2010-ല്‍ ജാക്കി ചാനൊപ്പം അഭിനയിച്ച ദി കരാട്ടെ കിഡ് ജെയ്ഡന് ആഗോള പ്രശസ്തി നേടിക്കൊടുത്തു.

ഹോളിവുഡ് നടനും ഗായകനുമായ 28-കാരൻ ജെയ്ഡൻ സ്മിത്തും 82-കാരിയായ ഫ്രഞ്ച് ഫാഷൻ ഐക്കൺ മിഷേൽ ലാമിയും തമ്മിൽ പ്രണയത്തിലാണെന്ന് ചർച്ചകളാണ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്. 54 വയസ്സിന്റെ പ്രായവ്യത്യാസമുള്ള ഇരുവരും കൈകോർത്തു പിടിച്ചു നടക്കുന്നതും ചുംബിക്കുന്നതും സെൽഫിയെടുക്കുന്നതുമായ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പ്രണയ അഭ്യൂഹം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
ആദ്യഘട്ടത്തിൽ മിഷേൽ ലാമിയുടെ അനുഗ്രഹം വാങ്ങാനാണ് ജെയ്ഡൻ സ്മിത്ത് എത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നും, ലാമി തന്റെ റിയൽ എസ്റ്റേറ്റ് സ്വത്തുക്കളുടെ 80 ശതമാനവും ജെയ്ഡന് നൽകാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ പരന്നു. ഇതോടെ ട്രോളുകളും മീമുകളുമായി സൈബർ ലോകം ഈ വിഷയം ഏറ്റെടുത്തു.
എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ പ്രണയവാർത്തകളും ചിത്രങ്ങളും വ്യാജമാണെന്നും റിപ്പോർട്ടുകളുണ്ട്. ജെയ്ഡൻ സ്മിത്തും മിഷേൽ ലാമിയും ഒരുമിച്ചുള്ളതും ചുംബിക്കുന്നതുമായ വൈറൽ ചിത്രങ്ങളും വീഡിയോകളും നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചവയാണെന്ന് പറയുന്നു. പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനർ റിക്ക് ഓവൻസിന്റെ ഭാര്യയാണ് മിഷേൽ ലാമി. ഇരുവരും തമ്മിൽ ദീർഘകാലത്തെ ദാമ്പത്യബന്ധമാണുള്ളത്. ജെയ്ഡൻ സ്മിത്തും ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കുകയോ ബന്ധം സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കലാലോകത്തും ഫാഷൻ രംഗത്തും വ്യത്യസ്തമായ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മിഷേൽ ലാമി എന്നതിനാൽ, തുടക്കത്തിൽ പലരും ഈ ചിത്രങ്ങൾ ഒരു കലാപരമായ നീക്കമാണോ എന്ന് സംശയിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങൾ വ്യാജമാണെന്ന് വ്യക്തമായതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
ആരാണ് മിഷേൽ ലാമി?
ഫാഷൻ സംരംഭക, കലാകാരി, പെർഫോമർ എന്നീ നിലകളിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയാണ് മിഷേൽ ലാമി. 1990-കളിൽ തന്റെ ഫാഷൻ ബിസിനസ്സിൽ ജോലി ചെയ്യാനായി റിക്ക് ഓവൻസിനെ നിയമിച്ചതോടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ആ ഔദ്യോഗിക ബന്ധം പിന്നീട് പ്രണയത്തിലേക്കും 2006-ൽ വിവാഹത്തിലേക്കും എത്തി.
വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, മറ്റ് ക്രിയേറ്റീവ് പ്രോജക്റ്റുകൾ എന്നിവ ഉൾപ്പെടുന്ന ഓവൻസ്‌കോർപ്പ് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപക കൂടിയാണ് ലാമി. ഫാഷൻ, സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്ക് 2026 ഏപ്രിലിൽ ഫാഷൻ ട്രസ്റ്റ് യു.എസ് അവാർഡ്‌സിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ഇവർക്ക് ലഭിച്ചിരുന്നു.
ആരാണ് ജെയ്ഡൻ സ്മിത്ത്?
ഹോളിവുഡ് താരങ്ങളായ വിൽ സ്മിത്തിന്റെയും ജാഡ പിങ്കറ്റ് സ്മിത്തിന്റെയും മകനാണ് ജെയ്ഡൻ സ്മിത്ത്. 2006-ൽ പിതാവ് വിൽ സ്മിത്തിനൊപ്പം ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ് എന്ന ചിത്രത്തിലൂടെയാണ് ജെയ്ഡൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2010-ൽ ജാക്കി ചാനൊപ്പം അഭിനയിച്ച ദി കരാട്ടെ കിഡ് ജെയ്ഡന് ആഗോള പ്രശസ്തി നേടിക്കൊടുത്തു.
അഭിനയത്തിന് പുറമെ സംഗീത ലോകത്തും ജെയ്ഡൻ സജീവമാണ്. ജസ്റ്റിൻ ബീബറുടെ ഹിറ്റ് ഗാനമായ നെവർ സേ നെവർ എന്ന ഗാനത്തിൽ റാപ്പ് പാടിയ ജെയ്ഡൻ, പിന്നീട് സയർ, എറിസ്, സി.ടി.വി 3 തുടങ്ങിയ ശ്രദ്ധേയമായ സംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: Viral images of Jaden Smith and Michele Lamy are reportedly fake, created using artificial intelligence, debunking the social media romance rumors.
Published: 14 Nov 2026, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented