വടക്കേ ഇന്ത്യയിലെ പ്രധാനപ്പട്ട ആഘോഷങ്ങളിലൊന്നാണ് കര്‍വാചൗത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസിനും ക്ഷേമത്തിനുമായി സ്ത്രീകള്‍ സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വ്രതമനുഷ്ഠിക്കുന്ന ആചാരണമാണിത്. സ്ത്രീകള്‍ മൈലാഞ്ചി അണിയുകയും പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. ചന്ദ്രോദയത്തിന് ശേഷം ചന്ദ്രനെ നോക്കിയശേഷം ഭാര്യ അരിപ്പയിലൂടെ ഭര്‍ത്താവിന്റെ മുഖവും ദര്‍ശിക്കുന്നു. അതിനുശേഷം ഭര്‍ത്താവ് നല്‍കുന്ന ഭക്ഷണം കഴിച്ച്  വ്രതം അവസാനിപ്പിക്കുന്നതോടെ കര്‍വാചൗത് പൂര്‍ണമാകുന്നു.

To advertise here,

കഴിഞ്ഞ ദിവസം നിരവധി പേരാണ് കര്‍വാചൗത് ആഘോഷിച്ചത്. ബോളിവുഡ് താരങ്ങള്‍ ഈ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ബോളിവുഡ് താരം പരിണീതി ചോപ്രയ്ക്കും കിയാര അദ്വാനിക്കും വിവാഹശേഷമുള്ള ആദ്യത്തെ കര്‍വാചൗതായിരുന്നു ഇത്. ഇരുവരും ആഘോഷം മനോഹരമാക്കുകയും ചെയ്തു.

ചുവപ്പ് നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ടാണ് പരിണീതി ധരിച്ചത്. മഞ്ഞ നിറത്തിലുള്ള കുര്‍ത്ത പൈജാമ സെറ്റായിരുന്നു ഭര്‍ത്താവ് രാഘവ് ഛദ്ദയുടെ വേഷം. പിങ്ക് സല്‍വാറായിരുന്നു കിയാര തിരഞ്ഞെടുത്തത്. ഭര്‍ത്താവും നടനുമായ സിദ്ധാര്‍ഥ് മല്‍ഹോത്ര ചുവപ്പ് കുര്‍ത്തയും ധരിച്ചു. 'അനുഗ്രഹീതനായിരിക്കുന്നു' എന്ന ക്യാപ്ഷനോടെ കര്‍വാചൗത് ചിത്രം സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

വിവാഹത്തിന് ശേഷം രണ്ടാം കര്‍വാചൗതാണ് കത്രീന കൈഫ്-വിക്കി കൗശല്‍ ദമ്പതികള്‍ ആഘോഷിച്ചത്. ചുവപ്പ് സാരി ധരിച്ച് മംഗള്‍സൂത്രയും സിന്ദൂരവും അണിഞ്ഞ് നവവധുവിനെപ്പോലെ സുന്ദരിയായിരുന്നു കത്രീന. സില്‍വര്‍ എംബ്രോയ്ഡറിയുള്ള വെള്ള നിറത്തിലുള്ള കുര്‍ത്ത-പൈജാമയാണ് വിക്കി ധരിച്ചത്. 

കര്‍വാചൗതിന് ചുവപ്പ് വെല്‍വെറ്റ് സാരിയില്‍ അതിമനോഹരിയായാണ് നടി ഹന്‍സിക മോട്‌വാനിയെത്തിയത്. ഇതിന് ഡയമണ്ട് നെക്ക്‌ലേസും കമ്മലും ആഭരണമായി ഉപയോഗിച്ചു. ചുവപ്പ് നിറത്തിലുള്ള കുര്‍ത്തയായിരുന്നു ഭര്‍ത്താവ് സൊഹെയ്ല്‍ ഖതൂരിയ ധരിച്ചത്. തനിക്കൊപ്പം വ്രതമെടുത്തതിന് ഭര്‍ത്താവിനോട് ഒരുപാട് നന്ദിയുണ്ടെന്നും ഹന്‍സിക കുറിച്ചു. 

നടന്‍ അനില്‍ കപൂറിന്റെ ഭാര്യ സുനിത കപൂര്‍ ഒരുക്കിയ കര്‍വാചൗത് ആഘോഷത്തിന് ബോളിവുഡില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. നടിമാരായ ശില്‍പ ഷെട്ടി, റാണി മുഖര്‍ജി, സോനം കപൂര്‍, രവീണ ടണ്ടന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.