സാരി ധരിച്ചാല്‍ ഇംഗ്ലീഷ് അറിയില്ലെന്ന് അനുമാനിക്കുന്നു, തൊഴിലിടങ്ങളിലെ വസ്ത്രധാരണ വിവേചനങ്ങളെക്കുറിച്ച് സുധ മൂര്‍ത്തി

സാരി ധരിച്ച് കമ്പനികളുടെ ബോർഡ്റൂമുകളിലേക്കും ഉയർന്ന കോർപ്പറേറ്റ് തലപ്പത്തേക്കും കടന്നുവരുന്ന സ്ത്രീകൾ നേരിടുന്ന വസ്ത്രധാരണ വിവേചനങ്ങളെയും സങ്കുചിത ചിന്താഗതികളെയും കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്
എഴുത്തുകാരിയും രാജ്യസഭാംഗവുമായ സുധാ മൂർത്തി. ഇൻഫ്‌ളുവൻസറായ ഐശ്വര്യ ഡി.കെ.എസ് ഹെഗ്‌ഡെയുമായുള്ള പ്രത്യേക സംഭാഷണത്തിലാണ്, പരമ്പരാഗത വസ്ത്രധാരണ രീതി പിന്തുടരുന്നതുമൂലം സമൂഹത്തിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും നേരിടേണ്ടി വരുന്ന മുൻവിധികളെക്കുറിച്ച് അവർ വെളിപ്പെടുത്തിയത്. സുധാ മൂർത്തിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സാരി ധരിച്ചാൽ ഇംഗ്ലീഷ് അറിയില്ലെന്ന് കരുതുന്നു
വിമാനത്താവളങ്ങളിലും മറ്റ് പൊതുവിടങ്ങളിലും വച്ച് ആളുകൾ തന്നോട് 'ബെഹൻജി' എന്ന് വിളിച്ച് സംസാരിക്കാറുള്ള അനുഭവം സുധാ മൂർത്തി ഓർത്തെടുത്തു. സാരി ധരിച്ച് കാണുമ്പോൾ തനിക്ക് ഇംഗ്ലീഷ് സംസാരിക്കാനോ മനസ്സിലാക്കാനോ അറിയില്ലെന്നും, മികച്ച വിദ്യാഭ്യാസമോ ഉന്നത സാമൂഹിക ചുറ്റുപാടോ ഇല്ലെന്നുമാണ് പലരും ആദ്യം തന്നെ അനുമാനിക്കുന്നത്.
'ഒരു സ്ത്രീ പാശ്ചാത്യ വസ്ത്രങ്ങളോ സ്യൂട്ടുകളോ ധരിച്ചാൽ മാത്രമേ ബുദ്ധിമതിയോ കാര്യപ്രാപ്തിയുള്ളവളോ ആകുകയുള്ളൂ എന്ന ചിന്ത തെറ്റാണ്. സാരി ധരിച്ചുകൊണ്ടുതന്നെ തനിക്ക് അറിവും കാര്യപ്രാപ്തിയുമുണ്ടെന്ന് തെളിയിക്കാൻ സാധിക്കും. കൂടുതൽ സ്ത്രീകൾ സാരി ധരിച്ച് ബോർഡ്റൂമുകളിലേക്ക് കടന്നുവരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ അറിവും കഴിവുകളും ഞാൻ ധരിക്കുന്ന വസ്ത്രത്തിൽ നിന്നും തികച്ചും സ്വതന്ത്രമായ ഒന്നാണ്' എന്ന് സുധാ മൂർത്തി വ്യക്തമാക്കി.
സംഭാഷണത്തിനിടെ ഐശ്വര്യ ഹെഗ്‌ഡെയും തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഏത് ശരീരപ്രകൃതിയുള്ളവർക്കും ഒരുപോലെ ഇണങ്ങുന്നതും ആത്മവിശ്വാസത്തോടെ ധരിക്കാൻ സാധിക്കുന്നതുമായ സാർവത്രിക വസ്ത്രമാണ് സാരിയെന്ന് അവർ അഭിപ്രായപ്പെട്ടു. എന്നാൽ എന്തുകൊണ്ടാണ് കോർപ്പറേറ്റ് ലോകത്ത് പാശ്ചാത്യ വസ്ത്രങ്ങൾക്കുമാത്രം കൂടുതൽ അധികാരവും മാന്യതയും കൽപിച്ചു നൽകുന്നത് എന്ന ചോദ്യവും അവർ ഉന്നയിച്ചു.
പാശ്ചാത്യ സ്യൂട്ടുകൾ ധരിക്കുന്നത് ഉന്നത കോർപ്പറേറ്റ് പദവിയുടെ പ്രതീകമായി കാണുമ്പോൾ, സാരി ഉൾപ്പെടെയുള്ള പരമ്പരാഗത വസ്ത്രങ്ങളെ പലപ്പോഴും പുരോഗമനമില്ലാത്തതോ പഴയ ചിന്താഗതിയുടേതോ ആയി തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. ഇത് സാംസ്‌കാരിക തനിമയും തൊഴിൽപരമായ ലക്ഷ്യങ്ങളും തമ്മിൽ ആവശ്യമില്ലാത്ത ഒരു തെരഞ്ഞെടുപ്പിന് സ്ത്രീകളെ നിർബന്ധിതരാക്കുന്നു. സ്യൂട്ട് ധരിച്ചതുകൊണ്ടുമാത്രം ഒരാൾക്ക് കാര്യപ്രാപ്തി ഉണ്ടെന്നോ, സാരി ധരിച്ചതുകൊണ്ട് അറിവില്ലെന്നോ കരുതുന്നത് തെറ്റായ മനോഭാവമാണ്. തൊഴിലിടങ്ങളിൽ ഒരാളുടെ വിവരവും നിലപാടുകളും കൃത്യതയുമാണ് മാനദണ്ഡമാകേണ്ടത്.
സുധ മൂർത്തിയുടെ ഈ തുറന്നുപറച്ചിലിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 'യഥാർത്ഥ വ്യക്തിത്വവും അറിവും വസ്ത്രത്തിലല്ല, മറിച്ച് നിലപാടുകളിലാണ്' എന്ന് കുറിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ആശുപത്രി മീറ്റിംഗുകളിലും വർക്ക്ഷോപ്പുകളിലും സാരി ധരിച്ചെത്തുന്നത് തങ്ങളുടെ ഐഡന്റിറ്റിയുടെ ഭാഗമാണെന്നും, അതിലൂടെ കൂടുതൽ ആദരവ് ലഭിച്ചിട്ടുണ്ടെന്നും ഒട്ടനവധി ഉദ്യോഗസ്ഥരായ സ്ത്രീകൾ പങ്കുവെച്ചു.
Content Highlights: Sudha Murty highlighted the stereotype that women wearing sarees lack English proficiency or modern education., She shared personal airport experiences of being called 'Behenji' due to her traditional attire., Argued that intelligence and capability are independent of clothing choices., Encouraged more women to wear sarees into corporate boardrooms.
Published: 10 Oct 2026, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented