പ്രഭാത ടോക് ഷോ അവതാരകയില്‍നിന്ന് വിനോദ വ്യവസായമേഖലയിലെ കരുത്തുറ്റ സാന്നിധ്യമായി ഓപ്ര മാറിയത് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ്. 'ഞാന്‍ എന്നെ ഒരു ബിസിനസ് വനിതയായി കാണുന്നില്ലെ'ന്ന് ഓപ്ര വിനീതയാകുമ്പോഴും 1995 മുതല്‍ ഫോര്‍ബ്‌സ് മാഗസിന്റെ ധനാഢ്യരുടെ പട്ടികയില്‍ ഓപ്ര വിന്‍ഫ്രിയുടെ പേര് സ്ഥിരമായി ഇടംപിടിച്ചിരുന്നു.

To advertise here,

കായലിനെ അഭിമുഖീകരിക്കുന്ന 'പെന്റ്ഹൗസ്‌' ചിക്കാഗോക്കാരുടെ വലിയ സ്വപ്‌നമാണ്. 1986-ല്‍ തന്നെ അങ്ങനെയൊരു ഭവനം വാങ്ങാനുള്ളത്രയും പണം ഓപ്ര സമ്പാദിച്ചു. കായലിനെ മാത്രമല്ല, ചിക്കാഗോ നഗരം തന്നെ മുഴുവനായും ദര്‍ശിക്കാനാവുന്ന അമ്പത്തിയേഴാം നിലയിലെ വസതി അത്യാഡംബരപൂര്‍വമാണ് ഓപ്ര സജ്ജീകരിച്ചത്. ക്രിസ്റ്റല്‍ ഷാന്‍ലിയറുകളാല്‍ അലങ്കരിച്ച അതിമനോഹരമായൊരു വീടായിരുന്നു അത്. ഡോള്‍ഫിന്റെ മാതൃകയിലുളള സ്പിഗറ്റുകളുള്ള ഒരു വലിയ മാര്‍ബിള്‍ ബാത്ടബും വൈന്‍ നിലവറയുമെല്ലാം ആ വീടിന്റെ പ്രത്യേകതകളായിരുന്നു. മനോഹരമായ പെയിന്റിങ്ങുകള്‍ ഓപ്ര വാങ്ങിക്കൂട്ടി. ഡിസൈനര്‍ വസ്ത്രങ്ങള്‍ അവളുടെ വാഡ്രോബില്‍ നിറഞ്ഞു. വളര്‍ത്തുനായ്ക്കളും ഓപ്രയുടെ ദൗര്‍ബല്യമായിരുന്നു. കൊതിപ്പിക്കുന്നതെന്തും മോഹവില കൊടുത്തു വാങ്ങാന്‍ അവള്‍ മടിച്ചില്ല. തനിക്കൊപ്പം ജോലി ചെയ്യുന്നവര്‍ക്കും, സുഹൃത്തുക്കള്‍ക്കും വേണ്ടി വാരിക്കോരി പണം ചെലവഴിക്കാനും അവള്‍ക്ക് മടിയുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് തന്നെ മോഹിപ്പിച്ച വെള്ളക്കാരുടെ ജീവിതരീതികളോട് അതിനേക്കാള്‍ ആര്‍ഭാടത്തില്‍ ജീവിച്ച് പകരംവീട്ടുകയായിരുന്നു ഓപ്ര. 

ചൂതാട്ടമെന്ന് വിശേഷിപ്പിക്കാന്‍ തോന്നുംവിധമായിരുന്നു പണമെറിഞ്ഞു പണം വാരുന്ന ഓപ്രയുടെ രീതികള്‍. ഓപ്രയെന്ന പേര് തിരിച്ചിട്ടാല്‍ കിട്ടുന്ന ഹാര്‍പോയെന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഓപ്ര ആരംഭിക്കുന്നത് 1986-ലാണ്. ടെലിവിഷന്‍ മേഖലയില്‍ ഏററവുമധികം പ്രതിഫലം കൈപ്പറ്റുന്ന ഓപ്രയുടെ ബ്രെയിന്‍ ചൈല്‍ഡ്! ചിക്കാഗോയായിരുന്നു ആസ്ഥാനം. താമസിയാതെ ഓപ്ര വിന്‍ഫ്രി ഷോയുടെ ഉടമസ്ഥാവകാശവും നിര്‍മാണവും ഹാര്‍പോ പ്രൊഡക്ഷന്‍സ് ഏറ്റെടുത്തു. സ്വന്തം ടോക് ഷോയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ, നിര്‍മാണം ഏറ്റെടുത്ത ആദ്യവനിതയായി അവിടെയും ഓപ്ര. 88-ലാണ് റേഡിയോ ആന്റ് ടെലിവിഷന്‍ സൊസൈറ്റിയുടെ 'ബ്രോഡ്കാസ്റ്റര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം ഓപ്ര കരസ്ഥമാക്കുന്നത്. ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അഞ്ചാമത്തെ വനിതയുമായിരുന്നു അവര്‍. 

അതേവര്‍ഷമാണ് 20 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കി ചിക്കാഗോയിലെ ഒരു ലക്ഷം ചതുരശ്ര അടിയുളള വലിയ ടെലിവിഷന്‍ ഫിലിം പ്രൊഡക്ഷന്‍ കെട്ടിടം ഓപ്ര സ്വന്തമാക്കുന്നതും നവീകരണജോലികള്‍ ആരംഭിക്കുന്നതും. 1990 മുതല്‍ സ്വന്തം കെട്ടിടത്തില്‍ ദി ഓപ്ര വിന്‍ഫ്രി ഷോയും മറ്റ് ഹാര്‍പോ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷനുകളും ആരംഭിച്ചു. 1996 ആയപ്പോഴേക്കും ബ്രോഡ്കാസ്റ്റിങ് മേഖലയിലെ ഉയര്‍ന്ന അംഗീകാരമായി കണക്കാക്കുന്ന ജോര്‍ജ് ഫോസ്റ്റര്‍ പീബോഡി വ്യക്തിഗതനേട്ടത്തിനുളള പുരസ്‌കാരം ഹാര്‍പോയുടെ സിഇഒയായ ഓപ്ര കരസ്ഥമാക്കി. അമേരിക്കയില്‍ സ്വന്തം ഉടമസ്ഥതയില്‍ സ്റ്റുഡിയോയും പ്രൊഡക്ഷന്‍ ഹൗസമുളള ആദ്യ കറുത്തവനിതയായിരുന്നു ഓപ്ര.

വായനയിലൂടെ പടുത്തുയര്‍ത്തിയ ജീവിതമായതിലാകണം അമേരിക്കന്‍ പൗരന്മാരെ വായനക്കാരാക്കുക എന്ന ലക്ഷ്യത്തോടെ ഓപ്രാസ് ബുക്ക് ക്ലബിന് അവര്‍ തുടക്കമിടുന്നത്. 1996-ലായിരുന്നു അത്. തുടക്കത്തില്‍ ഓപ്ര ഷോയിലെ ഒരു സെഗ്മെന്റായിരുന്നു ഇത്. ഓരോ മാസവും ഒരു നോവല്‍ വായനക്കാര്‍ക്കായി പരിചയപ്പെടുത്തും. ആ തിരഞ്ഞെടുപ്പുകള്‍ അവരെ ഇടയ്ക്ക് വിവാദങ്ങളിലേക്കും നയിച്ചിട്ടുണ്ട്.തന്റെ നോവല്‍ ഓപ്ര തിരഞ്ഞെടുത്തതില്‍ ജൊനാഥന്‍ ഫ്രാന്‍സെന്‍സ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് അത്തരത്തില്‍ ഒന്നായിരുന്നു. പരിപാടിയില്‍ ഓപ്ര തിരഞ്ഞെടുക്കുന്ന, ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങളെല്ലാം ബെസ്റ്റ്‌സെല്ലറുകളായി. പിന്നീട് ഇതേ സെഗ്മന്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ അവതരിപ്പിച്ചിരുന്നു ഓപ്ര. 2019-മാര്‍ച്ചില്‍ ആപ്പിള്‍ ടിവി പ്ലസിലൂടെ ബുക് ക്ലബ് വീണ്ടും മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരുന്നു.

ഓപ്രയുടെ അഭിപ്രായങ്ങള്‍ പൊതുജനങ്ങളില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരുന്നത്. ഓപ്ര പറയുന്നതെന്തും വാങ്ങാന്‍ ജനങ്ങള്‍ തയ്യാറാകുന്ന അവസ്ഥ. ഓപ്ര ഇഫക്ട് എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്. ചില വന്‍കിട കമ്പനികളുമായുള്ള സഹകരണത്തിലൂടെ ഓപ്ര വിന്‍ഫ്രി ഷോ വന്‍ പരസ്യ വരുമാനം നേടിയിരുന്നു. 1997 ആയപ്പോഴേക്കും ഹാര്‍പ്പോയുടെ വരുമാനം 150 മില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. 

സ്വന്തം വെബ്‌സൈറ്റ് ഓപ്ര ആരംഭിക്കുന്നത് 1998-ലാണ്. എബിസി ഇന്റര്‍നെറ്റ് ഗ്രൂപ്പിന്റെയും ഹാര്‍പോ പ്രൊഡക്ഷന്റെയും പങ്കാളിത്തത്തിലായിരിന്നു ഡിജിററല്‍ മേഖലയിലേക്കുളള ചുവടുവെയ്പ്. തൊട്ടുപിന്നാലെ സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ടുളള ഓക്‌സിജന്‍ മീഡിയ എന്ന പുതുസംരംഭത്തിന് തുടക്കം കുറിച്ചു. ജെറാള്‍ഡൈന്‍ ലേബോണ്‍, മാര്‍സി സാര്‍സി, ടോം വെര്‍ണര്‍, കാരിന്‍ മന്ദബച്ച് എന്നിവരാണ് ഈ സംരംഭത്തില്‍ ഓപ്രയ്‌ക്കൊപ്പം കൈകോര്‍ത്തത്. ഏറ്റവും മികച്ച വനിതാ ലൈഫ്‌സ്റ്റൈല്‍ വെബ്‌സൈറ്റായി ഓപ്ര ഡോട് കോം. അതേ വര്‍ഷം തന്നെയാണ് ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്കിന് ഓപ്ര രൂപം കൊടുത്തതും. മറ്റുളളവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുളളവരെ പ്രോത്സാഹിപ്പക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നത്. നിരവധി ചാരിറ്റി പ്രൊജക്ടുകള്‍ക്ക് തുടക്കം കുറിക്കുകയും പിന്തുണനല്‍കുകയും ചെയ്തിരുന്നു ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്. സ്ത്രീകളെയും കുട്ടികളെയും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായിരുന്നു ഓപ്ര ഇതിലൂടെ മുന്‍തൂക്കം നല്‍കിയിരുന്നത്. 

2000-ത്തില്‍ ഹിയേഴ്‌സ്റ്റ കോര്‍പറേഷനുമായി ചേര്‍ന്ന് ഹാര്‍പോ ഒ മാഗസിന്‍ ആരംഭിച്ചു. മാസത്തില്‍ ഒരു തവണ പ്രസിദ്ധീകരിക്കുന്ന ഒ മാഗസിന്‍ 18-നും 49-നും ഇടയില്‍ പ്രായമുളള  സ്ത്രീകളുടെ വ്യക്തിഗതവളര്‍ച്ചയക്ക് മാര്‍ഗദര്‍ശിയാകാനാണ് ശ്രമിച്ചത്. മാഗസിന്റെ കവര്‍ ഓപ്രയുടെ ചിത്രങ്ങള്‍ തന്നെയായിരുന്നു. സ്വപ്‌നം കാണാനും ആത്മാഭിമാനം വളര്‍ത്താനും വ്യക്തിപരമായി വളരാനും സാമ്പത്തികമായി സ്വന്തംകാലില്‍ നില്‍ക്കാനും സ്ത്രീകളെ പ്രേരിപ്പിക്കുകയായിരുന്നു ഓപ്ര. ഓപ്രയുടെ മാഗസിനിലെ ഒരു പേജ് പരസ്യത്തിനായി പരസ്യദാതാക്കള്‍ ക്യൂ നിന്നുവെന്നുവേണം പറയാന്‍. 24 ലക്ഷം പ്രതിമാസ വായനക്കാരാണ് ഓപ്ര മാഗസിന് ഇന്നുളളത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിജയകരമായ സംരംഭമെന്നാണ് ഒ മാഗസിനെ ഫോര്‍ബ്‌സ് വിശേഷിപ്പിച്ചത്. 2004-ല്‍ ഒ അറ്റ് ഹോം എന്ന ഹോം ഡിസൈന്‍ മാഗസിനും ഓപ്ര തുടങ്ങി.

ശബ്ദലോകത്തും ഓപ്ര തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 2006-ലാണ് ഹാര്‍പോ പ്രൊഡക്ഷന്‍ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. കാലികവിഷയങ്ങള്‍, ആരോഗ്യം, പോഷാകാഹാരം, ശാരീരികക്ഷമത തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള റേഡിയോ പ്രോഗ്രാമുകള്‍ക്കും പ്രേക്ഷകരുണ്ടായി. 2015 ജനുവരി ഒന്നിന് റേഡിയോ പ്രക്ഷേപണം അവസാനിപ്പിച്ചു. 2011-ല്‍ ആരംഭിച്ച ഓപ്ര വിന്‍ഫ്രി നെറ്റ് വര്‍ക്ക് (OWN)ഹാര്‍പോ സ്റ്റുഡിയോയുടേയും ഡിസ്‌കവറി കമ്മ്യൂണിക്കേഷന്റെയും ഉടമസ്ഥതയിലുളളതായിരുന്നു. ന്യൂസ് ഷോകളായിരുന്നു തുടക്കം. പിന്നീട് നിരവധി ടോക് ഷോകളും OWN ല്‍ ഇടംനേടി. ഓപ്രയുടെ വരുമാനത്തിന്റെ ഏറിയപങ്കും ഓപ്ര തീകൊണ്ടുകളിക്കുന്നവെന്ന് തുടക്കത്തില്‍ വിശേഷിപ്പിക്കപ്പെട്ട OWNല്‍ നിന്നുളള ലാഭമാണ്. 

'ആദ്യം ഞാന്‍ കരുതി ഒരു നെറ്റ്‌വര്‍ക്ക്, ആഹാ വളരെ മഹത്തായ കാര്യം, ഇതാണ് എന്റെ സ്വപ്‌നം..എന്നാല്‍ ആ സ്വപ്‌നം എനിക്കൊപ്പം സ്ഥിരതാമസമാക്കിയതോടെ ഞാന്‍ ചിന്തിച്ചു. എന്തിലേക്കാണ് ഞാന്‍ എന്നെകൊണ്ടുചെന്നിട്ടത്. ചിന്തിച്ചതിനേക്കാള്‍ കൂടുതലാണ് ജോലികള്‍. ഞാന്‍ വളരെയധികം ഭയപ്പെട്ടിരുന്നു. അര്‍ദ്ധരാത്രിയില്‍ ഞെട്ടി എഴുന്നേല്‍ക്കും. എന്റെ നെഞ്ചില്‍ എന്തോ മുറുക്കിപ്പിടിക്കുന്നത് പോലെയൊരു അനുഭവം. ഞാനെന്താണീ ചെയ്തത് എന്ന് ചിന്തിച്ചുകൂട്ടും.' 65 ലക്ഷം പ്രേക്ഷകരുളള, 145 രാജ്യങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന ഷോ അവസാനിപ്പിച്ച് പുതിയൊരു നെറ്റ്‌വര്‍ക്കിലേക്ക് ചുവടുമാറ്റിയതിന്റെ ആദ്യദിവസങ്ങളെ ഓപ്ര ഓര്‍ക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കി ക്വീന്‍ ഓഫ് ആള്‍ മീഡിയ എന്ന ടൈറ്റിലിലേക്ക് ഓപ്ര വളര്‍ന്നു. ഇതിനിടയില്‍ എണ്ണമറ്റ പുരസ്‌കാരങ്ങളും ബഹുമതികളും വിശേഷണങ്ങളും ഓപ്രയെന്ന പേരിനോട് ചേര്‍ന്നു, ചിലതെല്ലാം ചരിത്രം സൃഷ്ടിച്ചു.  

ഫോബ്‌സിന്റെ ഏറ്റവും പുതിയ പട്ടിക പ്രകാരം(12/18/23) 2.5 ബില്യണ്‍ യു.എസ്. ഡോളറാണ് ഓപ്രയുടെ ആസ്തി. ന്യൂജഴ്‌സിയിലെ ലാവലെറ്റില്‍ ഒരു വസതി, ചിക്കാഗോയില്‍ അപാര്‍ട്ട്‌മെന്റ്, ഫ്‌ളോറിഡ ഫിഷര്‍ ദ്വീപിലെ എസ്റ്റേറ്റ്, കോളറാഡോ ടെല്യൂറൈഡിലെ ഭവനം, ആന്റിഗ്വ, ഹവായി, മൗയി, ഓര്‍കസ് ഐലന്‍ഡ് എന്നിവിടങ്ങളിലെ പ്രോപ്പര്‍ട്ടി തുടങ്ങി അവധിക്കാല വസതികളും ഫാം ഹൗസുകളും അതിഥി മന്ദിരങ്ങളും നിക്ഷേപങ്ങളുമായി ഓപ്രയുടെ പേരില്‍ നിരവധി വസ്തുവകകളുണ്ട്. 

കാലിഫോര്‍ണിയ മോണ്ടെസിറ്റോയിലെ ഓപ്രയുടെ പ്രോമിസ്ഡ് ലാന്‍ഡ് എന്നുപേരിട്ടിരിക്കുന്ന വീടാണ് അക്കൂട്ടത്തില്‍ പ്രധാനം. 2001-ലാണ് ഏകദേശം അമ്പതുമില്യണ്‍ യുഎസ് ഡോളര്‍ മുടക്കി ഓപ്ര ഈ ഭവനം സ്വന്തമാക്കുന്നത്. താര എന്നുവിളിച്ച ആ വസതിക്ക് ആ പേര് മതിയാകില്ലെന്ന് ഫിറ്റ്‌നെസ്സ് ഗുരുവായ ബോബ് ഗ്രീന്‍ ഉപദേശിച്ചു. 'മിസിസ്സിപ്പിയില്‍ നിന്നുള്ള ആഫ്രിക്കന്‍- അമേരിക്കന്‍ വനിതയാണ് നിങ്ങള്‍..നിങ്ങളുടെ കൈവശം ഇത്രയും നല്ലൊരു പ്രോപ്പര്‍ട്ടി. അതൊരു വലിയ കാര്യമാണ്. ഇതൊരു വാഗ്ദത്തഭൂമിയാണ്.' ബോബ് പറഞ്ഞു. അങ്ങനെ താര പ്രോമിസ്ഡ് ലാന്‍ഡായി മാറി. 

placeholder
.
പ്രോമിസ്ഡ് ലാന്‍ഡ് | Screengrab,Youtube Video

ബിലവഡ് എന്ന സിനിമയുടെ പരാജയമേറ്റുവാങ്ങിയ കാലത്താണ് ഈ പ്രോപ്പര്‍ട്ടി ഓപ്ര സ്വന്തമാക്കുന്നത്. ഹാര്‍പോ ഫിലിംസ് നിര്‍മിച്ച ആദ്യചിത്രമായിരുന്നു ബിലവഡ്. ചിത്രം ബോക്‌സോഫീസില്‍ അതിദയനീയമായി പരാജയപ്പെട്ടു. ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രം പരാജയപ്പെട്ടത് ഓപ്രയെ തളര്‍ത്തിയെങ്കിലും വലിയ മാറ്റങ്ങള്‍ താന്‍ കൊണ്ടുവരേണ്ടതുണ്ടെന്ന ചിന്തയില്‍നിന്നാണ് മോണ്ടെസിറ്റോയില്‍ ഓപ്ര ഈ വസതിയെടുക്കുന്നത്. അഞ്ചു വര്‍ഷത്തോളം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് പ്രോമിസ്ഡ് ലാന്‍ഡ് വാസയോഗ്യമായത്. 42 ഏക്കറില്‍ ഓക്ക് മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഒരു വനം തന്നെ നിര്‍മിച്ചെടുത്തു അവര്‍. വലിയൊരു ഫൗണ്ടെയ്‌നും നിര്‍മിച്ചു. 

23,000 ചതുരശ്ര അടിയിലുളള ജോര്‍ജിയന്‍ ശൈലിയിലുള്ള ആ വീട് വലിയൊരു കൊട്ടാരം തന്നെയായിരുന്നു. ബെഡ്‌റൂമുകള്‍ക്ക് പുറമേ വൈന്‍ നിലവറയും ലൈബ്രറിയും തിയേറ്ററും അവിടെ ഉണ്ടായിരുന്നു. റോസച്ചെടികളും ഫൗണ്ടെയ്‌നുകളും ഉളള വിശാലമായ പൂന്തോട്ടം, 6000 സ്‌ക്വയര്‍ ഫൂട്ടിലുള്ള റെഡ്വുഡ് ഗസ്റ്റ് ഹൗസ്, പൂള്‍, ടെന്നീസ് കോര്‍ട്ട് ഇതിനെല്ലാം നടുക്കായിട്ടായിരുന്നു ഓപ്രയുടെ രമ്യഹര്‍മ്മ്യം. 2001-ല്‍ വാങ്ങിയ പ്രോമിസ്ഡ് ലാന്‍ഡിന്റെ ഇന്നത്തെ മൂല്യം നൂറുമില്യണ്‍ ഡോളറിലധികമാണത്രേ.. അങ്ങനെ എഴുപതിലെത്തി നില്‍ക്കുന്ന ഓപ്രയുടേതായി എത്രയെത്ര വസതികള്‍. 

(തുടരും)


Reference :

https://www.thebalancesmb.com/oprah-winfrey-entrepreneur-1200951
https://edition.cnn.com/ampstories/entertainment/how-oprah-winfrey-built-her-business-empire
https://www.incomediary.com/own-it-15-inspiring-business-lessons-from-oprah-winfrey