‘കുട്ടിക്കാലം മുതലേ കേട്ടുവളര്ന്നതാണ് നിന്റെ ശബ്ദം കൊള്ളില്ലെന്ന്. അതുകൊണ്ട് ആ ശബ്ദം വൈറലായപ്പോള് വല്ലാത്ത സന്തോഷം തോന്നി.'

ഇസ് ദുനിയാ മേ കോയി നഹി - ഈ ദുനിയാവിൽ കോഴിയില്ല
കോയി ബാത് നഹീ - കോഴി കുളിക്കാറില്ല
വോ മുഝ്സെ പൂച്ഛാ - അവൻ എന്റെ പൂച്ചയെ ചോദിച്ചു.
വോ ബാർ ബാർ പൂച്ഛാ - അവൻ ബാറിലും പോയി പൂച്ചയെ ചോദിച്ചു..
ഹിന്ദി വാചകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഹിന്ദി പഠിക്കുന്ന ബോളിവുഡ് നടി വിദ്യാബാലന്റെ റീൽ ദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിദ്യക്ക് മുൻപേ തന്നെ ഇതേ ഓഡിയോയിൽ മലയാളി താരങ്ങളും ഇന്റഫ്ളുവൻസർമാരും റീൽസ് ചെയ്തിരുന്നെങ്കിലും സംഗതി വിദ്യാബാലൻ ഏറ്റെടുത്തതോടെ പാൻ ഇന്ത്യൻ തലത്തിലേക്കാണ് ഉയർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുൾപ്പെടെ വീഡിയോ ഷെയർ ചെയ്തു. വിദ്യയുടെ റീൽസിന് താഴെ കമന്റുമായെത്തിയത് സ്വാഭാവികമായും മലയാളികളാണ്. അതിൽ ഒരു കമന്റ് ഇങ്ങനെയായിരുന്നു. 'അങ്ങനെ നിന്റെ ശബ്ദം ഇവിടെ എത്തി.' സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ പ്രിയ പ്രവീണിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ആ കമന്റ്. കുട്ടിക്കാലം മുതൽ ശബ്ദം കൊള്ളില്ലെന്ന് കേട്ടുവളർന്ന ഒരാളാണ് പ്രിയ എന്നുള്ളതാണ് അതിലെ കൗതുകവും.
വിദ്യാ ബാലൻ അടക്കമുള്ള സെലിബ്രിറ്റികൾ റിക്രിയേറ്റ് ചെയ്ത ആ റീൽസിന്റെ യഥാർഥ 'ഉപജ്ഞാതാവ്' പ്രവാസി മലയാളിയായ പ്രിയ പ്രവീൺ ആണ്. തൃശൂർ സ്വദേശിയായ പ്രിയ കഴിഞ്ഞ 21 വർഷമായി ദുബായിലാണ് താമസം.
കോവിഡ് ലോക്ക്ഡൗൺ കാലത്താണ് മലയാളികൾ വ്യാപകമായി സോഷ്യൽ മീഡിയയിലേക്ക് തിരിയുന്നത്. അന്ന് ടിക് ടോക് വീഡിയോ ചെയ്യാത്ത മലയാളികൾ കുറവാണെന്ന് തന്നെ പറയാം. ലോക്ക്ഡൗണിന്റെ ബോറടി മാറ്റാൻ പ്രിയയും ടിക് ടോക് വീഡിയോകൾ ചെയ്തുതുടങ്ങി. തുടക്കത്തിൽ ഭർത്താവും മകളുമായി ചേർന്ന് സിനിമാ ഡയലോഗുകളും കോമഡി സ്കിറ്റുകളും റിക്രിയേറ്റ് ചെയ്താണ് തുടങ്ങിയത്. സ്വന്തം ശബ്ദം മോശമാണെന്ന് കേട്ടുവളർന്നതിനാൽ ആ ശബ്ദത്തിൽ വീഡിയോ ചെയ്യാനുള്ള ധൈര്യം പ്രിയക്ക് ഉണ്ടായിരുന്നില്ല.
അതിനിടയ്ക്കാണ് ലോകത്തിന്റെ പലഭാഗത്ത് പെട്ടുപോയ സുഹൃത്തുക്കളും കസിൻസും കംബൈൻഡ് വീഡിയോ ചെയ്യുന്നത് ട്രെൻഡായത്. പലയിടത്തായി ഷൂട്ട് ചെയ്യുന്ന വീഡിയോകൾ എഡിറ്റ് ചെയ്ത് ഒന്നിച്ചാക്കി പബ്ലിഷ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട പ്രിയയും ഓണക്കാലത്ത് അത് പരീക്ഷിക്കാൻ തീരുമാനിച്ചു.
സ്വന്തം സ്ക്രിപ്റ്റിങ്ങിൽ ഓണ വിഭവങ്ങൾ പലയിടത്തുനിന്നായി സുഹൃത്തുക്കൾ ഒരുക്കുന്ന വീഡിയോ അവർ ചെയ്തു. ആ വീഡിയോയിലാണ് ആദ്യമായി പ്രിയ സ്വന്തം ശബ്ദത്തിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ സ്വന്തം ശബ്ദത്തിൽ വീഡിയോ ചെയ്യാനുള്ള ധൈര്യം പ്രിയയ്ക്ക് വന്നു. കോവിഡുമായി ബന്ധപ്പെട്ടുള്ള മാർഗനിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തുതുടങ്ങിയത് അക്കാലത്താണ്. സ്വാഭാവികമായും ഹിന്ദിയിലുള്ള പ്രസംഗമായതിനാൽ ടിക് ടോക്കിൽ അതുമായി ബന്ധപ്പെട്ട ട്രോൾ വീഡിയോകൾ ട്രെൻഡായി മാറി. അപ്പോഴാണ് പലപ്പോഴായി കേട്ടിട്ടുള്ള ചില വാചകങ്ങൾ ചേർത്ത് പ്രിയ സ്വന്തം സ്ക്രിപ്റ്റിൽ നമുക്ക് ഹിന്ദി പഠിച്ചാലോ എന്നുപറഞ്ഞ് ഇസ് ദുനിയാ മേ കോയി നഹി എന്ന വീഡിയോ ചെയ്യുന്നത്.
സംഗതി ഹിറ്റായി. ഒരുപാട് പേർ ഈ വീഡിയോ റിക്രിയേറ്റ് ചെയ്തു. ഏറ്റവും ഒടുവിൽ അതേറ്റെടുത്തത് വിദ്യാ ബാലനാണ്. 2020ൽ താൻ ടിക്ടോക്കിൽ ചെയ്ത വീഡിയോ കോവിഡ് മാറി ആറുവർഷങ്ങൾക്ക് ശേഷവും ആളുകൾക്കിഷ്ടമുള്ള റീൽ കണ്ടന്റ് ആയി നിലനിൽക്കുന്ന സന്തോഷത്തിലാണ് പ്രിയ.' ഞാനിത് 2020 ഓഗസ്റ്റിൽ ചെയ്ത വീഡിയോ ആണ്. അന്ന് ടിക് ടോക് നല്ല ബൂമായി നിൽക്കുകയായിരുന്നു. മിയ ഉൾപ്പെടെയുള്ള താരങ്ങൾ വീഡിയോ റിക്രിയേറ്റ് ചെയ്ത് കണ്ടിട്ടുണ്ട്. ഇപ്പോൾ ആറുവർഷങ്ങൾക്ക് ശേഷം വിദ്യാജി ചെയ്തിരിക്കുന്നു. ഇത്രയും വൈറലായത് വിദ്യാജി ചെയ്തപ്പോഴാണ്.' പ്രിയ പറയുന്നു.
ഓരോ തവണയും സെലിബ്രിറ്റികൾ വീഡിയോ റിക്രിയേറ്റ് ചെയ്യുമ്പോൾ അതിനടിയിൽ പ്രിയയെ ടാഗ് ചെയ്ത് സുഹൃത്തുക്കളെത്തും.' ദേ നിന്റെ ശബ്ദം' എന്നും പറഞ്ഞ്. ഇത്തവണയും അങ്ങനെ ചെയ്തിരുന്നു. അപ്പോഴാണ് തന്റെ റീൽസ് വിദ്യ ബാലൻ റിക്രിയേറ്റ് ചെയ്തത് പ്രിയ അറിയുന്നത്. ‘കുട്ടിക്കാലം മുതലേ കേട്ടുവളർന്നതാണ് നിന്റെ ശബ്ദം കൊള്ളില്ലെന്ന്. മോൾ ജനിച്ചപ്പോൾ അവൾക്ക് കിട്ടിയത് ഈ ശബ്ദമാണ്, അപ്പോഴും എല്ലാവരും പറഞ്ഞു അമ്മയുടെ ഏറ്റവും മോശം സംഗതിയാണല്ലോ മോൾക്ക് കിട്ടിയത് എന്ന്. അതുകൊണ്ട് ആ ശബ്ദം വൈറലായപ്പോൾ വല്ലാത്ത സന്തോഷം തോന്നി.' പ്രിയ പറയുന്നു.
ബാങ്കിങ് സെക്ടറിൽ വർക്ക് ചെയ്തിരുന്ന പ്രിയ കുഞ്ഞ് ജനിച്ചതോടെയാണ് ജോലി വിടുന്നത്. പിന്നീട് പാഷനായ കേരള മ്യൂറൽ പെയ്ന്റിങ്ങുമായി മുന്നോട്ടുപോയി. പവിത്രം എന്ന പേരിൽ ഒരു ഓൺലൈൻ ബൊട്ടീക്കും പ്രിയയ്ക്ക് ഉണ്ടായിരുന്നു. പ്രിയതന്നെ മ്യൂറൽ പെയിന്റ് ചെയ്ത സാരികളും ചുരിദാറുകളുമാണ് വിറ്റിരുന്നത്. എന്നാൽ ഒരു കാറപടകത്തിൽ അലപം ഗുരുതരമായി പരിക്കേറ്റതോടെ വരയ്ക്കാൻ ബുദ്ധിമുട്ടായി..അതോടെ പതിയെ മ്യൂറൽ പെയിന്റിങ് നിർത്തി. ഭർത്താവ് പ്രവീൺ ദുബായിൽ സ്കൈലൈൻ ബിൽഡേഴ്സിൽ പിപി ഓപ്പറേഷൻസ് ആയി വർക്ക് ചെയ്യുന്നു. മകൾ ഗുജറാത്ത് നാഷണൽ ഫോറൻസിക് സയൻസിൽ ഫോറൻസിക് സയൻസ് വിദ്യാർഥിനിയാണ്.
തുടർച്ചയായി രസകരമായി തമാശ റീലുകൾ ചെയ്യുന്ന വിദ്യ മലയാളം സിനിമാ സംഭാഷണങ്ങൾ റിക്രിയേറ്റ് ചെയ്ത് മലയാളികളുടെ മനംകവർന്നിട്ടുണ്ട് വിദ്യാബാലൻ. പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്റെ ചപ്പാത്തി നഹി ചോർ ചോർ എന്ന് പറയുന്ന സീനും അച്ചുവിന്റെ അമ്മയിലെ ഉർവശിയുടെ കടുക് വറ സീനും വിദ്യ റിക്രിയേറ്റ് ചെയ്തത് മലയാളികൾ കയ്യടികളോടെ സ്വീകരിച്ചിരുന്നു.
Content Highlights: Priya Praveen is the original creator of the viral 'Is Duniya Mein' Hindi learning reel., The audio trend originally started on TikTok in 2020 during the COVID-19 lockdown., Bollywood actress Vidya Balan recently recreated the reel, taking it to a Pan-Indian audience., Priya overcame childhood criticism about her voice to create viral, beloved social media content.
Published: 20 Aug 2026, 11:20 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented