വീട്ടിൽ ടിവി വാങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി ബോളിവുഡ് താരം നിമ്രത് കൗർ. ANI-യുടെ പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിടത്ത് തുടർച്ചയായി ഇരുന്ന് പരിപാടികൾ കാണുന്ന ശീലം ഒഴിവാക്കാനും അടിമപ്പെടാതിരിക്കാനുമാണ് താൻ ടിവി ഒഴിവാക്കിയതെന്ന് പറഞ്ഞ നിമ്രത്, പരിപാടികൾ കണ്ടുതീർക്കാൻ കഴിയാത്തത് സമർദ്ദത്തിന് ഇടയാക്കുന്നുവെന്നും അതിന് തനിക്ക് താൽപ്പര്യമില്ലെന്നും അഭിപ്രായപ്പെട്ടു. യാത്ര ചെയ്യാനും അമ്പലങ്ങളിലും ആത്മീയപ്രാധാന്യമുള്ള സ്ഥലങ്ങളിലും പർവ്വതങ്ങളിലും സമയം ചെലവഴിക്കാനുമാണ് താൽപ്പര്യമെന്നും നടി പറഞ്ഞു.
ടെലിവിഷനുമായി ബന്ധപ്പെട്ട വ്യക്തിപരമായ അഭിപ്രായമാണ് താരം ഉന്നയിച്ചതെങ്കിലും അമിതമായ ടെലിവിഷൻ ഉപഭോഗം നമ്മുടെ ശ്രദ്ധയേയും വികാരങ്ങളേയും പ്രത്യേകിച്ച് കുട്ടികളെയും എങ്ങനെ ബാധിക്കുന്നു എന്ന വലിയ ചർച്ചയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത് എന്ന് മനശാസ്ത്ര വിദഗ്ധർ പറയുന്നു. വിനോദം, വാർത്തകൾ, മറ്റുള്ളവരുടെ ജീവിതവിശേഷങ്ങൾ എന്നിവ എപ്പോൾ വേണമെങ്കിലും തുടർച്ചയായി ലഭിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമുക്ക് വേണ്ട വിവരങ്ങൾ അതിലുണ്ടോ എന്നതിനേക്കാൾ മാറിനിൽക്കേണ്ടത് എപ്പോഴാണെന്ന തിരിച്ചറിവ് നമുക്കുണ്ടോ എന്നതാണ് പ്രധാനമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു .

To advertise here,

ഒഴിവുസമയങ്ങൾ പോലും സ്ക്രീനുകൾ കൈയടക്കുമ്പോൾ

മുൻകാലങ്ങളിൽ നിത്യജീവിതത്തിൽ ഒഴിവുസമയങ്ങൾ സ്വാഭാവികമായുണ്ടായിരുന്നു. മറ്റൊരാളെ കാത്തിരിക്കുമ്പോൾ അക്കാലങ്ങളിൽ ഫോണിൽ നോക്കി സമയം ചെലവഴിക്കില്ലായിരുന്നു. ഇന്ന് ഒഴിവുനേരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ഡിജിറ്റൽ ഉള്ളടക്കങ്ങൾകൊണ്ട് നിറയുന്നു. അഞ്ച് മിനിറ്റ് വെറുതേ കിട്ടിയാൽ റീലുകൾ കാണും. യാത്രയ്ക്കിടെ പോഡ്കാസ്റ്റ് കേൾക്കും. ഭക്ഷണം കഴിക്കുമ്പോൾ വെബ് സീരീസ് കാണും. ക്യൂവിൽ നിൽക്കുമ്പോൾ വാട്സാപ്പിൽ സമയം ചെലവഴിക്കും. ഒരു എപ്പിസോഡ് അവസാനിക്കുന്നതിനുമുമ്പുതന്നെ അടുത്തത് കാണും.

സാങ്കേതികവിദ്യയെ ശത്രുവായി കാണേണ്ടതില്ല. മികച്ച ഉള്ളടക്കങ്ങൾ ആസ്വദിക്കാനും അറിവ് നേടാനും വ്യത്യസ്ത സംസ്കാരങ്ങളെയും ആശയങ്ങളെയും പരിചയപ്പെടാനും സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ അവസരമൊരുക്കുന്നുണ്ട്. സ്വയം തീരുമാനിച്ച് തിരഞ്ഞെടുക്കുന്ന ഒന്നെന്ന നിലയിൽനിന്ന് മാറി, അതിന് അടിമപ്പെടുന്ന അവസ്ഥയിലേക്ക് മനുഷ്യർ എത്തുന്നതാണ് ആശങ്കകൾക്കിടയാക്കുന്നതെന്നും വിദഗ്ധർ വിശദീകരിക്കുന്നു.
പുറത്തുനിന്നുള്ള കാര്യങ്ങൾ നിരന്തരം മനസ്സിനെ നിയന്ത്രിക്കാതിരിക്കുമ്പോൾ നിശബ്ദമായിരിക്കാനും ചിന്തിക്കാനും ആശയങ്ങൾ നിർമ്മിക്കാനും സമയം കിട്ടും. നടക്കുമ്പോഴും കുളിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പ്രാർഥിക്കുമ്പോഴും നിശ്ശബ്ദമായി ഇരിക്കുമ്പോഴും പലപ്പോഴും പുതിയ ചിന്തകൾ മനസ്സിലേക്ക് കടന്നുവരും. ശ്രദ്ധിക്കാതെ പോകുന്ന വികാരങ്ങളെ തിരിച്ചറിയാനും ഇത്തരം സന്ദർഭങ്ങൾ സഹായിച്ചേക്കാം.

വിരസതയെ ശത്രുവായി കാണേണ്ടതില്ല
വിരസതയ്ക്ക് കൂടുതൽ നല്ലൊരു സ്ഥാനം നൽകേണ്ടതുണ്ട്. വിട്ടുമാറാത്ത വിരസത അത്ര നല്ലതല്ല. എങ്കിലും വിരസത അനുഭവപ്പെടുന്ന ഓരോ നിമിഷവും ഇല്ലാതാക്കേണ്ടതില്ല. സ്വന്തം ഭാവനയിലേക്കും ചിന്തകളിലേക്കും കടക്കുന്നതിന് ആവശ്യമായ സമയമായിരിക്കാം വിരസതയിലൂടെ ലഭിക്കുന്നത്. അസ്വസ്ഥത അനുഭവപ്പെടുന്ന ആദ്യ നിമിഷത്തിൽത്തന്നെ സ്ക്രീനിലേക്ക് തിരിയരുത്. കുറച്ചുനേരം കൂടി ചിന്തകളോടൊപ്പം ചെലവഴിച്ചാൽ ലഭിക്കുന്ന പല നല്ല അനുഭവങ്ങളും നഷ്ടപ്പെടാനത് ഇടയാക്കും. പുതിയ ആശയങ്ങളും സർഗാത്മകമായ ചിന്തകളും പല തിരിച്ചറിവുകളും ഇത്തരമൊരു വിരസതയിൽ നിന്ന്ഉയർന്നുവരാം.
തുടങ്ങിയതെല്ലാം പൂർത്തിയാക്കണമെന്നില്ല

ചെയ്യുന്നതെല്ലാം പൂർത്തിയാക്കണമെന്ന നിർബന്ധമില്ലെന്നും മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു വെബ് സീരീസ് പാതിവഴിയിൽ ഉപേക്ഷിക്കാം, ഒരു പുസ്തകം വായിച്ചു തീർക്കാതിരിക്കാം, അവധിക്കാലത്ത് ഒരു ദിവസം ഒന്നും ചെയ്യാതെ ചെലവഴിക്കാം.
ചില കാര്യങ്ങളോട് 'വേണ്ട' എന്നു പറയാൻ പഠിക്കുന്നതിനെക്കുറിച്ച് നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്. എന്നാൽ, ഒരു കാര്യം തുടങ്ങിക്കഴിഞ്ഞാൽ എപ്പോൾ മതിയാക്കണമെന്ന് തിരിച്ചറിയാനും പഠിക്കേണ്ടതുണ്ട്. ചില സാഹചര്യങ്ങളിൽ എന്താണ് വേണ്ടതെന്നും എന്താണ് ഉപേക്ഷിക്കേണ്ടതെന്നും മനസ്സിലാക്കാനുള്ള വിവേചനബുദ്ധിയുണ്ടാകണമെന്നും അവർ പറയുന്നു.

സാങ്കേതികവിദ്യയെ ഉപേക്ഷിക്കുകയല്ല, നിയന്ത്രണം കൊണ്ടുവരിക

കൂടുതൽ അനുഭൂതികൾ തേടുന്നതിനേക്കാൾ പ്രധാനം നമ്മളിലേക്ക് തന്നെ തിരിച്ചെത്താൻ സഹായിക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കുക എന്നതാണ്. മാനസികാരോഗ്യം സംരക്ഷിക്കുകയെന്നാൽ പുതിയ കാലത്തെ ജീവിതത്തെ പൂർണമായി തള്ളിക്കളയുകയെന്നല്ല. എല്ലാവരും വീട്ടിൽനിന്ന് ടെലിവിഷൻ ഒഴിവാക്കേണ്ടതില്ല. സാങ്കേതികവിദ്യ ശത്രുവല്ല; വിനോദങ്ങളിൽ ഏർപ്പെടുന്നത് തെറ്റുമല്ല. പുത്തൻ സംസ്കാരത്തിൽനിന്ന് കുട്ടികളെ പൂർണമായി അകറ്റാതെ, സാങ്കേതികവിദ്യ എത്രത്തോളം ഉപയോഗിക്കണമെന്നും എപ്പോൾ നിർത്തണമെന്നും തീരുമാനിക്കുന്ന ശീലമാണ് വളർത്തേണ്ടത്.