‘പർദ’ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിനിടെ കരയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. പത്രസമ്മേളനത്തിന്റെ തൊട്ടുമുൻപും മുൻപങ്കാളിയിൽനിന്ന് മോശം അനുഭവം നേരിട്ടതുകൊണ്ടാണ് അന്ന് കരഞ്ഞുപോയതെന്ന് നടി വ്യക്തമാക്കി.

To advertise here,

അന്ന് താൻ കരഞ്ഞതിനെ ആളുകൾ കളിയാക്കി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമെന്നും സിംപതിക്കുവേണ്ടിയെന്നും പരിഹസിച്ചു. എന്നാൽ, ആ സംഭവത്തിന് പർദ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും നടി ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'പർദയുടെ ഏതോ ഇവന്റിൽ ഞാനൊരു ചുവന്ന ചുരിദാർ ഇട്ടിരിക്കുമ്പോൾ, എന്തോ ഒരു ചോദ്യം ജേണലിസ്റ്റ് ചോദിച്ചു. ഞാൻ കരയാൻ തുടങ്ങി. എത്രമോശം സാഹചര്യമുണ്ടായാലും സ്റ്റേജിൽ കരയുന്ന ആളല്ല. അന്ന് ഞാൻ കരഞ്ഞു', അനുപമ സംഭവം ഓർത്തെടുത്തു.

'ഒരു സ്ത്രീക്ക് കേൾക്കാൻ കഴിയുന്നതിന്റെ ഏറ്റവും മോശമായ കാര്യങ്ങൾ അന്ന് കേട്ടതുകൊണ്ടാണ്. പർദ പോലൊരു ചെറിയ ചിത്രം പ്രൊമോട്ട് ചെയ്യാൻ സംസാരിക്കാൻ സ്‌റ്റേജിലേക്ക് കയറുന്നതിന്റെ തൊട്ടുമുമ്പാണത്', അനുപമ പറഞ്ഞു.

'സംരക്ഷിക്കേണ്ട ഒരാൾ നമ്മളെ തകർത്തുകളഞ്ഞതിന് ശേഷം മാധ്യമങ്ങളുടെ മുന്നിലിരുന്ന് പോസിറ്റീവായി ചിരിച്ചുകളിക്കേണ്ട അവസ്ഥയില്ലേ! ആളുകൾ എന്നെ കളിയാക്കി. സിംപതി കാർഡ്, സിനിമയെ പ്രൊമോട്ട് ചെയ്യാനുള്ള തന്ത്രം എന്നൊക്കെ പറഞ്ഞു. എന്നാൽ, അതിന് പർദയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എന്റെ യഥാർഥ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളായിരുന്നു', അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. വിജയവാഡയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നാലെ അനുപമ കരഞ്ഞത്. 'ഒരു സിനിമയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സ്ത്രീയെന്ന നിലയിൽ ഒരു ചിത്രത്തെ നയിക്കുന്ന കഥാപാത്രമാവുകയെന്നത് ഒട്ടും എളുപ്പമല്ല', എന്ന് നടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനുപമയ്‌ക്കൊപ്പമുണ്ടായിരുന്ന ചിത്രത്തിന്റെ നിർമാതാവും സംവിധായകനും അവരെ ആശ്വസിപ്പിക്കുകയായിരുന്നു.

അതേസമയം, തന്റെ മുൻ പ്രണയബന്ധത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും അനുപമ നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി താൻ പങ്കാളിയിൽനിന്ന് നാർസിസിസ്റ്റിക് അബ്യൂസ് നേരിടുകയാണ് എന്നായിരുന്നു അനുപമയുടെ തുറന്നുപറച്ചിൽ. തന്റെ പങ്കാളി നിരന്തരം സ്ലട്ട് ഷെയിമിങ് ചെയ്തിരുന്നതായി അനുപമ വെളിപ്പെടുത്തി.