2023-ൽ പ്രശസ്ത സംവിധായകൻ വെട്രിമാരൻ തന്റെ 'വിടുതലൈ: പാർട്ട് 1' എന്ന ചിത്രത്തിലെ കോൺസ്റ്റബിൾ കുമരേശൻ എന്ന പ്രധാന വേഷം സൂരിയെ വിശ്വസിച്ച് ഏൽപ്പിച്ചതോടെ അദ്ദേഹത്തിന്റെ സിനിമാജീവിതം പാടെ മാറിമറിഞ്ഞു.

വെള്ളിത്തിരയിൽ മിന്നുംതാരമായി വളർന്നുവന്ന പലർക്കും പറയാനൊരു കഥയുണ്ടാകും. അലച്ചിലും കഷ്ടപ്പാടും നിറഞ്ഞതായിരിക്കും ആ കഥ. തമിഴ് ചലച്ചിത്രമേഖലയിൽ നിന്നുള്ള 49 കാരനായ സൂരിക്കും അത്തരമൊരു കഥ പറയാനുണ്ട്. ദിവസവേതന തൊഴിലാളിയായി ജോലി ചെയ്യുകയും, സഹനടനായി പതിറ്റാണ്ടുകളോളം കഷ്ടപ്പെടുകയും ഒടുവിൽ നായകനായി വലിയ ബ്രേക്ക് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട് സൂരി. വിജയ്, രജനികാന്ത്, ശിവകാർത്തികേയൻ തുടങ്ങി ഇൻഡസ്ട്രിയിലെ പ്രമുഖർക്കൊപ്പമെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇന്ന്, 50 കോടി കളക്ഷൻ നേടിയ ഹിറ്റുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.
ദിവസം 20 രൂപയ്ക്ക് പലതരം ജോലികൾ
സിനിമയിലേക്ക് എത്തുന്നതിന് മുൻപ് കഠിനമായ ദാരിദ്ര്യത്തിലൂടെയാണ് സൂരി കടന്നുപോയത്. 1993-ൽ തിരുപ്പൂരിൽ സുഹൃത്തുക്കൾക്കൊപ്പം പലവിധ ജോലികൾ ചെയ്യുമ്പോൾ വെറും 20 രൂപ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ദിവസക്കൂലി. ആഴ്ചാവസാനം കിട്ടുന്ന 140 രൂപയിൽ 70 രൂപ അദ്ദേഹം നാട്ടിലേക്ക് അയച്ചുകൊടുക്കുമായിരുന്നു. അക്കാലത്ത് 1.25 രൂപ വിലയുണ്ടായിരുന്ന ഒരു തേങ്ങാ ബൺ (coconut bun) പോലും വാങ്ങാൻ പണമില്ലാതെ ചായ മാത്രം കുടിച്ച് അദ്ദേഹം വിശപ്പടക്കിയിരുന്നു. 1991-ൽ മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലെ രജനികാന്തിന്റെ കഥാപാത്രത്തിൽ ആകൃഷ്ടനായി തന്റെ പേര് 'സൂരി' എന്ന് മാറ്റുകയായിരുന്നു അദ്ദേഹം.
ചുവരുകൾ പെയിന്റ് ചെയ്യുന്നത് മുതൽ അഭിനയം വരെ
1998 മുതൽ അദ്ദേഹം സിനിമാമേഖലയിലുണ്ട്. സിനിമയിൽ അവസരം ലഭിക്കുന്നതിന് മുമ്പ് സൂരി പല ജോലികളും ചെയ്തിരുന്നു. വർഷങ്ങളോളം ക്രെഡിറ്റൊന്നുമില്ലാത്ത ചെറിയ വേഷങ്ങളാണ് ചെയ്യേണ്ടിവന്നത്. ഉപജീവനത്തിനായി കയറിൽ കെട്ടിത്തൂങ്ങി നിന്ന് കെട്ടിടങ്ങളുടെ ചുവരുകളിൽ പെയിന്റ് അടിക്കുന്ന ജോലി വരെ അദ്ദേഹത്തിന് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ അടുത്തിടെ മണ്ടാടി എന്ന ചിത്രത്തിന്റെ പ്രചാരണപരിപാടിക്കിടെ ഗാനരചയിതാവ് പാ വിജയ് ഇക്കാര്യം വേദിയിൽ സൂചിപ്പിക്കുകയും ഇതേക്കുറിച്ച് ഒരു കവിത എഴുതി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
2009-ൽ 'വെണ്ണില കബഡി കുഴു' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് സൂരിക്ക് ആദ്യമായി അംഗീകാരം ലഭിക്കുന്നത്. ആ ചിത്രമാണ് അദ്ദേഹത്തിന് 'പറോട്ട സൂരി' എന്ന പേര് നേടിക്കൊടുത്തത്.
സെറ്റിൽ അപമാനങ്ങൾ നേരിടേണ്ടി വന്നു
സിനിമയിലേക്കുള്ള സൂരിയുടെ യാത്ര എളുപ്പമായിരുന്നില്ല. സിനിമാ സെറ്റുകളിൽ പലപ്പോഴും അദ്ദേഹം ചൂഷണങ്ങൾക്കും അപമാനങ്ങൾക്കും ഇരയായിട്ടുണ്ട്. ഒരു പ്രമുഖ ഹാസ്യനടനും മുൻനിര സൂപ്പർതാരത്തിനുമൊപ്പം പ്രവർത്തിക്കുമ്പോൾ തന്നോട് സെറ്റിൽ വെച്ച് ഷർട്ട് ഊരി അവിടെ തന്നെ തനിക്ക് പകരം നിൽക്കുന്ന നടന് നൽകാൻ ആവശ്യപ്പെട്ടതായി അദ്ദേഹം ഒരു ചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.
ആ സംഭവം തനിക്ക് കടുത്ത വേദനയും അപമാനവും ഉണ്ടാക്കിയെങ്കിലും, അതൊരു വലിയ വഴിത്തിരിവായി മാറിയെന്നും സൂരി വെളിപ്പെടുത്തി. ഉപകാരങ്ങളെയോ ബന്ധങ്ങളെയോ ആശ്രയിക്കാതെ, സ്വന്തം കഴിവിനെ മാത്രം ആശ്രയിച്ച് സിനിമാമേഖലയിൽ വിജയം നേടണമെന്ന തന്റെ നിശ്ചയദാർഢ്യത്തെ ആ തിരിച്ചടി കൂടുതൽ ശക്തമാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ജീവിതം മാറ്റിമറിച്ച സിനിമ
2023-ൽ പ്രശസ്ത സംവിധായകൻ വെട്രിമാരൻ തന്റെ 'വിടുതലൈ: പാർട്ട് 1' എന്ന ചിത്രത്തിലെ കോൺസ്റ്റബിൾ കുമരേശൻ എന്ന പ്രധാന വേഷം സൂരിയെ വിശ്വസിച്ച് ഏൽപ്പിച്ചതോടെ അദ്ദേഹത്തിന്റെ സിനിമാജീവിതം പാടെ മാറിമറിഞ്ഞു. ഈ ചിത്രം വൻ വിജയമാവുകയും ലോകമെമ്പാടുമായി 53 കോടി രൂപ നേടുകയും ചെയ്തു. തുടർന്ന് വന്ന 'വിടുതലൈ: പാർട്ട് 2' (55 കോടി രൂപ), 'ഗരുഡൻ' (59.50 കോടി രൂപ), 'മാമൻ' (50.75 കോടി രൂപ) എന്നീ സിനിമകളിലൂടെ തമിഴ് സിനിമയിൽ ഒരു നായകനടൻ എന്ന നിലയിൽ സൂരി തന്റെ സ്ഥാനം ഉറപ്പിച്ചു.
പുതിയ ചിത്രം
മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി എന്ന ചിത്രമാണ് സൂരി നായകനായി എത്തുന്ന പുതിയ ചിത്രം. സുഹാസും മഹിമ നമ്പ്യാരും ഒപ്പം അഭിനയിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കൂടാതെ നിവിൻ പോളിക്കും അഞ്ജലിക്കുമൊപ്പം രാം സംവിധാനം ചെയ്യുന്ന 'ഏഴു കടൽ ഏഴു മലൈ' എന്ന ചിത്രവും അദ്ദേഹത്തിന്റേതായി വരാനുണ്ട്.
Content Highlights: Tamil actor Soori transformed his life from working daily-wage jobs for ₹20 and facing severe humiliation on film sets into becoming one of Kollywood's most respected lead actors with multiple ₹50 crore box office hits.
Published: 06 Sept 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented