
ജീവിതം മാറ്റിയെഴുതിയത് അച്ഛനാണെന്ന് ഓപ്രയെപ്പോഴും പറഞ്ഞിരുന്നു. ജീവിതത്തില്‍ വിജയങ്ങള്‍ ഒന്നൊന്നായി തേടിയെത്തിയപ്പോള്‍ പരിഭവങ്ങള്‍ മാറ്റിവെച്ച് അമ്മയേയും തനിക്കൊപ്പം ഓപ്ര ചേര്‍ത്തുനിര്‍ത്തി. ഓപ്രയ്‌ക്കൊപ്പം നടന്ന മറ്റുചിലരുണ്ട്. ആത്മാര്‍ഥ സുഹൃത്ത് എന്തായിരിക്കണമെന്ന് ലോകത്തെ പഠിപ്പിച്ച ഗെയ്ല്‍ കിങ്, ജീവിതപങ്കാളിയുടെ നിര്‍വചനം തിരുത്തിയെഴുതിയ സ്റ്റെഡ്മാന്‍.ഓപ്രയുടെ പ്രചോദനമായിരുന്ന ബാര്‍ബറ വാള്‍ട്ടേഴ്‌സ്.. ഓപ്രയുടെ ഉയര്‍ച്ച താഴ്ചകളില്‍ തോളോടുതോള്‍ ചേര്‍ന്ന് നിന്നവര്‍. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കുള്ള അവളുടെ യാത്രയില്‍ മാനസിക പിന്തുണയേകിയവര്‍.. ഇടയ്‌ക്കെങ്കിലും ഇടറിയപ്പോള്‍ താങ്ങും തണലുമായവര്‍...
ഗെയില്‍ കിങ്

'അവള്‍, എനിക്കൊരിക്കലും ഇല്ലാതിരുന്ന എന്റെ അമ്മയാണ്.
എല്ലാവരും ആഗ്രഹിക്കുന്ന ഒരു സഹോദരിയാണ്.
എല്ലാവരും അര്‍ഹിക്കുന്ന ഒരു സുഹൃത്താണ്.
അവളേക്കാള്‍ മികച്ച ഒരു വ്യക്തിയെ എനിക്കറിയില്ല.'
-ബാര്‍ബറ വാള്‍ട്ടേഴ്‌സിന് നല്കിയ ഒരു അഭിമുഖത്തില്‍ കണ്ണീരോടെയാണ് ആത്മാര്‍ഥ സുഹൃത്തായ ഗെയ്ല്‍ കിങ്ങ് തനിക്കാരാണെന്ന് ഓപ്ര വിശദീകരിച്ചത്.
വളരെ എളുപ്പത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കുന്ന ശീലം ഓപ്രയ്ക്കുണ്ടായിരുന്നില്ല. ആരോടെങ്കിലും അടുപ്പം തോന്നിക്കഴിഞ്ഞാല്‍ വര്‍ഷങ്ങളോളം ആ ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യും. അക്കൂട്ടത്തില്‍ ഒന്നാമത്തെ ആളായിരുന്നു ഗെയില്‍. ബാള്‍ട്ടിമോറിലെ WJZ പ്രാദേശിക ടെലിവിഷനില്‍ ജോലി ചെയ്യുന്ന കാലത്താണ് (1976) ഓപ്രയും ഗെയ്‌ലും സുഹൃത്തുക്കളാകുന്നത്. ആറുമണി ഷോയുടെ അതാരകയായിരുന്നു ഓപ്ര. പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്ന ഗെയില്‍ ഓപ്രയെന്ന അവതാരകയുടെ ആരാധികയായിരുന്നു.
തൊഴില്‍പരമായും വ്യക്തിപരമായും നോക്കുകയാണെങ്കില്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് ഇരുവരും. മേരിലന്‍ഡ് സ്വദേശിയായിരുന്നു ഗെയില്‍. ഓപ്രയേക്കാള്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്ന മധ്യവര്‍ഗ കുടുംബാംഗം. ഒരു കൊടുങ്കാറ്റാണ് ഓപ്രയും ഗെയ്‌ലും തമ്മിലുളള സൗഹൃദത്തിന് നിമിത്തമാകുന്നത്. ജോലി കഴിഞ്ഞ് രാത്രി മേരിലന്‍ഡിലേക്ക് സ്വയം ഡ്രൈവുചെയ്തുപോകുന്ന ഗെയ്‌ലിന് അന്നുരാത്രി കാറ്റുവീശിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനായില്ല. ഗെയ്‌ലിനെ ഓപ്ര ബാള്‍ട്ടിമോറിന് സമീപമുളള തന്റെ കൊളംബിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചു. 'എന്നെപ്പോലെയെന്ന് എനിക്ക് തോന്നിയ മറ്റൊരുപെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി'യെന്നാണ് ഗെയ്ല്‍ ആ സൗഹൃദത്തിന്റെ തുടക്കത്തെ കുറിച്ച് ഓര്‍ക്കുന്നത്. അന്നുതുടങ്ങിയ സൗഹൃദം അതേ ഊഷ്മളതയോടെ തുടരുന്നു.
ലഭിക്കാതെ പോയ സഹോദരസ്‌നേഹവും അമ്മയുടെ കരുതലും ഓപ്ര ആദ്യമായി അനുഭവിക്കുന്നത് ഗെയിലിലൂടെയാണ്. സന്തോഷത്തിലും സങ്കടത്തിലും ഉയര്‍ച്ചയിലും താഴ്ചയിലും തൊഴില്‍രംഗത്തും പരസ്പരം താങ്ങും തണലുമായി അവര്‍ വളര്‍ന്നു. ഓപ്ര വിന്‍ഫ്രി ഷോ ജീവിതം തന്നെയായി മാറിയ ഘട്ടത്തില്‍ സംഘര്‍ഷങ്ങളെല്ലാം ഓപ്ര ഇറക്കിവെച്ചത് ഒരു കോളിനപ്പുറത്തുളള ഗെയിലിന് മുന്നിലാണ്. തളര്‍ന്നിരിക്കുമ്പോള്‍ ചേര്‍ത്തുപിടിക്കുന്ന, മടുത്തെന്ന് തോന്നുമ്പോള്‍ പിറകില്‍ നിന്ന് ഉന്തുന്ന, എന്തിനും കൂടെനില്‍ക്കുന്ന, എന്തുവെട്ടിത്തുറന്നു പറയാവുന്ന കൂട്ടുകാരി. ചിയര്‍ ലീഡറെന്നാണ് ഗെയിലിനെ ഓപ്ര വിശേഷിപ്പിച്ചിരുന്നത്. തിരിച്ചും അങ്ങനെത്തന്നെ. ഗെയ്‌ലിന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളിലെല്ലാം ഓപ്രയുണ്ടായിരുന്നു. വിവാഹത്തിനും കുഞ്ഞുങ്ങളുണ്ടായപ്പോഴും വിവാഹമോചനം നേടിയപ്പോഴും ഗെയ്‌ലിന് പിന്നില്‍ നിഴലായി. ഓപ്ര ശതകോടീശ്വരിയായ ഒരു ബിസിനസ് വനിതയായിരുന്നെങ്കില്‍ എമ്മി കരസ്ഥമാക്കിയ മാധ്യമപ്രവര്‍ത്തകയും ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് കേബിള്‍ ഹാള്‍ ഓഫ് ഫെയിം അംഗവുമായിരുന്നു ഗെയ്ല്‍. അല്പം വൈകിയാണെങ്കിലും 2019-ല്‍ ടൈം മാഗസിന്റെ കവറായിരുന്നു ഗെയ്ല്‍.
ആ സൗഹൃദത്തെ ഉള്‍ക്കൊള്ളാനാവാത്തവര്‍ സ്വവര്‍ഗാനുരാഗമെന്ന് പോലും തെറ്റിദ്ധരിച്ചു. സ്വതവേ തമാശക്കാരിയായ ഓപ്രയെ ശുണ്ഠിപിടിപ്പിക്കുന്ന ഏക ചോദ്യമായിരുന്നു അത്. 'ഞാനൊരു ലെസ്ബിയനല്ല. ഈ ചോദ്യം എന്നെ പ്രകോപിപ്പിക്കുന്നത് ഞാന്‍ കള്ളം പറയുകയാണെന്ന് ആരെങ്കിലും കരുതുന്നു എന്നുള്ളതുകൊണ്ടാണ്. ഞങ്ങള്‍ തമ്മിലുള്ളത് അത്തരമൊരു ബന്ധമാണെങ്കില്‍ എന്തിന് ഞാനത് ഒളിച്ചുവെക്കാന്‍ ശ്രമിക്കണം. ഒളിച്ചുവെച്ചുകൊണ്ടല്ല ഞാനെന്റെ ജീവിതം നയിക്കുന്നത്.' ഓപ്ര പറയുന്നു.
നിരവധി തവണ ഓപ്ര ഷോയില്‍ അതിഥിയായെത്തിയിട്ടുണ്ട് ഗെയ്ല്‍. ഓപ്രയുടെ നാല്‍പതാം പിറന്നാളിന് ജീവിതം നാല്‍പതിലെത്തുമ്പോള്‍ എന്നൊരു ഷോ തന്നെ ഓപ്ര സംഘടിപ്പിച്ചു. അതിഥികളായ ഗ്ലാഡിസ് നൈറ്റ്, ഫിലീഷ്യ റഷാദ്, അരേത ഫ്രാങ്ക്‌ളിൻ, പാറ്റി ലാബെല്‍ എന്നിവരെല്ലാം നാൽപതുകളിലെ തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഷോയുടെ മധ്യത്തില്‍ പിറന്നാള്‍ ആശംസകളുമായി ഗെയ്ല്‍ എത്തുന്നത്. ഓ, ഗെയ്ല്‍ ഇവിടെയുണ്ട്! എന്നുറക്കെ പറഞ്ഞ് അത്ഭുതപ്പെട്ടുനില്‍ക്കുന്ന ഓപ്രയ്ക്കരികിലേക്ക് ഓടിയെത്തി ഗെയ്ല്‍ അവളെ കെട്ടിപ്പുണര്‍ന്നു. സന്തോഷത്താല്‍ കരഞ്ഞ ഓപ്രയെ നോക്കി 'പിറന്നാളിന് പാടാന്‍ എന്റെ കൈയില്‍ പാട്ടുകളൊന്നുമില്ല, അതിഥികളെ പോലെ ഉപദേശങ്ങളുമില്ല, പക്ഷേ ഈ ദിനത്തില്‍ നിനക്കൊപ്പമിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു'വെന്നാണ് അന്ന് ഗെയ്ല്‍ പറഞ്ഞത്. ആ സൗഹൃദത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന നിമിഷങ്ങളായിരുന്നു അത്.
ഓപ്ര ഷോയുടെ ആരാധകര്‍ക്ക് ഇന്നും പ്രിയപ്പെട്ട എപ്പിസോഡുകളില്‍ ഒന്നാണ് ഓപ്രയും ഗെയ്‌ലും കൂടി സാന്റ ബാര്‍ബറയില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് നടത്തിയ റോഡ് ട്രിപ്പ്. സുഹൃത്തുക്കള്‍ക്കിടയിലെ തമാശകളും കൊച്ചുകൊച്ചു പിണക്കങ്ങളും എഡിറ്റ് ചെയ്യാതെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഓപ്രയും ഗെയ്‌ലും വരെ വഴക്കിടും എന്നൊരു ശൈലിപോലും ആ ഷോയുടെ ഭാഗമായി അമേരിക്കക്കാര്‍ക്കിടയില്‍ രൂപപ്പെട്ടു. യാത്രയ്ക്കിടെ അവര്‍ ബിങ്കോ കളിച്ചു, കൗബോയ്‌സിനെ കണ്ടുമുട്ടി, ഒരു കല്യാണത്തില്‍ പോലും പങ്കെടുത്ത് ആഘോഷിച്ചു. ഒറ്റവാക്കില്‍ ഇതിഹാസമായിരുന്നു ഓപ്ര ഷോയിലെ ആ സൗഹൃദ എപ്പിസോഡ്.
സ്റ്റെഡ്മാന്‍ ഗ്രഹാം

സ്റ്റെഡ്മാന്‍ ഗ്രഹാം, ഓപ്രയുടെ തന്നെ വാക്കുകളിൽ പറയുകയാണെങ്കില്‍ അവരുടെ ജീവിതത്തിലെ പുരുഷന്‍. പക്ഷേ അവര്‍ ഒരിക്കലും വിവാഹിതരായില്ല. സ്പിരിച്ചല്‍ പാര്‍ട്ട്‌നേഴ്‌സ് എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ബിസിനസ്സ്മാനായിരുന്നു സ്റ്റെഡ്മാന്‍. മികച്ച സംരഭകനെന്നും എഴുത്തുകാരനെന്നും പ്രാസംഗികനെന്നും പേരുകേള്‍പ്പിച്ചയാള്‍. 1986ല്‍ ഷിക്കാഗോയില്‍ നടന്ന ഒരു ചാരിറ്റി പരിപാടിയില്‍ വെച്ചാണ് ഓപ്രയും സ്റ്റെഡ്മാനും ആദ്യം കാണുന്നത്. പിന്നീട് പലപ്പോഴും നഗരത്തില്‍വെച്ച് അദ്ദേഹത്തെ ഓപ്ര കണ്ടിട്ടുണ്ടെങ്കിലും അന്നെല്ലാം അദ്ദേഹത്തിനൊപ്പം പെണ്‍സുഹൃത്തുണ്ടായിരുന്നു. 1974 സ്റ്റെഡ്മാന്‍ ഗ്ലെന്‍ഡ ഗ്രഹാം എന്നൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ അദ്ദേഹത്തിന് വെന്‍ഡി എന്ന പേരില്‍ ഒരു മകളുമുണ്ട്.
സുഖമില്ലാതെയിരിക്കുന്ന ഒരു സുഹൃത്തിനെ കാണാനായെത്തുമ്പോഴാണ് സ്‌റ്റെഡ്മാനെ ഓപ്ര തനിച്ചു കാണുന്നത്. ബിയര്‍ കഴിക്കണോ എന്നായിരുന്നു ഓപ്രയുടെ ആദ്യ ചോദ്യം. ബിയര്‍ കഴിക്കില്ലെന്ന് സ്‌റ്റെഡ്മാന്‍ മറുപടിയും പറഞ്ഞു. മദ്യം കഴിക്കില്ലെന്ന സ്വഭാവസവിശേഷതയൊന്നും മതിയായിരുന്നില്ല ഓപ്രയില്‍ മതിപ്പുളവാക്കാന്‍. സുഖമില്ലാത്ത സുഹൃത്തിന് കൂട്ടിരിക്കുന്ന ഉയരമുളള സുമുഖന്‍ മാന്യനും ദയയുമുളള ഒരു വ്യക്തിയാണെന്ന് ഓപ്ര ആ കൂടിക്കാഴ്ചയില്‍ തന്നെ മനസ്സിലാക്കി.
സ്‌പോര്‍ടസ് വെയര്‍ മോഡലായ 6.6 അടി ഉയരമുളള സുന്ദരനായ ആ ബിസിനസ് മാന്‍ ഓപ്രയോട് അടുക്കുന്നതിനെ സംശയത്തോടെയാണ് ഓപ്രയുടെ സ്റ്റാഫ് നോക്കിക്കണ്ടത്. ഒന്നുകില്‍ അയാള്‍ ഓപ്രയെ വഞ്ചിക്കുകയാണ്, അല്ലെങ്കില്‍ മറ്റെന്തോ ലക്ഷ്യമുണ്ട് എന്നായിരുന്നു അവരുടെ കണക്കുകൂട്ടലുകള്‍. എന്നാല്‍ സ്‌റ്റെഡ്മാന്‍ ഓപ്ര കരുതിയതിനേക്കാള്‍ മാന്യനായിരുന്നു. ഓപ്രയുടെ വളര്‍ച്ച മാത്രം ആഗ്രഹിച്ചയാള്‍.
1992-ല്‍ മോതിരം മാറിക്കൊണ്ടല്ലെങ്കിലും വിവാഹനിശ്ചയത്തിലേക്ക് ഇരുവരുമെത്തി. 93-ല്‍ വിവാഹത്തീയതിയും നിശ്ചയിച്ചു. തീയതി വന്നുപോയെങ്കിലും ഇരുവരും വിവാഹിതരായില്ല, പിന്നീടൊരിക്കലും. വിവാഹിതരായി ജീവിക്കണമെങ്കില്‍ ഈ ലോകത്ത് മറ്റൊരു രീതി ആവശ്യമാണെന്നാണ് ഓപ്ര പറയുന്നത്. വിവാഹത്തെ കുറിച്ചും ഭര്‍ത്താവ്, ഭാര്യ എന്നീ സങ്കല്പങ്ങളെ കുറിച്ചും സ്റ്റെഡ്മാനുണ്ടായിരുന്നത് വളരെ പരമ്പരാഗതമായ സങ്കല്പങ്ങളായിരുന്നു. ആ സങ്കല്പത്തിലെ ഭാര്യയാകാന്‍ തനിക്കൊരിക്കലും കഴിയില്ലെന്ന് ഓപ്രയ്ക്ക് ഉറപ്പായിരുന്നു. വിവാഹബന്ധത്തിന്റെ പേരില്‍ ത്യാഗം ചെയ്യാനോ, വിട്ടുവീഴ്ചകള്‍ക്കോ ഓപ്ര ഒരുക്കമായിരുന്നില്ല. ഓപ്രയെ സംബന്ധിച്ചിടത്തോളം ഷോയായിരുന്നു ജീവിതവും അവളുടെ ജീവനും. അതിനാല്‍ തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ സ്റ്റെഡ്മാനുമായുളള ബന്ധം ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് അവര്‍ ഭയപ്പെട്ടു. പക്ഷേ ഒഴിവുവേളകളില്‍ സ്റ്റെഡ്മാനെ സന്തോഷിപ്പിക്കാനായി സ്വന്തം കൈകൊണ്ട് പാകം ചെയ്യാനൊന്നും ഓപ്ര മടിച്ചിരുന്നില്ല. പങ്കാളിയുടെ ഹൃദത്തിലേക്കെത്താനുളള വഴി വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കി സന്തോഷിപ്പിക്കുകയാണെന്നാണ് നല്ലൊരു പാചകക്കാരിയായ ഓപ്രയുടെ അഭിപ്രായം.
'പ്രണയം, പ്രണയിതാവ്, പുരുഷന്‍, പങ്കാളി, ഇണ.'സ്‌റ്റെഡ്മാന്‍ ഓപ്രയ്ക്കാരാണെന്ന ബാര്‍ബറയുടെ ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരിന്നു. സ്‌റ്റെഡ്മാനെപ്പോലെ മറ്റൊരുപുരുഷനെ എനിക്കറിയില്ല. സ്വന്തം ജീവിതം അന്തസ്സോടെയും വിനയത്തോടെയും മനോഹരമായും നയിക്കുന്ന ഒരാള്‍. എന്റെ അച്ഛനെപ്പോലെയൊരു പുരുഷന്‍.' 1998-ലെ എമ്മിയുടെ ലൈഫ്‌ടൈം എച്ചീവ്‌മെന്റ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് വിജയങ്ങള്‍ക്കെല്ലാം ഓപ്ര നന്ദി പറഞ്ഞത് സ്റ്റെഡ്മാനായിരുന്നു. തന്നെ ഇന്നു കാണുന്ന നിലയിലെത്താന്‍ സഹായിച്ചതിനും ജീവിതത്തില്‍ ഇനിയും സംഭവിക്കാനിരിക്കുന്ന നല്ലകാര്യങ്ങള്‍ക്കും സ്റ്റെഡ്മാനോട് ഓപ്രയന്ന് നന്ദി പറഞ്ഞു. ഓപ്രയുടെ വൈകാരികമായ പ്രസംഗം കണ്ണുതുടച്ചുകൊണ്ടാണ് സ്‌റ്റെഡ്മാന്‍ കേട്ടത്. 2018-ല്‍ ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ സെസില്‍ ബി ഡെമില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോഴും തന്റെ വിജയങ്ങള്‍ക്ക് ഓപ്ര നന്ദി പറഞ്ഞത് സ്റ്റെഡ്മാനും ഗെയ്‌ലിനുമായിരുന്നു. സ്റ്റെഡ്മാനെ തന്റെ കരുത്തെന്നാണ് അവളന്ന് വിശേഷിപ്പിച്ചത്.
പക്ഷേ പൊതുവേദികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് വളരെ കുറവായിരുന്നു. 'പൊതുസ്ഥലത്തുവെച്ച് ഞങ്ങളെ എപ്പോള്‍ കണ്ടാലും അതിനെ തുടര്‍ന്ന് ഒന്നിച്ചുളള ഒരു പുതിയ ഫോട്ടോ പ്രത്യക്ഷപ്പെടും അതിനൊപ്പം പുതിയൊരു കഥയും. അതുകൊണ്ട് 2003-2004 ആയപ്പോഴേക്കും സ്‌റ്റെഡമാനൊന്നിച്ച് വരുന്നത് ഒഴിവാക്കാമെന്ന് ഞാനൊരു തീരുമാനമെടുത്തു.' മാധ്യമങ്ങള്‍ പലതവണ ഓപ്രയുടെയും സ്റ്റെഡമാന്റെയും വിവാഹതീയതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓപ്രയുടെ പ്രായം കടന്നുപോയതോടെ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തെ കുറിച്ച് ആലോചിക്കുന്നുവെന്നും ദത്തെടുക്കലിനെ കുറിച്ച് ചിന്തിക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നു. എന്തിനേറെ ഓപ്രയുടെ ടെസ്റ്റ് ട്യൂബ് ശിശു എന്ന തലക്കെട്ടില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അമ്മയാകാനുളള യാതൊരു പദ്ധതികളും തനിക്കില്ലെന്ന് ഒടുവില്‍ ഓപ്ര പരസ്യമായി പ്രഖ്യാപിച്ചു. കരിയറിനോടുളള സമര്‍പ്പണം മാത്രമായിരുന്നില്ല ആ തീരുമാനത്തിന് പിറകില്‍, കുട്ടിക്കാലത്ത് തനിക്ക് ലഭിക്കാതിരുന്ന മാതൃസ്‌നേഹം തന്റെ കുട്ടികള്‍ക്ക് താനെങ്ങനെ പകര്‍ന്നുനല്‍കുമെന്ന ആശങ്ക കൂടിയായിരുന്നു.
ഓപ്രയും സ്റ്റെഡ്മാനും തമ്മിലുളള ബന്ധം പലര്‍ക്കും ഒരു കെട്ടുകഥയായാണ് തോന്നിയത്. അതൊരു യഥാര്‍ഥബന്ധമാണോ എന്ന സംശയം ആളുകള്‍ക്കുണ്ടായിരുന്നു. 2010ല്‍ ഓപ്രയുടെ ഷോയില്‍ അതിഥിയായെത്തിയ സ്‌റ്റെഡ്മാന്‍ അതിന് കൃത്യമായ വിശദീകരണവും നല്‍കി. 'പരസ്പരം വിജയിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഓപ്ര വിജയിക്കണം, അവള്‍ കഴിയുന്നത്ര വിജയിക്കണം, ഞാന്‍ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കരുത്തുററ ഒരു സ്ത്രീയുമായി പ്രണയത്തിലായിരിക്കുമ്പോള്‍ അതൊരിക്കലും എളുപ്പമുളള കാര്യമല്ല. അവളുടെ പ്രശസ്തിയോ വിജയമോ പണമോ എന്നെ ഒരുക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല.'ഓപ്രയുടെ ഉയര്‍ച്ചമാത്രം ആഗ്രഹിച്ച, ഓപ്രയുടെ സന്തോഷത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച പങ്കാളിയായിരുന്നു സ്റ്റെഡ്മാന്‍. അവരുടെ ബന്ധത്തിന്റെ ശക്തിയും കെട്ടുറപ്പും അതായിരുന്നു. ആ കരുത്തില്‍ ഓപ്ര കെട്ടിപടുത്തത് കുടുംബമല്ല ഒരു ബിസിനസ് സാമ്രാജ്യമായിരുന്നു.
'ശരിയാണ് എനിക്ക് ഒരു കുടുംബമുണ്ടായിരുന്നില്ല. ഈ ജീവിതം അതിന്റെ തീവ്രതയോടെ ജീവിച്ച വ്യക്തിയാണ് ഞാന്‍. കുടുംബം ഉണ്ടായിരുന്നെങ്കില്‍ അമ്മ എന്നെ നോക്കുന്നില്ല, ശ്രദ്ധിക്കുന്നില്ലെന്ന് പറയുന്ന കുട്ടികളുളള മാതാപിതാക്കളില്‍ ഒരാളാകുമായിരുന്നു ഞാനും. അതിനാല്‍ എനിക്ക് കുടുംബമില്ലാത്തതിനെ കുറിച്ച് പശ്ചാത്താപമില്ല.'
ബാര്‍ബറ വാള്‍ട്ടേഴ്‌സ്

മധുരപ്പതിനേഴിലാണ് മിസ് ഫയര്‍ പ്രിന്‍വെന്‍ഷന്‍ മത്സരത്തില്‍ ഓപ്ര പങ്കെടുക്കുന്നത്. സൗന്ദര്യമത്സരങ്ങളുടെ അവസാന റൗണ്ടില്‍ ചോദ്യോത്തരങ്ങള്‍ പതിവാണല്ലോ. ജീവിതത്തിലെ ലക്ഷ്യങ്ങളെ കുറിച്ച് ഒരുപക്ഷേ ജഡ്ജസ് ചോദിച്ചേക്കാം. ചോദിച്ചാല്‍ തന്നെ എന്തുപറയും? ഒരു ഫോര്‍ത്ത് ഗ്രേഡ് അധ്യാപികയാകുകയാണ് സ്വപ്‌നമെന്ന് പറയാം, ഓപ്ര കരുതി.
അവിചാരിതമായാണ് മത്സര ദിവസം രാവിലെ 'ടുഡെ' ഷോ ടിവിയില്‍ ഓപ്ര കാണുന്നത്. കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ച് താടിക്ക് കൈകൊടുത്ത് അതിഥി പറയുന്ന വാക്കുകളെ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്ന, ഇടയില്‍ ചോദ്യങ്ങളെ ഒരാവര്‍ത്തികൂടി വായിച്ചുറപ്പിക്കാന്‍ താഴേക്ക് നോക്കുന്ന അവതാരക ഒാപ്രയെ ആകര്‍ഷിച്ചു. പുരുഷകേന്ദ്രീകൃതമെന്ന് പേരെടുത്ത ടെലിവിഷന്‍ മേഖലയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ഷോ കൈകാര്യം ചെയ്ത ആ അവതാരകയുടെ പേര് ബാര്‍ബറ വാള്‍ട്ടേഴ്‌സ് എന്നായിരുന്നു. 1960-ലാണ് ടെലിവിഷന്‍ രംഗത്തേക്ക് ബാര്‍ബറയെത്തുന്നത്. ടുഡേ ഷോയിലൂടെ. ഷോയുടെ രചയിതാവും സ്ത്രീ സെഗ്മെന്റിന്റെ നിര്‍മാതാവുമായിരുന്നു അവര്‍.
പെട്ടന്നുതന്നെ ജനമനസ്സില്‍ ഇടം നേടാന്‍ സാധിച്ച ബാര്‍ബറ സഹഅവതാരകയായി മറ്റുഷോകളിലും പ്രത്യക്ഷപ്പെട്ടു. അമേരിക്കന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ആ പദവി അലങ്കരിക്കുന്ന ആദ്യ വനിതയായിരുന്നു ബാര്‍ബറ. പിന്നീട് 1976ല്‍ എബിസി ഈവനിംഗ് ന്യൂസിലെ ഹാരി റീസനറിനൊപ്പം ഒരു നെറ്റ്വര്‍ക്ക് സായാഹ്ന വാര്‍ത്താ പ്രോഗ്രാമിന്റെ ആദ്യ വനിതാ സഹഅവതാരകയായി. താന്‍ ഷോയില്‍ കാണുന്ന ബാര്‍ബറ ഇതെല്ലാമാണെന്ന് ഓപ്രയ്ക്കറിയില്ലായിരുന്നു. പക്ഷേ അവര്‍ ചെയ്യുന്നത് അത്ര നിസാരമായൊരു കാര്യമല്ലെന്ന് ഓപ്രയ്ക്കുറപ്പായിരുന്നു. ആ പതിനേഴുകാരിയെ സംബന്ധിച്ചിടത്തോളം അവള്‍ അതുവരെ കണ്ടിട്ടുളളവരില്‍ മഹത്തായൊരു കാര്യം ചെയ്യുന്ന ഏക വനിതയായിരുന്നു ബാര്‍ബറ വാള്‍ട്ടേഴ്‌സ്.
മത്സരം തുടങ്ങി, ചോദ്യോത്തര റൗണ്ടിലെത്തി. ഓപ്ര കരുതിയതുപോലെ ആരാകണമെന്ന ചോദ്യം ഓപ്രയ്ക്ക് നേരിടേണ്ടി വന്നു. മനസ്സിലുറപ്പിച്ച ഫോര്‍ത്ത് ഗ്രേഡ് അധ്യാപികയ്ക്ക് പകരം ഓപ്ര പറഞ്ഞത് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയാകണമെന്നാണ്. ഏതുതരം മാധ്യമപ്രവര്‍ത്തകയെന്നായി ജഡ്ജസ്. 'ഞാന്‍ ബാര്‍ബറ വാള്‍ട്ടേഴ്‌സിനെ പോലെ ആകാന്‍ ആഗ്രഹിക്കുന്നു' എന്ന് ഓപ്ര മറുപടി നല്‍കി. ഉത്തരം ഓപ്രയെ എത്തിച്ചത് കിരീടത്തിലേക്കാണ്.
ബാര്‍ബറയുടെ പേരുപറയുമ്പോഴും അതിനുശേഷവും മാധ്യമലോകമായിരിക്കും തന്റെ ഭാവിയെന്ന് ഓപ്ര ചിന്തിച്ചിട്ടുകൂടിയില്ലെന്നുളളതാണ് വാസ്തവം. പിന്നീട് ഇതേ ബാര്‍ബറയ്ക്ക് ഓപ്ര പലതവണ അഭിമുഖം നല്‍കി എന്നുള്ളത് ചരിത്രം. അന്ന് സൗന്ദര്യമത്സരത്തിലെ ചോദ്യോത്തര റൗണ്ടില്‍ സ്വയം ഒരു പ്രവചനം നടത്തിയ പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്ന് ഓപ്ര ഷോയുടെ വിജയത്തെ തുടര്‍ന്ന് ബാര്‍ബറയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഓപ്ര അഭിപ്രായപ്പെട്ടിരുന്നു.
ആരെപ്പോലെയാകണമെന്ന് ഓപ്ര ആഗ്രഹിച്ചോ ആ വ്യക്തിതന്നെ അവളുടെ അഭിമുഖം നടത്തി. ഒന്നല്ല നിരവധി തവണ. ഓപ്ര അവരേയും. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, പരസ്പരം ബഹുമാനിക്കുന്ന, ഉയര്‍ച്ചകളില്‍ സന്തോഷിക്കുന്ന, അടുത്ത സുഹൃത്തുക്കളായി കാലം അവരെ മാറ്റി. 'ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്നു. അവളെ ഇഷ്ടപ്പെടുന്നു, ബഹുമാനിക്കുന്നു, ആരാധിക്കുന്നു.' എനിക്ക് ബാര്‍ബറ വാള്‍ട്ടേഴ്‌സിനെപ്പോലെയാകണമെന്ന പറഞ്ഞ ഓപ്രയെക്കുറിച്ച്, അവളെ ആരാധിക്കുന്നവരുടെ കൂട്ടത്തില്‍ ഏററവും മുമ്പില്‍ നിന്നുകൊണ്ട് അതേ ബാര്‍ബറ വാള്‍ട്ടേഴ്‌സ് പറയുന്നു!
Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar
Published: 20 Dec 2023, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented