ബോളിവുഡ് നടിമാരായ കത്രീന കൈഫും കൃതി സനനും അടുത്തിടെ സോഷ്യൽ മീഡിയയിൽ നേരിട്ട കടുത്ത ബോഡി ഷെയ്മിങ്ങിനും ഹേറ്റ് ക്യാമ്പെയ്‌നുകൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി നടി മൃണാൾ ഠാക്കൂർ. പുതിയ ചിത്രമായ 'പൂജ മേരി ജാൻ' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ്, നടിമാർക്ക് നേരെ നടക്കുന്ന ഇത്തരം അനാവശ്യ വിചാരണകളെ മൃണാൾ ശക്തമായി അപലപിച്ചത്. സ്വന്തം അധ്വാനംകൊണ്ടും കഴിവുകൊണ്ടും സിനിമാ മേഖലയിലും വ്യവസായരംഗത്തും തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പടുത്ത പ്രതിഭകളെ കേവലം രൂപത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ അധിക്ഷേപിക്കുന്നത് മാന്യതയല്ലെന്ന് മൃണാൾ പറഞ്ഞു.

To advertise here,

അടുത്തകാലത്തായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇരുനടിമാർക്കും എതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടന്നിരുന്നു. മകൻ വിഹാന്റെ ജനനത്തിനു ശേഷം അടുത്തിടെ അംബാനി കുടുംബത്തിന്റെ ഗണപതി പൂജ ആഘോഷങ്ങളിൽ പങ്കെടുത്ത കത്രീനയുടെ ശരീരഭാരം കൂടിയെന്ന് ആരോപിച്ച് ഒട്ടനവധി പേരാണ് അധിക്ഷേപങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ, ഇത്തരം കമന്റുകൾ തന്റെ സ്വാതന്ത്ര്യത്തെയോ വ്യക്തിത്വത്തെയോ ബാധിക്കില്ലെന്ന് ലണ്ടനിൽ നടന്ന ഒരു ചടങ്ങിൽ കത്രീന തന്നെ മാന്യമായി മറുപടി നൽകിയിരുന്നു.

രക്ഷാബന്ധൻ ദിനത്തിൽ ഒരു ആഭരണ ബ്രാൻഡിന്റെ പരസ്യത്തിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ കൃതിക്കും കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നു. തുടർന്ന് ആ പരസ്യം പിൻവലിക്കുകയും തനിക്ക് ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി കൃതി കുറിപ്പിടുകയും ചെയ്തിരുന്നു.

സ്ത്രീകൾ എക്കാലത്തും സമൂഹത്തിൽ വിചാരണ ചെയ്യപ്പെടുന്നവരാണെന്നും എന്നാൽ അവരുടെ സംഭാവനകളെ കാണാതെ പോകുന്നതാണ് യഥാർത്ഥ പ്രശ്‌നമെന്നും മൃണാൾ വ്യക്തമാക്കി. അവരുടെ ജീവിതവും വസ്ത്രധാരണവും അവരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. ജീവിതത്തിലെ ഓരോ ഘട്ടവും ആസ്വദിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഇന്ത്യയിൽ മാത്രമല്ല, യു.കെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും വിജയകരമായി വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന ഐക്കോണിക് സ്ത്രീകളാണവർ. അത് മറന്നുകൊണ്ടാണ് പലരും അനാവശ്യ കമന്റുകൾ ഇടുന്നത്.

സ്ത്രീകൾ എപ്പോഴും ജഡ്ജ് ചെയ്യപ്പെടുന്നു. നിലവിൽ പുരുഷന്മാരും ഇത് അനുഭവിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്ന ഇത്തരം ആളുകൾക്ക് ഭ്രാന്താണെന്ന് പറയാനേ സാധിക്കൂ. മൃണാൾ പറഞ്ഞു. മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്കും ശാരീരിക മാറ്റങ്ങളിലേക്കും നോക്കി അനാവശ്യമായി അഭിപ്രായം പറയുന്ന ശീലം സമൂഹം അവസാനിപ്പിക്കണം. ബോളിവുഡിനും ആഗോളതലത്തിലും വലിയ സംഭാവനകൾ നൽകിയ താരങ്ങളാണ് ഇരുവരുമെന്നും അവർ കൂട്ടിച്ചേർത്തു.