ബേബി പൗഡറുകളുടെ മണമുള്ള കുട്ടിക്കാലത്തിന് പകരം മരുന്നിന്റെ മണം നിറഞ്ഞ ആശുപത്രിയുടെ നാല് ചുമരുകൾക്കുള്ളിലായിരുന്നു ജനിച്ചുവീണതുമുതൽ ശ്യാം കുമാറിന്റെ ജീവിതം. കുളിച്ച്, സുന്ദരനായി, പുത്തനുടുപ്പിട്ട്, അമ്മയുടെ മടിത്തട്ടിൽ പാലും കുടിച്ച് ഉറങ്ങേണ്ടിയിരുന്ന അവന് ചുറ്റും ഡോക്ടർമാരും ശസ്ത്രക്രിയാ ഉപകരണങ്ങളുമായിരുന്നു. വീട്ടുമുറ്റത്തെ ആദ്യ ചുവടിന് പകരം നീണ്ട ആശുപത്രി വരാന്തകളാണ് അവന് കൂട്ടായുണ്ടായിരുന്നത്. എന്നാൽ അതിലൊന്നും തളർന്നുവീഴാതെ, നടക്കാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ അവൻ ചിറകടിച്ച് പറന്നുയരുന്നതാണ് പിന്നീട് ലോകം കണ്ടത്. ഒരു ഫീൽ ഗുഡ് സിനിമയുടെ സീനുകൾ സ്വന്തം ജീവിതത്തിലേക്ക് പകർത്തിയെഴുതിയ തിരുവനന്തപുരത്തുകാരൻ.

To advertise here,

സാധാരണ കുഞ്ഞുങ്ങളിൽനിന്ന് വ്യത്യസ്തമായി മൂന്ന് വൃക്കകളോട് കൂടിയാണ് ശ്യാം കുമാർ ജനിച്ചത്. വെറും 19 ദിവസം പ്രായമുള്ളപ്പോൾ ആദ്യ ശസ്ത്രക്രിയക്ക് വിധേയനായി. മൂന്നാം വയസിൽ അടുത്ത പരീക്ഷണമെത്തി. നട്ടെല്ലിൽ ട്യൂമർ കണ്ടെത്തി. എട്ടാം വയസ്സിൽ ഒരു കാൽ നഷ്ടമായി. നടക്കാൻപോലും കഴിയില്ലെന്ന അവസ്ഥയിലും ശ്യാം തളർന്നില്ല. മറിച്ച്, ജീവിതത്തെ പുതിയ രീതിയിൽ കാണാൻ തുടങ്ങി. ആശുപത്രി കിടക്കകളുടെയും ശസ്ത്രക്രിയകളുടെയും ഇടയിൽ നിന്ന് അദ്ദേഹം തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടർന്നു.

ജീവിതം മുഴുവൻ വെല്ലുവിളികളാൽ നിറഞ്ഞതായിരുന്നു. ഗുരുതരമായ സ്‌പൈനൽ പ്രശ്‌നങ്ങൾ, ശരീരത്തിലെ വ്യത്യസ്ത ആരോഗ്യ സങ്കീർണതകൾ, കുട്ടിക്കാലത്ത് തന്നെ 12-ലധികം ശസ്ത്രക്രിയകൾ. യൂറിൻ ലീക്കേജ് മൂലം ട്യൂബ് ആശ്രയം, വൃക്ക തകരാറിനെ തുടർന്ന് അമ്മ ഡോണറായി എത്തിയെങ്കിലും ട്രാൻസ്പ്ലാന്റ് വിജയിച്ചില്ല. പ്രതിസന്ധികൾ നിരനിരയായി എത്തിയപ്പോഴും ശ്യാമിനെ ജീവിതത്തിൽ തോൽപ്പിക്കാൻ സാധിച്ചില്ല. ഇന്ന് അദ്ദേഹം സാഹസിക കായികലോകത്ത് സജീവമാണ്. സ്‌കൈഡൈവിങ്, പാരാഗ്ലൈഡിങ്, സൈക്ലിംഗ്, മോട്ടോക്രോസ്, സ്‌കൂബ ഡൈവിങ് തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചുകൊണ്ട് മുന്നേറുന്നു. 13,000 അടി ഉയരത്തിൽ നിന്ന് ഒരു കാലുമായി നടത്തിയ സ്‌കൈഡൈവ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറി.

അമ്മയാണ് ശ്യാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത്. ബാല്യത്തിൽ മുതൽ എല്ലാ ബുദ്ധിമുട്ടുകളിലും അമ്മ അദ്ദേഹത്തിനൊപ്പം നിന്നു. നടക്കാൻ കഴിയാത്ത കാലങ്ങളിൽ പോലും അമ്മയുടെ കൈകളിലോ ഒക്കത്തോ ആയിരുന്നു അദ്ദേഹത്തിന്റെ ലോകം. സ്‌കൂൾ ജീവിതവും ഒറ്റപ്പെടലുകളും ആരോഗ്യപ്രശ്‌നങ്ങളും എല്ലാം അതിജീവിച്ചത് അമ്മയുടെ പിന്തുണയോടെയാണ്. ഇന്ന് ശ്യാംകുമാർ, പരാജയങ്ങളിൽ തളരുന്നവർക്കും പ്രതിസന്ധികളിൽ മുന്നോട്ട് പോകാൻ മടിക്കുന്നവർക്കും ഒരു ജീവിക്കുന്ന പ്രചോദനമാണ്. ജീവിതം എത്ര കഠിനമായാലും അതിനെ നേരിടാൻ മനസ്സുറപ്പ് ഉണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാം എന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്. താൻ കടന്നുവന്ന വഴികൾ മാതൃഭൂമി ഡോട്ട്‌കോമിനോട് ശ്യാംകുമാർ പങ്കുവെക്കുന്നു.

സ്‌കൂളിൽ പോകാൻ മടിയായിരുന്നു, 16 വയസുവരെ വീട്ടിലായിരുന്നു ഏറെനേരവും

എൽകെജിയിൽ ഒക്കെ പഠിക്കുന്ന സമയത്ത് അമ്മ ക്ലാസ്സിൽ വന്നിരിക്കുമായിരുന്നു. സ്‌കൂളിൽ യൂറിൻ ബാഗിട്ടാണ് എത്തിയിരുന്നത്. അമ്മ എടുത്തുകൊണ്ടാണ് സ്‌കൂളിൽ കൊണ്ടാക്കിയിരുന്നത്. ഒരു കാലിൽ ചാടി പോയി കൊണ്ടിരുന്നത് കാരണം യൂറിൻ ലീക്കാവുമായിരുന്നു. അതുകൊണ്ട് തന്നെ എന്റെയടുത്ത് ഇരിക്കാൻ കുട്ടികൾക്ക് ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് എനിക്ക് അധികം സുഹൃത്തുക്കളൊന്നും ഇല്ലായിരുന്നു. ഏതാണ്ട് 16 വയസ്സ് വരെ വീട്ടിനകത്ത് ഇരുന്നു. ആ സമയത്ത് നടക്കുക എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. കുറെനാൾ കഴിഞ്ഞാണ് കൃത്രിമക്കാൽ വെക്കുന്നത്.

അമ്മയുടെ ഇടുപ്പിൽ ഇരിക്കുന്ന സമയത്ത് ആസ്ത്മമൂലമുള്ള അമ്മയുടെ ശബ്ദം എനിക്ക് കേൾക്കായിരുന്നു. എനിക്ക് ഒരുപാട് സങ്കടം തോന്നിയിരുന്നു. ഇക്കാരണം കൊണ്ട് കാൽ മുറിച്ച് മാറ്റുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. പത്താം ക്ലാസ് പഠിക്കുന്ന സമയത്താണ് സൈക്ലിങ്ങിലേയ്ക്ക് കടക്കുന്നത്. ഒരു കാല് കൊണ്ടാണ് ഞാൻ ചവിട്ടിയിരുന്നത്. കുറച്ചുദൂരം ചവിട്ടാൻ തന്നെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എവിടെയെങ്കിലും രണ്ട് മണിക്കൂർ സഞ്ചരിച്ച് കഴിഞ്ഞാൽ തിരിച്ച് വീട്ടിൽ വന്നിട്ട് യൂറിൻ ട്യൂബ് മാറണം. ചില സമയങ്ങളിൽ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പലപ്പോഴും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്.

എങ്ങനെ മരിക്കാം എന്ന ചിന്തയിൽ നിന്നും മാറിയ ജീവിതം

എങ്ങനെ മരിക്കാം എന്ന ചിന്തയിൽ നിന്നാണ് റോപ്പ് വാക്കിങ് പഠിക്കാൻ ശ്രമിക്കുന്നത്. ഈ കയർ കെട്ടിട്ട് അതിന്റെ മുകളിൽ നടക്കുന്നത് അല്ലേ. ഒരു എക്‌സ്ട്രീം ആക്ടിവിറ്റി ചെയ്യുന്ന സമയത്ത് അവിടുന്ന് വീണു മരിച്ചാൽ അമ്മയെ ആരും കുറ്റപ്പെടുത്തില്ലല്ലോ എന്ന് ചിന്തിച്ചു. ആത്മഹത്യ ചെയ്തു എന്ന് ആരും പറയില്ലല്ലോ. ആ ചിന്തയിലാണ് റോപ്പ് വാക്കിങ് പഠിക്കാൻ പോയത്. പക്ഷേ കാലിന് പ്രശ്‌നം ഉള്ളതിനാൽ നടന്നില്ല. ആ സമയത്താണ് സ്‌കൈ ഡൈവിനെക്കുറിച്ച് ശ്രദ്ധിക്കുന്നത്.

ക്രാഷ് ലാൻഡ് ചെയ്ത് മരിക്കും എന്നൊക്കെ ഉള്ള ചിന്തയായിരുന്നു എനിക്ക്. പക്ഷേ പതിയെ എന്റെ ചിന്തകൾ മാറിത്തുടങ്ങി. സ്വന്തമായി എന്ത് പഠിക്കാം എന്ന് ചിന്തിച്ച സമയം തൊട്ടാണ് എന്റെ ജീവിതം മാറിത്തുടങ്ങിയത്. മുന്നോട്ട് ജീവിക്കാൻ ഒരാഗ്രഹം വന്നുതുടങ്ങി.

യുഎസ്പി 144 പ്രാവശ്യം എന്നെ റിജക്ട് ചെയ്തിട്ടുണ്ടായിരുന്നു. ഒരു കാലില്ലാത്തതിനാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. സ്‌കൈ ഡൈവിങ്ങിന് ഇടയിൽ പലപ്രാവശ്യം അപകടം ഉണ്ടായിട്ടുണ്ട്. കൃത്രിമക്കാല് കൊണ്ട് ഡൈവിങ്ങിൽ പ്രശ്‌നം വന്നപ്പോൾ അതില്ലാതെ ചെയ്യാൻ പഠിച്ചു. പിന്നീട് മോട്ടോക്രോസ് പരീക്ഷിച്ചു. ഇതുവരെ 101 ഓളം പ്രാവശ്യം സ്‌കൈ ഡൈവ് ചെയ്തിട്ടുണ്ട്. പാരാ ഗ്ലൈഡിങ്ങിൽ പൈലറ്റ് ആണ്. സ്‌കൂബാ ഡൈവിങ്ങും ചെയ്യാറുണ്ട്. കളരിപ്പയറ്റും ഇടയ്ക്ക് പഠിച്ചു. പലപ്പോഴും സ്‌പോൺസർഷിപ്പ് പ്രശ്‌നമായിരുന്നു. വീഡിയോ ചെയ്ത് കിട്ടുന്ന വരുമാനം മാത്രമാണ് ഇപ്പോഴുള്ളത്.

ആ പെൺകുട്ടിയുടെ റിജക്ഷൻ എന്നെ ബാധിച്ചു, കഴിവില്ലാത്തവൻ എന്ന പരിഹാസം

എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിഷാദത്തിൽ ആയിപ്പോയത് കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു. എനിക്ക് കോളേജിലെ ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അവളോട് ഞാൻ പോയി ഇഷ്ടം ആണെന്ന് പറഞ്ഞു. അവൾ എന്നെ റിജക്ട് ചെയ്തു. പക്ഷേ ആ കുട്ടി റിജക്ട് ചെയ്ത രീതി എന്നെ വിഷമിപ്പിച്ചു. എന്റെ ഒരു ടെസ്റ്റിസ് റിമൂവ് ചെയ്തിട്ടുണ്ടായിരുന്നു. കഴിവില്ലാത്തവനെ സ്വീകരിക്കാൻ ബുദ്ധിമുട്ടാണ് എന്ന തരത്തിൽ പറഞ്ഞ രീതി എന്നെ ബാധിച്ചു. ഒരു ട്രോമയിലേയ്ക്ക് കുറെ നാൾ ഞാൻ പോയി. അതിൽ നിന്നും കയറിവരാൻ ഒരുപാട് സമയമെടുത്തു. എന്നെ ഓർത്ത് അമ്മ ഒരുപാട് കരയാറുണ്ടായിരുന്നു. പക്ഷേ, ഇന്ന് എന്നെയോർത്ത് അമ്മ അഭിമാനം കൊള്ളുന്നുണ്ട്. അമ്മയെ ഇനിയും സന്തോഷിപ്പിക്കണം എന്നതാണ് എന്റെ ആഗ്രഹം.