അമ്മയായതിന് തൊട്ടുപിന്നാലെ പെട്ടെന്ന് ശരീരഭാരം കുറഞ്ഞ് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന സിനിമാതാരങ്ങളെ കാണുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ കാണുന്നതുപോലെ എളുപ്പമായിരിക്കില്ല വെയ്റ്റ് ലോസിലേക്കുള്ള അവരുടെ തയ്യാറെടുപ്പ്. എന്നാൽ, പ്രസവശേഷം ശരീരഭാരം കുറഞ്ഞതിനുപിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ശ്രദ്ധ നേടുകയാണ് 'ദൃശ്യം' ചിത്രത്തിലൂടെ പ്രശസ്തയായ ബോളിവുഡ് താരം ഇഷിതാ ദത്ത. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയശേഷം കേവലം രണ്ട് മാസത്തിനുള്ളിൽ 15 കിലോ ശരീരഭാരം കുറഞ്ഞതിന്റെ യാഥാർത്ഥ്യമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പ്രസവത്തിനുശേഷം
താൻ നേരിട്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ശസ്ത്രക്രിയയുമാണ് ഈ പെട്ടെന്നുള്ള തൂക്കക്കുറവിന് കാരണമെന്ന് ഇഷിതാ ദത്ത വ്യക്തമാക്കുന്നു. സഹ്റ ജാനിയുടെ പോഡ്കാസ്റ്റിൽ അതിഥിയായെത്തിയപ്പോഴാണ് സമൂഹമാധ്യമങ്ങളിലെ പെർഫെക്ട് ബോഡി സങ്കൽപ്പങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം താരം തുറന്നുപറഞ്ഞത്. തനിക്ക് സംഭവിച്ച ഈ ഭാരക്കുറവ് ഒരിക്കലും അഭിനന്ദിക്കപ്പെടേണ്ടതോ അല്ലെങ്കിൽ മറ്റു സ്ത്രീകൾ മാതൃകയാക്കേണ്ടതോ ആയ ഒരു കാര്യമേയല്ലെന്നും ഇഷിത ഉറപ്പിച്ചുപറയുന്നു.
രണ്ടാമത്തെ മകൾ വേദയുടെ ഗർഭകാലത്ത് ഇഷിത നേരിട്ടത് കഠിനമായ വെല്ലുവിളികളായിരുന്നു. ഗർഭധാരണത്തിന്റെ ആറാം മാസത്തിൽ തന്നെ അകാല പ്രസവത്തിനുള്ള സാധ്യത മുന്നിൽ കണ്ട് ഡോക്ടർമാർ താരത്തിന് പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രതിസന്ധികൾ അവിടെയും തീർന്നില്ല. അസഹനീയമായ വയറുവേദനയെ തുടർന്ന് ഇഷിതയെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. വിശദമായ സ്‌കാനിംഗിനൊടുവിലാണ് പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗർഭിണിയായതുകൊണ്ട് തന്നെ ശക്തമായ വേദനസംഹാരികളോ മറ്റ് മരുന്നുകളോ നൽകാൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. വേദന വരുമ്പോൾ അത് സഹിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.
മകളുടെ ജനനത്തിനു ശേഷവും ഇഷിതയുടെ ദുരിതം അവസാനിച്ചില്ല. പ്രസവിച്ച ഉടനെ കുഞ്ഞിന് മുലയൂട്ടുന്ന ഘട്ടമായിരുന്നതിനാൽ ഉടൻ തന്നെ ശസ്ത്രക്രിയ നടത്താൻ സാധിക്കുമായിരുന്നില്ല. വേദനസംഹാരികൾ കഴിക്കാനും നിവൃത്തിയില്ലായിരുന്നു. പ്രസവം കഴിഞ്ഞ് കുറഞ്ഞത് 40 ദിവസമെങ്കിലും കഴിഞ്ഞ ശേഷമേ ശസ്ത്രക്രിയ നടത്താനാകൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അതിനുശേഷമാണ് പിത്തസഞ്ചി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്കുശേഷം ശരീരം അതിനോട് പൊരുത്തപ്പെടാൻ സമയമെടുത്തു. തുടർന്ന് കർശനമായ ഭക്ഷണക്രമം പാലിക്കേണ്ടി വന്നതാണ് കേവലം രണ്ട് മാസത്തിനുള്ളിൽ 15 കിലോയോളം ശരീരഭാരം കുറയാൻ ഇടയാക്കിയതെന്നും ഇഷിത പറഞ്ഞു.
പ്രസവിച്ചയുടൻ ശരീരഭാരം കുറയ്ക്കണമെന്ന രീതിയിൽ സമൂഹവും മാധ്യമങ്ങളും സൃഷ്ടിക്കുന്ന അനാവശ്യ സമ്മർദ്ദങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് ഇഷിത പ്രതികരിച്ചത്. ഒരു സ്ത്രീ ജന്മം നൽകിയശേഷം അവളുടെ പ്രാഥമിക പരിഗണന കുഞ്ഞിന്റെ പരിചരണവും സ്വന്തം ശരീരത്തിന്റെ വീണ്ടെടുപ്പും മാത്രമായിരിക്കണം. കുഞ്ഞു ജനിച്ചയുടൻ താൻ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാൾ പ്രധാനം വിശ്രമവും ആരോഗ്യവുമാണ്. ആദ്യത്തെ മകൻ വായു ജനിച്ചപ്പോൾ ഒന്നര വർഷത്തേക്ക് താൻ ജിമ്മിൽ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും ആ ഘട്ടം പൂർണ്ണമായി ആസ്വദിക്കുകയായിരുന്നുവെന്നും ഇഷിത ഓർക്കുന്നു.
പെട്ടെന്ന് ശരീരഭാരം കുറഞ്ഞത് കണ്ട് ഇൻസ്റ്റഗ്രാമിൽ മെസ്സേജുകൾ അയച്ച ആയിരക്കണക്കിന് അമ്മമാർക്കുവേണ്ടി സത്യം വെളിപ്പെടുത്താൻ ഇഷിത തീരുമാനിച്ചത് ഇതുകൊണ്ടാണ്. താൻ അനുഭവിച്ചത് ഒരു രോഗാവസ്ഥയാണെന്നും അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്നും താരം വ്യക്തമാക്കി. സന്ദർഭത്തിനനുയോജ്യമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, മെലിഞ്ഞിരിക്കുക എന്നത് മാത്രമാകരുത് ഒരു സ്ത്രീയുടെയും ജീവിത ലക്ഷ്യമെന്നും ഇഷിതാ ദത്ത ചൂണ്ടിക്കാണിക്കുന്നു.
Content Highlights: Ishita Dutta lost 15 kg within two months of her second child's birth due to health complications and gallbladder surgery., She suffered from severe stomach pain during pregnancy due to gallstones, but could not undergo immediate surgery or take strong painkillers., Post-delivery, she had to wait 40 days for the gallbladder removal surgery and follow a strict diet, causing rapid weight loss., She criticized societal pressure on new mothers to lose weight quickly, emphasizing that health and newborn care should be the primary focus.
Published: 10 Oct 2026, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented