ഇന്ത്യൻ ടെലിവിഷൻ ലോകത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കാമ്യ പഞ്ചാബി. ക്യാമറയ്ക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ തിളങ്ങിനിൽക്കുമ്പോഴും, തന്റെ വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്ന കഠിനമായ ഗാർഹിക പീഡനങ്ങളെക്കുറിച്ചുംഅതിൽ നിന്നുള്ള അതിജീവനത്തെക്കുറിച്ചും തുറന്നുപറയുകയാണ് കാമ്യ. പുറംലോകം കണ്ട തിളക്കമുള്ള ജീവിതത്തിന് പിന്നിൽ നടുക്കുന്ന ക്രൂരതകളുടെ കഥയാണ് അവർക്ക് പറയാനുള്ളത്.

To advertise here,

വിശപ്പടക്കാൻ പാടുപെട്ട ബാല്യം

ഒരു താഴ്ന്ന മധ്യവർഗ്ഗ കുടുംബത്തിലായിരുന്നു കാമ്യയുടെ ജനനം. ജനിച്ചപ്പോൾ തന്നെ അന്നനാളത്തിനുണ്ടായ പ്രശ്നങ്ങളും അതിനുപിന്നാലെ പിടിപെട്ട ക്ഷയരോഗവും കാമ്യയുടെ ജീവൻ തന്നെ അപകടത്തിലാക്കി. ആശുപത്രി കിടക്കയിൽ മകളുടെ ജീവനായി നിസ്സഹായനായി കരയുന്ന അച്ഛന്റെ മുഖം കാമ്യയുടെ മനസ്സിൽ മായാതെയുണ്ട്. തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അമ്മയ്ക്ക് സ്വന്തം താലിച്ചരട് ഉൾപ്പെടെയുള്ള സർവ്വ സ്വർണ്ണാഭരണങ്ങളും വിൽക്കേണ്ടിവന്നുവെന്നും അവർ തുറന്നുപറഞ്ഞു. പഠനകാലത്ത് കുടുംബത്തിന്റെ വിശപ്പടക്കാൻ 12-ാം ക്ലാസിന് ശേഷം എക്‌സിബിഷനുകളിൽ സ്റ്റാൾ മാനേജരായി കാമ്യ ജോലി ചെയ്തു. ദിവസം ലഭിച്ചിരുന്ന 150 രൂപയിൽ യാത്രാച്ചെലവ് കഴിച്ച് ബാക്കി വരുന്ന ഓരോ പൈസയും അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു, ഒരു ഗണപതി പൂജ നടത്താൻ പോലും പണമില്ലാതെ കാലമായിരുന്നു അത്. കൂടുതൽ ജോലികൾ ചെയ്ത് പണം കണ്ടെത്തി പൂജ നടത്തുകയും ചെയ്ത ആ പഴയകാലം ഓർത്തപ്പോൾ അവരുടെ ശബ്ദം ഇടറി.

കരിയറിലെ ക്രൂരമായ അധിക്ഷേപം

ഉയരമുള്ള പെൺകുട്ടിയായതിനാൽ മോഡലിംഗിലേക്ക് എത്തിയ കാമ്യ, പിന്നീട് 'കഹോ നാ പ്യാർ ഹേ', 'യാദേൻ' തുടങ്ങിയ ചിത്രങ്ങളിലൂടെയും ടിവി പരമ്പരകളിലൂടെയും ശ്രദ്ധേയയായി. എന്നാൽ ആ യാത്രയൊന്നും എളുപ്പമായിരുന്നില്ല. തന്റെ ആദ്യകാല ഹിറ്റ് സീരിയലായ 'കെഹ്താ ഹേ ദിൽ' ചിത്രീകരണത്തിനിടയിൽ ഡയറക്ടറിൽ നിന്നും കേൾക്കേണ്ടി വന്ന അധിക്ഷേപങ്ങൾ ഏതൊരു പെൺകുട്ടിയുടെയും ആത്മാഭിമാനത്തെ തകർക്കുന്നതായിരുന്നു.പടികൾ ഓടിയിറങ്ങുന്ന രംഗങ്ങളിൽ കാമ്യ ധരിച്ചിരുന്ന അടിവസ്ത്രങ്ങളെക്കുറിച്ച് മൈക്കിലൂടെ പരസ്യമായി ഡയറക്ടർ നാണംകെടുത്തുന്ന കമന്റുകൾ പറയുമായിരുന്നു. അഭിനയിക്കാൻ അറിയില്ലെന്നും 25 എപ്പിസോഡുകൾക്ക് ശേഷം പരമ്പരയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അന്ന് തളർന്നുപോയ കാമ്യയെ കരകയറ്റിയത് അമ്മയുടെ വാക്കുകളായിരുന്നു. 'തോറ്റുകൊടുക്കരുതെന്നാണ് അമ്മ ഉപദേശിച്ചത്. വർഷങ്ങൾക്ക് ശേഷം അതേ ഡയറക്ടർ സദസ്സിലിരിക്കെ താൻ കഠിനാധ്വാനം ചെയ്ത് നേടിയ ആദ്യത്തെ അഭിനയ അവാർഡ് അഭിമാനത്തോടെ ഉയർത്തിക്കാട്ടിയപ്പോൾ, അത് അവഗണനകൾക്ക് കാലം കാത്തുവെച്ച മധുരപ്രതികാരമായി മാറിയെന്നും അവർ തുറന്നടിച്ചു.

ആദ്യവിവാഹത്തിന്റെ പരാജയം

ബിസിനസുകാരനായ ബണ്ടി നേഗിയെ പ്രണയിച്ചാണ് 2003-ൽ കാമ്യ വിവാഹം കഴിച്ചത്. പരസ്പര സ്‌നേഹത്തോടെയും വലിയ പ്രതീക്ഷകളോടെയുമാണ് ആ ബന്ധം ആരംഭിച്ചതെങ്കിലും, വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ അവർക്കിടയിൽ വലിയ പ്രശ്‌നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉടലെടുക്കുകയായിരുന്നു.2009-ൽ പ്രിയംവദ എന്ന മകൾ ജനിച്ചു. മകൾ വന്നതോടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതിയെങ്കിലും പ്രശ്‌നങ്ങൾ വീണ്ടും രൂക്ഷമായി.ഈ ഘട്ടത്തിലാണ് തനിക്ക് ക്രൂരമായ ഗാർഹിക പീഡനങ്ങളും മാനസിക അധിക്ഷേപങ്ങളും നേരിടേണ്ടി വന്നതെന്ന് കാമ്യ വെളിപ്പെടുത്തി. കുടുംബത്തിന് മുന്നിലും പുറത്തും താൻ കഠിനമായ വേദന അനുഭവിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

മേക്കപ്പിന് പിന്നിലെ മുറിവുകൾ

ഭർത്താവിൽ നിന്നും നിരന്തരം ക്രൂരമായ മർദ്ദനങ്ങൾക്കിരയായിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് കാമ്യ ഓർത്തെടുക്കുന്നു. ശരീരത്തിലും മുഖത്തുമേറ്റ മുറിവുകളും പാടുകളും പുറംലോകം അറിയാതിരിക്കാൻ കനത്ത മേക്കപ്പ് ഉപയോഗിച്ചാണ് അവർ പൊതുവേദികളിൽ എത്തിയിരുന്നത്. ഒരു വശത്ത് വീട്ടിൽ നിന്ന് ക്രൂരമായ തല്ലും അപമാനവും സഹിക്കുമ്പോൾ, മറു വശത്ത് ഗ്ലാമറസ് വസ്ത്രങ്ങളണിഞ്ഞ് അവാർഡുകൾ ഏറ്റുവാങ്ങേണ്ടി വന്ന അവസ്ഥ തനിക്കുണ്ടായിരുന്നുവെന്ന് അവർ പറയുന്നു.'വീട്ടിൽ തല്ലു കൊള്ളുകയും പുറത്തുപോയി അവാർഡ് വാങ്ങുകയും ചെയ്യുന്ന ഞാൻ ആരാണ്? ഞാൻ എന്തിനാണ് ഇത് സഹിക്കുന്നതെന്ന് ഓർത്ത് സ്വന്തം അവസ്ഥയിൽ വലിയ നാണക്കേടും അറപ്പും തോന്നിയിരുന്നതായി കാമ്യ വെളിപ്പെടുത്തി. കൈയിൽ പ്ലാസ്റ്ററും കറുത്ത കണ്ണടയും ധരിച്ച് മുൻപ് ഐശ്വര്യാ റായ് ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത വീഡിയോ കണ്ടപ്പോൾ, തന്റെ ജീവിതവുമായി അതിന് വലിയ സാമ്യം തോന്നിയതായും അവർ പങ്കുവെച്ചു.

തന്റെ മുൻ പങ്കാളിയിൽ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങൾ ശാരീരിക മർദ്ദനങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നില്ല. കേൾക്കുന്നവരെപ്പോലും നടുക്കുന്ന തരത്തിലുള്ള ക്രൂരതകളാണ് കാമ്യ തുറന്നുപറഞ്ഞത്. വസ്ത്രധാരണത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നിരന്തരം മോശം അഭിപ്രായങ്ങൾ പറഞ്ഞ് അപമാനിക്കുന്നത് പതിവായിരുന്നു. ഒരിക്കൽ ഒരു പെട്ടിക്കുള്ളിൽ അടച്ചുവെച്ച് കാമ്യയുടെ മേൽ ഡസ്റ്റ്ബിനിലെ മാലിന്യങ്ങളും സോപ്പുപൊടിയും ഹിറ്റും ഒഴിച്ചു. അവിടെയുണ്ടായിരുന്ന വളർത്തുനായയുടെ കാഷ്ടം വരെ തന്റെ മേൽ എറിയുന്ന തരത്തിലുള്ള അങ്ങേയറ്റത്തെ മനുഷ്യത്വരഹിതമായ മാനസിക-ശാരീരിക വേട്ടയാടലുകൾ താൻ സഹിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. എന്നാൽ വിധിയുടെ മുന്നിൽ മുട്ടുമടക്കാൻ കാമ്യ തയ്യാറായിരുന്നില്ല. പീഡനങ്ങൾ നിറഞ്ഞ ആ ബന്ധം പൊട്ടിച്ചെറിഞ്ഞ് അവർ മകളുമായി പുറത്തുവന്നു. താൻ സമ്പാദിച്ചു തുടങ്ങിയപ്പോൾ ആദ്യം ചെയ്തത്, ചെറുപ്പത്തിൽ തന്റെ ചികിത്സയ്ക്കായി അമ്മയ്ക്ക് നഷ്ടപ്പെട്ട താലിച്ചരടും സ്വർണ്ണാഭരണങ്ങളും ഇരട്ടിയായി തിരികെ വാങ്ങി നൽകുകയാണ്. സഹോദരിമാരുടെ പഠനവും വിവാഹവും ഏറ്റെടുത്ത് നടത്തി.

മനസ്സിൽ മായാത്ത മുറിവുകൾ

വർഷങ്ങൾക്ക് ശേഷവും ആ സംഭവങ്ങൾ തന്റെ മകളുടെ മനസ്സിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ലെന്നും അവർ പറയുന്നു.'അമ്മേ, അന്ന് പപ്പ അമ്മയെ തള്ളിയിട്ടത് എന്റെ മനസ്സിലുണ്ട്, അത് സത്യമാണോ?' എന്ന് അടുത്തിടെയും 17 വയസ്സുള്ള മകൾ പ്രിയംവദ തന്നോട് ചോദിച്ചതായി വികാരാധീനയായി കാമ്യ പറയുകയുണ്ടായി. കുടുംബത്തിനുള്ളിലെ അക്രമങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ തെളിവാണിത്.

കഠിനമായ ഈ അനുഭവങ്ങളിൽ നിന്നെല്ലാം ധൈര്യത്തോടെ പുറത്തുകടക്കാൻ കാമ്യയ്ക്ക് സാധിച്ചു. 220-ൽ ഡോ. ശലഭ് ദാങ്കെയെ വിവാഹം കഴിച്ചതോടെ കാമ്യയുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പുതിയൊരു അധ്യായം തുറന്നു. കഴിഞ്ഞകാലത്തെ മുറിവുകളിൽ നിന്നും കണ്ണീരിൽ നിന്നും പൂർണ്ണമായി മുക്തയായി അവർ ഇന്ന് സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുന്നു.