
പാലക്കാട്: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മരിച്ച ഗോപികയുടെ കുടുംബം. ഗുരുതരമായ കുറ്റകൃത്യം നടത്തിയിട്ടും പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിൽ കുടുംബം പരാതിയറിയിച്ചു. ഗോപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് തുന്നിക്കെട്ടിയശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും സംശയമുണ്ട്. നീതി കിട്ടുമോ എന്നതിൽ ഭയമുണ്ടെന്നും ഗോപികയുടെ അച്ഛൻ പറഞ്ഞു.
ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത് കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഗോപികയുടെ അച്ഛൻ പറഞ്ഞു. നീതിലഭിക്കുമോ എന്നതിൽ സംശയമുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടാവുന്നു. മുകളിൽനിന്ന് അവർക്ക് സമ്മർദം വരുന്നുണ്ടെന്ന് പറയപ്പെടുന്നുണ്ട്. അതെല്ലാം നീതിലഭിക്കുന്നതിന് തടസ്സമാകുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെതന്നെ മണ്ഡലത്തിൽപ്പെടുന്നയാളാണ് പ്രതിയെന്നാണ് തനിക്കറിയാൻ കഴിഞ്ഞത്. മുകളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളതുകൊണ്ടുതന്നെയായിരിക്കും പ്രതി എല്ലാം വാപ്പ നോക്കിക്കോളും എന്നുപറഞ്ഞത്. അത് ഈ കാര്യത്തിൽ വളരെ നന്നായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഞങ്ങളെയും മരിച്ച ഞങ്ങളുടെ മകളെയും സാമൂഹികമാധ്യമംവഴി താറടിക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. കെ.എം.എം. കോളേജ് വൈസ് ചെയർപേഴ്‌സണായിരുന്ന വ്യക്തിയാണ് എന്റെ മകൾ ഗോപിക. അഞ്ചുവർഷത്തിൽക്കൂടുതലായി എൻ.എസ്.എസ്. വളണ്ടിയറായിരുന്നു. സാമൂഹികപ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഏർപ്പെടുന്ന വ്യക്തിയാണ് അവൾ. അതല്ലാതെ ഏതെങ്കിലും തരത്തിലുള്ള അപവാദങ്ങളിൽ ഞങ്ങളോ ഞങ്ങളുടെ കുടുംബമോ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. ഈ നാട്ടിൽ വന്ന് ചോദിച്ചാൽ കാര്യങ്ങളറിയാം. ഞങ്ങളെ താറടിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
എഫ്.ഐ.ആറിൽ പ്രതി മദ്യപിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുതന്നെയില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഗോപികയുടെ പിതാവ് പറയുന്നു. അമിതമായി മദ്യപിച്ച്, അമിതവേഗത്തിൽ വാഹനമോടിച്ച് മൂന്നുപേരെ കൊന്നിട്ടും മദ്യപിച്ചു എന്ന കാര്യംപോലും കൊടുത്തിട്ടില്ല. എന്തടിസ്ഥാനത്തിലാണ് പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത്? നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ കണ്ടകാഴ്ച പ്രതി സെല്ലിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്നു. നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് സി.ഐ.തന്നെ പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. എന്നിട്ടും കേസ് അട്ടിമറിക്കുന്നുവെന്നത് നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മകൾക്ക് നീതികിട്ടണമെന്ന് ഗോപികയുടെ അമ്മയും പൊട്ടിക്കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു.
നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. കൽപറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് കുമാറിന്റെയും സരിതയുടെയും മകൾ ദേവിക (കുക്കു (21), മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ എം.ആർ. പ്രദീപ്കുമാറിന്റെയും സജിതയുടെയും മകൾ എം.പി. ഗോപിക (21), സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെയും റുക്കിയയുടെയും മകൻ ഇയാസ് (21) എന്നിവരാണ് മരിച്ചത്.
കാർ ഓടിച്ച ആലപ്പുഴ ആലിശ്ശേരി നൂഹ് മൻസിലിൽ സുഹൈൽ (19) പോലീസ് കസ്റ്റഡിയിലാണ്. സുഹൈലിന്റെ പേരിൽ ബിഎൻഎസ് 105 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. കൊച്ചിയിലെ സ്വകാര്യ കോളേജിൽ ബി.കോം വിദ്യാർഥിയാണ് സുഹൈൽ. കാക്കനാട്ടെ ഫ്ലാറ്റിലാണ് താമസം. അപകടത്തിന് പിന്നാലെ, സുഹൈലിനെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപിക്കുകയായിരുന്നു. ഈ സമയം, സുഹൈൽ നാട്ടുകാരോട് തട്ടിക്കയറുകയും 'എല്ലാം തന്റെ വാപ്പ നോക്കിക്കൊള്ളും' എന്ന് ആക്രോശിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.
ബിരുദധാരികളായ മൂവരും (ദേവികയും ഗോപികയും ഇയാസും) മറ്റു കോഴ്സുകൾ പഠിക്കുന്നതിനൊപ്പം ഉച്ചയ്ക്കുശേഷം തൃക്കാക്കരയിലെ 'സുക്കോയോ സ്റ്റോറി'ൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 11-ന് ജോലികഴിഞ്ഞ് വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ചശേഷം അത്താണി ഭാഗത്തേക്ക് മടങ്ങുമ്പോഴാണ് പിന്നിൽ വന്ന കാർ ഇവരുടെ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചത്.
Content Highlights: Gopika's family alleges deliberate attempts to shield the accused, Suheil Sajeev., Concerns raised over shifting the accused to a juvenile home despite a grave crime.
Published: 13 Oct 2026, 11:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented