കഴിഞ്ഞ ജനുവരിയിലായിരുന്നു ബോളിവുഡ് താരം മൗനി റോയിയുടെ വിവാഹം. മലയാളിയും ദുബായില്‍ ബിസിനസുകാരനുമായ സൂരജ് നമ്പ്യാരേയാണ് മൗനി വിവാഹം ചെയ്തത്. ഏറെ നാളുകള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

To advertise here,

കേരള സ്റ്റൈലിലും ബംഗാളി സ്റ്റൈലിലുമായി രണ്ട് വിവാഹച്ചടങ്ങളുകളാണ് നടന്നത്. കേരള സ്റ്റൈല്‍ വിവാഹത്തിന് വേദിയായത് ഗോവയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം മൗനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ ആദ്യ കര്‍വാ ചൗതിനുള്ള ഒരുക്കത്തിലാണ് മൗനി റോയ്. ഇതുമായി ബന്ധപ്പെട്ട് കൈയില്‍ മൈലാഞ്ചി അണിഞ്ഞുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ശിവനും പാര്‍വതിയുമാണ് മൈലാഞ്ചിയിലെ ഡിസൈന്‍.

'ആദ്യത്തേത് എപ്പോഴും സവിശേഷമാണ്. എല്ലാ സുന്ദരികള്‍ക്കും കര്‍വാ ചൗത് ആശംസകള്‍'-ചിത്രങ്ങള്‍ക്കൊപ്പം മൗനി കുറിച്ചു. ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ടിവി താരമായ കരണ്‍ താക്കര്‍ ഹാര്‍ട്ട് ഇമോജി കമന്റ് ചെയ്തപ്പോള്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മനോഹരമായ മൈലാഞ്ചി ഡിസൈന്‍ എന്നായിരുന്നു ഗായകന്‍ തേഷറിന്റെ പ്രതികരണം. 

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ മൗനി അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. കസ്തൂരി, ദേവോന്‍ കി ദേവ് മഹാദേവ്, നാഗിന്‍ തുടങ്ങിയ പരമ്പരകളിലൂടെയാണ് മൗനി താരമായി മാറിയത്.