പലവിധ ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്ന കാലമാണ് മഴക്കാലം. വൈറൽ രോഗങ്ങളും ഇക്കാലത്ത് കൂടുതലായിരിക്കും. ഇതിനൊപ്പം പലരുംനേരിടുന്ന മറ്റൊരു പ്രശ്നമാണ് ‍മുടികൊഴിച്ചിൽ. മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുന്നതിന് ചില കാരണങ്ങളുമുണ്ട്. അവ ഏതൊക്കെയെന്നു പരിശോധിക്കാം.

To advertise here,

മഴക്കാലത്തെ ഈർപ്പംനിറഞ്ഞ കാലാവസ്ഥ മുടിയിഴകളെ ദുർബലമാക്കുകയും തലയോട്ടിൽ അധികമായി സെബം അടിഞ്ഞുകൂടുകയും അതുവഴി മുടികൊഴിച്ചിലിനും കാരണമാകും. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനനുസരിച്ച് മുടി ഹൈഡ്രജനെ കൂടുതൽ വലിച്ചെടുക്കാൻ കാരണമാകും. ഇത് അമിതമാകുന്നത് മുടി പൊട്ടാനും കൊഴിയാനും കാരണമാകും. ഈ കാലത്ത് വിയർപ്പ് തലയോട്ടിയിൽ തങ്ങി ഉണങ്ങാതെ കിടക്കും. ഇത് ചർമ്മത്തിലെ എണ്ണ, പൊടി, അഴുക്ക് എന്നിവയുമായി കലർന്ന് കട്ടിയുള്ള പാളിയായിരൂപപ്പെടും. ഇത് ക്രമേണ സുഷിരങ്ങളിൽ തടസ്സമുണ്ടാക്കുകയും അണുക്കൾ വളരാൻ കാരണമാവുകയും ചെയ്യും.

മഴവെള്ളവുമായുള്ള സമ്പർക്കവും മുടിയുടെ ആരോഗ്യം ഇല്ലാതാക്കും. മലിനീകരിക്കപ്പെട്ടതും ആസിഡിന്റെ അംശം ഉള്ളതുമായ മഴവെള്ളം മുടിയിലാവുക വഴി തലയോട്ടിയിൽ അടിഞ്ഞുകൂടും. ഈ രാസമിശ്രിതം മുടിയുടെ വേരുകളെ അസ്വസ്ഥമാക്കുകയും അവയ്ക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. തലയോട്ടിയിൽ പശമയം, മഴ നനഞ്ഞതിനുശേഷം തലയോട്ടിൽ ചൊറിച്ചിൽ, കഴുകുകയോ ഉണക്കുകയോ വൈകിയാൽ മുടി കൊഴിച്ചിൽ കൂടുക തുടങ്ങിയവ ലക്ഷണങ്ങളാണ്.

ഫംഗസ് അണുബാധയും താരനും വർധിക്കുന്ന കാലവുമാണിത്. മഴക്കാലത്ത് ഈർപ്പവും നനവും നിൽക്കുന്നത് തലയോട്ടിയിൽ ബാക്ടീരിയയും പൂപ്പലും കൂടുതൽ വളരാൻ കാരണമാവും. ഇത് താരൻ പെരുകാനും പേൻ വളരാനും കാരണമാവുകയും രോമകൂപങ്ങളിൽ വീക്കം വരാനും മുടികൊഴിയാനും ഇടയാക്കും. തലയിലെ ഇളം ചൂടും ഈർപ്പമുള്ള അന്തരീക്ഷവും ഫംഗസ് അണുബാധ വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ്. ഇതുവഴി താരൻ കൂടുകയും മുടികൊഴിച്ചിൽ കൂടുകയും ചെയ്യും.

ഇതിനൊപ്പം സൂര്യപ്രകാശം ലഭിക്കാത്തതുമൂലം വിറ്റാമിൻ ഡി കുറയുന്നതും മുടികൊഴിച്ചിലിലേക്കു നയിക്കും. നീണ്ടുനിൽക്കുന്ന മുടി കൊഴിച്ചിൽ, ക്ഷീണം, ഊർജക്കുറവ്, മഴക്കാലം മാറിയതിന് ശേഷവും നിൽക്കാത്ത മുടി കൊഴിച്ചിൽ തുടങ്ങിയവ വിറ്റാമിൻ ഡിയുടെ കുറവുമൂലമാണോ എന്നു പരിശോധിക്കണം.

അന്തരീക്ഷത്തിലെ ഈർപ്പം തലയോട്ടിയിലെ സ്വാഭാവിക എണ്ണയും പോഷകങ്ങളും നഷ്ടപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യും. ഇത് മുടിയുടെ വേരുകളെ ദുർബലമാക്കുകയും പെട്ടെന്ന് പൊട്ടാനും മുടികൊഴിച്ചിൽ കൂടാനും ഇടയാക്കുകയും ചെയ്യും. ഇവ കൂടാതെ മുടി ഉണക്കാൻ നിരന്തരം ഹീറ്റ് സ്റ്റൈലിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും അടിക്കടി മുടി കളർ ചെയ്യുന്നതും പോഷകാഹാരക്കുറവും സമ്മർദവും മറ്റ് രോഗങ്ങളുമൊക്കെ മുടികൊഴിച്ചിലിലേക്ക് നയിക്കാം.

പരിഹാരങ്ങൾ

  • മുടിയിലെ നനവ് നീക്കാനും ചുരുട്ടാനും സ്റ്റൈലിങ്ങിനുമൊക്കെ ഹെയർ ഡ്രയറും കേളിങ് അയേണും സ്ട്രെയ്റ്റ്നറുമൊക്കെ ഉപയോഗിക്കുന്നത് മുടിയെ വരണ്ടതാക്കുകയും പെട്ടെന്ന് പൊട്ടാനിടയാക്കുകയും ചെയ്യും. അതിനാൽ മഴക്കാലത്ത് ഇവയുടെ ഉപയോഗം കുറയ്ക്കാം.
  • നനഞ്ഞ മുടികെട്ടിവെക്കാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാനകാര്യം. നനവോടെ മുടികെട്ടി വെക്കുന്നത് മുടി വലിയാനും അറ്റം പൊട്ടാനും കാരണമാകും. മുടികെട്ടിവെക്കും മുമ്പ് നനവ് പോയെന്ന് ഉറപ്പുവരുത്തുക. ശേഷം കെട്ടിവെക്കുമ്പോൾ മുറുകാതിരിക്കാനും ശ്രദ്ധിക്കണം.
  • മുടിയിൽ എണ്ണതേച്ച് മസാജ് ചെയ്യുന്നത് ശിരോചർ‌മത്തിൽ രക്തചംക്രമണം കൂട്ടാനും മുടി കരുത്താർന്നതാക്കാനും സഹായിക്കും. കൂടാതെ മുടി ദിവസവും കഴുകാനും ശ്രദ്ധിക്കുന്നതിലൂടെ ചെളിയും സ്വാഭാവിക എണ്ണയും അടിയുന്നത് ഒഴിവാക്കാം. അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടുതവണ കഴുകുകയും വേണം.
  • വലിയ പല്ലുകൾ ഉള്ള ചീർപ്പ് ഉപയോഗിക്കുന്നതും മുടികൊഴിച്ചിൽ കുറയ്ക്കാൻ നല്ലതാണ്. ഇതിലൂടെ മുടി പൊട്ടാതിരിക്കും. കൂടാതെ അണുബാധ പകരാതിരിക്കാൻ സ്വന്തമായി ഉപയോഗിക്കുന്ന ചീർപ്പ് മറ്റുള്ളവർക്ക് പങ്കുവെക്കാതിരിക്കേണ്ടതും നിർബന്ധമാണ്.
  • ഇതുകൂടാതെ പോഷകം നിറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ശ്രമിക്കണം. സമ്മർദമുള്ള സാഹചര്യങ്ങൾ പര‌മാവധി ഒഴിവാക്കുകയും വേണം.
  • മറ്റുപലരോഗങ്ങളുമായി ബന്ധപ്പെട്ടും മുടികൊഴിച്ചിൽ കാണാം എന്നതുകൊണ്ട് അസാധാരണമായ രീതിയിൽ മുടികൊഴിച്ചിൽ പ്രകടമായാൽ വിദഗ്ധ നിർദേശം തേടാനും മടികാണിക്കരുത്.