പ്രസവാനന്തര വിഷാദം തുറന്നുപറയാന്‍ മടിക്കുന്ന ഇന്നത്തെ സമൂഹത്തില്‍, അനുഷ്‌ക രഞ്ജന്‍ നടത്തിയ ഈ വെളിപ്പെടുത്തല്‍ ആയിരക്കണക്കിന് പുതിയ അമ്മമാര്‍ക്ക് വലിയൊരു ആശ്വാസവും ആത്മവിശ്വാസവുമാണ് നല്‍കുന്നത്.

പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ പലപ്പോഴും പുറംലോകം കാണാറില്ല. സന്തോഷത്തോടെയിരിക്കേണ്ട നിമിഷങ്ങളിൽ പോലും അകാരണമായ ഭയവും വിഷാദവും കടന്നുവരുമ്പോൾ ഒരു അമ്മ നേരിടുന്ന ആന്തരിക സംഘർഷങ്ങൾ എത്രത്തോളം കഠിനമാണെന്ന് തുറന്നുപറയുകയാണ് ബോളിവുഡ് നടിയും മോഡലുമായ അനുഷ്‌ക രഞ്ജൻ. കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് അനുഷ്‌കയ്ക്കും ഭർത്താവും നടനുമായ ആദിത്യ സീലിനും ഇരട്ട പെൺകുട്ടികളായ വീരയും മാഹിയും ജനിച്ചത്. കുട്ടികളുടെ ജനനശേഷമുള്ള പോസ്റ്റ്പാർട്ടം അനുഭവങ്ങളെക്കുറിച്ച് മമ്മി ഡയറീസ് എന്ന വീഡിയോയിലൂടെ വളരെ വികാരാധീനയായാണ് അനുഷ്‌ക സംസാരിച്ചത്.
പ്രസവത്തിന് മുൻപോ ആർത്തവ സമയങ്ങളിലോ കഠിനമായ മാനസികാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെട്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു താനെന്ന് അനുഷ്‌ക പറയുന്നു. എന്നാൽ കുട്ടികൾ ജനിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയത്.ഒരു ദിവസം എനിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. കട്ടിലിൽ പന്തുപോലെ ചുരുണ്ടുകൂടി ശ്വാസമെടുക്കാൻ പോലുമാകാത്തവിധം ഞാൻ കരഞ്ഞുപോയി, അനുഷ്‌ക ഓർക്കുന്നു.
പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ടുമൂന്ന് ദിവസങ്ങളിൽ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, വീട്ടിലെ കാര്യങ്ങൾ കൃത്യമായി നടക്കാതെ വന്നപ്പോൾ ഉണ്ടായ ചെറിയ വഴക്കുകൾ തന്റെ ഉള്ളിലെ മാനസിക സംഘർഷങ്ങൾ പുറത്തുവിടാനുള്ള ഒരു വഴിയായി മാറുകയായിരുന്നുവെന്ന് താരം പറയുന്നു. 'ഞാൻ ഒരിക്കലും കുട്ടികളോട് അമിതമായി വാത്സല്യം കാണിക്കുന്ന ഒരാളായിരുന്നില്ല. എന്നാൽ ദൈവമായിട്ട് എനിക്ക് രണ്ട് കുഞ്ഞുങ്ങളെ തന്നു. അവരെ കൃത്യമായി വളർത്താൻ എനിക്ക് കഴിയുമോ? ഞാൻ ഒരു നല്ല അമ്മയാകുമോ?' എന്ന സംശയം നിരന്തരം അലട്ടിയിരുന്നു. താൻ ഒരു നല്ല അമ്മയാകാൻ യോഗ്യയാണോ എന്ന ചിന്ത അനുഷ്‌കയെ അലട്ടിയിരുന്നു. കുട്ടികൾ കരയുമ്പോൾ അവർക്കൊപ്പം താനും കരയുമായിരുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു. മാനസികമായി തളർന്നുപോയ ഈ ഘട്ടത്തിൽ ഭർത്താവ് ആദിത്യ സീൽ നൽകിയ ആശ്വാസവും പിന്തുണയുമാണ് സാഹചര്യം മറികടക്കാൻ സഹായിച്ചതെന്ന് അനുഷ്‌ക വ്യക്തമാക്കുന്നു.
കുഞ്ഞുങ്ങളെ കാണുമ്പോൾ അളവറ്റ സ്‌നേഹവും സന്തോഷവുമാണ് തോന്നാറുള്ളത്. എന്നാൽ അവർ കരയുമ്പോൾ അമിതമായ സഹതാപവും ഭയവും കാരണം ഒപ്പം കരയുന്ന അവസ്ഥയായിരുന്നു തനിക്കെന്ന് അനുഷ്‌ക പറയുന്നു. കുഞ്ഞുങ്ങളുള്ള മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ ഒരു തരം അനാവശ്യ ഭയം വന്നെത്തുമായിരുന്നു.മാതാപിതാക്കളും അമ്മായിയമ്മയുമെല്ലാം അടുത്താണ് താമസിക്കുന്നത് എന്നതും ദിവസം പലതവണ വന്ന് കാണാറുണ്ടെന്നതും വലിയ ആശ്വാസമായിരുന്നു. ഈ കഠിനമായ അവസ്ഥയിൽ തനിക്ക് ഏറ്റവും വലിയ താങ്ങായി നിന്നത് ഭർത്താവ് ആദിത്യ സീൽ ആയിരുന്നുവെന്ന് അനുഷ്‌ക സ്‌നേഹത്തോടെ ഓർക്കുന്നു. 'ഭാവിയിൽ എന്ത സംഭവിക്കും എന്നോർത്ത് വെറുതെ വ്യാകുലപ്പെടേണ്ടതില്ലെന്നും, ഓരോ മാതാപിതാക്കളും അനുഭവിച്ചുതന്നെയാണ് കുട്ടികളെ വളർത്താൻ പഠിക്കുന്നത്' എന്നും ആദിത്യ നിരന്തരം അനുഷ്‌കയെ ആശ്വസിപ്പിച്ചു.
പ്രസവാനന്തര ഘട്ടത്തിൽ സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകളുടെ പെട്ടെന്നുള്ള കുറവും, ഉറക്കമില്ലായ്മയും, ശാരീരിക ക്ഷീണവുമാണ് പ്രസവാനന്തര വിഷാദത്തിലേക്ക് നയിക്കുന്നത്.കാരണം കൂടാതെയുള്ള കരച്ചിൽ, അമിതമായ ഉത്കണ്ഠ, അനാവശ്യ ഭയം, കുഞ്ഞിനെ പരിചരിക്കാൻ കഴിയില്ലെന്ന കുറ്റബോധം തുടങ്ങിയവ പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ലക്ഷണങ്ങളാണ്. പങ്കാളിയുടെയും കുടുംബത്തിന്റെയും പിന്തുണയോടെയും തുറന്നുസംസാരിച്ചും കൃത്യമായ ഇടവേളകളിൽ വിശ്രമിച്ചും ആവശ്യമെങ്കിൽ തെറാപ്പി ചെയ്തും ഇതിൽനിന്നും മറികടക്കണം.
പോസ്റ്റ്പാർട്ടം എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ യഥാർത്ഥ ആഴം അനുഭവിച്ചറിഞ്ഞപ്പോഴാണ് മനസ്സിലായത്. നല്ലതും ചീത്തയുമായ ഒട്ടനവധി വികാരങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. എന്നാൽ ഇപ്പോൾ എന്റെ വീടും മനസ്സും കൂടുതൽ ശാന്തമാണ്. കുഞ്ഞുങ്ങൾ രണ്ടുപേരും സുരക്ഷിതരാണ്. ഒരു അമ്മ പൂർണതയുള്ളവളാകണമെന്നില്ല, സ്‌നേഹമുള്ളവളായാൽ മാത്രം മതിയെന്ന് ഞാൻ തിരിച്ചറിയുന്നു. പ്രസവാനന്തര വിഷാദം തുറന്നുപറയാൻ മടിക്കുന്ന ഇന്നത്തെ സമൂഹത്തിൽ, അനുഷ്‌ക രഞ്ജൻ നടത്തിയ ഈ വെളിപ്പെടുത്തൽ ആയിരക്കണക്കിന് പുതിയ അമ്മമാർക്ക് വലിയൊരു ആശ്വാസവും ആത്മവിശ്വാസവുമാണ് നൽകുന്നത്.
Content Highlights: Anushka Ranjan shares her emotional journey through postpartum challenges, highlighting the mental and physical struggles faced after childbirth.
Published: 10 Oct 2026, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented