ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ റെഡ് കാർപെറ്റ് വേദികളിലൊന്നാണ് ഫ്രാൻസിലെ കാൻ ഫിലിം ഫെസ്റ്റിവൽ. തിളക്കമാർന്ന വസ്ത്രധാരണവും പാശ്ചാത്യ ഗ്ലാമറും നിറഞ്ഞുനിൽക്കുന്ന ആ ആഗോളവേദിയിലേക്ക് അഞ്ച് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഇന്ത്യൻ സാരിയുടെ അഭിമാനം ഉയർത്തിപ്പിടിച്ചാണ് 2013-ൽ ബോളിവുഡ് നടി വിദ്യാ ബാലൻ എത്തിയത്. ആ വർഷത്തെ കാൻ ചലച്ചിത്രമേളയിലെ ജൂറി അംഗമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യയെ അണിയിച്ചൊരുക്കിയത് ഇന്ത്യയിലെ മുൻനിര ഫാഷൻ ഡിസൈനറായ സബ്യസാചി മുഖർജിയായിരുന്നു എന്നാൽ അന്ന് ആ തീരുമാനത്തിന്റെ പേരിൽ നേരിടേണ്ടിവന്ന കടുത്ത അധിക്ഷേപങ്ങളെയും വിമർശനങ്ങളെയും കുറിച്ച് സബ്യസാചി ഇപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഫാഷൻ ലോകത്ത് വീണ്ടും വലിയ ചർച്ചയാകുന്നത്.

To advertise here,

പാശ്ചാത്യ വസ്ത്രങ്ങൾക്കു പകരം പാരമ്പര്യ തനിമയുള്ള സാരി ധരിച്ച് റെഡ് കാർപെറ്റിൽ എത്തിയതിന്റെ പേരിൽ വിദ്യയെയും തന്നെയും ക്രൂരമായ രീതിയിലാണ് ചിലർ നേരിട്ടതെന്ന് സബ്യസാചി വ്യക്തമാക്കുന്നു. ഏതെങ്കിലും ഒരു വലിയ കുറ്റം ചെയ്ത ഭീകരവാദിയെപ്പോലെയാണ് അന്ന് ജനങ്ങൾ തനിക്കെതിരെ തിരിഞ്ഞതെന്നും, ആ വിമർശനങ്ങൾ തന്നെയും വിദ്യയെയും എത്രത്തോളം വേട്ടയാടിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

അരക്ഷിതാവസ്ഥയാണ് പ്രശ്‌നം

ഒരു അഭിമുഖത്തിലാണ് ആ പഴയ കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് സബ്യസാചി മനസ്സ് തുറന്നത്. അന്നത്തെ കടുത്ത വിമർശനങ്ങളെ സബ്യസാചി അപഗ്രഥിക്കുന്നത് വളരെ വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെയാണ്. അന്ന് വിദ്യയുടെ വസ്ത്രധാരണത്തെയും ലുക്കിനെയും പരിഹസിച്ച് രംഗത്തെത്തിയവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു എന്നത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് സബ്യസാചി പറയുന്നു.

'വിദ്യാ ബാലനെ ആക്രമിച്ചവരിൽ വലിയൊരു പങ്കും സ്ത്രീകളായിരുന്നുവെന്ന് ഞാൻ ശ്രദ്ധിച്ചു. അതെന്നെ ചിന്തിപ്പിച്ച ഒരു നിമിഷമായിരുന്നു. വിദ്യ മോശമായി വസ്ത്രം ധരിച്ചു എന്നതുകൊണ്ടല്ല അവർ വിമർശിച്ചത്, മറിച്ച് തനതായ വസ്ത്രധാരണത്തിൽ വിദ്യ കാണിച്ച ആത്മവിശ്വാസം അവരുടെ ഉള്ളിലെ അരക്ഷിതാവസ്ഥകളെ ഉലച്ചു എന്നതാണ് സത്യം. സ്വന്തം വ്യക്തിത്വത്തിൽ തൃപ്തിയില്ലാത്ത ആളുകൾക്ക് മുന്നിൽ മറ്റൊരാൾ പൂർണ്ണ ആത്മവിശ്വാസത്തോടെ നിൽക്കുമ്പോൾ അത് അവരെ ചൊടിപ്പിക്കാറുണ്ട്,' സബ്യസാചി വ്യക്തമാക്കി.അന്ന് കാനിന്റെ റെഡ് കാർപെറ്റിൽ കേവലം ഒരു ഗ്ലാമർ പ്രദർശനത്തിനല്ല വിദ്യ എത്തിയത് എന്നതായിരുന്നു സബ്യസാചിയുടെ നിലപാട്. ഒരു ജൂറി അംഗമെന്ന നിലയിൽ ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളും അന്തസ്സും പ്രതിഫലിപ്പിക്കുന്ന തരം ഗംഭീരമായ വസ്ത്രധാരണമാണ് അവിടെ ആവശ്യമെന്ന് 2013-ൽ തന്നെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'സാരി ഉടുത്താൽ ആന്റി എന്ന് വിളിക്കും'; വിദ്യ ബാലൻ

കാൻ ഫെസ്റ്റിവലിലേക്ക് പോകുന്നതിന് മുൻപും വിദ്യ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങളെയും ട്രോളുകളെയും സബ്യസാചി അനുസ്മരിച്ചു. നിരന്തരം നേരിടേണ്ടി വന്ന പരിഹാസങ്ങളിൽ മനംമടുത്ത് ഒരു ഘട്ടത്തിൽ വിദ്യ തന്നെ വന്ന് കണ്ട അനുഭവം അദ്ദേഹം പങ്കുവെച്ചു.

'സാരി ധരിക്കാൻ എനിക്ക് ഏറെ ഇഷ്ടമാണ്, എന്നാൽ സാരി ഉടുത്ത് പുറത്തിറങ്ങിയാൽ ആളുകൾ എന്നെ 'ആന്റി' എന്ന് വിളിക്കുന്നുവെന്ന് വിദ്യ ഒരിക്കൽ സങ്കടത്തോടെ എന്നോട് പറഞ്ഞു. ആ സംസാരം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അത്തരം ചിന്താഗതികൾ വളരെ പിന്തിരിപ്പനാണെന്ന് ഞാൻ അവരോട് പറഞ്ഞു. സ്വന്തമായി ധരിക്കുന്ന വസ്ത്രത്തിൽ ഒരാൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ, അവർ എപ്പോഴും മനോഹരമായി തന്നെ കാണപ്പെടും എന്ന് ഞാൻ വിദ്യയ്ക്ക് ഉറപ്പുനൽകി,' സബ്യസാചി ഓർത്തെടുത്തു. സ്വന്തം വസ്ത്രധാരണത്തിൽ വിദ്യ കാണിച്ച ഉറച്ച നിലപാടാണ് ഒടുവിൽ അവരെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഫാഷൻ ഐക്കണുകളിൽ ഒന്നാക്കി മാറ്റിയത്.

ഫാഷൻ ലോകത്തെ വൻകിട ബ്രാൻഡുകളിൽ ഒന്നായി സ്വന്തം പേര് മാറ്റിയപ്പോഴും, സബ്യസാചി എന്നും തികച്ചും ലളിതമായ ചിന്താഗതി പുലർത്തുന്ന വ്യക്തിയാണ്. തനിക്ക് ഫാഷനെക്കുറിച്ച് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ അറിയൂ എന്നും, ആ കുറഞ്ഞ അറിവാണ് ഒരുപക്ഷേ തന്നെ ഈ രംഗത്ത് നിലനിർത്തുന്നതെന്നും അദ്ദേഹം തമാശയോടെ പറയുന്നു. ഫാഷനെ അല്പം അകലെ നിന്ന് നോക്കിക്കാണുന്നത് വസ്തുനിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യുയോർക്കിൽ വെച്ചുണ്ടായ രസകരമായൊരു അനുഭവവും അദ്ദേഹം പങ്കുവെച്ചു: 'ഒരിക്കൽ ന്യൂയോർക്കിലെ തെരുവിൽ നടക്കുമ്പോൾ ഒരു സ്ത്രീ എന്നെ തിരിച്ചറിഞ്ഞു. അവർ ഭർത്താവിന്റെ കൈയിൽ തട്ടി 'അതാ പോകുന്നത് സബ്യസാചിയാണ്' എന്ന് പറയുന്നത് ഞാൻ കേട്ടു. എന്നാൽ ഭർത്താവ് ഭാര്യയെ നോക്കി പറഞ്ഞത്, 'നിനക്ക് ഭ്രാന്താണോ, എത്ര മോശമായിട്ടാണ് അയാൾ വസ്ത്രം ധരിച്ചിരിക്കുന്നത്!' എന്നാണ്. അതാണ് എന്റെ വ്യക്തിപരമായ വസ്ത്രധാരണ ശൈലിയെക്കുറിച്ചുള്ള പൊതുധാരണ,' സബ്യസാചി ചിരിയോടെ പറഞ്ഞു. ലോക പ്രശസ്തമായ 'മെറ്റ് ഗാല'യിലേക്ക് ക്ഷണം ലഭിച്ചപ്പോൾ അത് ആരോ അയച്ച വ്യാജ ഇമെയിൽ ആണെന്ന് താൻ കരുതിയെന്നും അദ്ദേഹമോർത്തു.തനിക്ക് അനാവശ്യമായ ആഗ്രഹങ്ങളോ വ്യാമോഹങ്ങളോ ഇല്ലെന്ന് സബ്യസാചി തുറന്നുപറയുന്നു. അംബീഷൻ എന്നത് പൊതുസമൂഹത്തിന് മുന്നിൽ കാണിക്കാനുള്ളതാണ്. എന്നാൽ മികവ് എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ഇന്നലെ ചെയ്തതിനേക്കാൾ മികച്ച രീതിയിൽ ഇന്ന് കാര്യങ്ങൾ ചെയ്യുക എന്നത് മാത്രമാണ് എന്നെ സന്തോഷിപ്പിക്കുന്നത്,' അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.