സ്വയം വിവാഹം കഴിച്ച് വാർത്തകളിലിടം നേടിയ പെൺകുട്ടിയാണ് ഇരുപത്തിനാലുകാരിയായ ക്ഷമ ബിന്ദു. സോളോഗമി എന്ന് കേട്ടിട്ടു പോലുമില്ലാത്ത ചിലർ ഗുജറാത്തുകാരിയായ ക്ഷമയുടെ തീരുമാനം കേട്ട് നെറ്റിചുളിച്ചു. പക്ഷേ പിൻമാറാൻ ക്ഷമ ഒരുക്കമായിരുന്നില്ല. ആഘോഷമായി തന്നെ സ്വന്തം വിവാഹം നടത്തി. ഇപ്പോഴിതാ ആദ്യമായി കർവാ ചൗത് ആഘോഷിച്ചതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ക്ഷമ.
ഇൻസ്റ്റഗ്രാമിലൂടെയാണ് ക്ഷമ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പു സാരിയുടുത്ത് കൈ നിറയെ കുപ്പിവളകളും നെറ്റിയില്‍ സിന്ദൂരവുമണിഞ്ഞ് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ചിത്രങ്ങളാണ് ക്ഷമ പങ്കുവെച്ചിരിക്കുന്നത്. കൈയിലിരുന്ന അരിപ്പ ചന്ദ്രനു നേരെയുയര്‍ത്തി, മുന്നിലെ കണ്ണാടിയിലെ സ്വന്തം പ്രതിബിംബം അരിപ്പയിലൂടെ കാണുന്ന ചിത്രവുമുണ്ട്.
മനോഹരമായ കുറിപ്പോടെയാണ് ക്ഷമ ചിത്രങ്ങൾ പങ്കുവെച്ചത്. ' ഇന്ന് കര്‍വ്വാചൗത്തില്‍ എന്റെ പ്രതിബിംബം തന്നെ കണ്ടപ്പോള്‍ നഷ്ടപ്പെട്ട സ്വാഭിമാനമാണ് എനിക്ക് തിരിച്ചു കിട്ടിയത്.'- എന്നാണ് ക്ഷമ കുറിച്ചത്.
പ്രണയവും വിവാഹവും ആണിനും പെണ്ണിനുമിടയില്‍ മാത്രമുള്ളതാണെന്ന ഇരുണ്ട ചിന്താഗതികളെ പൊളിച്ചടുക്കുകയായിരുന്നു ക്ഷമ സ്വന്തം ജീവിതത്തിലൂടെ. സമൂഹത്തില്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ അത് ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളെയാകണമെന്നും താന്‍ ജീവിതത്തില്‍ ഏറ്റവുമിഷ്ടപ്പെടുന്ന വ്യക്തി താന്‍ തന്നെയാണെന്നും ഉറക്കെ വിളിച്ചു പറഞ്ഞാണ് അവൾ സ്വയം വിവാഹം ചെയ്തത്. മെഹന്ദിയണിഞ്ഞ് ഹല്‍ദിയാഘോഷിച്ച് കഴിഞ്ഞ ജൂണിലായിരുന്നു ആര്‍ഭാടപൂര്‍വ്വം വിവാഹം നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ സോളോഗമി വിവാഹമായിരുന്നു ക്ഷമയുടേത്.
അവനവനോട് പ്രണയം തോന്നി, അവനവനെ ഇണയായി തിരഞ്ഞെടുക്കുന്നതിനെയാണ് സോളോഗമി എന്നു പറയുന്നത്. സ്വയം വിവാഹം ചെയ്തതിലൂടെ തന്നോടു തന്നെയുള്ള ആദരവ് വെളിവായെന്നാണ് ക്ഷമയുടെ പക്ഷം. ഇന്ത്യയില്‍ ആത്മസ്‌നേഹത്തിന്റെ ആദ്യ മാതൃക സൃഷ്ടിച്ചത് താനാണെന്ന് ക്ഷമ അഭിമാനത്തോടെ പറയുന്നു. വിവാഹം കഴിഞ്ഞ് സ്വയം മധുവിധുവാഘോഷിച്ചതും ക്ഷമ പങ്കുവെച്ചിരുന്നു. ക്ഷമയുടെ പാത പിന്തുടര്‍ന്ന് സ്വയം വിവാഹിതയായി പ്രഖ്യാപിച്ച് സീരിയല്‍ താരം കനിഷ്‌ക സോണിയും അടുത്തിടെ രംഗത്തെത്തിയിരുന്നു.
Content Highlights: kshema bindu, marrying herself, sologamy, karwa chauth, instagram post
Published: 16 Oct 2022, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented