
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായൊരു വിവാഹ വീഡിയോയാണ് പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റേയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും. ജൂണ്‍ 25-ന് നടന്ന വിവാഹത്തിന്റെ വീഡിയോ വലിയ രീതിയിലാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. വധൂവരന്മാരുടെ തലകള്‍ തമ്മിലിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പാലക്കാട്ട് ഇത്തരം രീതികള്‍ കല്യാണങ്ങളില്‍ പിന്തുടര്‍ന്നു വരുന്നതായും ഇല്ലെന്നും തരത്തിലുള്ള രണ്ടു അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ വീഡിയോ കാണുന്ന ആര്‍ക്കും മനസിലാകുന്നതാണ് തലമുട്ടിച്ചതിനെത്തുടര്‍ന്ന് വേദനയോടെ കരഞ്ഞുനില്‍ക്കുന്ന വധുവിന്റെ അവസ്ഥ. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍ പലര്‍ക്കും വിഷയത്തില്‍ വിഭിന്നമായ അഭിപ്രായമാണുള്ളത്. സംഭവത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സജ്‌ലയും ഭര്‍ത്താവ് സച്ചിനും പ്രതികരിക്കുന്നു.
എനിക്കുണ്ടായ വേദനയെക്കുറിച്ചാണ് പറഞ്ഞത്- സജ്‌ല
ഈ വീഡിയോയില്‍ കാണുന്നത് കല്യാണപ്പെണ്ണെന്ന രീതിയില്‍ എനിക്കുണ്ടായ അനുഭവമാണ്. കല്യാണം കഴിഞ്ഞുവരുമ്പോള്‍ തന്നെ പലരും തലമുട്ടിക്കുന്ന രീതിയുണ്ടെന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ, അതിനെ ഞാന്‍ വലിയ കാര്യമായി കരുതിയില്ല. വിവാഹത്തോടനുബന്ധിച്ച് പല തമാശകളും സംഭവങ്ങളും ഉണ്ടാകുന്നതായി അറിയാമായിരുന്നു. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് ഒരു കിലോ മീറ്ററോളം നടന്നാണ് വന്നത്. എല്ലാവരും കൂടി നടക്കാന്‍ പറഞ്ഞപ്പോള്‍ ഞാനും അതിനൊപ്പം കൂടി.
സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കൂടെയുണ്ടായിരുന്നു. അതെല്ലാം തമാശയായിട്ടാണ് കണ്ടത്. ശേഷം വീട്ടിലെത്തിയപ്പോഴും തലമുട്ടിക്കണ കാര്യം വീണ്ടും പലരും പറയുകയുണ്ടായി. ഭര്‍ത്താവിന്റെ സഹോദരി അത് വേണ്ട ചേച്ചിക്ക് അതൊന്നും ഇഷ്ടമാവില്ലെന്നും പറഞ്ഞു. ചന്തം ചാര്‍ത്തി വീട്ടിലേയ്ക്ക് കയറാനൊരുങ്ങി നില്‍ക്കുന്നത് വരെ വളരെ സന്തോഷത്തോടെ ചിരിച്ചാണ് നിന്നാണ്. ഇനി തലമുട്ടിക്കലൊന്നും ഉണ്ടാവില്ലെന്നും കരുതി. പക്ഷെ അപ്രതീക്ഷിതമായിട്ടാണ് അകന്നൊരു ബന്ധു തല മുട്ടിച്ചത്. നന്നായി വേദനിച്ചു.
ആരെയും അപമാനിക്കാനോ ഒരു നാടിന്റെ രീതികളെ മോശമായി കാണിക്കാനോ അല്ല പ്രതികരിച്ചത്. അപ്രതീക്ഷിതമായി തല മുട്ടിച്ചപ്പോള്‍ തരിച്ചുപോയി. പെട്ടെന്ന് ഒന്നും മനസിലായില്ല. തലയില്‍ വിവാഹമേക്കപ്പിന്റെ ഭാഗമായി മുല്ലപ്പൂവും അലങ്കാരങ്ങളും അണിഞ്ഞതിന്റെ ഭാരം, വീട്ടുകാരെ വിട്ടുപിരിഞ്ഞതിന്റെ വിഷമം അങ്ങനെ ഒരുപാട് ടെന്‍ഷന്റെ ഇടയിലാണ് ഇതുംകൂടിയായത്. വിവാഹത്തിന്റെ മേക്കപ്പണിഞ്ഞ് മണിക്കൂറുകളോളം നില്‍ക്കുമ്പോള്‍ ഏതൊരു വധുവും തളര്‍ന്നുപോകും. കൂടെ നടന്നുകൂടിയാണ് ഞാന്‍ വന്നത്. അതെല്ലാം കൂടിയായപ്പോള്‍ ഞാനാകെ വിഷമിച്ചുപോയി.
ഒരു വ്യക്തിയോടുള്ള വൈരാഗ്യമായിട്ടല്ല ഇതിനോട് പ്രതികരിച്ചത്. ഇനി ഇവിടെ കല്യാണം കഴിച്ചുവരുന്ന പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് ഞാന്‍ തുറന്നുപറഞ്ഞത്. തല പതുക്കെ ചേര്‍ത്ത് വെച്ചാല്‍ ഇതൊരു വേദനിക്കുന്ന സംഭവമായി മാറില്ലായിരുന്നു. വരനെയും വധുവിനെയും നടത്തിച്ച സംഭവം പോലെ ഇതുമൊരു തമാശയായി മാത്രമേ കരുതൂ. തല മുട്ടിക്കുന്നതിനോട് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും അങ്ങനെ ചെയ്തത് വല്ലാതെ വിഷമിപ്പിച്ചു. തല നീരുവെക്കുകയും ചെയ്തു. വിളക്കെടുക്കുമ്പോള്‍ എനിക്കൊന്നും കാണാന്‍ കൂടി കഴിഞ്ഞില്ല. പിന്നീട് ഈ രീതിയെക്കുറിച്ച് പലരും പറഞ്ഞു കേട്ടു. സച്ചിന്റെ അമ്മയുടെ തലയും വിവാഹം വര്‍ഷങ്ങള്‍ക്ക് മുന്‍പും ഈ രീതിയില്‍ മുട്ടിച്ചിരുന്നു.
എന്നാല്‍, ആരും ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എനിക്കുണ്ടായ അനുഭവം മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. ഇനിയാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവരുത്. പലരും ഇതൊന്നും കല്യാണങ്ങളില്‍ ഇപ്പോള്‍ ചെയ്യാറില്ല. പക്ഷെ ചിലര്‍ ഈ രീതി പിന്‍തുടരുന്നുമുണ്ട്. ഒരു പുതിയ ജീവിതത്തിലേയ്ക്ക് കടക്കുമ്പോള്‍ ആരും കരഞ്ഞുകൊണ്ട് വീട്ടിലേയ്ക്ക് കയറരുത് എന്നതു മാത്രമേ ഞാന്‍ പറയുന്നുള്ളൂ. റിസപ്ഷന് മുടി കെട്ടാന്‍ പോലും കഴിയാത്ത വേദനയെനിക്ക് ഉണ്ടായി. അത്തരം അവസ്ഥ ഇനി ഉണ്ടാവരുത് എന്നുമാത്രം. അദ്ദേഹത്തെയും നാടിനെയോ മോശമാക്കി ചിത്രീകരിക്കാന്‍ വേണ്ടിയല്ല ഞാനിതെല്ലാം തുറന്നു പറഞ്ഞത്. വീഡിയോ വൈറലായതോടെ നെഗറ്റീവ് കമന്റുകളും ഒരുപാട് വന്നു. ഞാന്‍ ചെറിയൊരു കാര്യം വലിയ പ്രശ്‌നമാക്കി മാറ്റി എന്നൊക്കെ പലരും പ്രതികരിച്ചു.
"ചിറ്റൂരില്‍ പല പ്രദേശത്തും വിവാഹശേഷം വരന്റെ വീട്ടില്‍ കയറുന്നതിന് മുന്‍പ് ഇത്തരത്തില്‍ വരന്റെയും വധുവിന്റെയും തല മുട്ടിക്കുന്ന രീതിയുണ്ട്. എന്റെ വിവാഹത്തിനും ഇങ്ങനെയുണ്ടായിരുന്നു. അത് സാധാരണ കാര്യമാണ്. പക്ഷെ ചിലര്‍ അത് വേദനിപ്പിക്കുന്ന രീതിയിലോ ഒരു റാഗിങ് രീതിയിലോ ചെയ്യുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. എല്ലാ മുട്ടുകളും മാറി പുതിയ ജീവിതത്തിലേയ്ക്ക് വധുവിനെയും വരനെയും ചേര്‍ത്ത് വെക്കുന്നു എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്."
സജേഷ് ചന്ദ്രന്‍ , കൊല്ലങ്കോട് സ്വദേശി
അറിയാമായിരുന്നു, നേരിൽ കാണുന്നത് ആദ്യം- സച്ചിൻ
നിലവിളക്കെടുക്കുമ്പോള്‍ കരഞ്ഞാണ് സജ്‌ല വീട്ടില്‍ കയറിയത്. കരച്ചില്‍ കണ്ട് അമ്മയും അനുജത്തിയുമെല്ലാം വിഷമിച്ചു, അവരും കരഞ്ഞു. ഇങ്ങനെയൊരു രീതി ഇന്നാട്ടില്‍ ഉള്ളതായി നേരത്തെ അറിയാമായിരുന്നു. പക്ഷെ, ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. സ്‌നേഹത്തോടെ ജീവിക്കാന്‍ തല ചേര്‍ത്തുവെക്കുന്നതാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. അമ്മയോ ബന്ധുക്കളോ ഒക്കെയാണ് ഇങ്ങനെ ചെയ്യുന്നത്. നോവിച്ചതാണ് ബുദ്ധിമുട്ടായത്. പക്ഷെ, ഇത്രയും സംഭവമുണ്ടായതോടെ ചെയ്ത വ്യക്തി മാപ്പ് പറയുകയും ചെയ്തു. ഇങ്ങനെ വിചാരിച്ച ചെയ്തതല്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
Content Highlights: pallassana, marriage,palakkad, marriageritual, weddingvideo
Published: 27 Jun 2023, 02:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented