
ജീവിതത്തില്‍ നമ്മളെ കാത്തിരിക്കുന്നത് എന്തെല്ലാമാണെന്ന് നമുക്ക് ഊഹിക്കാന്‍പോലും ചിലപ്പോള്‍ പറ്റില്ല. അദ്ഭുതങ്ങളുടേയും അപ്രതീക്ഷിത സംഭവങ്ങളുടേയും ഒരു നീണ്ടനിരയാണ് ജീവിതം. അത്തരത്തില്‍ ഒരു അമ്പരപ്പിലൂടെ കടന്നുപോയിരിക്കുകയാണ് ചൈനയിലെ ചെങ്ദു സ്വദേശികളും ദമ്പതികളുമായ യെയും സ്യൂവും.
വിവാഹത്തിന് 11 വര്‍ഷം മുമ്പ് സ്യൂ എടുത്ത ഒരു ചിത്രത്തില്‍ യെയുവിനേയും കണ്ടെത്തി എന്നതാണ് ആ അമ്പരപ്പിന് പിന്നില്‍. ക്വിങ്‌ദോയിലെ മെയ് ഫോര്‍ത്ത് സ്‌ക്വയറിന്റെ മുമ്പില്‍ നിന്ന് എടുത്ത സ്യൂവിന്റെ ചിത്രത്തിലാണ് യെയും അകപ്പെട്ടത്. മെയ് ഫോര്‍ത്ത് സ്‌ക്വയറിന്റെ പശ്ചാത്തലത്തിലാണ് സ്യൂ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതിന് പിന്നില്‍ അവ്യക്തമായി യെയുവിനെ കാണാം. എന്നാല്‍ ആ സമയത്ത് ഇരുവരും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. 2000-ത്തില്‍ അമ്മയ്‌ക്കൊപ്പം മെയ് ഫോര്‍ത്ത് സ്‌ക്വയര്‍ കാണാനെത്തിയതായിരുന്നു സ്യൂ.
2011-ല്‍ ചെങ്ദുവില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. പിന്നാലെ വിവാഹതിരായ ഇരുവര്‍ക്കും ഇരട്ട പെണ്‍കുട്ടികളും ജനിച്ചു. പിന്നീട് 2018-ല്‍ സ്യൂവിന്റെ ഫാമിലി ആല്‍ബം മറിച്ചു നോക്കുന്നതിനിടയിലാണ് ഈ ചിത്രം യെയുവിന്റെ കണ്ണിലുടക്കിയത്. തന്റെ മക്കളുടെ മുഖച്ഛായ തന്നെപ്പോലെയാണോ അതോ ഭാര്യ സ്യൂവിനെപ്പോലെയാണോ എന്നറിയാനാണ് സ്യൂവിന്റെ വീട്ടിലെ ആല്‍ബം യെയു പരിശോധിച്ചത്. അതിനിടയിലായിരുന്നു ഈ അമ്പരപ്പിക്കുന്ന കണ്ടുപിടിത്തം.
ഇതു മാത്രമല്ല, ഇരുവരേയും അവിടെ എത്തിച്ചതില്‍ അമ്മമാര്‍ക്കാണ് നന്ദി പറയേണ്ടത്. മെയ് ഫോര്‍ത്ത് സ്‌ക്വയറിലേക്ക് വിനോദയാത്ര സംഘത്തിനൊപ്പം പോകേണ്ടിയിരുന്നത് യെയുടെ അമ്മയായിരുന്നു. എന്നാല്‍ അമ്മയ്ക്ക് അസുഖമായതോടെ പകരം യെയുവിനോട് പോകാന്‍ പറയുകയായിരുന്നു. മൂന്ന് മാസം മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ അമ്മയ്‌ക്കൊപ്പമാണ് സ്യൂ സ്‌ക്വയറിലെത്തിയത്. ആശുപത്രിക്കിടക്കയിലായിരുന്ന അമ്മയ്‌ക്കൊരു ആശ്വാസം എന്ന നിലയിലായിരുന്നു ഈ യാത്ര.
ഈ രഹസ്യം കണ്ടെത്തിയതോടെ ഇരുവരും ഒരുമിച്ച് മെയ് ഫോര്‍ത്ത് സ്‌ക്വയറിലേക്ക് ഒരു യാത്ര പോയി. സ്‌ക്വയറിന് മുന്നില്‍ നിന്ന് ഒരു ചിത്രമെടുക്കുകയും ചെയ്തു. അടുത്തിടെ 'സര്‍ക്കാസ്റ്റിക് അസ്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വിചിത്ര കഥ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. എല്ലാ ദമ്പതികളും ഇപ്പോള്‍ അവരുടെ ഫോട്ടോ ഗാലറി തിരയുകയാണെന്നും ജീവിതപങ്കാളിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മള്‍ കണ്ടുമുട്ടും എന്ന് പറയുന്നതിന്റെ തെളിവാണ് ഇതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. വിധി എന്നതിന്റെ നിര്‍വചനമാണ് ഇതെന്നും ലോകം എത്ര ചെറുതാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞെന്നും കമന്റുകളുണ്ട്.
Content Highlights: married couple realise their paths crossed 11 years before they met thanks to photo
Published: 03 Oct 2024, 08:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented