ക്വീന്‍ ഓഫ് ആള്‍ മീഡിയ'! ഓപ്ര വിന്‍ഫ്രെയെന്ന പേരിനൊപ്പം ലോകം ചേര്‍ത്തുവിളിക്കുന്ന 'ടാഗ് ലൈന്‍.' ഓപ്ര വിന്‍ഫ്രി, അവതാരക എന്ന പദവിക്ക് ആഗോളതലത്തില്‍ കൃത്യമായ നിര്‍വചനം നല്‍കിയ 'സെല്‍ഫ് മെയ്ഡ് വുമണ്‍'. ഓപ്രയുടെ വിജയത്തിനുപിന്നില്‍ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. 'നിങ്ങള്‍ വിശ്വസിക്കുന്നതെന്തോ അതാണ് നിങ്ങള്‍. അല്ലാതെ നിങ്ങള്‍ ആഗ്രഹിക്കുന്നതോ മോഹിക്കുന്നതോ അല്ല. ഓരോ നിമിഷത്തിലും ജീവിക്കുക, ആ നിമിഷത്തില്‍ നിങ്ങളെ പൂര്‍ണമായും സമര്‍പ്പിക്കുക, ഞാനൊരിക്കലും എന്റെ ഭൂതകാലത്തിലല്ല ജീവിക്കുന്നത്, അതിനെ കൂടെക്കൊണ്ടുനടക്കാറുമില്ല.നിങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളെ സൃഷ്ടിക്കേണ്ടത് നിങ്ങളാണ്.' അറിയാം ഓപ്രയുടെ ജീവിതകഥ- 'Oprah Off Air'

ദി ഓപ്ര വിന്‍ഫ്രി ഷോ - അഞ്ച് 

To advertise here,

'I won't say goodbye. I'll just say...until we meet again.' - 25 വര്‍ഷം നീണ്ടുനിന്ന, അമേരിക്കന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ,  'ദി ഓപ്ര വിന്‍ഫ്രി ഷോ'യ്ക്ക് തിരശ്ശീല വീണത് ഓപ്രയുടെ ഈ വാക്കുകളോടെയാണ്.  2011 മെയ് 25-നാണ് ഷോയുടെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. ഷോയുടെ ജനപ്രീതി കണക്കിലെടുത്ത് സിനിമാ തീയേറ്ററുകളില്‍ വരെ അവസാന എപ്പിസോഡ് പ്രദര്‍ശിപ്പിച്ചിരുന്നു. ടോം ക്രൂസ്, ബിയോണ്‍സ്, വില്‍ സ്മിത്ത്, മഡോണ തുടങ്ങി നിരവധി താരങ്ങള്‍ ഓപ്രയ്ക്ക് വിട പറയാനായി അവസാന എപ്പിസോഡിലെത്തി. വികാരവിക്ഷോഭത്താല്‍ ഷോയ്ക്കിടയില്‍ പലപ്പോഴും ഓപ്ര കണ്ണീരണിഞ്ഞു. 

എനിക്ക് ശരിക്കും ആശ്ചര്യമുണ്ട്. 1954-ല്‍ (ഒരു കറുത്തവര്‍ഗക്കാരിയായ പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങള്‍ ഒരു വേലക്കാരി അല്ലെങ്കില്‍ സെഗ്രഗേറ്റഡ് സ്‌കൂള്‍ അധ്യാപിക എന്നതില്‍ പരിമിതപ്പെട്ടിരുന്ന കാലം) ഉള്‍നാടന്‍ മിസിസിപ്പിയില്‍ നിന്ന് ജീവിതം തുടങ്ങിയ എനിക്ക് ഇതുവരെയെത്തിക്കാന്‍ സാധിച്ചു. മാതാപിതാക്കളും മുത്തശ്ശിയും അവരാല്‍കഴിയുന്ന രീതിയില്‍ സ്‌നേഹിച്ചിട്ടും ഏകാകിയായ ആ കൊച്ചുപെണ്‍കുട്ടിക്ക് ആവോളം സ്‌നേഹം ലഭിക്കുന്നുണ്ടെന്ന് ഒരിക്കല്‍പോലും അനുഭവപ്പെടാതിരുന്നത് യാദൃച്ഛികമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വരുന്ന നിങ്ങളില്‍ നിന്ന് കളങ്കമറ്റ കാരുണ്യവും വാത്സല്യവും വിശ്വാസവും അംഗീകാരവും അനുഭവിക്കുന്നതിന് വേണ്ടി ഞാന്‍ വളര്‍ന്നു എന്നുള്ളതും യാദൃച്ഛികമല്ല. നിങ്ങളില്‍ നിന്നാണ്, പേരുകള്‍ പോലും അറിയാത്ത നിങ്ങളില്‍ നിന്നാണ് ഞാന്‍ സ്‌നേഹമെന്തെന്ന് പഠിച്ചത്. നിങ്ങളും ഈ ഷോയുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹം. മേക്കപ്പ് റൂമില്‍ നിന്ന് എലവേറ്ററില്‍ താഴേക്ക് ഇറങ്ങുന്ന ഓരോ ദിവസവും, ഈ ഷോ ചെയ്യാന്‍ സാധിച്ചതിനും അതുനല്‍കുന്ന സന്തോഷത്തിനും ഞാന്‍ കൃതജ്ഞതയോടെ പ്രാര്‍ഥിക്കുമായിരുന്നു. ഈ അനുഭവത്തില്‍ നിന്ന് എന്നോടൊപ്പം ഞാന്‍ കൊണ്ടുപോകുന്ന ഒരേയൊരു നിധി കൃതജ്ഞതയാണ്. ഏതൊരു മനുഷ്യനും ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണ്  ഈ ഷോ ചെയ്യാന്‍ എനിക്ക് ലഭിച്ച അവസരവും പ്രേക്ഷകരാല്‍ അംഗീകരിക്കപ്പെട്ടതും. നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു. നമ്മളൊന്നിച്ചുളള ഈ വേദിയിലെ സമയം അവസാനിക്കുന്നു. കുറച്ചുനിമിഷങ്ങള്‍ക്കുള്ളില്‍ എന്‍ഡ് ക്രെഡിറ്റുകൾ (End Credit) വന്നുതുടങ്ങുമ്പോള്‍ ഞാന്‍ ഇതിനെ കാണുക അവസാനമായിട്ടല്ല അസാധാരണമായ മറ്റൊരു തുടക്കമായിട്ടാണ്. ഒരു അധ്യായം സമാപിക്കുകയാണ്.. നമുക്കെല്ലാവര്‍ക്കുമായി അടുത്ത അധ്യായം ഇവിടെ ആരംഭിക്കുന്നു.-  ഓപ്ര പറഞ്ഞതുപോലെ ഒരു ടെലിവിഷന്‍ പരിപാടിയുടെ അത്യസാധാരണമായ എപ്പിസോഡായിരുന്നു അത്. ഇത്രമേല്‍ സ്‌നേഹവായ്‌പ്പോടെ ഒരു അവതാരകയെ ലോകം യാത്രയാക്കിയതിന് അതിന് മുമ്പോ ശേഷമോ ടെലിവിഷന്‍ ലോകം സാക്ഷ്യം വഹിച്ചിട്ടില്ല. 

*** *** ***

17-ാം വയസ്സില്‍ കരസ്ഥമാക്കിയ സൗന്ദര്യമത്സര കിരീടങ്ങളാണ് ഓപ്രയക്ക് മുന്നില്‍ മീഡിയയുടെ വാതില്‍ തുറക്കുന്നത്. 1971-ല്‍ നിക്‌സണിന്റെ ഭരണകാലത്ത് വൈറ്റ് ഹൗസില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. ഓരോ സ്‌റ്റേറ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് അവസരം ലഭിക്കുക. ടെന്നിസിയെ പ്രതിനിധീകരിച്ചത് 17-കാരിയായ ഓപ്രയായിരുന്നു. ടെന്നിസിയെ പ്രതിനിധീകരിച്ച വിദ്യാര്‍ഥിനി എന്ന നിലയില്‍ നാഷ് വില്ലെയിലെ ഒരു പ്രാദേശിക റേഡിയോ സ്‌റ്റേഷന്‍ (WVOL) അവളുടെ അഭിമുഖം സംപ്രേഷണം ചെയ്തു.

മിസ് ഫയര്‍ പ്രിവെന്‍ഷന്‍ കോണ്‍ടെസ്റ്റിന് വേണ്ടി മത്സരാര്‍ഥിയെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു റേഡിയോ സ്‌റ്റേഷന്‍ അധികൃതര്‍. അഭിമുഖത്തിനിടയില്‍ ഓപ്രയുടെ കഴിവുകളില്‍ മതിപ്പു തോന്നിയ അധികൃതര്‍ മത്സരത്തിന് തങ്ങളുടെ പ്രതിനിധിയായി ഓപ്രയെ അയയ്ക്കാന്‍ തീരുമാനിച്ചു. മത്സരത്തില്‍ പങ്കെടുത്ത ഏക കറുത്തവംശജയായ പെണ്‍കുട്ടിയായിരുന്നു ഓപ്ര. ഒരു കാരണവശാലും മത്സരത്തില്‍ താന്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ചുകൊണ്ടായിരുന്നു അവള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തില്‍ ധരിക്കാന്‍ ലഭിച്ച ഈവനിങ് ഗൗണിന്റെ മനോഹാരിത ആസ്വദിച്ച് ആശങ്കളേതുമില്ലാതെ ഓപ്ര മത്സരത്തില്‍ പങ്കെടുത്തു. അവസാന റൗണ്ടില്‍ ഓപ്ര നേരിട്ട രണ്ടുചോദ്യങ്ങളാണ് അവളുടെ വിധി തന്നെ മാറ്റിയെഴുതിയത്. 

placeholder
Barbara Walters
ബാര്‍ബറ വാള്‍ട്ടേഴ്‌സ്

മത്സരത്തില്‍ വിജയിച്ചാല്‍ ലഭിക്കുന്ന പണം എന്തുചെയ്യും എന്നായിരുന്നു ആദ്യ ചോദ്യം. നിയന്ത്രണങ്ങളില്ലാതെ പണം ചെലവഴിക്കുന്ന ഒരു വിഡ്ഢിയായിരിക്കും താനെന്ന് ചിരിച്ചുകൊണ്ട് ഒാപ്ര മറുപടി നല്‍കി. ഭാവിയില്‍ ആരാകാനാണ് ആഗ്രഹമെന്നായിരുന്നു അടുത്ത ചോദ്യം. ഒട്ടും വൈകിയില്ല ബാര്‍ബറ വാള്‍ട്ടേഴ്‌സിനെപ്പോലെ മാധ്യമപ്രവര്‍ത്തകയാകണമെന്ന് മറുപടി പറഞ്ഞു അവള്‍. അന്നുരാവിലെയാണ് ആദ്യമായി ബാര്‍ബറ വാള്‍ട്ടേഴ്‌സിന്റെ ഒരു അഭിമുഖം ഓപ്ര ടെലിവിഷനില്‍ കാണുന്നത് പോലും. പുരുഷകേന്ദ്രീകൃതമെന്ന് പേരുകേട്ട മാധ്യമലോകത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന ബാര്‍ബറ ചെറിയൊരു തീപ്പൊരി ഓപ്രയുടെ ഉളളില്‍ വീഴ്ത്തിയിരുന്നു. ഏതായാലും പറഞ്ഞു പഠിപ്പിച്ച മറുപടികള്‍ നല്‍കിയ ഇതര മത്സരാര്‍ഥികളെ പിന്നിലാക്കി മിസ് ഫയര്‍ പ്രിവെന്‍ഷന്‍ കിരീടം ഓപ്ര സ്വന്തമാക്കി. മിസ് ബ്ലാക്ക് ടെന്നിസി കിരീടവും ഇതിനുപുറമേ ഓപ്രയെ തേടിയെത്തി.

placeholder

'ഞാന്‍ ആ സൗന്ദര്യമത്സരം വിജയിച്ചത് സുന്ദരിയായതുകൊണ്ടല്ല എന്റെ പ്രാഗത്ഭ്യം കൊണ്ടാണെ'ന്നാണ് പിന്നീട് ഇതേക്കുറിച്ചെല്ലാം ഓപ്ര പറഞ്ഞിട്ടുളളത്. സൗന്ദര്യറാണിപ്പട്ടം സ്വന്തമാക്കിയ ഓപ്രയക്ക് ഒരു പാര്‍ട്ട് ടൈം ജോലി WVOL റേഡിയോ സ്‌റ്റേഷന്‍ വാഗ്ദാനം ചെയ്തു. മീഡിയയെ കുറിച്ച് ഒരറിവുമില്ലാതെയാണ് വാര്‍ത്താവതാരകയായി അവള്‍ ജോലിയില്‍ പ്രവേശിക്കുന്നത്. പഠനവും ജോലിയും കൂടിക്കുഴഞ്ഞപ്പോള്‍ ജോലി ഉപേക്ഷിച്ചാലോ എന്നുപോലും ഓപ്ര ചിന്തിച്ചു. എന്നാല്‍ ഓപ്രയുടെ പിതാവ് വെര്‍നോണ്‍ ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിച്ചു. ഒരു രൂപ പോലും പ്രതിഫലം ലഭിക്കാതിരുന്നിടത്തുനിന്ന് ആഴ്ചയില്‍ 100 ഡോളര്‍ പ്രതിഫലം പറ്റുന്ന വാര്‍ത്താവതാരകയായി ഓപ്ര വളര്‍ന്നു. അക്കാലത്ത് നൂറു ഡോളര്‍ വലിയൊരു സംഖ്യയാണ്. 

റേഡിയോയില്‍ നിന്ന് നാഷ്‌വില്ലയിലെ WLAC-TV എന്ന പ്രാദേശികമാധ്യമത്തില്‍ വാര്‍ത്താവതാരകയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പത്തൊമ്പത് വയസ്സായിരുന്നു ഓപ്രയുടെ പ്രായം. ആദ്യ ആഫ്രിക്കന്‍- അമേരിക്കന്‍ വനിതാ വാര്‍ത്താവതാരക, ഏറ്റവും പ്രായം കുറഞ്ഞ വാര്‍ത്താവതാരക എന്നീ റെക്കോഡുകളാണ് അന്ന് ഓപ്ര തന്റെ പേരിനോപ്പം ചേര്‍ത്തത്. ആറുമണി വാര്‍ത്തകളുടെ സഹ അവതാരകയായി ബാള്‍ട്ടിമോറിലുള്ള WJ-Z-T-V-യില്‍ ഓപ്രയെത്തുന്നത് 1976ലാണ്. പക്ഷേ എളുപ്പമായിരുന്നില്ല WJ-Z-TV ലെ തുടക്കം.

' എല്ലാ ദിവസവും ഇന്നെന്നെ പിരിച്ചുവിടും എന്ന ഭയത്തോടെയാണ് ഞാന്‍ ജോലിക്കെത്തിയിരുന്നത്. ഞാനൊരു നല്ല എഴുത്തുകാരിയായിരുന്നില്ല. ന്യൂസ് റൂമിലെ മാധ്യമപ്രവര്‍ത്തകയ്ക്ക് വേണ്ട വേഗത എനിക്കുണ്ടായിരുന്നില്ല. എന്നെ അവര്‍ പിരിച്ചുവിട്ടില്ല, പകരം വാര്‍ത്താവതാരകയില്‍ നിന്ന് ടോക് ഷോ അവതാരകയിലേക്ക് തരംതാഴ്ത്തി. അവിടെ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. ഞാന്‍ ന്യൂസ് റൂമിലെ എഡിറ്ററോട് നന്ദി പറയുന്നു. കരുതിക്കൂട്ടിയല്ലെങ്കിലും അദ്ദേഹം എനിക്ക് വഴികാട്ടുകയായിരുന്നു.' 

78-ല്‍ WJZ-TV ലെ 'പീപ്പിള്‍ ആര്‍ ടോക്കിങ്' എന്ന ടോക്ക്‌ഷോയില്‍ റിച്ചാര്‍ഡ് ഷേറിനൊപ്പം സഹഅവതാരകയായി ഓപ്ര തന്റെ ഇന്നിങ്ങ്‌സിന് തുടക്കം കുറിച്ചു. മുന്നൊരുക്കങ്ങള്‍ കൂടാതെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വാഭാവികമായി സംസാരിച്ചുയരാനുള്ള ഓപ്രയുടെ കഴിവ് അതിഥികളുമായി ആത്മബന്ധം വളര്‍ത്തിയെടുക്കാന്‍ അവളെ സഹായിച്ചിരുന്നു. യാതൊരു ആശങ്കകളുമില്ലാതെ അതിഥികള്‍ സ്വകാര്യതകള്‍ പങ്കുവെക്കാന്‍ തയ്യാറായി. ചുരുങ്ങിയ സമയത്തിനുള്ളിലാണ് പീപ്പിള്‍ ആര്‍ ടോക്കിങ് ബാള്‍ട്ടിമോറില്‍ ഹിറ്റായത്. 'ഷോ ഒരു സെന്‍സേഷനായി മാറി, അത്യുഗ്രന്‍! ഞാന്‍ ഒരു തമാശക്കാരനായിരുന്നെങ്കില്‍ ഓപ്ര നേരുള്ള സ്ത്രീയായിരുന്നു. അവളെ സഹാനുഭൂതി എന്ന പദത്തിലൂടെ വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' -സഹ അവതാരകനായിരുന്ന റിച്ചാര്‍ഡ് ഷെര്‍ അക്കാലത്തെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. 

വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ലെന്നുള്ളത് ഓപ്രയുടെ ബലഹീനതയായിരുന്നു. വാര്‍ത്താവതാരകയില്‍ നിന്ന് അവളെ മാറ്റാനുണ്ടായ കാരണങ്ങളില്‍ ഒന്ന് അതായിരുന്നു. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളോ, അവര്‍ കൊല്ലപ്പെടുന്നതോ ആയ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഓപ്ര നിര്‍ത്താതെ കരയും. നിഷ്പക്ഷമായിരിക്കാനും ഗൗരവത്തോടെ വാര്‍ത്തകളെ സമീപിക്കാനും ശ്രമിച്ചിരുന്നെങ്കിലും ഓപ്രയ്ക്ക് സാധിച്ചില്ല. ഒരു ടോക് ഷോ അവതാരകയെന്ന നിലയില്‍ ഓപ്രയെ ജനങ്ങളോട് അടുപ്പിച്ചത് ഇതേ ബലഹീനതയായിരുന്നു. 

'പീപ്പിള്‍ ആര്‍ ടോക്കിങ്' സൂപ്പര്‍ഹിറ്റായതിന്റെ ആത്മവിശ്വാസത്തിലാണ് ചിക്കാഗോയിലെ WLS-TVയിലേക്ക് ഓഡീഷന്‍ ടേപ്പ് ഓപ്ര അയയ്ക്കുന്നത്. WLS-TVയില്‍ ഓപ്രയ്ക്ക് ലഭിച്ചത് പ്രഭാത ടോക്ക്‌ഷോയാണ്, എ.എം. ഷിക്കാഗോ. 1984 പുതുവര്‍ഷദിനത്തിലായിരുന്നു ആദ്യ ഷോ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഷിക്കാഗോയിലെ ഫുട്‌ബോള്‍ താരങ്ങളായിരുന്നു ഷോയിലെ അതിഥികള്‍. ആനി ക്ലെയിന്‍ ഡിസൈന്‍ ചെയ്ത വെലോര്‍ വസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ സ്റ്റുഡിയോയിലെത്തിയ ഓപ്ര ഞെട്ടിപ്പോയി. സ്റ്റുഡിയോയില്‍ കാണികളുണ്ടായിരുന്നില്ല, ഓപ്രയെ സംബന്ധിച്ചിടത്തോളം കാണികളായിരുന്നു എല്ലാം. ഷോ എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് മനസ്സിലാക്കാന്‍ പ്രേക്ഷകരുടെ തത്സമയ പ്രതികരണങ്ങള്‍ ഓപ്രയ്ക്ക് ആവശ്യമായിരുന്നു. ആദ്യഷോയ്ക്ക് ശേഷം സ്റ്റുഡിയോയില്‍ കാണികള്‍ക്കായി ഇരിപ്പിടങ്ങള്‍ സ്ഥാപിക്കാന്‍ ഓപ്ര നിര്‍ദേശം നല്‍കി. മുന്‍വരിയിലെ ഇരിപ്പിടങ്ങളില്‍ ജീവനക്കാരെ ഇരുത്തി. ഒഴിഞ്ഞുകിടക്കുന്ന കാപ്പിയും ഡോനട്‌സും കൈക്കൂലി നല്‍കി വഴിയരികില്‍ കണ്ട ആളുകളെ ഷോയിലേക്ക് ക്ഷണിച്ച് ഒഴിഞ്ഞുകിടന്ന ഇരിപ്പിടങ്ങള്‍ നിറച്ചു. റേറ്റിങ്ങില്‍ പിന്നിലായിരുന്ന എഎം ഷിക്കാഗോ ഒറ്റവര്‍ഷം കൊണ്ടാണ് ഒന്നാംസ്ഥാനത്തെത്തിയത്. 

ഇതിഹാസ ചലച്ചിത്ര നിരൂപകനായ റോജര്‍ എബെര്‍ട്ടാണ് ബ്രോഡ്കാസ്റ്റ് സിന്‍ഡിക്കേഷന്‍ വഴി ടോക്  ഷോ ദേശീയതലത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതിനായി ലൈസന്‍സ് എടുക്കാന്‍ ഓപ്രയെ ഉപദേശിക്കുന്നത്. (ടെലിവിഷന്‍ പ്രോഗ്രാമുകളും റേഡിയോ പ്രോഗ്രാമുകളും ഒന്നിലധികം ടെലിവിഷന്‍ സ്റ്റേഷനുകളും റേഡിയോ സ്റ്റേഷനുകളും വഴി പ്രക്ഷേപണം ചെയ്യുന്നതിനുള്ള പ്രത്യേക അവകാശം ലീസിന് നല്‍കുന്നതാണ് ബ്രോഡ്കാസ്റ്റിംഗ് സിന്‍ഡിക്കേഷന്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഇത് സാധാരണമാണ്.) 

എഎം ഷിക്കാഗോ എന്ന പ്രഭാത പരിപാടി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദി ഓപ്ര വിന്‍ഫ്രി ഷോയെന്ന പേരില്‍ പുനരവതരിപ്പിക്കപ്പെട്ടു. 1986 സെപ്റ്റംബറില്‍ ഷോ വാങ്ങിയ കിങ് ബ്രദേഴ്‌സ് കോര്‍പറേഷന്‍ ആണ് ഷോയുടെ പേര് ദി ഓപ്ര വിന്‍ഫ്രി ഷോയെന്ന് മാറ്റുന്നത്. ഷോ പ്രൊഡ്യൂസ് ചെയ്തത് ഓപ്ര തന്നെയായിരുന്നു. 1986 സെപ്റ്റംബര്‍ എട്ടിന് ഷോ ദേശീയതലത്തില്‍ സംപ്രേഷണം ചെയ്തുതുടങ്ങി. 32-ാം വയസ്സില്‍ അമേരിക്കന്‍ ഡേ ടൈം സിന്‍ഡിക്കേറ്റഡ് ടോക്ക് ഷോയുടെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ അവതാരകയായി ഓപ്ര. ഓപ്രയുടെ താരപദവിയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായിരുന്നു അത്. ആദ്യം ദേശീയതലത്തിലും പിന്നീട് അന്താരാഷ്ട്രതലത്തിലും അറിയപ്പെടുന്ന വ്യക്തിയായി ഓപ്ര മാറി. ഷോയുടെ സിന്‍ഡിക്കേഷന്‍ ഓപ്രയെ ധനികയാക്കുമെന്ന് കിങ് ബ്രദേഴ്‌സ് കോര്‍പറേഷനിലെ ഡിസ്ട്രിബ്യൂട്ടര്‍മാരിലൊരാളായിരുന്ന റോജര്‍ പ്രവചിച്ചിരുന്നു. ഓപ്രയുടെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ചവരെന്ന് കിങ്‌സ് ബ്രദേഴ്‌സിനെ അവള്‍ തന്നെ വിശേഷിപ്പിച്ചിരുന്നു. അവരില്ലായിരുന്നെങ്കില്‍ ഓപ്ര വിന്‍പ്രി ഷോക്ക് ഇന്നുകാണുന്ന നേട്ടം കൈവരിക്കാനാകില്ലെന്ന് അവള്‍ വിശ്വസിച്ചു. പിന്നീട് ഷോയുടെ അവകാശം ഓപ്ര സ്വന്തമാക്കിയപ്പോഴും ദി ഓപ്ര വിന്‍ഫ്രി ഷോയുടെ വിതരണക്കാരായി വര്‍ഷങ്ങളോളം കിങ്‌സ് ബ്രദേഴ്‌സ് തുടര്‍ന്നു. 

1986-ല്‍ ദേശീയതലത്തില്‍ ഷോയുടെ സംപ്രേഷണം ആരംഭിച്ചപ്പോഴൊന്നും ആ ഷോയുണ്ടാക്കാന്‍ പോകുന്ന തരംഗത്തെക്കുറിച്ച് ആര്‍ക്കും നേരിയ സൂചനപോലുമുണ്ടായിരുന്നില്ല. അക്കാലത്തെ പകല്‍സമയ ഷോകളുടെ ചക്രവര്‍ത്തിയെന്ന് വിശേഷിപ്പിച്ചിരുന്ന ഫിലിപ് ജോണ്‍ ഡോനഹ്യൂവിന് പോലും. പകല്‍ സമയ ടോക് ഷോയ്ക്ക് ഒരു മാതൃക രൂപപ്പെടുത്തിയത് ഫില്‍ ആണെന്ന് ഓപ്ര തന്നെ പറഞ്ഞിട്ടുണ്ട്. ഫിലിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കുക പോലും അസാധ്യമെന്ന് ചിന്തിച്ചിരുന്നിടത്തുനിന്നാണ് അനായാസമായി ഓപ്ര ആ സ്ഥാനത്തേക്ക് ഉയരുന്നത്. ടോക്ക് ഷോകളുടെ റേറ്റിങ്ങില്‍ അരങ്ങേറ്റം മുതല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഷോ, പകല്‍ സംപ്രേഷണം ചെയ്തിരുന്ന ടിവി ഷോകളില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് ലഭിച്ച ഒന്നായി വര്‍ഷങ്ങളോളം ജൈത്രയാത്ര തുടര്‍ന്നു. എഴുപതുലക്ഷം മുതല്‍ 15-20 ദശലക്ഷം വരെ പ്രേക്ഷകരാണ് യുഎസില്‍ ഷോയ്ക്ക് ഉണ്ടായിരുന്നത്. 

നിങ്ങള്‍ക്കിഷ്ടമുള്ള പുരുഷനെ/സ്ത്രീയെ എങ്ങനെ വിവാഹം കഴിക്കാം എന്നതായിരുന്നു ആദ്യ എപ്പിസോഡിന്റെ ആശയം. പോകെപ്പോകെ ഷോ തുറന്നുപറച്ചിലുകളുടെ വേദിയായി. 1986 മുതല്‍ 2011 വരെ നീണ്ട സപര്യയില്‍ ഓപ്രയ്ക്ക് മുന്നിലെ സീറ്റിലിരുന്നത് 37,000 അതിഥികളാണ്. വെറുതെ വന്നുപോവുകയായിരുന്നില്ല ആരും, അവര്‍ക്ക് പറയാന്‍ ജീവിതത്തിന്റെ നേരനുഭവങ്ങളുണ്ടായിരുന്നു. അവരത് ആദ്യമായി ഓപ്രയോട് പറഞ്ഞു. അവര്‍ക്കൊപ്പം ഓപ്രയും കുമ്പസരിച്ചു. കുട്ടിക്കാലത്ത് ലൈംഗികചൂഷണത്തിന് ഇരയായതും മയക്കുമരുന്നിന് അടിമയായിരുന്നതും ഉള്‍പ്പടെ ജീവിതത്തില്‍ തനിക്ക് തെറ്റിപ്പോയ വഴികളെ കുറിച്ച് മറകളില്ലാതെ പ്രേക്ഷകരുമായി അവള്‍ പങ്കുവെച്ചു. ഇരവാദത്തിന്റെ വക്താവാകുകയായിരുന്നു ഓപ്ര. അതിഥികള്‍ക്കൊപ്പം ഓപ്രയും ചിരിച്ചു, കരഞ്ഞു. വൈകാരിക നിമിഷങ്ങളിലൂടെയുള്ള കയറ്റിറക്കമായിരുന്നു ദി ഓപ്ര വിന്‍ഫ്രി ഷോ. 

'അമേരിക്കയുടെ മദര്‍ കണ്‍ഫെസറെ'ന്ന് മാധ്യമങ്ങള്‍ ഓപ്രയെ വാഴ്ത്തി. 'അവള്‍ ഒരു വലിയ കുമ്പസാരകയായിരുന്നു. നിങ്ങളെ കുമ്പസരിപ്പിക്കും മുമ്പ് അവള്‍ സ്വയം നിങ്ങള്‍ക്ക് മുന്നില്‍ കുമ്പസരിക്കും. അവളുടെ ചോദ്യങ്ങള്‍ പ്രകോപിപ്പിക്കുന്നതോ, വ്യക്തിപരമോ ഇന്നുവരെ ആരും ചോദിക്കാത്തതോ ആകാം. ചോദിക്കേണ്ടത് അവള്‍ ചോദിച്ചിരിക്കും. നിങ്ങള്‍ മറുപടിയും നല്‍കും.' അമേരിക്കന്‍ അവതാരക ബാര്‍ബറ വാള്‍ട്ടേഴ്‌സ് പറയുന്നു. 

ഓപ്രയുടെ അതിഥികള്‍ 

4561 ദിവസങ്ങള്‍,37,000 അതിഥികള്‍...
നെല്‍സണ്‍ മണ്ടേല, ക്ലിന്റണ്‍, ബരാക് ഒബാമ, മിഷേല്‍ ഒബാമ, ബില്ലി ക്രിസ്റ്റല്‍, വില്‍ സ്മിത്ത്, ടൈറ ബാങ്ക്‌സ്, ജിം കാരി, ടിന ടേണര്‍, ബാര്‍ബറ വാള്‍ട്ടേഴ്‌സ് ജൂലിയ റോബര്‍ട്‌സ്, എലന്‍ ഡിജെനറസ് തുടങ്ങി പ്രശ്‌സതരും അപ്രശസ്തരുമായി പതിനായിരക്കണക്കിന് ആളുകളാണ് ഓപ്രയുടെ അതിഥികളായെത്തിയത്. 

പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ന്റെ അഭിമുഖമാണ് ദി ഓപ്ര വിന്‍ഫ്രി ഷോയുടെ നാഴികക്കല്ല്. പ്രശസ്തിയുടെ ഔന്നിത്യത്തില്‍ നില്‍ക്കുന്ന 1993-ലാണ് ഓപ്രയുമായി സംസാരിക്കാന്‍ മൈക്കിള്‍ ജാക്‌സണ്‍ തയ്യാറാകുന്നത്. 90 മിനിട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന, ജാക്‌സണിന്റെ നെവര്‍ലന്‍ഡ് റാഞ്ചില്‍ നിന്ന് തത്സമയം സംപ്രേഷണം ചെയ്ത അഭിമുഖം ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള 90 മില്യണ്‍ ആളുകളാണ് വീക്ഷിച്ചത്. പതിന്നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൈക്കിള്‍ ജാക്‌സണ്‍ ആദ്യമായി നല്‍കിയ അഭിമുഖം. കുട്ടിക്കാലം നഷ്ടപ്പെട്ടതിനെ കുറിച്ചും ജാക്‌സണ്‍ ബ്രദേഴ്‌സിനെകുറിച്ചും അച്ഛനുമായുള്ള ബന്ധത്തെ കുറിച്ചും, സ്‌കിന്‍ പിഗ്മെന്റേഷന്‍ ഡിസോഡറിനെ കുറിച്ചുമെല്ലാം ജാക്‌സണ്‍ മനസ്സുതുറന്നു. ലോകം മുഴുവനുമുളള മാധ്യമങ്ങളുടെ തലക്കെട്ടായി ജാക്‌സണ്‍ അതിഥിയായെത്തിയ ഓപ്ര വിന്‍ഫ്രി ഷോയുടെ ആ എപ്പിസോഡ്. 

ഓപ്ര ഷോയിലെത്തിയ അവിസ്മരണീയ അതിഥികളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അക്കൂട്ടത്തില്‍ ആദ്യം വരുന്ന പേരുകളിലൊന്ന് ട്രൂഡി ചേസിന്റേതാണ്. 92 വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള(ഡിസോഷ്യേറ്റ് ഐഡന്റിറ്റി ഡിസോര്‍ഡര്‍ ) വ്യക്തി. രണ്ടുവയസ്സുള്ളപ്പോള്‍ മുതല്‍ രണ്ടാനച്ഛനില്‍ നിന്നുണ്ടായ ക്രൂരമായ ലൈംഗികാതിക്രമങ്ങളാണ് ട്രൂഡിന്റെ മനസ്സിന്റെ താളം തെറ്റിച്ചത്. 92 വ്യക്തിത്വങ്ങളിലായി ചിതറിക്കിടക്കുകയാണ് ട്രൂഡിയുടെ ഓര്‍മകള്‍. സംഭാഷണങ്ങളില്‍ ഞാനെന്നതിന് പകരം ഞങ്ങളെന്നാണ് ട്രൂഡി ഉപയോഗിച്ചിരുന്നത്. 

രണ്ടാനച്ഛന്റെ വൈകൃതങ്ങള്‍ക്ക് ഇരയായത് ട്രൂഡി മാത്രമായിരുന്നില്ല അവളുടെ അര്‍ദ്ധസഹോദരനെ, അയാളുടെ മകനെയും അയാള്‍ ഉപദ്രവിച്ചു. ഉറക്കെ അലറിയും ബെല്‍റ്റ് കൊണ്ട് വീശിയടിച്ചുമാണ് അയാള്‍ കുട്ടികളെ വരുതിയിലാക്കിയിരുന്നത്. ഫാമിലെ മൃഗങ്ങളെ പോലും അയാള്‍ വെറുതെ വിട്ടിരുന്നില്ലെന്ന് ട്രൂഡി ഓര്‍ക്കുന്നുണ്ട്. കണ്ണീരണിഞ്ഞുകൊണ്ടാണ് ട്രൂഡിയുടെ അനുഭവങ്ങള്‍ ഓപ്ര കേട്ടിരുന്നത്. സ്വയം സംരക്ഷിക്കാന്‍ ട്രൂഡിയുടെ മനസ്സിനകത്തെ സ്ഥിരോത്സാഹിയായ കുട്ടി കണ്ടെത്തിയ മാര്‍ഗമായിരിക്കാം 92 വ്യക്തിത്വങ്ങളെന്നാണ് അന്ന് ഓപ്ര അഭിപ്രായപ്പെട്ടത്. വെന്‍ ദ റാബിറ്റ് ഹൗള്‍ എന്ന പേരില്‍ ട്രൂഡിയുടെ ആത്മകഥ പുറത്തിറങ്ങിയിരുന്നു. 2010 മാര്‍ച്ചില്‍ ട്രൂഡി അന്തരിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള ഒരമ്മയുടെ മകളായി ജീവിക്കേണ്ടി വന്നപ്പോള്‍ അനുഭവിച്ച പ്രയാസങ്ങള്‍ പങ്കുവെക്കാന്‍ ട്രൂഡിയുടെ മകളായ കാരിയും പിന്നീട് ഷോയില്‍ അതിഥിയായി എത്തിയിട്ടുണ്ട്. 

കുമ്പസാരങ്ങള്‍ ഓപ്ര ഷോയില്‍ പതിവായിരുന്നെങ്കിലും ഓപ്ര പോലും ഞെട്ടിത്തരിച്ചിരുന്നൊരു നിമിഷമുണ്ട്. അമേരിക്കന്‍ യുവതികളുടെ നെഞ്ചിടിപ്പായ ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസ് ഓപ്രയുടെ കൗച്ചിന് മുകളില്‍ ചാടിക്കയറി അഭിനേത്രി കാറ്റി ഹോംസിനോടുള്ള തന്റെ പ്രണയം പ്രഖ്യാപിച്ച നിമിഷം. 

'വാര്‍ ഓഫ് ദ വേള്‍ഡ്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഷോയിലെത്തിയതായിരുന്നു ടോം. ആര്‍പ്പുവിളിച്ചും നൃത്തംചെയ്തുമാണ് സ്റ്റുഡിയോയിലെത്തിയ ആരാധികമാര്‍ ടോമിന് സ്വാഗതമരുളിയത്. ആരാധകരുടെ ആവേശം കണ്ട് ടോം പോലും ആശ്ചര്യപ്പെട്ടു. പണിപ്പെട്ടാണ് ഓപ്ര അവരെ അടക്കിയിരുത്തിയത്. ടോമുമായി സംസാരിച്ചുതുടങ്ങിയപ്പോള്‍ തന്നെ സ്റ്റുഡിയോയിലെ ആരാധകരുടെ മാത്രമല്ല അതിഥിയുടെ മനസ്സും സന്തോഷാതിരേകത്താല്‍ തുള്ളിച്ചാടുകയാണെന്ന് ഓപ്ര തിരിച്ചറിഞ്ഞു. 

സംഭാഷണത്തിനിടയില്‍ പലതവണ ടോം സീറ്റില്‍ നിന്ന് എണീറ്റ് വിജയിയെ പോലുള്ള ആംഗ്യങ്ങള്‍ കാണിച്ചു.തനിക്കുലഭിച്ച ഭാഗ്യത്തിന് സെനുദേവന്മാരോട് നന്ദി പറയാന്‍ അയാള്‍ ഒരു കാല്‍മുട്ടിലിരുന്നു, ഓപ്രയുടെ കൈപിടിച്ചുകുലുക്കി. സന്തോഷം കൊണ്ടുതുള്ളിച്ചാടുന്ന കുട്ടിയെപ്പോലെയായിരുന്നു ടോമിന്റെ പെരുമാറ്റം. 'നിങ്ങള്‍ ഈ രീതിയില്‍ പെരുമാറുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല, നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്?' എന്ന ഓപ്രയുടെ ചോദ്യത്തിന് ഒടുവില്‍ ടോം ഉത്തരം നല്‍കി, 'ഞാന്‍ പ്രണയത്തിലാണ്!'.ടോമിന്റെ സന്തോഷപ്രകടനങ്ങള്‍ അവിടെയും അവസാനിച്ചില്ല കൗച്ചിലേക്ക് ചാടിക്കയറി ടോം കാറ്റിയോടുളള പ്രണയപ്രഖ്യാപനം നടത്തി. ഹോളിവുഡിനെ പിടിച്ചുകുലുക്കിയ 'ദ കൗച്ച് ജമ്പ്' ആരാധകര്‍ കൈയടിച്ച് സ്വീകരിച്ചെങ്കിലും വിമര്‍ശനങ്ങള്‍ക്കും കാരണമായി. 'അതൊരു നിമിഷമായിരുന്നു, യഥാര്‍ഥമായ ഒന്ന്!' വളരെക്കാലത്തിന് ശേഷം ഓപ്രയ്ക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ സോഫ സംഭവത്തെ ചിരിയോടെ ടോം വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 

37,000 അതിഥികളില്‍ ഓപ്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഡോ.ടെറെറായ് ട്രെന്‍ഡിനെയാണ്. ലോകത്തോടും സ്ത്രീകളോടും താന്‍ പറയാനാഗ്രഹിക്കുന്ന, അവര്‍ക്കുവേണ്ടി ചെയ്യണമെന്നാഗ്രഹിക്കുന്നതെല്ലാം ചെയ്തവളാണ് ടെറെറായ് എന്ന് ഓപ്ര പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'അവള്‍ എനിക്കേറെ പ്രിയപ്പെവളാണ്, കാരണം ഓപ്ര ഷോ പ്രതിനിധാനം ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അവള്‍ ദൃഷ്ടാന്തമാക്കി.'

സിംബാബ്വേയിലെ വെളളവും വെളിച്ചവുമില്ലാത്ത ഉള്‍നാടന്‍ ഗ്രാമത്തിലാണ് ടെറെറായ് ജനിച്ചത്. അവളുടെ സമുദായത്തില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് വിദ്യാഭ്യാസം നല്‍കുക. പഠിക്കാന്‍ ഇഷ്ടമായിരുന്ന ടെറെറായി സഹോദരന്റെ ഹോംവര്‍ക്കുകള്‍ ചെയ്തുകൊടുത്ത് എഴുതാനും വായിക്കാനും സ്വയം പഠിച്ചു. അച്ഛന്‍ അവളെ സ്‌കൂളിലയക്കാന്‍ പിന്നീട് തയ്യറായെങ്കിലും വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് രണ്ടാംപാദത്തോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. 11 വയസ്സിലായിരുന്നു വിവാഹം. 18 വയസ്സായപ്പോഴേക്കും മൂന്നുകുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു അവള്‍. നിത്യവും ഭര്‍ത്താവില്‍ നിന്നുളള മര്‍ദനവും.അതിനെല്ലാമിടയിലും പഠിക്കണമെന്ന വലിയൊരു സ്വപ്‌നം അവള്‍ കെടാതെ കാത്തിരുന്നു. സ്‌കൂളില്‍ പോലും പോകാത്തവള്‍ അമേരിക്കയില്‍ പോകണം, ഡോക്ടറേറ്റ് എടുക്കണം എന്നൊക്കെ സ്വപ്‌നം കണ്ടാല്‍ അതെങ്ങനെ സാധ്യമാകാനാണ്? പക്ഷേ ഗ്രാമത്തില്‍ ഒരിക്കല്‍ സന്ദര്‍ശനം നടത്തിയ ഹെയ്ഫര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജോ ലക്ക് എന്ന വ്യക്തിയും അവളുടെ അമ്മയും അവളുടെ സ്വപ്‌നങ്ങള്‍ക്ക് പ്രോത്സാഹനമേകി. ഒരിക്കല്‍ അവള്‍ തന്റെ സ്വപ്‌നങ്ങളെല്ലാം എഴുതി ഒരു തകരപ്പെട്ടിയിലാക്കി പാറയ്ക്കടിയില്‍ കുഴിച്ചിട്ടു. 

1998 മുതല്‍ ലക്ഷ്യത്തിലേക്കുളള അവളുടെ യാത്ര ആരംഭിച്ചുവെന്നുപറയാം. ഭര്‍ത്താവ് ടെറെറായിയെയും മക്കളേയും കൂട്ടി ഒക്കലഹോമയിലേക്ക് താമസം മാറി. അപ്പോഴേക്കും അഞ്ചുകുട്ടികളുടെ അമ്മയായിരുന്നു അവള്‍. മൂന്നുവര്‍ഷത്തിനുളളില്‍ ബിരുദമെടുത്തു. തന്നെ നിരന്തരമായി ഉപദ്രവിക്കുന്ന ഭര്‍ത്താവില്‍ നിന്ന് മോചനം നേടി. ബിരുദാനന്തര ബിരുദമെടുത്തു. ഓരോ നേട്ടത്തിനുശേഷവും അവള്‍ സിംബ് ബാവേയിലേക്ക് മടങ്ങും. തകരപ്പെട്ടി പുറത്തെടുക്കും. തന്റെ സ്വപ്‌നങ്ങളെ ഒരാവര്‍ത്തി വായിക്കും. തകരപ്പെട്ടിയില്‍ സൂക്ഷിച്ചുവെച്ച സ്വപ്‌നങ്ങളുടെ കുറിപ്പടിയില്‍ നാലാമതെഴുതിയ ഡോക്ടറേറ്റ് എന്ന സ്വപ്‌നവും അവള്‍ സ്വന്തമാക്കി. ഡോക്ടറേറ്റ് നേടിയശേഷം തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്കായി സ്‌കൂള്‍ എന്ന പുതിയ സ്വപ്‌നവുമായാണ് ഓപ്രയുടെ ഷോയില്‍ ടെറെറായ് വീണ്ടുമെത്തിയത്.'ആത്യന്തികമായി, നിങ്ങള്‍ കാരണം കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കും, ഡോ. ട്രെന്റ്!'  മനസ്സുനിറഞ്ഞായിരുന്നു ഓപ്രയത് പറഞ്ഞത്. ഭാവിയെ കുറിച്ച് ഒരാള്‍ക്ക് കാഴ്ചപ്പാടുണ്ടായിരിക്കണം, അഭിനിവേശമുണ്ടായിരിക്കണം തന്റെ അഭിനിവേശത്തോട് പ്രതിജ്ഞാബദ്ധതയുണ്ടായിരിക്കണം. ഒരിക്കലും പരാജയം സമ്മതിച്ച് പിന്‍വാങ്ങരുത്. അങ്ങനെയെങ്കില്‍ ആഗ്രഹിക്കുന്നതെന്തോ അത് ജീവിതത്തില്‍ നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് ഓപ്രയുടെ പക്ഷം. ടെറെറായ് അങ്ങനെയൊരുവളായിരുന്നു.
 

8000 മൈലുകള്‍ യാത്ര ചെയ്ത് ഓപ്രയുടെ ഷോയില്‍ അതിഥിയായി ഇന്ത്യയുടെ സ്വന്തം ഐശ്വര്യ റായിയും എത്തിയിട്ടുണ്ട്. ഭൂമിയിലെത്തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്ന് വിശേഷണത്തോടെയാണ് ഐശ്വര്യയെ ഓപ്ര സ്വാഗതം ചെയ്തത്. ഐശ്വര്യയുടെ സിനിമകളില്‍ ഒരു ചുംബന സീന്‍ പോലും കാണാനില്ലല്ലോയെന്ന് ഓപ്ര ആശ്ചര്യപ്പെടുകയും ചെയ്തു. പ്രണയരംഗങ്ങളില്‍ ചുംബിക്കുന്നതിനുപകരം ബോളിവുഡില്‍ നായികയും നായകനും ചേര്‍ന്ന് പാട്ടുപാടിത്തുടങ്ങുന്നതിലെ സാംഗത്യത്തെ കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ടാണ് അവരുടെ സൗഹൃദസംഭാഷണം ആരംഭിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരവും ജീവിതശൈലികളും കുടുംബ ബന്ധങ്ങളും കൗതുകത്തോടെ ഐശ്വര്യയോട് ചോദിച്ചറിയുകയായിരുന്നു ഓപ്ര. മുപ്പതുതികഞ്ഞിട്ടും ഐശ്വര്യ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതും വെളുക്കുന്നതിനായി ഇന്ത്യക്കാര്‍ പ്രതിവര്‍ഷം 100 മില്യണ്‍ ഡോളര്‍(അന്നത്തെ കണക്കുകള്‍ പ്രകാരം)സൗന്ദര്യവര്‍ധക ഉല്പന്നങ്ങള്‍ക്കായി ചെലവഴിക്കുന്നതുമെല്ലാം ഓപ്രയെ അത്ഭുതപ്പെടുത്തി. എന്തിനേറെ ഐശ്വര്യയെക്കൊണ്ട് തന്നെ സാരിയുടിപ്പിക്കുക വരെ ചെയ്തു ഓപ്ര. 

*** *** *** ***

'നിങ്ങള്‍ക്ക് ഒരു കാര്‍ ലഭിക്കുന്നു!' ഷോയുടെ ചിത്രീകരണത്തിനായി സ്റ്റുഡിയോയിലെത്തിയ പ്രേക്ഷകരോടായി ഓപ്ര പറഞ്ഞു. കേട്ടത് വിശ്വസിക്കാനാകാതെ പ്രേക്ഷകര്‍ ആദ്യം പകച്ചുനിന്നു. പിന്നെ അവിടെ നടന്നത് ആഹ്ലാദപ്രകടനങ്ങളുടെ ഘോഷയാത്രയാണ്. 2004 സെപ്റ്റംബര്‍ 13-നാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള ഓപ്രയുടെ ഈ പ്രഖ്യാപനം ഉണ്ടാകുന്നത്. 28,500 ഡോളര്‍ വിലമതിക്കുന്ന ഏററവും പുതിയ Pontiac G-6 സെഡാനായിരുന്നു ഓപ്ര അവര്‍ക്ക് നല്‍കിയ സമ്മാനം. ഇതിനായി കാറുകള്‍ അത്യാവശ്യമായിട്ടുള്ള കുറച്ച് പ്രേക്ഷകരെ കണ്ടെത്തണമെന്ന് ഷോ നിര്‍മാതാക്കളോട് ഓപ്ര മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നു. അവരെയാണ് ഷോയില്‍ പ്രേക്ഷകരായി ക്ഷണിച്ചതും. 

പുതിയ കാര്‍ എന്ന സ്വപ്‌നവുമായി നടക്കുന്ന 11 അധ്യാപകര്‍ക്ക് വേദിയില്‍ വെച്ച് ഇത് കാറിന്റെ താക്കോല്‍ കൈമാറിയ ശേഷമായിരുന്നു ഓപ്രയുടെ നാടകീയ നീക്കം. പറയുന്നത് വരെ തുറന്നുനോക്കരുത് എന്ന നിബന്ധനയോടെ ഷോയ്ക്കിടയില്‍ ഓപ്ര അവര്‍ക്ക് ഒരു സമ്മാനപ്പൊതി വിതരണം ചെയ്തിരുന്നു. അധ്യാപികമാര്‍ക്ക് കാറിന്റെ താക്കോല്‍ സമ്മാനിച്ച ശേഷം പന്ത്രാണ്ടാമത് ഒരു കാര്‍ കൂടി നല്‍കുന്നുണ്ടെന്നും അത് കാണികള്‍ക്കിടയില്‍ വിതരണം ചെയ്ത സമ്മാനപ്പൊതികളില്‍ ഒന്നിലുണ്ടെന്നും ഓപ്ര അറിയിച്ചു. സമ്മാനപ്പൊതി തുറക്കുമ്പോള്‍ അതില്‍ കീ ഉള്ളവരായിരിക്കും കാര്‍ ലഭിക്കുന്ന അവസാനവ്യക്തിയെന്നായിരുന്നു ഓപ്രയുടെ പ്രഖ്യാപനം. ഓപ്രയുടെ നിര്‍ദേശമനുസരിച്ച് സമ്മാനപ്പൊതി അഴിച്ച അവര്‍ക്കെല്ലാവര്‍ക്കും കാറിന്റെ താക്കോല്‍ അതിനകത്തുനിന്ന് ലഭിച്ചു. പലര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല. ആശ്ചര്യവും സന്തോഷവും കൊണ്ട് കാണികള്‍ ആര്‍ത്തുവിളിച്ചു. സന്തോഷം കൊണ്ട് ചിലര്‍ തുള്ളിച്ചാടി. ചിലര്‍ വികാരവിക്ഷോഭത്താല്‍ കരഞ്ഞു. ചിലര്‍ ബോധംകെട്ടുവീണു. 

എന്നാല്‍ സന്തോഷം നിറഞ്ഞ ഈ എപ്പിസോഡിന്റെ ക്ലൈമാക്‌സ് അല്പം വിഷമംപിടിച്ചതായിരുന്നു. കാറിന്റെ വില്പന നികുതി അടയ്ക്കുകയും രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഗിഫ്റ്റ് ടാക്‌സ് അടയ്‌ക്കേണ്ടത് കാര്‍ ലഭിച്ചവരായിരുന്നു. അത് വിവാദമായി. ഗിഫ്റ്റ് ടാക്‌സ് അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് കാറിന്റെ പണം നല്‍കാമെന്ന് അറിയിച്ചെങ്കിലും പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല. കാണികള്‍ പരാതിയുമായി മാധ്യമങ്ങളെ സമീപിച്ചു. ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രമോഷന്‍ സ്റ്റണ്ടുകളിലൊന്നെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ കാര്‍ എപ്പിസോഡിനെ വിശേഷിപ്പിച്ചത്. ഓപ്രയ്ക്കാകട്ടെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സന്തോഷകരമായ നിമിഷവും. 

*** *** ***
2000ത്തിലാണ് പുരസ്‌കാര പരിഗണനയ്ക്കായി ഓപ്ര വിന്‍ഫ്രി ഷോ സമര്‍പ്പിക്കേണ്ടെന്ന് ഓപ്ര തീരുമാനമെടുക്കുന്നത്. പക്ഷേ അതിനകം 47 എമ്മി പുരസ്‌കാരങ്ങള്‍ ഷോ കരസ്ഥമാക്കിയിരുന്നു. പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുമ്പോഴും വിവാദങ്ങള്‍ക്ക് അതീതമായിരുന്നില്ല ഓപ്രയും ഷോയും. 1996-ല്‍ ഭ്രാന്തിപ്പശുരോഗത്തെ കുറിച്ചുനടത്തിയ ചര്‍ച്ചക്കിടയില്‍ രോഗത്തെ കുറിച്ചുളള ഭയം ബര്‍ഗര്‍ കഴിക്കുന്നതില്‍ നിന്ന് തന്നെ പിറകോട്ട് വലിക്കുന്നുവെന്ന് ഓപ്ര പറഞ്ഞതിനെ അപകീര്‍ത്തികരമായ പരാമര്‍ശമായാണ് ടെക്‌സാസിലെ കന്നുകാലി കര്‍ഷകര്‍ കണ്ടത്. തങ്ങളെ അവഹേളിച്ചുവെന്നുകാണിച്ച് അവള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

ഷോയിലെ ലൈംഗിക പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്. 2005-ല്‍ റിമ്മിങ് എന്ന സെക്ഷ്വല്‍ ആക്ടിനെ കുറിച്ച് ഷോയില്‍ ചര്‍ച്ച ചെയ്തത് രക്ഷാകര്‍തൃസമൂഹത്തെ കുറച്ചൊന്നുമല്ല രോഷാകുലരാക്കിയത്. കുട്ടികള്‍ ഷോ കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്ന് അവര്‍ ഓപ്രയെ ഓര്‍മിപ്പിച്ചു. 2008-ല്‍ കൗമാരക്കാരായ പെണ്‍മക്കള്‍ക്ക് അമ്മമാര്‍ വൈബ്രേറ്റര്‍ വാങ്ങി നല്‍കണമെന്ന ഓപ്രയുടെ പരാമര്‍ശം വിവാദമായി. ബദല്‍ ചികിത്സാരീതികളുടെ വക്താക്കളായ സൂസെയ്ന്‍ സോമേഴ്‌സ്, വാക്‌സിന്‍ വേണ്ടെന്ന് വാദിക്കുന്ന ജെന്നി മക് കാര്‍ത്തി എന്നിവരെ ഫീച്ചര്‍ ചെയ്തതിനും ഓപ്ര വിമര്‍ശനങ്ങളേറ്റുവാങ്ങി. പ്രമുഖ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് ഓപ്ര നടത്തുന്ന മാര്‍ക്കറ്റിങ് തന്ത്രങ്ങളും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. കാര്‍ എപ്പിസോഡ് അത്തരത്തിലൊന്നായിരുന്നു. 

*** *** ***

25 വര്‍ഷം ഒരു ചെറിയ കാലയളവായിരുന്നില്ല, ഓപ്ര തളര്‍ന്നുതുടങ്ങി. ഷോ അവസാനിപ്പക്കുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു.  'ഒട്ടേറെ പ്രാര്‍ഥനകള്‍ക്കും മാസങ്ങളെടുത്ത ശ്രദ്ധാപൂര്‍വമായ ചിന്തകള്‍ക്കുമൊടുവില്‍ അടുത്ത സീസണ്‍- സീസണ്‍ 25- ദി ഓപ്ര വിന്‍ഫ്രി ഷോയുടെ അവസാന സീസണമായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. 25 ഒരു നല്ല സംഖ്യയാണ്, ഇതാണ് മികച്ച സമയം.' 2009 നവംബര്‍ 20-ന് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഓപ്ര പ്രഖ്യാപിച്ചു.

ഷോ അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നുവെന്ന് എനിക്ക് തോന്നി. കാരണം അതെന്റെ ജീവിതമായി മാറിയിരുന്നു. എനിക്ക് കുട്ടികളില്ലാത്തതിനുകാരണവും അതില്‍ ഞാന്‍ പശ്ചാത്തപിക്കാത്തിനുകാരണവും ഷോ ആയിരുന്നു. കാഴ്ചക്കാര്‍, അതിഥികള്‍, പങ്കുവെയ്ക്കുന്ന വിവരങ്ങള്‍, കഥകള്‍, ദുരന്തസംഭവങ്ങള്‍ എല്ലാം എന്റെ ജീവിതമായി മാറി. -ഷോ അവസാനിപ്പിച്ചതിന് ശേഷം സുഹൃത്ത് ബാര്‍ബറ വാള്‍ട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ ഓപ്ര പറഞ്ഞു. 

(തുടരും)