ആദ്യ ചിത്രത്തിലെ മികച്ച അഭിനയത്തിന് ശേഷം സോഷ്യല്‍ മീഡിയയിലെ താരമാണ് ബോളിവുഡ് താരം സുസ്മിത സെന്നിന്റെ മകള്‍ റെനെ സെന്‍. ഇപ്പോള്‍ താരപുത്രി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. റെനെയുടെ ശരിക്കുള്ള അമ്മയെ പറ്റിയാണ് ആ ചോദ്യം. സുസ്മിതയുടെ ദത്തുപുത്രിയാണ് റെനെ. 

To advertise here,

ഇന്‍സ്റ്റഗ്രാമിലാണ് ആരാധകന്റെ ചോദ്യമെത്തിയത്. 'നിനക്ക് നിന്റെ ശരിക്കുള്ള അമ്മയെ അറിയാമോ? എന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാല്‍ 'ഞാന്‍ ജനിച്ചത് എന്റെ അമ്മയുടെ ഹൃദയത്തിലാണ്, അതാണ് യാഥാര്‍ത്ഥ്യം എന്നാണ് റെനെ മറുപടി നല്‍കിയത്. മനോഹരമായ ഈ മറുപടിക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. 

സുസ്മിത സെന്നുമായുള്ള ബന്ധത്തെ പറ്റി നിരവധി ചോദ്യങ്ങള്‍ മറ്റ് ആരാധകരും ചോദിക്കുന്നുണ്ട്. അമ്മ മകള്‍ ബന്ധത്തെ നിര്‍വചിക്കാനാണ് ഒരാളുടെ നിര്‍ദേശം. ' ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധമാണ്' അതെന്നാണ് റെനെയുടെ ഉത്തരം. അമ്മയില്‍ നിന്ന് പഠിച്ച ഏറ്റവും നല്ല പാഠമെന്താണ് എന്നാണ് മറ്റൊരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ' ഓരോ ദിവസവും ഞാന്‍ അമ്മയില്‍ നിന്ന് പഠിക്കുകയാണ്. അമ്മ തന്നെ എന്നെ സ്വയംപര്യാപ്തയാക്കിക്കൊണ്ടിരിക്കുന്നു. അത് തന്നെയാണ് ഞാന്‍ അമ്മയില്‍ നിന്ന് പഠിക്കുന്നതും.' റെനെ കുറിച്ചു. 

ചെറുപ്പകാലത്തെ മറക്കാനാവാത്ത ഓര്‍മ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമ്മയ്‌ക്കൊപ്പമുള്ള യാത്രകളെന്നാണ് റെനെ പറയുന്നത്. സ്വയം വളര്‍ന്ന, സ്വയം പര്യാപ്തരായവരാണ് തന്റെ പ്രചോദനമെന്നും റെനെ മറുപടി നല്‍കുന്നുണ്ട്.

Content Highlights: Renee Sen says she was born in Sushmita Sen's 'heart' when asked about her real mom