മുടിക്ക് കൂടുതൽ നീളവും വണ്ണവുമൊക്കെ തോന്നിക്കാൻ ഹെയർ എക്സ്റ്റൻഷനുകൾ ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. എന്നാൽ ഇവയുണ്ടാക്കുന്ന അപകടങ്ങളേക്കുറിച്ച് വ്യക്തമാക്കുന്ന ഒരു പഠനം പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. മിക്ക ഹെയർ എക്സ്റ്റൻഷൻ ഉത്പന്നങ്ങളിലും 900-ത്തിലേറെ കെമിക്കലുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയിൽ പലതും കാൻസർ, ഹോർമോൺ അസന്തുലിതാവസ്ഥ, പ്രത്യുത്പാദനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ടെന്നും പഠനം പറയുന്നു.
ഫെബ്രുവരി പതിനൊന്നിന് അമേരിക്കൻ കെമിക്കൽ സൊസൈറ്റി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. 43 വ്യത്യസ്തമായ ഹെയർ എക്സ്റ്റൻഷൻ ഉത്പന്നങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇവയിൽ സിന്തറ്റിക് എക്സ്റ്റൻഷനുകൾ, യഥാർഥ മുടിയിൽ നിന്ന് തയ്യാറാക്കിയ ഹെയർ എക്സ്റ്റൻഷനുകൾ, ഐലാഷ് എക്സ്റ്റൻഷനുകൾ, പ്ലാന്റ് ഫൈബറിൽ നിന്നുള്ളവ തുടങ്ങിയവ ഉണ്ടായിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് ഇവയിൽ 900-ത്തിലേറെ കെമിക്കലുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. ഇവയിൽ പലതും അർബുദത്തിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും പ്രതിരോധശേഷിയെ ബാധിക്കാനും കാരണമാകുന്നവയാണെന്ന് ഗവേഷകർ പറയുന്നു.
നിറം നൽകാൻ, തീ പിടിക്കാതിരിക്കാൻ, പെട്ടെന്ന് വെള്ളം കടക്കാതിരിക്കാൻ തുടങ്ങിയവയ്ക്കുവേണ്ടിയാണ് ഹെയർ എക്സ്റ്റൻഷനുകളിൽ കെമിക്കലുകൾ ചേർക്കുന്നത്. ഇവ ഹെയർ എക്സ്റ്റൻഷനുകളുടെ ആയുസ്സ് വർധിപ്പിക്കുകയും സ്റ്റൈലിഷായി നിലനിർത്തുകയും ചെയ്യും. ഹെയർ എക്സ്റ്റൻഷനുകൾ കഴുകുകയോ, ചൂടേൽപ്പിക്കുകയോ ചെയ്യുമ്പോൾ ഹാനികരമായ ഗ്യാസ് പുറപ്പെടുവിക്കുമെന്നും ഇവ കണ്ണിനും മൂക്കിനും തൊണ്ടയ്ക്കും അസ്വസ്ഥതയുണ്ടാക്കുമെന്നും ഗവേഷകർ പറയുന്നു. ദീർഘനാളായുള്ള സമ്പർക്കം കരളിന്റെ ആരോഗ്യത്തെയേയും ബാധിക്കും.
അതേസമയം ഈ കെമിക്കലുകൾ എത്രത്തോളം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ട് എന്നതിൽ വ്യക്തതയില്ലെന്നും ഗവേഷകർ പറയുന്നു. നിലവിൽ ലഭ്യമായ കെമിക്കലുകളുടെ വിവരം അനുസരിച്ച് ഒരുതരം ഹെയർ എക്സ്റ്റൻഷനുകളും തീർത്തും സുരക്ഷിതമല്ലെന്നും എന്നാൽ അപകടാവസ്ഥ കുറയ്ക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാമെന്നും ഗവേഷകർ പറയുന്നുണ്ട്.
കഴിയാവുന്നതും ടോക്സിനുകൾ ഇല്ലാത്ത ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക, അമിതമായി ചൂട് മുടിയിൽ ഏൽക്കുന്ന വിധത്തിലുള്ള സ്റ്റൈലിങ് ചെയ്യാതിരിക്കുക, ലേബൽ കൃത്യമായി പരിശോധിക്കുക തുടങ്ങിയവയാണ് സ്വീകരിക്കേണ്ട മാർഗങ്ങളേക്കുറിച്ച് ഗവേഷകർ വ്യക്തമാക്കുന്നത്.
Content Highlights: Shocking study reveals over 900 chemicals in hair extensions, many linked to cancer & hormone imbalance.
Published: 13 Feb 2026, 02:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented