കൗമാരപ്രായത്തിൽ അലട്ടിയിരുന്ന രൂക്ഷമായ മുഖക്കുരുവിനെയും മുഖത്തെ വീക്കത്തെയും കുറിച്ച് തുറന്നുപറഞ്ഞ് നടി തമന്ന ഭാട്ടിയ. തുടക്കത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന സാധാരണ ചർമപ്രശ്‌നങ്ങളാണെന്നാണ് കരുതിയിരുന്നതെന്നും പിന്നീടാണ് ഭക്ഷണത്തോടുള്ള അലർജിയാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതെന്നും താരം വെളിപ്പെടുത്തി.

To advertise here,

Read More: ‘തമന്ന കർക്കശക്കാരിയായ അമ്മയാകും’; മകളെക്കുറിച്ച് അമ്മയുടെ പ്രവചനം, മറുപടിയുമായി താരം 

15-ാം വയസ്സിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്താണ് തമന്നയ്ക്ക് ഈ ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വന്നത്. മുഖത്ത് തൊടുമ്പോൾപോലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നുവെന്നും ഓരോ ദിവസവും മൂക്കിനും താടിയെല്ലിനും രൂപമാറ്റം സംഭവിച്ചതുപോലെ തോന്നിയെന്നും തമന്ന ഓർക്കുന്നു. ഹോർമോൺ മാറ്റങ്ങളാണെന്ന് കരുതി സാധ്യമായ എല്ലാ പരിശോധനകളും നടത്തുകയും അലോപ്പതി ചികിത്സകൾ തേടുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

പ്രത്യേക ഡയറ്റിലേക്ക് മാറുകയും ആയുർവേദ ജീവിതശൈലി പിന്തുടരുകയും ചെയ്തതോടെയാണ് തനിക്ക് ഗ്ലൂട്ടൻ, പാലുൽപ്പന്നങ്ങൾ എന്നിവയോട് അലർജിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അക്കാലത്ത് ഇതിനെക്കുറിച്ചുള്ള അവബോധം കുറവായിരുന്നതുകൊണ്ടാണ് രോഗകാരണം കണ്ടെത്താൻ വൈകിയതെന്നും താരം കൂട്ടിച്ചേർത്തു.

Read More: ബ്രാൻഡിന്റെ മാർക്കറ്റിങ് മുഖം മാത്രമല്ല ഞാൻ; വൈകാരികമായി ബിസിനസ്സിനെ സമീപിക്കുന്ന ആളാണ് ഞാൻ- തമന്ന

കൗമാരപ്രായത്തിൽ ഹോർമോൺ വ്യതിയാനം മൂലം മുഖക്കുരു ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, ചികിത്സിച്ചിട്ടും മാറാത്ത മുഖക്കുരുവിനൊപ്പം മുഖത്ത് വീക്കം, ചൊറിച്ചിൽ, വയറുവേദന, ദഹനക്കേട് എന്നിവയുണ്ടെങ്കിൽ അത് ഭക്ഷണ അലർജിയുടെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

പാലുൽപ്പന്നങ്ങൾ (പ്രത്യേകിച്ച് കൊഴുപ്പ് നീക്കിയ പാൽ) ശരീരത്തിലെ ഇൻസുലിൻ-ലൈക്ക് ഗ്രോത്ത് ഫാക്ടർ-1 വർധിപ്പിക്കുകയും എണ്ണമയവും വീക്കവും ഉണ്ടാക്കി മുഖക്കുരുവിന് കാരണമാവുകയും ചെയ്യാം.

എല്ലാവരിലും ഗ്ലൂട്ടൻ മുഖക്കുരു ഉണ്ടാക്കില്ലെങ്കിലും, 'ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി' ഉള്ളവർക്ക് ഇത് ഒഴിവാക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ കണ്ട് സ്വയം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് പകരം ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദ്ദേശം തേടണമെന്നും കഴിക്കുന്ന ഭക്ഷണവും ചർമത്തിലുണ്ടാകുന്ന മാറ്റങ്ങളും കുറിച്ചുവെക്കുന്ന ഫുഡ് ഡയറി സൂക്ഷിക്കുന്നത് അലർജി തിരിച്ചറിയാൻ സഹായിക്കുമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.