
'പ്രിയപ്പെട്ട ദൈവമേ, എനിക്ക് പതിന്നാലു വയസ്സായി. ഞാന്‍ എല്ലായ്‌പ്പോഴും ഒരു നല്ല പെണ്‍കുട്ടിയായിരിക്കും. എന്താണ് എനിക്ക് സംഭവിക്കുന്നത് എന്നറിയുന്നതിനായി എന്തെങ്കിലും ഒരു സൂചന കാണിച്ചു തരാമോ?..' ദി കളര്‍ പര്‍പ്പിളിലെ ആദ്യ വരികള്‍ വായിച്ച ഓപ്ര ഒരു നിമിഷം മരവിച്ചുപോയി. 'ഇതെന്റെ ജീവിതമാണല്ലോ.. എന്റെ അനുഭവങ്ങള്‍ മറ്റൊരാള്‍ക്കും?' അതുള്‍ക്കൊളളാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നു ഓപ്രയ്ക്ക്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഞായറാഴ്ചപ്പതിപ്പിലെ പുസ്തക നിരൂപണം വായിച്ച് ആകൃഷ്ടയായി അന്നുതന്നെ പുസ്തകം വാങ്ങിക്കളയാം എന്ന ചിന്തയില്‍ പുസ്‌കതശാലയിലെത്തിയതായിരുന്നു ഓപ്ര. അവിടെ വെച്ചുതന്നെ അവള്‍ വായന തുടങ്ങിയിരുന്നു. പുസ്തകശാലയില്‍ നിന്ന് ഉടന്‍ വീട്ടിലേക്ക് തിരിച്ച ഓപ്ര ഒറ്റയിരുപ്പില്‍ ആ നോവല്‍ വായിച്ചുതീര്‍ത്തു. അവര്‍ വീണ്ടും പുസ്തകശാലയിലെത്തി. നോവലിന്റെ ബാക്കിയുണ്ടായിരുന്ന എട്ടു കോപ്പികള്‍ കൂടി അവര്‍ വാങ്ങി. നിര്‍ബന്ധമായും വായിക്കണമെന്ന് നിര്‍ദേശിച്ച് അവളത് പലര്‍ക്കും വിതരണം ചെയ്തു. ആലീസിന്റെ പേനയില്‍ നിന്നുതിര്‍ന്ന വാക്കുകളെല്ലാം ആ കഥാകാരി തന്റെ ജീവിതത്തില്‍ നിന്ന് പെറുക്കിക്കൂട്ടിയതാണെന്ന് ഓപ്ര വിശ്വസിച്ചു. 'ദി കളര്‍ പര്‍പ്പിള്‍ ഒരിക്കല്‍ സിനിമയാകും. അന്ന് ഞാനും അതില്‍ അഭിനയിക്കും' അടുപ്പമുളളവരോടെല്ലാം ഓപ്ര വെറുതെ പറഞ്ഞു.

സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് കളര്‍ പര്‍പ്പിള്‍ സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ അധികം വൈകാതെത്തന്നെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 'എനിക്കും അതിന്റെ ഭാഗമാകണം' ഓപ്രയുടെ ഹൃദയം അതിശക്തമായി ആഗ്രഹിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു കാസ്റ്റിങ് ഏജന്‍സിയുടെ കോള്‍ ഓപ്രയെ തേടിയെത്തുന്നത്. മൂണ്‍ സോങ് എന്ന ചിത്രത്തിന് വേണ്ടി അഭിനേതാക്കളെ തേടുകയായിരുന്നു ഏജന്‍സി. മൂണ്‍ സോങ് എന്നാണ് ചിത്രത്തിന്റെ പേരെന്ന് അറിയിച്ച കാസ്റ്റിങ് ഏജന്‍സിയോട് ഓപ്ര തിരിച്ചുചോദിച്ചു, 'ചിത്രം മൂണ്‍ സോങ് എന്നുതന്നെയാണെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ, കളര്‍ പര്‍പ്പിളിലേക്കല്ലേ ഓഡീഷന്‍, ഞാന്‍ ആഗ്രഹിച്ചതും പ്രാര്‍ഥിച്ചതും ആ ചിത്രത്തിന് വേണ്ടിയാണ്.' എന്തായാലും ഓഡീഷന് പോകാന്‍ തന്നെ ഓപ്ര തീരുമാനിച്ചു. കനത്ത മഞ്ഞില്‍ തലയില്‍ സ്‌കാര്‍ഫ് കെട്ടി ഓഡീഷനെത്തിയ ഓപ്രയുടെ കൈയില്‍ അഭിനയിച്ചുകാണിക്കാനായി അവര്‍ സക്രിപ്റ്റ് നല്‍കി.
മഞ്ഞുപറ്റിയ കണ്‍പീലികള്‍ ചിമ്മി സ്‌ക്രിപ്റ്റിലേക്ക് കണ്ണോടിച്ച ഓപ്ര ഞെട്ടിയത് അപ്പോഴാണ്, തന്നിരിക്കുന്ന സ്‌ക്രിപ്റ്റ് കളര്‍ പര്‍പ്പിളിന്റേത്.. പലയാവര്‍ത്തി വായിച്ച നോവലും കഥാപാത്രങ്ങളും അത്രമേല്‍ സുപരിചിതമായിരുന്നു ഓപ്രയ്ക്ക്. ഓപ്രയെന്ന പേര് തിരിച്ചിട്ടാല്‍ കിട്ടുന്ന നോവലിലെ ഹാര്‍പോ എന്ന കഥാപാത്രത്തിന്റെ ഭാര്യ സോഫിയ ആകാനാണ് തന്നെ ഓഡീഷന് വിളിച്ചത് എന്നു മനസ്സിലാക്കിയപ്പോള്‍ ദൈവം തനിക്ക് എന്തൊക്കെയോ നിമിത്തങ്ങള്‍ കാട്ടിത്തരികയാണെന്ന് പോലും ഓപ്ര കരുതി. ഓഡീഷന്‍ കഴിഞ്ഞു, ഒരു മാസമായിട്ടും ഓപ്രയെ തേടി ഫോണ്‍കോളുകളൊന്നുമെത്തിയില്ല. ഓപ്ര കാസ്റ്റിങ് ഏജന്‍സിയെ തിരികെ വിളിച്ചു, ഓപ്രയെ പോലെ അഭിനയിച്ചുപരിചയമില്ലാത്ത ഒരാള്‍ക്ക് പകരം കഴിവുറ്റ മറ്റൊരുനടിയെ അതേ കഥാപാത്രത്തിനായി നിശ്ചയിച്ചുവെന്നായിരുന്നു മറുപടി.

ഓപ്ര തകര്‍ന്നുപോയി. നിര്‍ത്താതെ കരഞ്ഞു, നിരാശയിലേക്ക് കൂപ്പുകുത്തി. തന്റെ അമിത ശരീരഭാരമായിരിക്കാം കഥാപാത്രത്തിന് ചേരാത്തത് എന്നുകരുതി തടി കുറയ്ക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. സിനിമ പുറത്തിറങ്ങിയാല്‍ നിശ്ചയമായും കാണില്ലെന്ന് ഇടക്കെപ്പോഴോ തീരുമാനിച്ചു. ഒടുവില്‍ ആ വേദനയില്‍ നിന്നും മോചനം നേടാനുളള കരുത്ത് നല്‍കണമെന്ന് ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നതിനിടയിലാണ് സ്പില്‍ബെര്‍ഗിന്റെ കോള്‍ ഓപ്രയെ തേടിയെത്തുന്നത്. സോഫിയയാകാന്‍ തയ്യാറെടുത്തോളൂവെന്നായിരുന്നു സന്ദേശം.
ഓപ്രയെ സോഫിയയുടെ കഥാപാത്രത്തിന് പരിഗണിക്കാവുന്നതാണെന്ന നിര്‍ദേശം സ്പില്‍ബെര്‍ഗിന് മുന്നില്‍ വെച്ചത് അമേരിക്കന്‍ സംഗീത സംവിധാകനായ ക്വിന്‍സി ജോണ്‍സാണ്. മൈക്കിള്‍ ജാക്‌സണുവേണ്ടി ഒരു കേസില്‍ ഹാജരാകുന്നതിനായി ഷിക്കാഗോയിലെത്തിയതായിരുന്നു ജോണ്‍സ്. സ്റ്റീവന്‍ സ്പില്‍ബെര്‍ഗിനൊപ്പം കളര്‍ പര്‍പ്പിളിന്റെ നിര്‍മാണ പങ്കാളിയായിരുന്നു ജോണ്‍സും.
ഷിക്കാഗോയിലെ ഹോട്ടല്‍ റൂമില്‍ ഇരിക്കുന്നതിനിടെ ടെലിവിഷനില്‍ യാദൃച്ഛികമായി ജോണ്‍സ് ഓപ്രയുടെ ഷോ കാണാനിടയായി. അന്ന് എഎം ഷിക്കാഗോ സിന്‍ഡിക്കേറ്റഡ് ടോക്ക് ഷോ ആയി മാറിയിരുന്നില്ല. ഓപ്രയെ ആദ്യമായി കാണുകയായിരുന്നു ജോണ്‍സ്. പക്ഷേ അവളുണ്ടാക്കിയ സ്വാധീനം വലുതായിരുന്നു. കളര്‍ പര്‍പ്പിളിലെ സോഫിയയെ താന്‍ കണ്ടെത്തിയതായി ക്വിന്‍സി ജോണ്‍സിന് തോന്നി. ഉടന്‍ സ്പില്‍ബെര്‍ഗിനെ വിളിച്ചു.
കളര്‍പര്‍പ്പിളിന്റെ ഭാഗമാകണം എന്ന് ശക്തമായി ആഗ്രഹിച്ചിരുന്നുവെങ്കിലും തന്നിലെ അഭിനേത്രിയെ ഓപ്രയ്ക്ക് അത്ര വിശ്വാസം പോരായിരുന്നു. സ്‌കൂളിലും കോളേജിലും ഒറേറ്റര്‍ എന്ന നിലയില്‍ പേരെടുത്തിട്ടുണ്ട്. അത്യന്തം നാടകീയമായി സംസാരിക്കാനും ഓപ്രയെ കഴിഞ്ഞേ മറ്റാരുമുളളൂ.. പക്ഷേ ഈ കഴിവുകളൊന്നും അഭിനേത്രിയെന്ന നിലയില്‍ തന്നെ സഹായിക്കാന്‍ പോകുന്നില്ലെന്ന് ഓപ്രയ്ക്ക് ഉറപ്പായിരുന്നു. സ്റ്റെനസ് ലോവസ്‌കിയുടെ അഭിനയപരിശീലന പുസ്തകങ്ങളുമായിട്ടാണ് കളര്‍ പര്‍പ്പിളിന്റെ സെറ്റിലേക്ക് ഓപ്ര എത്തുന്നത്. ആദ്യദിനത്തിലെ ആദ്യ ഷോട്ട് തന്നെ ഓപ്രയുടേതായിരുന്നു.
സോഫിയയായി വേഷപ്പകര്‍ച്ച നടത്തി സെറ്റിലേക്കെത്തിയ ഓപ്ര ആദ്യം തിരഞ്ഞത് സംവിധായകനെയായിരുന്നില്ല ക്യാമറ എവിടെയാണെന്നായിരുന്നു. കാലങ്ങളായി ചെയ്യുന്ന അവതാരക ജോലിയുടെ സ്വാധീനം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സെലിയോടൊപ്പമുളള കോമ്പിനേഷന്‍ സീനായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞതും ഒരു നിമിഷം അവതാരകയുടെ ബാധകൂടിയ ഓപ്ര സെലിയെ നോക്കി പറയേണ്ട ഡയലോഗ് എന്നത്തേയും പോലെ ക്യാമറയെ നോക്കി അതിമനോഹരമായിത്തന്നെ പറഞ്ഞു.
'കട്ട്' എന്ന സ്പില്‍ബെര്‍ഗിന്റെ അലര്‍ച്ചയാണ് പിന്നെ സെറ്റില്‍ കേട്ടത്. 'എന്താണ് നിങ്ങള്‍ ചെയ്യുന്നത്?' രോഷത്തോടെയായിരുന്നു ഡയറക്ടറുടെ ചോദ്യം. ഓപ്ര വിരണ്ടുപോയി. ക്ഷമ വീണ്ടെടുത്ത് സ്പില്‍ബെര്‍ഗ് ഓപ്രയുടെ അടുത്തെത്തി. 'നീയെന്താണ് ചെയ്യുന്നത്?' അവള്‍ക്കപ്പോഴും താന്‍ ചെയ്തതിലെ തെറ്റ് മനസ്സിലാകുന്നുണ്ടായിരുന്നില്ല. 'ഞാന്‍ ഡയലോഗ് പറയുകയല്ലേ ചെയ്തത്?' ഓപ്ര നിഷ്‌കളങ്കതയോടെ ചോദിച്ചു. 'നീയെന്തിനാണ് ക്യാമറയെ നോക്കിയത്.?' അതാ..
അടുത്തചോദ്യം. 'ഞാന്‍ ക്യാമറയല്ലേ നോക്കേണ്ടത്?' സംശയത്തോടെ ഓപ്ര ചോദിച്ചു. അലറിക്കൊണ്ടായിരുന്നു സ്പില്‍ബെര്‍ഗിന്റെ മറുപടി, 'ക്യാമറയെ അല്ല നീ നോക്കേണ്ടത് സിലിയെയാണ്, സിലിയോടല്ലേ സോഫിയ സംസാരിക്കുന്നത്?!' സിനിമയെന്തെന്ന് ആ നിമിഷം മുതല്‍ പഠിച്ചുതുടങ്ങുകയായിരുന്നു ഓപ്ര.
പറഞ്ഞറിയിക്കാനാവാത്ത ആവേശത്തോടെയാണ് ഓരോ ദിവസവും ഓപ്ര സെറ്റില്‍ ചെന്നത്. സീനുകളെടുക്കുന്നില്ലെങ്കിലും അവള്‍ പതിവായി സെറ്റിലെത്തും. മറ്റു അഭിനേതാക്കളുടെ പ്രകടനങ്ങള്‍ വെറുമൊരു പ്രേക്ഷകയായി കണ്ണിമ ചിമ്മാതെ നോക്കിയിരിക്കും. വികാരഭരിതമായ ഒരു സീന്‍ ചിത്രീകരണത്തിനിടയില്‍ പതിവുപോലെ അഭിനേതാക്കള്‍ കഥാപാത്രങ്ങളാകുന്ന മാജിക് നോക്കിയിരുന്ന ഓപ്ര അറിയാതെ കരഞ്ഞുപോയി. കട്ട് പറഞ്ഞ് തിരിഞ്ഞ ഡയറക്ടര്‍ കാണുന്നത് കണ്ണുതുടയ്ക്കുന്ന ഓപ്രയെയാണ്. ഉടന്‍ സ്പില്‍ബെര്‍ഗ് പറഞ്ഞു, 'ഇതെനിക്ക് ഇഷ്ടമായി. ഇന്നു വൈകീട്ട് ക്യാമറയ്ക്ക് മുന്നില്‍ ഇങ്ങനെ ചെയ്യണം' ഓപ്ര അമ്പരന്നുപോയി, 'എന്തു ചെയ്യണമെന്നാണ്?' 'നിങ്ങളിപ്പോള്‍ ചെയതില്ലേ അതുതന്നെ.'സ്പില്‍ബെര്‍ഗ് അതുപറഞ്ഞ് അടുത്ത ഷോട്ട് ചിത്രീകരിക്കാനാരാംഭിച്ചു.
സെറ്റിലിരുന്ന് ഓപ്ര വിയര്‍ത്തുകുളിച്ചു. അതെങ്ങനെ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ ചെയ്യണമെന്ന് ഓപ്രയ്ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അന്ന് ഉച്ചയോടെ ഓപ്രയ്ക്ക് മുന്നില്‍ ഛായാഗ്രാഹകന്‍ അലെന്‍ ഡാവിയോ ക്യാമറ വെച്ചു. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞു, ക്യാമറ റോള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്, ഷോട്ടില്‍ ഓപ്ര കരഞ്ഞേ മതിയാവൂ.. പക്ഷേ അവള്‍ക്ക് കരയാനായില്ല.. ആ ഷോട്ടില്‍ കരയാനാകാത്തതോര്‍ത്ത് അന്ന് രാത്രി മുഴുവന്‍ ഓപ്ര കരഞ്ഞു. അതേ ഓപ്രയാണ് പിന്നീട് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത, കളര്‍പര്‍പ്പിളിലെ 'ഫൈറ്റ് മൈ ഹോള്‍ ലൈഫ്' എന്ന സീന്‍ ഒറ്റടേക്കില്‍ പൂര്‍ത്തിയാക്കിയത്, കളര്‍പര്‍പ്പിളിലെ അഭിനയത്തിന് മികച്ച സഹനടിക്കുളള ഓസ്‌കര്‍ കരസ്ഥമാക്കിയത്.
കളര്‍ പര്‍പ്പിള്‍ ആഗ്രഹിച്ചതു പോലെ അതിനുമുന്‍പോ, അതിനുശേഷമോ ജീവിതത്തില്‍ മറ്റൊന്നും ഓപ്ര ആഗ്രഹിച്ചിട്ടില്ല. ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായിട്ടാണ് ആ ചിത്രത്തെ ഇന്നും ഓപ്ര വിലയിരുത്തുന്നത്. ആത്മീയമായും വൈകാരികമായും മനഃശാസ്ത്രപരമായും തന്നില്‍ ഇത്രയേറെ പ്രഭാവമുണ്ടാക്കിയിട്ടുളള മറ്റൊന്നുമില്ലെന്ന് ഓപ്ര പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. (ആലീസ് വാക്കറുടെ പുലിറ്റ്‌സര്‍ പ്രൈസ് നേടിയ കളര്‍ പര്‍പ്പിളില്‍ സോഫിയയായി അഭിനയിച്ച അതേ ഓപ്ര 2023-ല്‍ അതേ ചിത്രത്തിന്റെ മ്യൂസിക്കല്‍ അഡാപ്‌റ്റേഷന്റെ പ്രൊഡ്യൂസറായെന്നത് കൗതുകം നിറഞ്ഞ ചരിത്രം.) കളര്‍ പര്‍പ്പിളില്‍ അഭിനയിക്കുന്നതിനിടയിലാണ് എഎം ഷിക്കാഗോ എന്ന ടോക്ക്‌ഷോയ്ക്ക് ഓപ്ര സിന്‍ഡിക്കേഷന്‍ ലൈസന്‍സ് നേടുന്നത്. ഓപ്ര വിന്‍ഫ്രി ഷോ എന്നു പേരു മാറ്റിയ ഷോയില്‍ തുടര്‍ന്ന് സംഭവിച്ചതെല്ലാം ചരിത്രം.
കളര്‍ പര്‍പ്പിളിന് ശേഷം ആഫ്രിക്കന്‍-അമേരിക്കന്‍ ചിത്രമായ നേറ്റീവ് സണ്‍ എന്നൊരു ചിത്രത്തില്‍ ഓപ്ര അഭിനയിച്ചു. ആ ചിത്രം ഒരുപരാജയമായിരുന്നു.' ദി വിമന്‍ ഓഫ് ബ്ര്യൂവ്‌സ്റ്റെര്‍ പ്ലേസ്, ദേര്‍ ആര്‍ നോ ചില്‍ഡ്രന്‍ ഹിയര്‍, ബിഫോര്‍ വിമന്‍ ഹേഡ് വിങ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഓപ്ര ഭാഗമായി. കളര്‍ പര്‍പ്പിള്‍ തന്ന ആത്മവിശ്വാസത്തിലാണ് ചലച്ചിത്ര മേഖലയില്‍ പരീക്ഷണങ്ങള്‍ക്ക് ഓപ്ര മുതിരുന്നത്. ടോക് ഷോയിലൂടെയും കളര്‍ പര്‍പ്പിളിലൂടെയും ഓപ്ര നേടിയ പ്രശസ്തിയും സമ്പത്തും ഓപ്രയക്കിഷ്ടപ്പെടുന്ന സിനിമകള്‍ നിര്‍മിക്കാനും, അഭിനയിക്കാനുമുളള അവസരം അവള്‍ക്ക് നല്‍കി. കളര്‍ പര്‍പ്പിള്‍ പോലെ തന്നെ സ്വാധീനിച്ച ടോണി മോറിസണിന്റെ ബിലവഡ് എന്ന നോവല്‍ ചലച്ചിത്രമാക്കാന്‍ ഓപ്ര തീരുമാനിക്കുന്നത് അങ്ങനെയാണ്. മാര്‍ഗരെറ്റ് ഗാര്‍നെര്‍ എന്ന അടിമയുടെ യഥാര്‍ഥജീവിതത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് രചിച്ച നോവലില്‍ വംശപരമ്പരയെ കുറിച്ചും അടിമത്തത്തെ കുറിച്ചുമായിരുന്നു പ്രതിപാദിച്ചിരുന്നത്. ജോനാഥന്‍ ഡെമ്മെ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പക്ഷേ ബിലവഡ് ഓപ്രയ്ക്ക് സമ്മാനിച്ചത് വന്‍പരാജയമായിരുന്നു. മുതല്‍മുടക്കിന്റെ മൂന്നിലൊന്നുമാത്രമേ ഓപ്രയക്ക് തിരികെപ്പിടിക്കാനായുള്ളൂ. പണനഷ്ടമായിരുന്നില്ല ഓപ്രയെ വേദനിപ്പിച്ചത്. വൈകാരികമായി ചിത്രത്തെ സമീപിച്ചിരുന്നതിനാല്‍ എന്തുകൊണ്ട് ചിത്രം സ്വീകരിക്കപ്പെട്ടില്ല എന്നുളള സങ്കടം ഓപ്രയ്ക്ക് താങ്ങാനായില്ല. വിഷാദത്തിലേക്ക് വരെ ഓപ്ര വഴുതിപ്പോയി. 'ഞാനെന്റെ ഹൃദയവും ആത്മാവും കൊടുത്ത ചിത്രമായിരുന്നു ബിലവഡ്. 'ഞാനത് നിര്‍മിച്ചു, ആ കഥ പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ അത് വിജയിച്ചില്ല.' പിന്നീട് ഓപ്ര പറഞ്ഞു.
2013-ല്‍ ഓപ്ര അഭിനയിച്ച ദ ബട്‌ലര്‍ ഓപ്രയ്ക്ക് വളരെയധികം അംഗീകാരങ്ങള്‍ നേടിക്കൊടുത്ത ചിത്രമാണ്. മികച്ച സഹനടിക്കുള്ള ആഫ്രിക്കന്‍-അമേരിക്കന്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്, സാന്റ ബാര്‍ബറ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മൊണ്ടെസിറ്റോ അവാര്‍ഡ് എന്നിവയ്ക്ക് പുറമേ ബാഫ്റ്റ, ബ്ലാക്ക് റീല്‍, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡ്,ഫീനിക്‌സ് ഫിലിം ക്രിട്ടിക്‌സ് സൊസൈറ്റി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് ബട്‌ലറില്‍ ഓപ്ര അവതരിപ്പിച്ച ഗ്ലോറിയ നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഓപ്ര നിര്‍മാണ പങ്കാളിയായ സെല്‍മയിലെ ആനി ലീ കൂപ്പര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോക്ക്‌ഷോയുമായി ബന്ധപ്പെട്ട തിരക്കുകള്‍ വര്‍ധിച്ചതോടെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രം ഓപ്ര സാന്നിധ്യമറിയിച്ചുകൊണ്ട് തന്റെ അഭിനയമോഹങ്ങളോട് ഓപ്ര പതിയെ വിടപറഞ്ഞു.
Courtesy: Larryking Now Talkshow
Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar
Published: 18 Dec 2023, 01:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented