
'വംശീയതയ്‌ക്കെതിരേ കണ്ണടച്ചാല്‍ നിങ്ങളും അതിന്റെ പങ്കാളിയാകും.' രണ്ടുപതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഓപ്രയുടേതല്ലാത്ത കവര്‍ചിത്രവുമായി പുറത്തിറങ്ങിയ 'ഒ ദി ഓപ്ര മാഗസി'ന്റെ (2020 സെപ്റ്റംബര്‍ ലക്കം) കവറില്‍ ഓപ്ര കുറിച്ചിരുന്ന വാചകം. 2020 മാര്‍ച്ച് 13-ന് പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ നഴ്‌സായ ബ്രെയോണ ടെയ്‌ലറിന്റെ മുഖചിത്രവുമായാണ് മാഗസിന്‍ അന്ന് പുറത്തിറങ്ങിയത്. വംശീയതയോടുളള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ഓപ്ര.
'അവള്‍ എന്നെപ്പോലെയായിരുന്നു, നിങ്ങളെപ്പോലെയായിരുന്നു. അപ്രതീക്ഷിതമായി ജീവന്‍ നഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമെന്ന പോലെ അവള്‍ക്കും പദ്ധതികളുണ്ടായിരുന്നു. ഉത്തരവാദിത്വവും ജോലിയും സുഹൃത്തുക്കളും ചിരികളികളും നിറഞ്ഞ സുന്ദരമായ ഭാവി പദ്ധതികള്‍. അവള്‍ക്ക് സ്വപ്‌നങ്ങളുണ്ടായിരുന്നു. ആ രാത്രി അവളുടെ ശരീരത്തിലേക്ക് തുളഞ്ഞുകയറിയ അഞ്ച് ബുള്ളറ്റുകള്‍ അവളുടെ ശരീരത്തേയും ഭാവിയേയും തകര്‍ത്തു, അവള്‍ക്കൊപ്പം അവളുടെ സ്വപ്‌നങ്ങളും മരിച്ചു. നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മൂന്നു അജ്ഞാതരായ ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കൂ.. എനിക്കറിയാവുന്ന കാര്യം: നമുക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. നീതിക്ക് വേണ്ടി ഉറക്കെ ശബ്ദിക്കാന്‍ നമ്മുടെ കൈയില്‍ ഏത് മെഗാഫോണ്‍ ആണോ ഉളളത് അത് ഉപയോഗിക്കേണ്ടതായി വരും. അതുകൊണ്ടാണ് ബ്രെയോണ ടെയ്‌ലര്‍ ഒ മാഗസിന്റെ കവറായിരിക്കുന്നത്. അവളുടെ പേരില്‍ നീതിക്കായി ഞാന്‍ ഉറക്കെ ശബ്ദിക്കുന്നു.'- മാസികയിലെ തന്റെ പതിവ് കോളത്തില്‍ (What I know for sure) വംശീയതയെ കുറിച്ച് വാചാലയായ ഓപ്ര ഇരുപതു വര്‍ഷത്തിനിടയില്‍ ആദ്യമായി ഇത്തരമൊരു നിലപാട് സ്വീകരിക്കാനുണ്ടായ കാരണത്തെ കുറിച്ചും വിശദീകരിച്ചു.
ജോര്‍ജ്ജ് ഫ്ളോയ്ഡ് എന്ന നാല്‍പ്പത്തിയാറുകാരനായ ആഫ്രോ-അമേരിക്കന്‍ വംശജനെ, വെള്ളക്കാരായ മൂന്ന് പോലീസുകാരും ഹമംഗ് വംശജനായ മറ്റൊരു പോലീസുകാരനും ചേര്‍ന്ന് 2020 മെയ് 25ന് പൈശാചികമായി കൊലപ്പെടുത്തിയ സംഭവത്തിലും ശക്തമായ പ്രതിഷേധമാണ് ഓപ്ര ഉയര്‍ത്തിയത്. ഫ്ളോയ്ഡിന്റെ കൊലപാതകം അക്ഷരാര്‍ഥത്തില്‍ ഓപ്രയെ ഞെട്ടിച്ചു.'ഞങ്ങള്‍ നിങ്ങളുടെ പേര് പറയുന്നു. എന്നാല്‍ ഇത്തവണ നിങ്ങളുടെ പേര് ഒരു ഹാഷ്ടാഗ് മാത്രമായി ഒതുങ്ങാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നിന്റെ നാമത്തില്‍ നീതി ആവശ്യപ്പെടുന്ന ഞങ്ങളെല്ലാവരുടേയും നിലവിളികളാല്‍ നിന്റെ ആത്മാവ് ഉയര്‍ത്തപ്പെട്ടിരിക്കുന്നു' വംശീയതക്കെതിരേ ക്ഷോഭത്തോടെ ഓപ്ര സംസാരിച്ചു.
ഓപ്ര ജനിച്ച വര്‍ഷമാണ് യുഎസ് സുപ്രീംകോടതി പൊതുവിദ്യാലയങ്ങളിലെ വേര്‍തിരിവ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കുന്നത്. 1954-ന് പകരം രണ്ടുവര്‍ഷം മുന്‍പാണ് ജനിച്ചിരുന്നതെങ്കില്‍ ജീവിതം മറ്റൊന്നാകുമായിരുന്നുവെന്ന് പില്‍ക്കാലത്ത് ഓപ്ര പറഞ്ഞിട്ടുണ്ട്. ആ വിധി കറുത്തവര്‍ഗക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം വലുതായിരുന്നു. ഒരുദിവസം പോലും ഒരു സെഗ്രഗേറ്റഡ് സ്‌കൂളില്‍ ഇരിക്കേണ്ടി വരികയോ, അപകര്‍ഷതയുണ്ടാക്കുന്ന തരത്തില്‍ ഒരു അധ്യാപിക ഓപ്രയോട് പെരുമാറുകയോ ചെയ്യാത്തതിന് കാരണം സുപ്രീംകോടതിയുടെ ആ സുപ്രധാനവിധിയാണ്.
കറുത്തവംശജര്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പേരുകേട്ട നാടായിരുന്നുഓപ്ര ജനിച്ച മിസിസ്സിപ്പി. ഓപ്ര ജനിച്ച് തൊട്ടടുത്ത വര്‍ഷമാണ് വെളുത്തവംശജയായ സ്ത്രീയെ നോക്കി ചൂളം വിളിച്ചതിന് എമ്മെറ്റ് ടില്‍ പതിന്നാലുകാരനെ വെള്ളക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പതിന്നാലുകാരന്റെ കൊലപാതകം കറുത്തവരുടെ പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുളള മുറവിളി ശക്തമായി. ഇതിന് ശക്തിപകരുന്നതായിരുന്നു മോണ്ട്‌ഗോമെറി അലബാമയിലെ റോസ പാര്‍ക്‌സ് എന്ന യുവതിയുടെ ജയില്‍വാസം. ബസ് യാത്രകളില്‍ വെളുത്തവര്‍ക്ക് മുന്‍ഭാഗത്തെ സീറ്റ് ഒഴിഞ്ഞുകൊടുത്ത് കറുത്തവര്‍ പിറകിലിരിക്കണമെന്ന സമ്പ്രദായം പിന്തുടരാന്‍ റോസ വിസമ്മതിച്ചതാണ് അവളെ ജയിലിലെത്തിച്ചത്. ജനങ്ങള്‍ പൊതുഗതാഗതം ബഹിഷ്‌കരിച്ചു. പൊതുഗതാഗത സംവിധാനത്തില്‍ നിലനില്‍ക്കുന്ന വേര്‍തിരിവിനെതിരേ കോടതി നടപടിയെടുത്തു. റോസ പാര്‍ക്‌സിനെപോലുളള കുറച്ച് കറുത്തവനിതകള്‍ അവശേഷിപ്പിച്ച ചരിത്രവും ശക്തമായ പാരമ്പര്യവും ഓപ്രയെ സ്വാധീനിക്കുന്നത് മുതിര്‍ന്നതിന് ശേഷമാണ്.
കറുത്തവരുടെ പോരാട്ടങ്ങളെകുറിച്ച് ബോധവതിയായിരുന്നില്ല കുട്ടിക്കാലത്ത് ഓപ്ര. വെളുത്ത വംശജരായ കുട്ടികളോട് കടുത്ത അസൂയ അവള്‍ക്കനുഭവപ്പെട്ടിരുന്നു. മാതാപിതാക്കളില്‍ നിന്ന് വെള്ളക്കാരായ കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌നേഹവും വാത്സല്യവും വെളുത്ത വംശജരായതിന്റെ വിശേഷാധികാരമായാണ് ഓപ്ര ധരിച്ചത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന, ദരിദ്രരായ കറുത്തവംശജരായ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ താലോലിക്കാന്‍ എവിടെയാണ് സമയം? മറ്റൊന്ന് സ്വന്തം രൂപത്തോടുളള പുച്ഛമായിരുന്നു. വെളുത്തവര്‍ തന്നേക്കാള്‍ സൗന്ദര്യമുളളവരാണെന്ന് ഓപ്രക്ക് തോന്നി. വെളുത്ത നിറം മാത്രമായിരുന്നില്ല ഓപ്രയെ അസൂയപ്പെടുത്തിയത്. അവരുടെ നീണ്ടുകൂര്‍ത്ത മൂക്കും ചെറിപ്പഴം പോലുളള ചുണ്ടുകളും സ്വര്‍ണത്തലമുടിയും തിളങ്ങുന്ന കണ്ണുകളും അവള്‍ക്ക് കൗതുകമായിരുന്നു. വെള്ളക്കാരായ കുട്ടികളുടേതുപോലുളള മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും അച്ഛനും അമ്മയും മക്കളും വളര്‍ത്തുമൃഗങ്ങളും സന്തോഷത്തോടെ ജീവിക്കുന്ന ഒരു സാധാരണകുടുംബം തനിക്കുമുണ്ടായിരുന്നെങ്കിലെന്ന് മാത്രമായിരുന്നു അക്കാലത്തെ ഓപ്രയുടെ സ്വപ്നം.

ഉപരിപഠനത്തിനായി കോളേജില്‍ പ്രവേശിക്കുമ്പോഴാണ് കറുത്തവര്‍ക്കുള്ളില്‍ തന്നെയുളള വര്‍ണവിവേചനത്തെ കുറിച്ച് ഓപ്ര ബോധവതിയാകുന്നത്. കറുത്തവംശജരുടെ ചരിത്രത്തില്‍ അതീവതല്പരയായിരുന്നു. വായിക്കാൻ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളും പ്രിയപ്പെട്ട എഴുത്തുകാരും സിനിമയും എല്ലാം കറുത്തവരുമായി ബന്ധപ്പെട്ടുകിടക്കുന്നതായിരുന്നു. അടിമത്തവും ബലാത്സംഗവും ചാട്ടവാറടിയും കൊലപാതകവും ഉള്‍പ്പടെ കറുത്തവര്‍ നേരിടുന്ന അതിക്രമങ്ങളും അവകാശലംഘനങ്ങളും പ്രതിപാദിക്കുന്ന പുസ്തകങ്ങളായിരുന്നു അവള്‍ കൂടുതലും വായിച്ചിരുന്നത്. ടോണി മോറിസണും ആലീസ് വാക്കറും മായ ആഞ്ചെലോ പോലുളള കറുത്ത എഴുത്തുകാരികളും അവളെ സ്വാധീനിച്ചു.
ടെലിവിഷന്‍ ചാനലില്‍ ജോലിക്കായി പ്രവേശിച്ച ഓപ്ര ആദ്യം നേരിട്ടത് കറുത്തവരുടെ ആകാരത്തോടുളള വെറുപ്പായിരുന്നു. 'നിന്റെ മുടിക്ക് ഭയങ്കര നീളമാണ് അതിന് കട്ടികൂടുതലാണ്. കണ്ണുകള്‍ തമ്മില്‍ വളരെ അകലമുണ്ട്. മൂക്ക് വല്ലാതെ പരന്നതാണ്. നിങ്ങളുടെ താടി വല്ലാതെ നീണ്ടിട്ടാണ്.' തുടങ്ങി ഓപ്ര കേട്ട പരാതികള്‍ നിരവധിയായിരുന്നു. ഓപ്രയ്ക്ക് മുന്നില്‍ തുറക്കാത്ത കടകളുടെ വാതിലുകള്‍, വില കൂടുതലാണ് വാങ്ങാനാവില്ലെന്ന് പറഞ്ഞ് അവള്‍ക്ക് ഇഷ്ടപ്പെടുന്നത് എടുത്ത് കാണിക്കാന്‍ പോലും മടിക്കുന്ന കടയുടമകള്‍. പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്ന കറുത്തവര്‍ഗക്കാരിയോടുളള അസ്വസ്ഥതകള്‍..വിവേചനത്തിന്റെ രൂപങ്ങള്‍ പലവിധത്തിലായിരുന്നു. കറുത്ത സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ഉന്നമനത്തിന് വേണ്ടി നിരന്തരം ഓപ്ര പരിശ്രമിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ഓപ്ര വിന്‍ഫ്രി ലീഡര്‍ഷിപ്പ് അക്കാദമി അതിന് ഉദാഹരണമാണ്.
75ാമത് ഗോള്‍ഡന്‍ ഗ്ലോബ്‌സ് സെസില്‍ ബി ഡെമില്ലെ പുരസ്‌കാരം സ്വീകരിച്ച് ഓപ്ര അഭിസംബോധന ചെയ്തത് തന്നെ ഉറ്റുനോക്കുന്ന പുതിയ തലമുറയിലെ പെണ്‍കുട്ടികളെയായിരുന്നു. 'ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ കറുത്തവനിതയായി ഞാന്‍ മാറുന്നത് വീക്ഷിക്കുന്ന കുറച്ച് പെണ്‍കുട്ടികളുണ്ട്. ഈ സായാഹ്നം അവര്‍ക്കൊപ്പം പങ്കിടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണ്, വിശേഷാധികാരമാണ്.' പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഓപ്ര പറഞ്ഞ വാക്കുകളില്‍ വരുംതലമുറയ്ക്ക് അവര്‍ക്ക് മുന്നില്‍ താനൊരു വഴി തുറന്നുകൊടുക്കുകയാണെന്ന അഭിമാനം നിറഞ്ഞിരുന്നു.
കൊണ്ടാടപ്പെട്ട കറുത്തവര്‍ഗക്കാരിയായിരുന്നു ഓപ്ര. ഓപ്ര വിന്‍ഫ്രി ഷോയുടെ പ്രേക്ഷകര്‍ ഭൂരിഭാഗവും വെളുത്ത വംശജരായിരുന്നു. ഷോയില്‍ പലപ്പോഴും വംശീയ കാര്യങ്ങള്‍ ഉന്നയിക്കുകയും കലയിലും വിദ്യാഭ്യാസത്തിലുമെല്ലാം കറുത്തവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും വെളുത്ത വംശജരായ പ്രേക്ഷകര്‍ക്ക് അവതാരക ഒരു കറുത്തവര്‍ഗക്കാരിയാണെന്നുളളത് തികച്ചും അപ്രധാനമായ ഒന്നായിരുന്നുവെന്ന് അക്കാലത്തെ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തിയിട്ടുണ്ട്. വെളുത്തവരുടെയും കറുത്തവരുടെയും സംസ്‌കാരങ്ങള്‍ക്കിടയിലെ സ്വാസ്ഥ്യമുളള ഒരു പാലമായിട്ടാണ് നിരൂപകര്‍ അവളരെ കരുതിപ്പോന്നിരുന്നത്.സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പൗരാവകാശ പ്രസ്ഥാനങ്ങളില്‍ നിന്നും ഓപ്ര പാലിക്കുന്ന അകലത്തിന്റെ ഫലമായിരുന്നു അത്. ഷോയുടെ വാണിജ്യപരമായ വശത്തിന് വേണ്ടി നിഷ്പക്ഷമായ ഒരു നിലപാട് അവള്‍ക്ക് നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു.
ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതാ അവതാരക, ഏറ്റവും പ്രായം കുറഞ്ഞ വനിതാ അവതാരക തുടങ്ങി ചരിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു ഓപ്രയുടെ മാധ്യമലോകത്തേക്കുളള കടന്നുവരവ്. എഴുപതുകളില്‍ ശക്തമായിരുന്ന വംശീയതയില്‍ നിന്നും ലിംഗവിവേചനത്തില്‍ നിന്നും രക്ഷനേടാന്‍ ഈ റെക്കോഡുകളൊന്നും ഓപ്രയെ സഹായിച്ചിട്ടില്ല.
തുടക്കകാലത്ത് ലിംഗവിവേചനത്തിന്റെ ഫലമായി നേരിട്ട ശമ്പളവിവേചനത്തെ കുറിച്ച് പില്‍ക്കാലത്ത് ഓപ്ര തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബാള്‍ട്ടിമോറിലെ WJZ-TVയില്‍ റിച്ചാര്‍ഡ് ഷെയറുമായി ചേര്‍ന്ന് പീപ്പിള്‍ ആര്‍ ടോക്കിങ് എന്ന ടോക്ക് ഷോ ചെയ്യുന്ന കാലം. റിച്ചാര്‍ഡിന് തന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് അലപം വൈകിയാണ് ഓപ്ര അറിഞ്ഞത്. ഓപ്ര നേരെ മേലധികാരിയുടെ കാബിനിലേക്ക് കയറിച്ചെന്നു.
'റിച്ചാര്‍ഡിന് എന്നേക്കാള്‍ കൂടതല്‍ വേതനം നല്‍കുന്നു. ഇത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല, കാരണം ഞങ്ങള്‍ രണ്ടുപേരും ചെയ്യുന്നത് ഒരേ ജോലിയാണ്. ഒരേ ഷോയിലാണ്, ഞങ്ങള്‍ സഹ അവതാരകരാണ്.'ഓപ്രയുടെ പരാതിക്ക് ജനറല്‍ മാനേജര്‍ നല്‍കിയ മറുപടി വിചിത്രമായിരുന്നു.' നീ എന്തിനാണ് അവനെപ്പോലെ പണം സമ്പാദിക്കേണ്ടത്? അവന് കുട്ടികളുണ്ട്. നിനക്ക് കുട്ടികളുണ്ടോ? അവന് കോളേജ് വിദ്യാഭ്യാസത്തിനായി പണം അടയ്‌ക്കേണ്ടതുണ്ട്. സഹ അവതാരകന്റെ ജീവിതച്ചെലവുകളെ കുറിച്ച് അയാള്‍ വാചാലനായി. എല്ലാത്തിനും ഇല്ല എന്നു മാത്രമായിരുന്നു ഓപ്രയുടെ മറുപടി. 'എങ്കില്‍ പിന്നെ നിനക്ക് എന്തിനാണ് അത്രയും തുകയുടെ ആവശ്യം?' റിച്ചാര്‍ഡിന് ശമ്പളം കൂടുതല്‍ നല്‍കുന്നതിനെകുറിച്ച് വിശദീകരിക്കുന്നതില്‍പോലും അയാള്‍ പരാജയപ്പെട്ടു. ഒരാളുടെ ജീവിതച്ചെലവുകളല്ല, കഴിവിന്റെയും നേട്ടത്തിന്റെയും അടിസ്ഥാനത്തിലാണ് ശമ്പളം നിശ്ചയിക്കുന്നതെന്നുപോലും അറിയാത്ത അയാള്‍ക്ക് മുന്നില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അര്‍ഥമില്ലെന്ന് ഓപ്ര തിരിച്ചറിഞ്ഞു. സ്ഥാപന നേതൃത്വം തനിക്ക് നിശ്ചയിച്ചിരിക്കുന്ന വിലയും.
'നിങ്ങള്‍ എനിക്ക് അനുവദിച്ച സമയത്തിന് നന്ദി', എന്നുപറഞ്ഞ് കാബിന്‍ ഡോര്‍ വലിച്ചുതുറന്ന് ഓപ്ര പുറത്തേക്കിറങ്ങി. ഇവിടെ നിന്ന് ഇറങ്ങേണ്ട സമയമായിരക്കുന്നു എന്ന് മനസ്സില്‍ നിശ്ചയിച്ചു. നിയമനടപടികളിലേക്കും ഓപ്ര തിരിഞ്ഞില്ല.'ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് ജനറല്‍ മാനേജരുടെ കാബിനിലേക്ക് പോകുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു അയാള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാനോ, എന്നെ കാണാനോ തയ്യാറാകില്ലെന്ന്. അവര്‍ക്കെതിരെ നിയമപരമായ നടപടികളിലേക്ക് തിരിയാതിരുന്നത് അത്രയും സമയം പോകുമെന്നല്ലാതെ അതുകൊണ്ട് യാതൊരുനേട്ടവും അക്കാലത്ത് എനിക്കുണ്ടാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ്' ഓപ്ര പറയുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഓപ്ര ശമ്പള വിവേചനത്തെ ശക്തമായി ചോദ്യം ചെയ്ത സാഹചര്യവുമുണ്ടായിട്ടുണ്ട്. അത് തനിക്കുവേണ്ടിയായിരുന്നില്ല. ഓപ്ര വിന്‍ഫ്രി ഷോ ജൈത്രയാത്ര തുടരുമ്പോഴും ഓപ്രയുടെ താരമൂല്യവും വരുമാനവും കുതിച്ചുയരുമ്പോഴും അതേ ഷോയില്‍ ജോലിചെയ്യുന്ന വനിതകളായ പ്രൊഡ്യൂസര്‍മാര്‍ ശമ്പളവിവേചനം നേരിട്ടിരുന്നു. ഓപ്രയ്ക്ക് പൊറുക്കാനാവുന്നതായിരുന്നില്ല. ഓപ്ര പഴയതുപോലെ ബോസിന്റെ കാബിനിലേക്ക് കയറി.
'എല്ലാവരുടെയും ശമ്പളം വര്‍ധിപ്പിക്കണം.'അവള്‍ പറഞ്ഞു. അവര്‍ വെറും പെണ്‍കുട്ടികളാണ്, ഒരു കൂട്ടം പെണ്‍കുട്ടികള്‍. അവര്‍ക്കെന്തിനാണ് കൂടുതല്‍ പണം?' അയാള്‍ ചോദിച്ചു. ഇത്തവണ പന്ത് ഓപ്രയുടെ കോര്‍ട്ടിലായിരുന്നു. പെണ്‍കുട്ടികളുടെ ശമ്പള വര്‍ധനവിന് തയ്യാറാവുന്നത് വരെ ഷോ അവതരിപ്പിക്കാന്‍ തന്നെ പ്രതീക്ഷിക്കേണ്ടന്ന് അവര്‍ തീര്‍ത്തുപറഞ്ഞു. അത് ഫലിച്ചു. 'എന്റെ തലമുറയിലുള്ളവര്‍ പലതും വിഴുങ്ങേണ്ടി വന്നിട്ടുണ്ട്. അത് ചോദ്യം ചെയ്യാനുളള അധികാരം ഒരിക്കല്‍ എനിക്കുകൈവരുമെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഇനി വരുന്ന തലമുറയിലുളളവര്‍ക്ക് അത് അനുഭവിക്കേണ്ടി വരരുത്.'
സ്ത്രീവിമോചനവാദിയെന്ന് ഉദ്‌ഘോഷിക്കപ്പെട്ട ഒരു വനിതയല്ല ഓപ്ര വിന്‍ഫ്രി. കാരണം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിമാത്രമല്ല അവള്‍ ശബ്ദമുയര്‍ത്തിയിരുന്നത്. കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി, മനുഷ്യാവകാശത്തിന് വേണ്ടി പോരാടിയ മനുഷ്യസ്‌നേഹി. ഓപ്ര നടത്തിയ സമഗ്രമായ സാമൂഹിക ഇടപെടലുകള്‍ അമേരിക്കന്‍ വനിതകള്‍ക്കിടയിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. പ്രതിസന്ധികളെ അതിജീവിച്ച, വിജയങ്ങള്‍ കൈക്കുള്ളിലാക്കിയ നിരവധി വനിതകളെ തന്റെ ഷോയിലെ അതിഥികളായി ക്ഷണിച്ച് സ്ത്രീശാക്തീകരണത്തേയും മുന്നേറ്റത്തേയും അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ സ്ഥാപിച്ചു.
ഫെമിനിസത്തെയോ യുഎസ് വനിതാ പ്രസ്ഥാനത്തെയോ അംഗീകരിക്കുന്നുവെന്ന വസ്തുത പരസ്യമായി അംഗീകരിക്കാതെ, സ്ത്രീവിമോചനവാദിയാണെന്ന സ്വത്വം അംഗീകരിക്കാതെ അമേരിക്കയിലെ ഓരോ വീടുകളിലും ഫെമിനിസത്തിന്റെ വിത്തുകള്‍ പാകുകയാണ് ഓപ്ര ചെയ്തത്. ഓപ്ര പ്രതിനിധാനം ചെയ്തത് സ്ത്രീയെയാണ്. കറുത്തവരോ, വെളുത്തവരോ, ലെസ്ബിയനോ, ഫെമിനിസിറ്റോ, രാഷ്ട്രീയാഭിരുചി ഇല്ലാത്തവരോ, അഭിസാരികയോ, അതിജീവിതമാരോ ആരുമായിക്കൊള്ളട്ടേ എല്ലാ വിഭാഗത്തിലുമുളള, എല്ലാ മേഖലയിലുമുളള സ്ത്രീകളുടെ പ്രതിനിധിയായിരിക്കാനാണ്, അവരുടെ സുഹൃത്തായിരിക്കാനാണ് ഓപ്ര ശ്രമിച്ചത്. കൃത്യമായി അടിവരയിട്ടുറപ്പിച്ച് തന്റെ രാഷ്ട്രീയം വ്യക്തമാക്കാന്‍ അവള്‍ ശ്രമിക്കാതിരുന്നത് ഒരുപക്ഷേ അതുകൊണ്ടായിരിക്കണം. അതുകൊണ്ടുതന്നെയായിരിക്കണം അവള്‍ക്ക് അഭിമുഖമായി ഇരുപ്പുറിപ്പിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ ജീവിതം മറകളില്ലാതെ മറ്റ് സ്ത്രീകള്‍ക്കായി തുറന്നുപറയാന്‍ തയ്യാറായതും.
ഓപ്ര തന്നിലേക്ക് തന്നെ നോക്കിയ ഒരു സ്ത്രീയായിരുന്നു, ഇച്ഛാശക്തിയുണ്ടെങ്കില്‍ ലക്ഷ്യങ്ങള്‍ക്ക് മുമ്പില്‍ തടസ്സങ്ങളിലെന്ന് സ്വന്തം ജീവിതത്തിലൂടെയാണ് അവള്‍ സ്ത്രീകളോടും കറുത്തവംശജരോടും പറയാന്‍ ശ്രമിച്ചത്. 25 സീസണുകള്‍ക്കൊടുവില്‍ ദി ഓപ്ര വിന്‍ഫ്രി ഷോ അവസാനിപ്പിക്കുമ്പോള്‍ തന്റെ വിജയം ഓപ്ര സമര്‍പ്പിച്ചത് തന്റെ മുന്‍ഗാമികളായ എഴുത്തുകാരി മായാ ആഞ്ചലോ, അടിമത്വത്തിനെതിരെ പോരാടിയ സോജേണര്‍ ട്രൂത്ത്, സംരംഭകയും മനുഷ്യസ്‌നേഹിയുമായിരുന്ന മാഡം സി.ജെ.വാക്കര്‍ എന്നീ കറുത്തവശംജരായ വനിതകള്‍ക്കാണ്.
'ഞാന്‍ സ്വാതന്ത്ര്യത്തിന്റെ സന്തതിയാണെന്ന് വിശ്വസിക്കുന്നു. ആ സ്ത്രീകള്‍ എന്റെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഇന്ന് ഞാന്‍ എവിടെയാണോ അവിടെയെത്താന്‍ ഞാന്‍ കടന്ന പാലങ്ങളാണെന്നും ഞാന്‍ വിശ്വസിക്കുന്നു.'
*മിനസോട്ട സംസ്ഥാനത്തില്‍ മിനിയപോളീസ് എന്ന സ്ഥലത്ത്, കടയില്‍നിന്ന് സാധനംവാങ്ങി കള്ളനോട്ട് നല്‍കാന്‍ ശ്രമിച്ചു എന്നതാണ് ജോര്‍ജ്ജ് ഫ്ളോയ്ഡിനുനേരെ ആരോപിക്കപ്പെട്ട കുറ്റം. സംഭവത്തെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങളില്‍, തറയില്‍ കമിഴ്ന്നു കിടക്കുന്ന ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തിനില്‍ക്കുന്ന പോലീസുദ്യോഗസ്ഥനെയും സമീപത്ത് മറ്റ് രണ്ടുപോലീസ് ഉദ്യോഗസ്ഥരേയും കാവല്‍നില്‍ക്കുന്ന നാലാമനെയും കാണാം. ഏതാണ്ട് പത്തുമിനിട്ടോളം ഈ ക്രൂരകൃത്യം തുടരുന്നു എന്നതും വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 'എനിക്കു ശ്വാസം മുട്ടുന്നു', 'നിങ്ങള്‍ എന്നെ കൊല്ലാന്‍ പോകുകയാണ്', 'അമ്മേ, അമ്മേ' എന്നിങ്ങനെ ജോര്‍ജ്ജ് ഫ്ളോയ്ഡ് നിലവിളിക്കുന്നതും ക്രമേണ നിശബ്ദനും നിശ്ചലനുമാകുന്നതും വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. അതിക്രൂരമായ ഈ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ജനങ്ങള്‍ നീതിയാവശ്യപ്പെട്ട് തെരുവിലിറങ്ങി.
Reference:
https://www.researchgate.net/publication/290268768_I'm_everywoman_Oprah_Winfrey_and_feminist_identification
https://www.cnbc.com/2018/06/01/what-oprah-winfrey-did-when-her-male-co-worker-was-making-more-money.html
Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar
Published: 21 Dec 2023, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented