചു.
ഡാനിഷ് എൻജിനീയറിംഗ് കമ്പനിയായ ഡാൻഫോസ് (Danfoss) നൽകിയ സോഫ്റ്റ്വെയറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ശീതീകരണ സംവിധാനങ്ങൾ ദൂരസ്ഥലങ്ങളിൽ നിന്ന് നിയന്ത്രിക്കുന്ന ഈ സോഫ്റ്റ്വെയർ സംവിധാനത്തിൽ നുഴഞ്ഞുകയറി രാത്രിയിൽ താപനില ഉയർത്തി നിർത്താൻ ഹാക്കർമാർ സിസ്റ്റത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ചില ഫ്രിഡ്ജുകളിലെ താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ആറ് മണിക്കൂറോളം ഈ താപനിലയിൽ തുടരുകയും ചെയ്തു. സുരക്ഷാ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്ത പഴയ മോഡൽ കോൾഡ് യൂണിറ്റുകളെയാണ് ആക്രമണം ബാധിച്ചതെന്ന് ഡാൻഫോസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ എത്തിയ ജീവനക്കാർ ഫ്രീസറുകളിൽ നിന്ന് ചൂടുവായു പുറത്തുവരുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചിലയിടങ്ങളിൽ ചെറിയ രീതിയിൽ തീപ്പിടിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽസാസ് (Alsace) മേഖലയിലെ രണ്ട് സൂപ്പർമാർക്കറ്റുകളിൽ മാത്രം 2,70,000 യൂറോയുടെ ( ഏകദേശം 28 കോടിയോളം രൂപ) നഷ്ടം രേഖപ്പെടുത്തി. കേടായ ഭക്ഷ്യവസ്തുക്കൾ മുഴുവൻ മാറ്റിയതായി കമ്പനികൾ അറിയിച്ചു. സംഭവത്തിൽ പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസ് സൈബർ കുറ്റകൃത്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് തികച്ചും ഗൗരവമുള്ളതും അഭൂതപൂർവ്വവുമായ ആക്രമണമാണെന്നും ഫ്രാൻസിന്റെ ഭക്ഷ്യസുരക്ഷയെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ലെന്നും റീട്ടെയിൽ മേധാവികളും യൂറോപ്യൻ ഫുഡ് കമ്മീഷണർ ക്രിസ്റ്റോഫ് ഹാൻസനും പ്രതികരിച്ചു.
Content Highlights: French supermarkets hit by cyber attack on Danfoss software, affecting cooling systems and causing significant food spoilage and financial losses.
Published: 13 Oct 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented