
അച്ഛനെന്ന രക്ഷകന്‍ - 4
He saved me! അച്ഛനെ കുറിച്ച് ഓപ്ര പറഞ്ഞുതുടങ്ങുന്നതെപ്പോഴും ഇങ്ങനെയാണ്. മകളുടെ രക്ഷകനായിരുന്നു വെര്‍നോണ്‍ വിന്‍ഫ്രി. ലോകത്തോടും തന്നോടുതന്നെയും ഓപ്ര കലഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെര്‍നോണ്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇന്നുകാണുന്ന ഓപ്രയെ രൂപപ്പെടുത്തിയത് ആ പിതാവിന്റെ ശിക്ഷണമായിരുന്നു.
1955-ല്‍ കരസേനയില്‍നിന്ന് വിരമിച്ച് നാഷ്‌വില്ലയിലെത്തുമ്പോള്‍ ശൂന്യമായിരുന്നു വെര്‍നോണിന്റെ മനസ്സും ബാങ്ക് ബാലന്‍സും. സിറ്റി ഹോസ്പിറ്റലില്‍ ക്ലീനിങ്‌ജോലിയാണ് ആദ്യം തരപ്പെട്ടത്. മണിക്കൂറിന് 75 സെന്റ് ആയിരുന്നു പ്രതിഫലം. നാഷ്‌വില്ലയിലെ ഏറ്റവും മോശപ്പെട്ട ജോലിയെന്നാണ് ആ ജോലിയെ വെര്‍നോണ്‍ വിശേഷിപ്പിച്ചിരുന്നത്. കഠിനാധ്വാനിയായിരുന്നു വെര്‍നോണ്‍. ആശുപത്രിയിലെ ജോലിക്കൊപ്പം തന്നെ വാണ്ടര്‍ബില്‍റ്റ് സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരനായി മറ്റൊരു ജോലികൂടി അദ്ദേഹം കണ്ടെത്തി.
പലവിധ ജോലികള്‍ക്കൊടുവില്‍ വരുമാനത്തില്‍നിന്ന് മിച്ചം പിടിച്ച തുകകൊണ്ട് നാഷ്‌വില്ലയില്‍ വെര്‍നോണ്‍ സ്വന്തമായി ഒരു ബാര്‍ബര്‍ ഷോപ്പ് ആരംഭിച്ചു. തൊട്ടടുത്ത് തന്നെ അത്യാവശ്യസാധനങ്ങള്‍ ലഭിക്കുന്ന ചെറിയൊരു പലചരക്കുകടയും. വര്‍ഷത്തില്‍ ഒരു ദിവസം പോലും കടയടിച്ചിട്ടിരുന്നില്ല വെര്‍നോണ്‍. ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ കല്യാണമായാലും മരണമായാലും ജനനമായാലും വെര്‍നോണിന്റെ കട 365 ദിവസവും തുറന്നുപ്രവര്‍ത്തിക്കും. ഓപ്ര ആദ്യം ജോലി ചെയ്യുന്നത് ഇവിടെയാണ്.
എട്ടു വയസ്സുള്ളപ്പോഴാണ് വെര്‍നോണിനടുത്തേക്ക് ഓപ്ര ആദ്യമെത്തുന്നത്. വെര്‍നോണ്‍ വിവാഹിതനായിരുന്നു. സെല്‍മയെന്നായിരുന്നു ഭാര്യയുടെ പേര്. സെല്‍മ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചുവെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ഗര്‍ഭമലസിപ്പോയി. വീണ്ടും ഗര്‍ഭവതിയാകാന്‍ സെല്‍മ തയ്യാറായില്ല. കുഞ്ഞുങ്ങളില്ലാത്ത ഇവരുടെ ജീവിതത്തിലേക്ക് ദൈവം അയച്ചതുപോലെ ഓപ്രയെത്തുന്നത്. പളളിയും ജോലിയുമായി കഴിഞ്ഞിരുന്ന ആ ദമ്പതികളുടെ ജീവിതത്തില്‍ ഓപ്രയെത്തിയതോടെ പ്രതീക്ഷകള്‍ നിറഞ്ഞു.
അമ്മയുടെ രണ്ടുമുറി വീട്ടില്‍നിന്ന് അച്ഛന്റെ വീട്ടിലെത്തിയ ഓപ്രയ്ക്ക് വെര്‍നോണിന്റ കൊച്ചുഭവനം ഒരു കൊട്ടാരമായിരുന്നു. അല്‍പം കണിശക്കാരനായിരുന്ന അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം അവളുടെ ജീവിതം മറ്റൊരു താളം കണ്ടെത്തിത്തുടങ്ങി. അവരവളെ പള്ളിയിലേക്ക് കൂട്ടി. പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിച്ചു. ഈസ്റ്റ് വാര്‍ട്ടണ്‍ എലമെന്ററി സ്‌കൂളില്‍ ചേര്‍ത്തു.അതിനിടയിലാണ് വേനലവധിക്ക് കുറച്ചു ദിവസം മകളെ മില്‍വോക്കിയിലേക്ക് അയയ്ക്കണമെന്ന് വെര്‍ണീറ്റ അഭ്യര്‍ഥിക്കുന്നത്. വെര്‍നോണ്‍ മകളെ വീണ്ടും അമ്മയുടെ അടുക്കലേക്കയച്ചു. അവധി കഴിഞ്ഞ് ഓപ്രയെ മടക്കിക്കൊണ്ടുവരാന്‍ വെര്‍നോണ്‍ എത്തിയെങ്കിലും മകളെ അച്ഛനൊപ്പം അയയ്ക്കുന്നില്ലെന്ന തീരുമാനമാണ് വെര്‍ണീറ്റ മുന്നോട്ടുവെച്ചത്.
'ഞാനും സെല്‍മയും അവളെ വീടെന്ന സാങ്കേതികത്വത്തില്‍ നിന്ന് കുടുംബമെന്ന വൈകാരികതയിലേക്ക് കൊണ്ടുവന്നിരുന്നു. അമ്മയ്‌ക്കൊപ്പമുള്ള താമസം അത് നല്ലതായിരുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ആ പരിതസ്ഥിതിയിലേക്ക് അവള്‍ വീണ്ടും... ഹലോ എന്ന് അഭിവാദനം ചെയ്തതല്ലാതെ ഓപ്രയ്ക്ക് ആ രാത്രിയില്‍ കൂടുതലൊന്നും പറയാനില്ലായിരുന്നു.' മനസ്സു തകര്‍ന്നാണ് വെര്‍നോണ്‍ അവിടെനിന്ന് മടങ്ങിയത്. ഓപ്രയെ കുറിച്ചോര്‍ത്ത് ആദ്യമായും അവസാനമായും വെര്‍നോണ്‍ കണ്ണീരൊഴുക്കിയത് അന്നാണ്.
അമ്മയുടെ വീട്ടിലെ ഓപ്രയുടെ ജീവിതം സുഖകരമായിരുന്നില്ല. അമ്മയുടെ സ്‌നേഹമോ പരിഗണനയോ ലഭിക്കുന്നില്ലെന്ന സങ്കടം ഒരുവശത്ത്, മറുവശത്ത് ദാരിദ്ര്യവും. 'വെളുത്ത' കുട്ടികള്‍ സ്‌കൂള്‍ വിട്ട് പിസ പാര്‍ലറിലേക്ക് പോകുകയും കാറില്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുമ്പോള്‍ വഴിയരികില്‍ ബസിനായി കാത്തുനില്‍ക്കുകയാകും ഓപ്ര.
മറ്റുള്ളവരുടെ ശ്രദ്ധയും പരിഗണനയും കൊതിച്ചിരുന്ന ഓപ്രയെ അതു മുതലെടുത്ത് പ്രിയപ്പെട്ടവര്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയാക്കി. ആണ്‍സുഹൃത്തുക്കളും ലഹരിയും ആ കൗമാരക്കാരിയുടെ തലയ്ക്കു പിടിച്ചു. പണത്തിനായി മോഷണം തുടങ്ങി, വീടുവിട്ട് ഒളിച്ചോടി സംഭവിച്ചതെല്ലാം തന്റെ മാത്രം തെറ്റു കൊണ്ടാണെന്നു കരുതി സ്വയം നശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. ഓപ്രയുടെ കുസൃതികള്‍ അതിരുവിട്ടുതുടങ്ങി.
ഒരിക്കല്‍ സ്‌കൂള്‍ വിട്ട് തിരിച്ചെത്തിയ ഓപ്ര വീട്ടിലെ ജനല്‍ കര്‍ട്ടനുകള്‍ വലിച്ചിട്ടു, വൈദ്യുതവിളക്കുകള്‍ തട്ടി താഴെയിട്ടു. കണ്ണട അടിച്ചുപൊട്ടിച്ചു. എന്നിട്ട്
അജ്ഞാതനായ ഒരാള്‍ വീടിനകത്തുകയറി തലയിലടിച്ചു, കണ്ണട പൊട്ടിച്ചുവെന്ന് പോലീസിനെ വിളിച്ചുപറഞ്ഞു. പോലീസെത്തുമ്പോഴേക്കും നാടകീയത കൂട്ടുന്നതിനായി ഓപ്ര ബോധം മറഞ്ഞപോലെ അഭിനയിച്ച് നിലത്തുകിടന്നു.പോലീസ് സംഭവത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിയാന്‍ മുതിര്‍ന്നപ്പോള്‍ ഒന്നും ഓര്‍മയില്ലെന്ന് പറഞ്ഞു രക്ഷപ്പെട്ടു. എന്തായാലും വെര്‍ണീറ്റയ്ക്ക് മകളുടെ ഈ തമാശ അത്ര പിടിച്ചില്ല. ഓപ്രയെ തനിക്ക് നിയന്ത്രിക്കാനാകില്ലെന്ന് അവര്‍ക്ക് സ്വയം ബോധ്യപ്പെട്ടു.
കുരുത്തക്കേടുകള്‍ നിയന്ത്രിക്കാനാകാതെ വന്നതോടെ ഓപ്രയെ ഡിറ്റെന്‍ഷന്‍ഹോമിലേക്ക് മാറ്റാന്‍ വെര്‍ണീറ്റ തീരുമാനിച്ചു. ഡിറ്റെന്‍ഷന്‍ഹോമിലേക്ക് അമ്മയ്‌ക്കൊപ്പം യാത്ര തിരിക്കുമ്പോള്‍ പതിന്നാലു വയസ്സുളള ഓപ്ര ഗര്‍ഭിണിയായിരുന്നു. ഡിറ്റെന്‍ഷന്‍ ഹോമിലെത്തി നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടയില്‍ ഡിറ്റെന്‍ഷന്‍ ഹോമിനു ചുറ്റുപാടും വീക്ഷിച്ച ഓപ്രയ്ക്ക് ഒരു കാര്യം മനസ്സിലായി. ചീത്തപ്പെണ്‍കുട്ടികള്‍ എന്ന് മുദ്രകുത്തപ്പെട്ടവരെ പാര്‍പ്പിക്കുന്നിടത്തേക്കാണ് താനും എത്തപ്പെട്ടിരിക്കുന്നത്. ഇതാ ഇന്നുമുതല്‍ ഔദ്യോഗികമായി ഓപ്ര ഒരു ചീത്തപ്പെണ്‍കുട്ടിയാകുന്നു!
എങ്ങനെയാണ് തനിക്കിതെല്ലാം സംഭവിച്ചതെന്ന് ഓപ്രയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. 'അല്ല, ഞാനൊരു ചീത്തപ്പെണ്‍കുട്ടിയല്ലെ'ന്ന് ഓപ്രയുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ആ സമയത്താണ് ഡിറ്റെന്‍ഷന്‍ ഹോമിന്റെ നടത്തിപ്പുകാരിയായ സ്ത്രീ അങ്ങോട്ടേക്കെത്തുന്നതും ഹോമില്‍ ഓപ്രയെക്കൂടെ പാര്‍പ്പിക്കാനുളള മുറിയില്ലെന്ന് ക്ഷമാപണത്തോടെ അറിയിക്കുന്നതും. രണ്ടാഴ്ച കഴിഞ്ഞുവരാനായിരുന്നു നിര്‍ദേശം. പക്ഷേ രണ്ടാഴ്ച കൂടി കാക്കാനുളള ക്ഷമ വെര്‍ണീററയ്ക്കുണ്ടായില്ല വെര്‍നോണെ വിളിച്ച് ഓപ്ര ഇനി മുതല്‍ നിങ്ങളുടേതാണെന്ന് അവര്‍ അറിയിച്ചു.

ഒമ്പതാം വയസ്സില്‍ അമ്മയുടെ അടുത്തേക്ക് വേനലവധിക്ക് പോയ ഓപ്രയായിരുന്നില്ല വെര്‍നോണിനടുത്തേക്ക് മടങ്ങിവന്നത്. നിഷ്‌കളങ്കതയെല്ലാം നഷ്ടപ്പെട്ട അമിത ഫാഷന്‍ ഭ്രമമുളള, നിഷേധിയായ കൗമാരക്കാരി. പള്ളിയിലെ ചടങ്ങുകളില്‍ മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്തിരുന്ന എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന പഴയ എട്ടു വയസ്സുകാരി ഓപ്രയെ മടക്കിക്കൊണ്ടുവരാന്‍ തന്നെയായിരുന്നു വെര്‍നോണിന്റെ തീരുമാനം. ഡാഡിയെന്ന് വിളിച്ചിരുന്ന മകള്‍ രണ്ടാം വരവില്‍ പോപ്‌സ് (pops) എന്ന് സംബോധന ചെയ്തപ്പോള്‍ ആ വാക്ക് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് വെര്‍നോണ്‍ അവളെ തിരുത്തി. ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെ കുറിച്ച്, കൃത്യനിഷ്ഠയെ കുറിച്ച്, പുരുഷന്മാരുടെ സമീപനത്തെ കുറിച്ച് ... എല്ലാം വെര്‍നോണ്‍ മകളെ ബോധ്യപ്പെടുത്തി. അച്ഛനടുത്തെത്തിയില്ലെങ്കില്‍ ഒരുപക്ഷേ താനൊരു ക്രിമിനലായി മാറുമായിരുന്നെന്ന് പിന്നീട് ഓപ്രതന്നെ പറഞ്ഞിട്ടുണ്ട്.
മകളുടെ വസ്ത്രത്തിന് നീളം കുറഞ്ഞാല്‍, മേക്കപ്പ് അധികമായെന്ന് തോന്നിയാല്‍ വെര്‍നോണ്‍ ഇടപെടും. പഠനകാര്യത്തിലും അച്ചടക്കത്തിലും യാതൊരു വിട്ടുവീഴ്ചക്കും വെര്‍നോണ്‍ തയ്യാറായിരുന്നില്ല.'ഒരിക്കല്‍ സി ഗ്രേഡുമായി വീട്ടിലെത്തിയത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്'. ഓപ്ര പറയുന്നു. 'ഇത് അംഗീകരിക്കാനാകില്ല' എന്ന് അച്ഛന്‍ പറഞ്ഞു. 'അംഗീകരിക്കാനാകില്ലെന്നോ? സി ശരാശരിയാണ്, മോശം ഗ്രേഡല്ല.' ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, 'സി ലഭിക്കാനുള്ള കഴിവേ നിനക്കുളളൂവെങ്കില്‍ നിന്നില്‍നിന്ന് ഞാന്‍ അതുമാത്രമേ പ്രതീക്ഷിക്കൂ. പക്ഷേ, നീ അങ്ങനെയല്ല. അതുകൊണ്ട് ഈ വീട്ടില്‍, നിനക്ക്, സി ഗ്രേഡ് മതിയാകില്ല.' എന്നാല്‍ ഉയര്‍ന്ന വിജയങ്ങളുമായി മകളെത്തുമ്പോള്‍ സന്തോഷിപ്പിക്കാനായി ഒരു ഐസ്‌ക്രീം പോലും സമ്മാനമായി വാങ്ങിനല്‍കാന്‍ വെര്‍നോണ്‍ തയ്യാറായിട്ടുമില്ല.
രണ്ടാനമ്മ സെല്‍മയും മറിച്ചായിരുന്നില്ല. എല്ലാറ്റിലും ഒന്നാമതെത്തുന്ന മിടുക്കിയായ മകളെയാണ് അവരും ആഗ്രഹിച്ചത്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അവര്‍ ഓപ്രയുമായി ലൈബ്രറിയിലെത്തും. അഞ്ചു പുസ്തകങ്ങള്‍ ഓപ്ര തിരഞ്ഞെടുക്കണം. വായിച്ചാല്‍ മാത്രം പോര പുസ്തകത്തെ കുറിച്ച് കുറിപ്പും തയ്യാറാക്കണം. ടെലിവിഷന്‍ കാണുന്നതിന് ഒരു മണിക്കൂറായിരുന്നു അനുവദിക്കപ്പെട്ട സമയം. സ്‌കൂള്‍ വിട്ടുകഴിഞ്ഞെത്തിയാല്‍ അച്ഛന്റെ കടയില്‍ ജോലിയും ചെയ്യണം. അരുതുകള്‍ പലപ്പോഴും ഓപ്രയിലെ റിബലിന് താങ്ങാനാവുന്നുണ്ടായിരുന്നില്ല, അഭിപ്രായവ്യത്യാസങ്ങളെല്ലാം പക്ഷേ ഡയറിയിലൊതുങ്ങി. ഓപ്രയുടെ കഴിവുകളെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന വെര്‍ണീറ്റയെ പോലെയായിരുന്നില്ല വെര്‍നോണും ഭാര്യ സെല്‍മയും. മകളെ കുറിച്ച് ഉന്നത പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയ ആ പിതാവ് ഓപ്രയ്ക്ക് മുന്നില്‍ തുറന്നത് സ്വന്തം കഴിവുകള്‍ കണ്ടെത്താനുള്ള വാതായനങ്ങളാണ്.
നാഷ്‌വില്ലയിലെ ഈസ്റ്റ് ഹൈസ്‌കൂളിലാണ് ഓപ്രയെ വെര്‍നോണ്‍ ചേര്‍ത്തത്. അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയപ്പെട്ടവളായി. സ്‌കൂളിലെ 'മോസ്റ്റ് പോപ്പുലര്‍ ഗേള്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു സ്‌കൂളിലെ നിരവധി മത്സരങ്ങളില്‍ ഓപ്ര കഴിവു തെളിയിച്ചു. നാഷ്‌വില്ല ഹൈസ്‌കൂളിലെ സ്പീച്ച് ടീമില്‍ അംഗമായ ഓപ്ര ഡ്രമാറ്റിക് ഇന്റര്‍പ്രെട്ടേഷനില്‍ ദേശീയതലത്തില്‍ രണ്ടാമതെത്തി. (അക്കാലത്ത് ഒരു പ്രസംഗമത്സരത്തില്‍ വിജയിക്കാനായത് ടെന്നിസി സംസ്ഥാന സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ് നേടിക്കൊടുത്തു.)
1971-ല്‍ നിക്‌സണ്‍ ഭരണകാലത്ത് വൈറ്റ് ഹൗസില്‍ കോണ്‍ഫറന്‍സ് ഓണ്‍ യൂത്ത് എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഒരോ സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുവിദ്യാര്‍ഥികള്‍ക്ക് അതില്‍ പങ്കെടുക്കാം. ടെന്നിസിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഓപ്ര വിന്‍ഫ്രിയാണ്. ഓപ്രയുടെ ജൈത്ര യാത്ര ഇവിടെ തുടങ്ങുന്നു.
(തുടരും)
Reference: https://www.washingtonpost.com/archive/lifestyle/magazine/1986/12/14/the-man-who-saved-oprah-winfrey/66d7b7b3-98af-4495-82a7-6b04827f1bd6/
Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar
Published: 15 Dec 2023, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented