
നിറം കെട്ട ബാല്യം - 3
1986 നവംബര്‍ 10, ട്രുഡി ചേസ് എന്ന യുവതിയായിരുന്നു അന്ന് ഓപ്രയുടെ ഷോയിലെ അതിഥി. ലൈംഗികചൂഷണത്തിന് ഇരയായവരെ കുറിച്ചും അവരെ ഉപദ്രവിച്ചവരെക്കുറിച്ചുമായിരുന്നു ചര്‍ച്ച. ട്രുഡി തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നിതിനിടയിലാണ് കുട്ടിക്കാലത്ത് താന്‍ നേരിട്ട ലൈംഗികചൂഷണങ്ങളെ കുറിച്ച് തികച്ചും അപ്രതീക്ഷിതമായി ഓപ്ര മനസ്സു തുറന്നത്.
ഒരിക്കല്‍ ഭയം മൂലം പറയാന്‍ കഴിയാതിരുന്ന കാര്യം, അതിന് ധൈര്യം വന്നപ്പോള്‍, തന്നെപ്പോലെ ചൂഷണത്തിനിരയായ ഒരുവളുടെ കഥ കേട്ടപ്പോള്‍ വെളിപ്പെടുത്തുകയായിരുന്നു അവള്‍. ബാള്‍ട്ടിമോറില്‍ പീപ്പിള്‍ ആര്‍ ടോക്കിങ് (People are talking) എന്ന ഷോയുടെ അവതാരകയായിരുന്നു അന്ന് ഓപ്ര. ഷോയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി താന്‍ നേരിട്ട ലൈംഗികചൂഷണങ്ങളെ കുറിച്ച് സംസാരിച്ചു. താന്‍ കടന്നുപോയ അതേ സാഹചര്യങ്ങളെന്ന് ഓപ്ര മനസ്സിലോര്‍ത്തെങ്കിലും തുറന്നുപറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഷോ കഴിഞ്ഞ് ഇതേ അനുഭവങ്ങള്‍ താനും നേരിട്ടുണ്ടെന്ന് ഓപ്ര ആ പെണ്‍കുട്ടിയോട് കുമ്പസരിച്ചു. എന്തുകൊണ്ടത് ഷോയില്‍ പറഞ്ഞില്ലെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് 'ഭയന്നിട്ട്' എന്നുമാത്രമായിരുന്നു ഓപ്രയുടെ മറുപടി. ആ മറുപടിയില്‍ ഓപ്ര പോലും തൃപ്തയായിരുന്നില്ല. 1986-ല്‍ സമാനമായൊരു സാഹചര്യമുണ്ടായപ്പോള്‍, അതേ അനുഭവങ്ങള്‍ മറ്റൊരു പെണ്‍കുട്ടി പറഞ്ഞുതുടങ്ങിയപ്പോള്‍ ഓപ്ര പിന്നെ മടിച്ചില്ല.
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തിന് ആ തുറന്നുപറച്ചിലിലൂടെ തുടക്കം കുറിക്കുകയായിരുന്നു ഓപ്ര. ഓപ്ര വിന്‍ഫ്രി ഷോയുടെ 135 എപ്പിസോഡുകള്‍ ആ പോരാട്ടത്തിനായി അവള്‍ മാറ്റിവെച്ചു. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികചൂഷണത്തിന്റെ ഓര്‍മകള്‍ 1991-ല്‍ ദേശീയ ശിശു സംരക്ഷണ നിയമത്തിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അവളെ പ്രേരിപ്പിച്ചു. ശിക്ഷിക്കപ്പെട്ട കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് സ്ഥാപിക്കുന്നതിന് യു.എസ്. സെനറ്റ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ ഹാജരായി. 1993 ഡിസംബര്‍ 20-ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ 'ഓപ്ര ബില്‍' നിയമത്തില്‍ ഒപ്പുവച്ചു.
കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ലൈംഗികചൂഷണത്തിന്റെ ഓര്‍മകളുമായി കുട്ടിക്കാലത്തെ ഫോട്ടോയും കൈയില്‍ പിടിച്ച് ഒരിക്കല്‍ ഓപ്രയുടെ ചുറ്റും സ്റ്റുഡിയോയില്‍ അണിനിരന്നത് 200 പുരുഷന്മാരാണ്. ആണെന്നോ പെണ്ണെന്നോ ഉള്ള വേര്‍തിരിവില്ലാതെ ലൈംഗികചൂഷണത്തിന്റെ ഇരകളെന്ന് വിളിക്കപ്പെട്ടവരുടെ വക്താവായി അവള്‍ മാറി. തന്റെ അനുഭവങ്ങള്‍ നിരവധി അഭിമുഖങ്ങളില്‍ പിന്നീട് ഓപ്ര ആവര്‍ത്തിച്ചു.
'ഒരു ബന്ധുവീട്ടില്‍ വെച്ചാണത് സംഭവിച്ചത്. 19 വയസ്സുള്ള എന്റെ കസിനും ഞാനും മാത്രമായിരുന്നു അപ്പോഴവിടെ ഉണ്ടായിരുന്നത്. കസിന്‍ എന്നെ ബലാത്സംഗം ചെയ്തു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ, അരുതാത്തതെന്തോ ആണെന്നുമാത്രം മനസ്സ് പറഞ്ഞു. തൊട്ടടുത്തുള്ള മൃഗശാല കാണിക്കാന്‍ തുടര്‍ന്നയാള്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. ഐസ്‌ക്രീം വാങ്ങിത്തന്നു. ഇതെപ്പോഴെങ്കിലും പുറത്തറിഞ്ഞാല്‍ രണ്ടു പേര്‍ക്കും പ്രശ്‌നമാണെന്നും അതുകൊണ്ട് ആരും അറിയരുതെന്നും വിലക്കി. ഞാന്‍ ആരോടും പറഞ്ഞില്ല, എനിക്കന്ന് ഒമ്പതു വയസ്സാണ്.'
എനിക്ക് ഒമ്പതു വയസ്സുളളപ്പോള്‍ അത് സംഭവിച്ചു, പിന്നെ പത്തു വയസ്സുള്ളപ്പോള്‍, പിന്നെ പതിനൊന്നു വയസ്സില്‍... 12,13,14 വയസ്സുവരേയും അത് തുടര്‍ന്നു. സംഭവിച്ചതെന്താണെന്ന് വിശദീകരിച്ചു തുടങ്ങാന്‍ ഭാഷ പോലുമറിയാത്ത അവസ്ഥ. നിങ്ങള്‍ പറയുന്നതൊന്നും ആരും വിശ്വസിക്കില്ലെന്ന് ഉറപ്പിക്കും. ഉപദ്രവിച്ച വ്യക്തിയാണെങ്കില്‍ സംഭവിച്ചുപോയ തെറ്റില്‍ നിങ്ങളും പങ്കാളികളാണെന്ന് അതിനകം ബോധ്യപ്പെടുത്തിയിരിക്കും. സംഭവിച്ചതിനെ കുറിച്ച് ആരോടെങ്കിലും പറയുന്നതില്‍നിന്ന് അത് നിങ്ങളെ വിലക്കും.'
കുടുംബസുഹൃത്ത്, അമ്മാവന്‍, കസിന്‍ തുടങ്ങി ഓപ്രയ്ക്ക് വേണ്ടപ്പെട്ടവര്‍ തന്നെയായിരുന്നു കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കതയില്‍നിന്ന് അവളെ വലിച്ചുപുറത്തേക്കെറിഞ്ഞത്. സംഭവിച്ചതിനെ കുറിച്ച് അമ്മയോട് പറയാന്‍ ഓപ്രയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, എല്ലാം അമ്മയ്ക്കറിയാമായിരുന്നു. തടയാനോ മകളെ സംരക്ഷിക്കാനോ അവര്‍ക്കായില്ലെന്നുള്ളതാണ് വാസ്തവം. അമ്മയില്‍നിന്നും സഹോദരങ്ങളില്‍നിന്നും ആഗ്രഹിക്കുന്ന സ്‌നേഹവും പരിഗണനയും ലഭിക്കാതിരുന്നതും തുടര്‍ച്ചയായ ലൈംഗികചൂഷണങ്ങളും ഓപ്രയെ ബാധിച്ചു. എല്ലാ തെറ്റിനും കാരണക്കാരി താന്‍ തന്നെയാണെന്ന നിഗമനത്തില്‍ ഓപ്രയെത്തി, നിഷേധിയായ ഒരു ചീത്ത പെണ്‍കുട്ടി!
പഠിക്കാന്‍ മിടുക്കിയായിരുന്ന ഓപ്ര സ്‌കൂളില്‍ പോകുന്നത് വല്ലപ്പോഴുമായി. ധാരാളം പുരുഷസുഹൃത്തുക്കളെ കണ്ടെത്തി. അവര്‍ക്കൊപ്പം ഡേറ്റിങ്ങ് നടത്തി. ഉല്ലാസങ്ങള്‍ക്ക് പണം തികയാതെ വന്നപ്പോള്‍ അമ്മയുടെ പണം മോഷ്ടിച്ചു. വീടുവിട്ടിറങ്ങി. ലൈംഗികതയിലും ലഹരിയിലും ആ കൗമാരക്കാരി സ്വാസ്ഥ്യം കണ്ടെത്തുകയായിരുന്നു. ഓപ്രയുടെ പെരുമാറ്റം വെര്‍ണീറ്റയ്ക്ക് യാതൊരുതരത്തിലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മകളെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയില്ലെന്ന് വെര്‍ണീറ്റ ഓപ്രയുടെ അച്ഛനെ അറിയിച്ചു. കൂട്ടിക്കൊണ്ടുപോകാന്‍ വെര്‍നോണും അദ്ദേഹത്തിന്റെ ഭാര്യ സെല്‍മയും തയ്യാറായി.
പതിന്നാലുകാരിയായ മകള്‍ ഗര്‍ഭിണിയാണെന്ന് അപ്പോള്‍ വെര്‍ണീറ്റയ്‌ക്കോ, വെര്‍നോണോ അറിയില്ലായിരുന്നു.14 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെര്‍ണീറ്റയ്ക്ക് സംഭവിച്ചത് മകള്‍ക്കും സംഭവിച്ചിരിക്കുന്നു.ഏഴു മാസം മാതാപിതാക്കളറിയാതെ ഓപ്ര ആ രഹസ്യം ഒളിപ്പിച്ചു. മാസം തികയാതെ ആ കൗമാരക്കാരി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞ് ജനിച്ച ദിവസമാണ് മകള്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം അച്ഛന്‍ അറിയുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കുഞ്ഞ് രണ്ടാഴ്ച മാത്രമാണ് ജീവിച്ചത്.
കുഞ്ഞിന്റെ മരണശേഷം വെര്‍നോണ്‍ ഓപ്രയോട് ദീര്‍ഘമായി തന്നെ സംസാരിച്ചു. 'ഇത് നിനക്കുള്ള രണ്ടാമത്തെ അവസരമാണ്. ഈ നിമിഷത്തെ കൈപ്പിടിയിലൊതുക്കിക്കൊണ്ട് ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുളള അനുകൂല സന്ദര്‍ഭമാണ്.' ഓപ്രയുടെ ജീവിതത്തിന്റെ രണ്ടാം പകുതി തുടങ്ങുന്നത് അവിടെ നിന്നാണ്.
(തുടരും)
Content Highlights: Life of Oprah Winfrey, Oprah Off Air by Remya Harikumar
Published: 14 Dec 2023, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented