സിനിമാ പ്രൊമോഷനുകൾക്കിടെ താരങ്ങൾ നടത്തുന്ന തമാശകളും പരാമർശങ്ങളും ചിലപ്പോഴൊക്കെ പ്രതീക്ഷിക്കാത്ത രീതിയിലുള്ള വലിയ വിവാദങ്ങളിലേക്കും വിമർശനങ്ങളിലേക്കും വഴിമാറാറുണ്ട്. അത്തരമൊരു കടുത്ത സൈബർ പ്രതിഷേധത്തിന് ഇരയായിരിക്കുകയാണ് തെലുങ്ക് നാനി. തന്റെ പുതിയ ചിത്രമായ 'ദി പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സ്ത്രീകളുടെ ഹെയർ സ്‌റ്റൈലിനെക്കുറിച്ച് താരം നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. 'സ്ത്രീകൾ വീണ്ടും പരമ്പരാഗത രീതിയിൽ മുടി പിന്നിയിടാൻ തുടങ്ങണം' എന്ന നാനിയുടെ ഉപദേശമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളെയും സ്ത്രീകളെയും ഒരുപോലെ ചൊടിപ്പിച്ചത്.
പിന്നിയിടൽ ട്രെൻഡാക്കാൻ നാനി; പക്ഷേ സംഭവിച്ചത് മറ്റൊന്ന്
ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന 'ദി പാരഡൈസ്' എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവം നടക്കുന്നത് ഈ ചിത്രത്തിൽ നാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് 'ജഡൽ' എന്നാണ് മുടി പിന്നിയിട്ട പ്രത്യേക ഹെയർസ്‌റ്റൈലിലാണ് നാനി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ കഥാപാത്രത്തിന്റെ ഹെയർസ്‌റ്റൈലിനെക്കുറിച്ച് സംസാരിക്കവെ, ഇന്നത്തെ കാലത്ത് സ്ത്രീകളാരും മുടി പിന്നിയിടുന്നത് താൻ കാണാറില്ലെന്ന് നാനി അഭിപ്രായപ്പെട്ടു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അമിതമായ സ്വാധീനമാണ് ഇതിന് കാരണമെന്നും, സ്ത്രീകൾ പഴയതുപോലെ മുടി നന്നായി എണ്ണ തേച്ച് പിന്നിയിടുന്ന രീതിയിലേക്ക് മടങ്ങിവരണമെന്നും താരം ആവശ്യപ്പെട്ടു. പണ്ട് അമ്മമാർ പെൺകുട്ടികളുടെ മുടി എണ്ണ തേച്ച് പിന്നിയിട്ടുകൊടുത്തിരുന്ന കാര്യം ഓർമിപ്പിച്ച നാനി, തന്റെ 'ജഡൽ' എന്ന കഥാപാത്രത്തിലൂടെ ഈ പരമ്പരാഗത ഹെയർസ്‌റ്റൈൽ വീണ്ടും ഒരു ട്രെൻഡായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
വിഗ് വെച്ച് ഞങ്ങളെ ഉപദേശിക്കേണ്ട
പ്രമോഷൻ വേദിയിൽ വെച്ചുതന്നെ മാധ്യമപ്രവർത്തകരിൽ നിന്നും രസകരവും എന്നാൽ കൃത്യവുമായ മറുപടികൾ നാനിക്ക് നേരിടേണ്ടി വന്നു. അവിടെയുണ്ടായിരുന്ന ഒരു വനിതാ മാധ്യമപ്രവർത്തകയെ ചൂണ്ടിക്കാണിച്ചാണ് നാനി മുടി പിന്നിയിടാത്തതിനെക്കുറിച്ച് സംസാരിച്ചത്. എന്നാൽ, ഇന്നത്തെ കാലത്ത് പുരുഷന്മാരും മുടി നീട്ടി വളർത്തുന്നുണ്ടല്ലോ എന്ന് ആ മാധ്യമപ്രവർത്തക ഉടനടി തിരിച്ചടിച്ചു. തുടർന്ന്, 'സിനിമയ്ക്ക് വേണ്ടി സ്വന്തം മുടി വളർത്താതെ വിഗ്ഗ് വെച്ച് അഭിനയിച്ചിട്ട്, നിങ്ങൾ ഞങ്ങളോട് മുടി പിന്നിച്ചിടാൻ ഉപദേശിക്കുന്നത് എന്ത് ന്യായമാണ്?' എന്ന് മറ്റൊരു വനിതാ മാധ്യമപ്രവർത്തക തമാശരൂപേണ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സദസ്സ് മുഴുവൻ ചിരിയിലമർന്നു. ജോലിത്തിരക്കുകൾക്കിടയിൽ മുടി പരിപാലിക്കാനും പിന്നാനും ഇന്നത്തെ സ്ത്രീകൾക്ക് ആവശ്യത്തിന് സമയമില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ നാനിയും അത് സമ്മതിക്കുകയുണ്ടായി.
കടുപ്പിച്ച് സോഷ്യൽ മീഡിയ
വേദിയിലെ ചോദ്യോത്തരങ്ങൾ തമാശയായി അവസാനിച്ചെങ്കിലും, ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സൗന്ദര്യ സങ്കൽപ്പങ്ങളിലും അഭിപ്രായം പറയാൻ നാനിക്ക് എന്താണ് അവകാശമെന്നാണ് പലരും ചോദിക്കുന്നത്. 'സാർ, നിങ്ങളുടെ ഉപദേശങ്ങൾ നിങ്ങളുടെ കയ്യിൽ തന്നെ വെച്ചോളൂ. ഇതിലൊക്കെ ഇടപെടാൻ നിങ്ങൾക്കാരാണ് അവകാശം തന്നത്? മുടി പിന്നിയിടാൻ സമയവും കഠിനാധ്വാനവും പരിശീലനവും വേണം. അതിലും പ്രധാനപ്പെട്ട വലിയ വലിയ കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാനുണ്ടെന്നും ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. പുരുഷന്മാർ എപ്പോഴും നിക്കറും ബനിയനും ഇട്ട് നടക്കുന്നതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ എന്നും, ഇന്ത്യയിലെ പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രധാരണം എന്താണെന്ന് പോലും ഇവർക്ക് അറിയില്ലെന്നും മറ്റ് ചിലർ വിമർശിച്ചു. ഇന്നത്തെ കാലത്തെ വെള്ളത്തിന്റെ ഗുണനിലവാരമില്ലായ്മയും മുടികൊഴിച്ചിലും അനുഭവിക്കുന്ന സ്ത്രീകൾക്ക് മുടി പരിപാലിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു. പുരുഷന്മാർക്ക് എന്തുകൊണ്ടാണ് സ്ത്രീകളുടെ കാര്യത്തിൽ ഇത്രയും അഭിപ്രായങ്ങൾ എന്ന് ചോദിക്കുന്നവരും കുറവല്ല.
Content Highlights: Actor Nani faced backlash during 'The Paradise' promotional event in Karnataka., He suggested that women should return to traditional oiled and braided hairstyles., Female journalists and social media users strongly criticized his remarks as policing women's choices.
Published: 20 Sept 2026, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented