75ാമത് ഗോള്‍ഗന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഓപ്ര നടത്തിയത് ഒരു ചരിത്ര പ്രസംഗമാണ്. മാധ്യമങ്ങള്‍ ആ പ്രസംഗം അതേപടി പ്രസിദ്ധീകരിച്ചു. പുരസ്‌കാരം സ്വീകരിക്കുന്ന ആദ്യ കറുത്ത വനിതയായിരുന്നു ഓപ്ര. അതുള്‍ക്കൊണ്ടുകൊണ്ട് ഓപ്ര സംവദിച്ചത് വരും തലമുറയോടാണ്, സ്ത്രീകളോടാണ്.. ഓര്‍ത്തത് കഴിഞ്ഞ തലമുറയെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചുമാണ്. കുട്ടിക്കാലത്ത് ടിവിയില്‍ കണ്ടിട്ടുള്ള പുരസ്‌കാരച്ചടങ്ങുകളില്‍ ഇന്ന് താനൊരു പുരസ്‌കാര ജേതാവായിരിക്കുന്നു. ടിവിയില്‍ കണ്ട പുരസ്‌കാര ജേതാക്കള്‍ ഓപ്രയെന്ന കുട്ടിയെ എങ്ങനെ സ്വാധീനിച്ചിരുന്നോ അതുപോലെ താനെന്ന പുരസ്‌കാര ജേതാവ് വരുംതലമുറയെ എത്രമേല്‍ സ്വാധീനിക്കുമെന്ന് ഓര്‍ത്തുകൊണ്ടാണ് ആ വേദിയില്‍ നിന്ന് അവര്‍ മറുപടി പ്രസംഗം നടത്തിയത്. തനിക്ക് കരുത്തും പിന്തുണയുമായവര്‍ക്ക് അവള്‍ നന്ദി പറഞ്ഞു. തുറന്നുപറച്ചിലുകള്‍ക്ക് സ്ത്രീകള്‍ മുന്നിട്ടിറങ്ങിയ മീ ടൂ മൂവ്‌മെന്റിനെ അവര്‍ അഭിനന്ദിച്ചു. മീ ടൂ എന്ന് പറയേണ്ടി വരാത്ത ഒരു നല്ല നാളെയുണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. 

To advertise here,

പ്രസംഗത്തിന്റെ പൂര്‍ണരൂപം 

1964, മില്‍വോക്കിയിലെ എന്റെ അമ്മയുടെ വീട്ടില്‍, ലിനോലിയം തറയില്‍ ഇരുന്ന്, 36-ാമത് അക്കാദമി അവാര്‍ഡ് ദാനചടങ്ങ് കാണുന്ന ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നു ഞാന്‍. ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം ചടങ്ങില്‍ ആന്‍ ബാന്‍ക്രോഫ്റ്റ് സമ്മാനിക്കുകയായിരുന്നു. അവള്‍ ഒരു കവര്‍ തുറന്നു എന്നിട്ട് ചരിത്രം സൃഷ്ടിച്ച ആ അഞ്ചുവാക്കുകള്‍ പറഞ്ഞു: ' ദ വിന്നര്‍ ഈസ് സിഡ്‌നി പോയിറ്റിയര്‍ (വിജയി സിഡ്‌നി പോയിറ്റിയര്‍ ആണ്).' 

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സൗന്ദര്യവാനായ ഒരു മനുഷ്യന്‍ സ്റ്റേജിലേക്ക് നടന്നെത്തി. അവന്റെ ടൈ വെളുത്തതും ചര്‍മം കറുത്തതുമായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. ഒരു കറുത്ത മനുഷ്യന്‍ ഇതുപോലെ ആഘോഷിക്കപ്പെടുന്നത് അതിനുമുമ്പ് ഞാന്‍ കണ്ടിട്ടില്ല. ആ കൊച്ചുപെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം, മറ്റുവീടുകളില്‍ പണിയെടുത്ത് തളര്‍ന്നുവരുന്ന അമ്മയെ വിലകുറഞ്ഞ ഇരിപ്പിടത്തില്‍ ഇരുന്ന് വീക്ഷിച്ച ഒരുവള്‍ക്ക്, അങ്ങനെയൊരു നിമിഷം എന്താണ് അര്‍ഥമാക്കുന്നതെന്ന് നിരവധി, നിരവധി, നിരവധി തവണ വിശദീകരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് ലില്ലീസ് ഓഫ് ഫീല്‍ഡിലെ സിഡ്‌നിയുടെ പ്രകടനം ഉദ്ധരിക്കുക മാത്രമായിരുന്നു, ''ആമേന്‍, ആമേന്‍. ആമേന്‍, ആമേന്‍.'

പിന്നീട് 1982-ല്‍ ഗോള്‍ഡന്‍ ഗ്ലോബിന്റെ, സെസില്‍ ബി ഡെമില്‍ പുരസ്‌കാരം, സിഡ്‌നി ഇവിടെ ഇതേ ഗോള്‍ഡല്‍ ഗ്ലോബില്‍ നിന്ന് സ്വീകരിച്ചു. അതേ അവാര്‍ഡ് കരസ്ഥമാക്കുന്ന ആദ്യ കറുത്ത വനിതയായി ഞാന്‍ മാറുന്ന ഈ നിമിഷം വീക്ഷിക്കുന്ന കുറച്ച് കൊച്ചു പെണ്‍കുട്ടികളുണ്ട്.  ഇത് ഒരു ബഹുമതിയാണ്. അവര്‍ക്കൊപ്പവും എന്നെ പ്രചോദിപ്പിക്കുകയും, വെല്ലുവിളിക്കുകയും നിലനിര്‍ത്തുകയും എന്റെ യാത്ര ഈ ഘട്ടം വരെ സാധ്യമാക്കുകയും ചെയ്ത ശ്രേഷ്ഠരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പവും ഈ സായാഹ്നം പങ്കിടാന്‍ കഴിഞ്ഞത് എനിക്കുലഭിച്ച ബഹുമതിയും അനുഗ്രഹവുമാണ്. എഎം ഷിക്കാഗോയില്‍ എനിക്ക് അവസരം തന്ന ഡെന്നിസ് സ്വാന്‍സണ്‍, ആ ഷോയില്‍ എന്നെ കണ്ട് 'ഇവളാണ് കളര്‍ പര്‍പ്പിളിലെ സോഫിയ'യെന്ന് സ്റ്റീവൻ സ്പില്‍ബെര്‍ഗിനോട് പറഞ്ഞ ക്വിന്‍സി ജോണ്‍സ്, സുഹൃത്ത് എന്താണെന്നുളളതിന്റെ നിര്‍വചനമായ ഗെയില്‍, എന്റെ കരുത്ത് സ്‌റ്റെഡ്മാന്‍..പറയാന്‍ വളരെ കുറച്ച് പേരുകള്‍ മാത്രം. 

ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ഈ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ഉപരോധത്തിലാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മറ്റൊന്നുകൂടി നമുക്കറിയാം.. അഴിമതിക്കും അനീതിക്കും സ്വേച്ഛാധിപതികള്‍ക്കും ഇരകള്‍ക്കും രഹസ്യങ്ങള്‍ക്കും നുണകള്‍ക്കും നേരെ കണ്ണടയ്ക്കുന്നതില്‍ നിന്നും നമ്മെ തടയുന്ന, സത്യം അനാവരണം ചെയ്യുന്നതിന് വേണ്ടിയുളള സമര്‍പ്പണമാണ് അതെന്ന്. സങ്കീര്‍ണമായ സമയത്തിലൂടെ കടന്നുപോകുന്ന പ്രസിനെ ഞാന്‍ മുന്‍പത്തേക്കാളും വിലമതിക്കുന്നുവെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കൈയിലുളള ഏറ്റവും ശക്തമായ ഉപകരണം സത്യം പറയുക എന്നുളളതാണെന്ന് എനിക്ക് ഉറപ്പാണ്. 

വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കാനും ഉറക്കെ സംസാരിക്കാനും മതിയായ കരുത്തുകാണിച്ച, മതിയായ ശക്തികാണിച്ച സ്ത്രീകളെ കുറിച്ചോര്‍ത്ത് ഞാന്‍ പ്രത്യേകം അഭിമാനിക്കുകയും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊളളുകയും ചെയ്യുന്നു(മി ടൂ മൂവ്‌മെന്റിനെ കുറിച്ചുള്ള പരാമര്‍ശം).ഇവിടെയുള്ള നമ്മള്‍ ഓരോരുത്തരും നാം പറഞ്ഞ കഥകളാലാണ് ആഘോഷിക്കപ്പെട്ടത്. ഈ വര്‍ഷം നാം കഥകളായി. എന്നാല്‍, ഇത് വിനോദ വ്യവസായത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഏത് സംസ്‌കാരത്തെയും ഭൂമിശാസ്ത്രത്തെയും വംശത്തെയും മതത്തെയും രാഷ്ട്രീയത്തെയും തൊഴിലിടത്തെയും മറികടക്കുന്ന ഒന്നാണ്. അതിനാല്‍ വര്‍ഷങ്ങളായി അതിക്രമങ്ങളും പീഡനങ്ങളും നേരിടുന്ന എല്ലാ സ്ത്രീകളോടും ഞാനെന്റെ കൃതജ്ഞത പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം അവര്‍ക്ക് എന്റെ അമ്മയെപ്പോലെ തീറ്റിപ്പോറ്റാന്‍ മക്കളും പണമടച്ചുതീര്‍ക്കാന്‍ ബില്ലുകളും പിന്തുടരാന്‍ സ്വപ്‌നങ്ങളും ഉണ്ടായിരുന്നു. നമുക്കൊരിക്കലും പേരുകളറിയാത്ത സ്ത്രീകളാണവര്‍. അവര്‍ ഗാര്‍ഹികതൊഴിലാളികളും കാര്‍ഷിക തൊഴിലാളികളുമാണ്. അവര്‍ ഫാക്ടറികളില്‍ ജോലിചെയ്യുന്നു, അവര്‍ റെസ്റ്റോറന്റുകളില്‍ ജോലിചെയ്യുന്നു, അവരുടെ സാന്നിധ്യം പഠന ഗവേഷണ വിഭാഗത്തിലും, എഞ്ചിനീയറിംഗ്, മെഡിസിന്‍, സയന്‍സ് എന്നീ മേഖലയിലുമുണ്ട്. സാങ്കേതികവിദ്യയുടെയും രാഷ്ട്രീയത്തിന്റെയും വ്യവസായത്തിന്റെയും ഭാഗമാണവര്‍. അവര്‍ ഒളിമ്പിക്‌സിലെ അത്‌ലറ്റുകളാണ്, അവര്‍ പട്ടാളത്തിലെ സൈനികരാണ്. 

അവിടെ മറ്റൊരാള്‍ കൂടിയുണ്ട്: റിസി ടെയ്‌ലര്‍, എനിക്കറിയാവുന്ന ഒരു പേര്. നിങ്ങളും അതറിയണമെന്ന് ഞാന്‍ കരുതുന്നു. 1944ല്‍ റിസി ടെയ്ലര്‍ യൗവനയുക്തയായ ഭാര്യയും അമ്മയുമായിരുന്നു. അലബാമയിലെ അബെവില്ലെയിലുളള പള്ളിയില്‍ നിന്ന് അവള്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആറ് ആയുധധാരികളായ വെള്ളക്കാര്‍ അവളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പിന്നീട് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന റോഡിന്റെ അരികില്‍ കണ്ണുകെട്ടി ഉപേക്ഷിച്ചു. ആരോടെങ്കിലും വിവരം പറഞ്ഞാല്‍ അവളെ കൊന്നുകളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പക്ഷേ അവളുടെ കഥ എന്‍എഎസിപിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവിടെയുളള ചെറുപ്പക്കാരിയായ റോസ പാര്‍ക്ക്‌സ് അവളുടെ കേസ് അന്വേഷിക്കുന്ന മുഖ്യഅന്വേഷകയായി. അവര്‍ ഒരുമിച്ച് നീതിക്കുവേണ്ടി പോരാടി. എന്നാല്‍ ജിം ക്രോയുടെ കാലഘട്ടത്തില്‍ നീതി ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. അവളെ നശിപ്പിക്കാന്‍ ശ്രമിച്ച പുരുഷന്മാര്‍ ഒന്നും പ്രോസിക്യൂട്ട് ചെയപ്പെട്ടില്ല. റിസി ടെയ്‌ലര്‍ അന്തരിച്ചു. ശക്തരായ പുരുഷന്മാര്‍ ക്രൂരമായി തകര്‍ത്ത സംസ്‌കാരത്തില്‍ നമ്മളെല്ലാവരും ജീവിച്ച പോലെ നിരവധി വര്‍ഷങ്ങള്‍ അവളും ജീവിച്ചു. വളരെക്കാലമായി സത്യം പറയാന്‍ സ്ത്രീകള്‍ ധൈര്യപ്പെട്ടാല്‍ അവരെ കേള്‍ക്കുകയോ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. പക്ഷേ ആ കാലം കഴിഞ്ഞിരിക്കുന്നു. 

അവരുടെ സമയം അവസാനിച്ചിരിക്കുന്നു. ഞാന്‍ പ്രതീക്ഷിക്കുകയാണ്, റിസി ടെയ്‌ലര്‍, പണ്ടും ഇപ്പോഴും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ സത്യം പോലെ അവളുടെ സത്യവും മുന്നോട്ട്  സഞ്ചരിക്കുകയാണെന്ന് അറിഞ്ഞുകൊണ്ടായിരിക്കും വിടപറഞ്ഞതെന്ന്. പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മോണ്ട്‌ഗോമെറിയിലെ ഒരു ബസ്സിൽ വെളളക്കാരനുമുന്നില്‍ ഇരിക്കാനുളള തീരുമാനമെടുക്കുമ്പോള്‍ റോസ പാര്‍ക്കിന്റെ ഹൃദയത്തിലും എവിടെയോ അതുണ്ടായിരുന്നു.'മീ ടൂ'എന്ന് പറയാന്‍ തീരുമാനിച്ച എല്ലാ സ്ത്രീകളോടുമൊപ്പം അതു ശ്രദ്ധിക്കാന്‍ തീരുമാനിച്ച എല്ലാ പുരുഷന്മാരുടെയുമൊപ്പം അതിവിടെയുണ്ട്. 

കരിയറില്‍ എല്ലായ്‌പ്പോഴും ഞാന്‍ എന്റെ ഏറ്റവും മികച്ചത് ചെയ്യാനാണ് ശ്രമിച്ചത്. അത് ടെലിവിഷനായാലും സിനിമയായാലും. സ്ത്രീകളും പുരുഷന്മാരും എങ്ങനെ പെരുമാറുന്നു, എങ്ങനെയാണ് നാണക്കേടിനെ അനുഭവിച്ചത്, എങ്ങനെയാണ് സ്‌നേഹിച്ചത്, പ്രകോപിതരായത്, എങ്ങനെയാണ് പരാജയപ്പെട്ടത് പിന്‍വാങ്ങുന്നത്, സ്ഥിരോത്സാഹം കാട്ടുന്നത്, എങ്ങനെയാണ് നാം മറികടക്കുന്നത് എന്നതിനെ കുറിച്ചെല്ലാം പറയാനാണ് ശ്രമിച്ചത്. ജീവിതത്തിന് നിങ്ങളുടെ നേര്‍ക്ക് വലിച്ചെറിയാന്‍ കഴിയാവുന്ന ഏററവും വൃത്തികെട്ട കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന നിരവധി ആളുകളെ ഞാന്‍ അഭിമുഖം നടത്തുകയും ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ ഏററവും ഇരുണ്ട രാത്രിയിലാണെങ്കില്‍ക്കൂടി കൂടുതല്‍ പ്രകാശമുളള അടുത്ത പ്രഭാതത്തെ കുറിച്ചുളള പ്രത്യാശ നിലനിര്‍ത്താനുള്ള കഴിവാണ് അവരെല്ലാവരും ഒരുപോലെ പങ്കുവെക്കുന്നതായി തോന്നിയത്.

അതുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നു, ഇതുകാണുന്ന എല്ലാ പെണ്‍കുട്ടികളും പുതിയൊരു ദിനം അങ്ങുചക്രവാളത്തില്‍ പുലരാനിരിക്കുന്നുണ്ടെന്ന് അറിയണം. ആ പുതിയ ദിവസം ഒടുവില്‍ പുലരുമ്പോള്‍, അതിന് കാരണം മീ ടൂ എന്ന് വീണ്ടും ആരും ഒരിക്കലും പറയേണ്ടിവരാത്ത കാലഘട്ടത്തിലേക്ക് നമ്മെ എത്തിക്കാനായി ശ്രമിക്കുന്ന അത്യുജ്ജ്വലരായ അനേകം സ്ത്രീകളും, അവരില്‍ ചിലരിന്ന് ഇവിടെയുണ്ട്, കഠിനമായി പോരാടുന്ന ശ്രേഷ്ഠരായ ചില പുരുഷന്മാരുമടങ്ങുന്ന നേതാക്കളാണ്,  മി ടൂ എന്ന് നമുക്കൊരിക്കലും പറയേണ്ടി വരില്ല. നന്ദി!