കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെക്കൂടി സ്വാഗതം ചെയ്തതിന്റെ സന്തോഷത്തിലാണ് ഹോളിവുഡ് താരം മില്ലി ബോബി ബ്രൗൺ. കുഞ്ഞിന്റെ കൈകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹായ് ലിറ്റിൽ ഗൈ എന്ന കുറിപ്പോടെ രണ്ടാമതൊരു കുഞ്ഞിനെക്കൂടി ദത്തെടുത്ത വാർത്ത മില്ലി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കഴിഞ്ഞ വർഷം ദത്തെടുക്കലിലൂടെയാണ് ഇരുവരും തങ്ങളുടെ ആദ്യ പെൺകുഞ്ഞിനെ സ്വീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് രണ്ടാമതൊരു ആൺകുഞ്ഞിനെക്കൂടി ദത്തെടുക്കലിലൂടെ ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. കുട്ടിക്കാലം തൊട്ടേ ദത്തെടുക്കൽ തന്റെ വലിയൊരു ആഗ്രഹമായിരുന്നുവെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ മില്ലി തുറന്നുപറഞ്ഞിട്ടുണ്ട്. 'ദത്തെടുക്കൽ എന്നത് നിബന്ധനകളില്ലാത്ത സ്‌നേഹമാണ്, അത് എന്നേക്കുമുള്ളതാണ്' എന്നാണ് ദത്തെടുക്കലിനെ അന്ന് താരം വിശേഷിപ്പിച്ചത്. ഓഡിഷനുകളിൽ നേരിട്ട തുടർച്ചയായ പരാജയങ്ങളിൽനിന്ന് ഹോളിവുഡിന്റെ നെറുകയിലേക്ക് ഒരൊറ്റ സീരിസിലൂടെ നടന്നുകയറിയ വ്യക്തിയാണ് മില്ലി.

To advertise here,

ഇലവനായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ 11 വയസ്സായിരുന്നു മില്ലി ബോബി ബ്രൗൺ എന്ന ആ പെൺകുട്ടിയുടെ പ്രായം. ആ പെൺകുട്ടിയുടെ കൗമാരവും യൗവനവും അവൾ ജീവിച്ചുതീർത്തത് ഇലവൻ എന്ന കഥാപാത്രത്തിലൂടെ ക്യാമയ്ക്ക് മുന്നിലാണ്. അവളുടെ വളർച്ചയ്ക്ക് ലോകം മുഴുവൻ സാക്ഷിയായി. ഒരു പെൺകുട്ടിയുടെ ജീവിതചക്രത്തിന് മാത്രമല്ല ലോകം സാക്ഷ്യം വഹിച്ചത് ഇല്ലായ്മയിൽനിന്ന് ഇരുപതാം വയസ്സിൽ ഹോളിവുഡ് സാമ്രാജ്യം കീഴടക്കിയ ഏതൊരു സാധാരണക്കാരനെയും പ്രചോദിപ്പിക്കുന്ന അത്ഭുതകരമായ അവളുടെ കരിയർ ജേണിക്ക് കൂടിയാണ്. ഒരൊറ്റ സീരീസിലൂടെ അവളുടെ ജീവിതം മാറിമറിയുകയായിരുന്നു. 'ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ വിജയിക്കില്ല' എന്ന് ഒരു കാസ്റ്റിങ് ഡയറക്ടർ മുഖത്തുനോക്കി പറഞ്ഞ വ്യക്തിയാണ് മില്ലി. അന്നവൾക്ക് വെറും പത്തുവയസ്സാണ് പ്രായം, കാരണമായി ചൂണ്ടിക്കാട്ടിയത് അവളുടെ പക്വതയും.. അവിടെനിന്നുള്ള യാത്രയാണ് ഇതെന്ന് കൂടി ഓർക്കണം.

ഗെയിം ഓഫ് ത്രോൺസ് ടീം നോ പറഞ്ഞ മില്ലി

ഇംഗ്ലണ്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, അഭിനയമോഹവുമായി ഹോളിവുഡിന്റെ ഓഡിഷൻ ലൈനുകളിൽ മണിക്കൂറുകളോളം കാത്തുനിന്ന ഒരു കാലമുണ്ടായിരുന്നു മില്ലിക്ക്. കുടുംബത്തിന് സ്വന്തമായി ജീവിക്കാൻ വേണ്ടത്ര പണമില്ലാതിരുന്ന അവസ്ഥ. ജിമ്മി ഫാലന് നൽകിയ അഭിമുഖത്തിൽ ഗെയിം ഓഫ് ത്രോൺസിലെ ലയാന മോർമോണ്ട് എന്ന കഥാപാത്രത്തിനായി ഓഡിഷനിൽ പങ്കെടുത്തതും കഥാപാത്രം നിരസിക്കപ്പെട്ടതും മില്ലി തുറന്നുപറഞ്ഞിട്ടുണ്ട്. എല്ലായ്‌പ്പോഴും കേട്ടുകൊണ്ടിരുന്നത് നോ നോ എന്നുമാത്രമായിരുന്നു. ഒരു യെസിന് മുൻപ് ഒരുപാട് നോ നിങ്ങൾക്ക് കേൾക്കേണ്ടി വരുമെന്നാണ് അന്നവൾ പറഞ്ഞത്. ഓഡിഷനുകളിൽ നിരന്തരം നോ കേട്ട് മടുത്ത മില്ലി, തന്റെ കരിയറിലെ അവസാനത്തെ ശ്രമമെന്ന നിലയിലാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ഒരു പുതിയ പ്രോജക്റ്റിലേക്ക് അപേക്ഷിക്കുന്നത്. 'മോൺടോക്ക്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രോജക്റ്റിലേക്ക് ഓഡിഷൻ നൽകി രണ്ട് മാസങ്ങൾക്ക് ശേഷമാണ് അണിയറപ്രവർത്തകർ സ്‌കൈപ്പിലൂടെ മില്ലിയെ ബന്ധപ്പെടുന്നത്. മോൺടോക്ക് പിന്നീട് സ്‌ടേഞ്ചർ തിങ്‌സ് എന്നും, നായിക ഇലവൻ എന്നും തീരുമാനിക്കപ്പെട്ടപ്പോൾ അവിടെ പിറന്നത് ഹോളിവുഡ് ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയഗാഥകളിൽ ഒന്നായിരുന്നു. മില്ലി ബോബി ബ്രൗൺ എന്ന താരത്തിന്റെ ഉദയവും. അവസാന നിമിഷം കൈവന്ന ആ അവസരമാണ് ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് പ്രതീക്ഷ വീണ്ടെടുത്തു നൽകിയതെന്ന് അവൾ പിന്നീട് പറഞ്ഞിട്ടുണ്ട്.

തലവര മാറ്റിയ ഇലവൻ

സ്‌ട്രേഞ്ചർ തിങ്‌സ് സീരീസിന്റെ ആദ്യ സീസണുകളിൽ എപ്പിസോഡിന് വളരെ ചെറിയ തുകയായിരുന്നു ഇലവന്റെ പ്രതിഫലം. അതേ മില്ലി ഹോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി മാറി. അവസാന സീസണുകളിലേക്ക് എത്തിയപ്പോഴേക്കും ഒരു എപ്പിസോഡിന് മൂന്ന് ലക്ഷം ഡോളറിലധികമായിരുന്നു മില്ലിയുടെ വേതനം. 'എനോള ഹോംസ്' ചിത്രം വിജയമായതോടെ പ്രതിഫലം കോടികളിലേക്ക് കുതിച്ചുയർന്നു. അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, എനോള ഹോംസിന്റെ രണ്ടാം ഭാഗത്തിന് മാത്രം 10 മില്യൺ ഡോളറാണ് മില്ലി കൈപ്പറ്റിയത്.

ഇൻസ്റ്റാഗ്രാം ഡിഎമ്മിൽ നിന്ന് പ്രണയത്തിലേക്ക്

പ്രശസ്ത അമേരിക്കൻ റോക്ക് സംഗീതജ്ഞൻ ജോൺ ബോൺ ജോവിയുടെ മകനായ ജെയ്ക് ബോംഗിയോവിയും മില്ലിയും സൗഹൃദത്തിലാകുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ലോകം കണ്ട് മാതൃകാപരമായ ദാമ്പത്യത്തിലേക്കും വൈകാതെയെത്തി. 2021 പകുതിയോടെയാണ് മില്ലിയും ജെയ്കും തമ്മിലുള്ള ബന്ധം പുറത്തറിയുന്നത്. 2021 ജൂണിൽ ന്യൂയോർക്ക് നഗരത്തിൽ കൈകോർത്തുപിടിച്ച് നടക്കുന്ന ഇവരുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് മാധ്യമങ്ങൾ ഇവരുടെ ബന്ധം സ്ഥിരീകരിച്ചത്. 2022 മാർച്ച് മാസത്തിൽ നടന്ന ബിഎഫ്ടിഎ അവാർഡ് വേദിയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് സ്‌ട്രേഞ്ചർ തിങ്‌സ് 4 പ്രീമിയറിലും ഇരുവരും ഒരുമിച്ചെത്തി ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നു. 2023 ഏപ്രിലിൽ, തന്റെ പത്തൊൻപതാം വയസ്സിൽ മില്ലി തങ്ങളുടെ വിവാഹനിശ്ചയ വാർത്ത പുറത്തുവിട്ടു. ഡയമണ്ട് മോതിരമണിഞ്ഞ ചിത്രം പങ്കുവെച്ചുകൊണ്ട് ടെയ്ലർ സ്വിഫ്റ്റിന്റെ വരികളിലൂടെയാണ് ആ പ്രണയം ഔദ്യോഗികമായത് അവൾ ലോകത്തെ അറിയിച്ചത്. 2024 മേയ് മാസത്തിൽ തികച്ചും സ്വകാര്യമായ ചടങ്ങിൽ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി.

കുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനം

ചെറുപ്പകാലം തൊട്ടേ മാതൃത്വത്തെക്കുറിച്ചും ദത്തെടുക്കലിനെക്കുറിച്ചും തികച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ മില്ലിക്ക് ഉണ്ടായിരുന്നു. കുഞ്ഞുന്നാളിൽ പാവകളുമായി കളിക്കുമ്പോൾ പോലും അവ താൻ ദത്തെടുത്ത കുട്ടികളാണെന്ന് സങ്കൽപ്പിക്കാനായിരുന്നു മില്ലിക്ക് ഇഷ്ടം. ജെയ്ക് ബോംഗിയോവിയുമായുള്ള വിവാഹത്തിന് മുൻപ് തന്നെ ദത്തെടുക്കലിനോടുള്ള തന്റെ താല്പര്യത്തെക്കുറിച്ച് മില്ലി സംസാരിച്ചിരുന്നു. ജെയ്കിന്റെ പൂർണ്ണ പിന്തുണയും പങ്കാളിത്തവും ഈ തീരുമാനത്തിന് കരുത്തേകി. വൈകാതെ ഒരു പെൺകുഞ്ഞിനെ ദമ്പതികൾ ദത്തെടുത്തു. ഇപ്പോഴിതാ തൊട്ടുപിന്നാലെ ഒരു ആൺകുഞ്ഞിനെയും അവർ ദത്തെടുത്തിരിക്കുകയാണ്. 'സ്‌നേഹവും സുരക്ഷിതത്വവും നൽകാൻ കഴിയുമെങ്കിൽ രക്തബന്ധത്തിനപ്പുറം ആ കുഞ്ഞുങ്ങൾക്ക് ഒരു നല്ല ജീവിതം നൽകുക എന്നതാണ് പ്രധാനം. ദത്തെടുക്കൽ എന്നത് നിബന്ധനകളില്ലാത്ത സ്‌നേഹമാണ്.' മില്ലി പറയുന്നു. മാധ്യമങ്ങളുടെയും ക്യാമറക്കണ്ണുകളുടെയും അനാവശ്യ ശ്രദ്ധയിൽപ്പെടാതെ കുഞ്ഞുങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ മില്ലിയും ജെയ്കും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും കുഞ്ഞുങ്ങളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങൾ മാത്രമാണ് പങ്കുവെക്കുന്നത്.

ബിസിനസ് സാമ്രാജ്യം

ഒരു നടിയായി മാത്രം ഒതുങ്ങാൻ മില്ലി തയ്യാറായിരുന്നില്ല. വരുമാന മാർഗ്ഗങ്ങളെ വിവേകത്തോടെ ഉപയോഗിക്കണം എന്ന ചെറുപ്പകാലത്തെ പാഠം അവരെ ഒരു ബിസിനസുകാരിയാക്കി മാറ്റി.ഫ്‌ലോറൻസ് ബൈ മിൽസ് 2019-ൽ ജെൻസി തലമുറയെ ലക്ഷ്യമിട്ട് മില്ലി തുടക്കമിട്ട ബ്യൂട്ടി-ഫാഷൻ ബ്രാൻഡ് ഇന്ന് ആഗോളതലത്തിൽ വൻ വിജയമാണ്. ചർമസംരക്ഷണ ഉൽപന്നങ്ങളിൽ തുടങ്ങി വസ്ത്രങ്ങളും ആഭരണങ്ങളും വരെ ബ്രാൻഡിന് കീഴിലുണ്ട്. പിസിഎംഎ പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനി ആരംഭിച്ച മില്ലി എനോള ഹോംസ് ഉൾപ്പെടെയുള്ള പ്രോജക്ടുകളിൽ നിർമ്മാതാവിന്റെ റോളിലും എത്തി. സിനിമയുടെ ലാഭവിഹിതം കൂടി ഉറപ്പാക്കുന്ന നീക്കം ഹോളിവുഡിലെ സ്വാധീനം വർധിപ്പിച്ചു. നിലവിൽ 20 മില്യൺ ഡോളറിലധികം, ഏകദേശം 160 കോടിയിലധികം ഇന്ത്യൻ രൂപ ആസ്തിയുള്ള മില്ലി, വെറുമൊരു നടിയെന്നതിലുപരി നല്ലൊരു സംരംഭക കൂടിയാണ്. കോടികളുടെ ആസ്തിയുണ്ടെങ്കിലും പണത്തോടുള്ള മില്ലിയുടെ സമീപനം മാതൃകാപരമാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ, താൻ ഇപ്പോഴും അനാവശ്യമായി പണം ചെലവഴിക്കാറില്ലെന്ന് മില്ലി വെളിപ്പെടുത്തിയിരുന്നു. ലളിതമായ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും സാധാരണക്കാരുടെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങാൻ മടി കാണിക്കാത്ത ഹോളിവുഡ് താരമാണ് മില്ലി.

ബോഡിഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിച്ചവൾ

ടാബ്ലോയിഡ് മാധ്യമങ്ങൾ തനിക്കെതിരെ നടത്തുന്ന ബോഡി ഷെയിമിങ്ങിനും വ്യക്തിഹത്യകൾക്കും എതിരെ ശക്തമായി മില്ലി പ്രതികരിച്ചിരുന്നു. ദി ഇലക്ട്രിക് സ്റ്റേറ്റ് എന്ന ചിത്രത്തിന്റെ പ്രചാരണ വേളയിൽ മാധ്യമവാർത്തകൾ കണ്ട് ദിവസങ്ങളോളം കരയേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ മില്ലി സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെ ലിയ വാർത്തകളാക്കി മാറ്റി സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്ന മാധ്യമ സംസ്‌കാരത്തിനെതിരെയും പ്രതികരിച്ചു.

വെറുമൊരു സ്ട്രീമിങ് ക്വീൻ മാത്രമല്ല, അഭിനയം, നിർമാണം, ബിസിനസ്, കുടുംബജീവിതം എന്നിവയെ കൃത്യമായ ബാലൻസോടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ള മില്ലിയുടെ ജീവിതം ഒരു പ്രചോദനമാണ്. കരിയറിന്റെ തുടക്കത്തിൽ നേരിടുന്ന നിരസിക്കലുകളിൽ തളർന്നുപോകാതെ മുന്നോട്ട് പോയാൽ വിജയം തേടിയെത്തും എന്നതിന് ഹോളിവുഡ് നൽകുന്ന ഏറ്റവും മനോഹരമായ ഉദാഹരണമാണ് മില്ലി ബോബി ബ്രൗൺ.