പ്ലസ്ടു കഴിഞ്ഞ് വിവാഹത്തോടെ തുന്നൽപ്പണിയിലേക്ക് ഒതുങ്ങിയ ജെസ്മി ഇപ്പോൾ ക്രെയിൻ പ്രവർത്തിപ്പിച്ച് അധിക വരുമാനം കണ്ടെത്തുന്നു. തുന്നൽപ്പണിയിലൂടെ സമ്പാദിച്ച പണം കൊണ്ട് ഓട്ടോയും കാറും ബസും ട്രെയിലറും ഓടിക്കാനുള്ള ൈലസൻസ് നേടിയ ശേഷമാണ് ക്രെയിൻ ഓപ്പറേറ്റർ ലൈസൻസും നേടിയത്. 38- കാരിയായ െജസ്മി ഈ ലൈസൻസ് നേടിയ തൃശ്ശൂർ ജില്ലയിലെ ഏക സ്ത്രീയാണ്. ഇനി ലക്ഷ്യം മണ്ണുമാന്തി യന്ത്രം ഓടിക്കാനുള്ള ലൈസൻസാണ്.

To advertise here,

അച്ഛൻ വിൽസൺ നൽകിയ പ്രചോദനവും ഭർത്താവും മക്കളും നൽകിയ പ്രോത്സാഹനവുമാണ് ജെസ്മിയെ ഡ്രൈവിങ്ങിലേക്ക് എത്തിച്ചത്. കൊൽക്കത്തയിലും ഡൽഹിയിലും മുംബൈയിലുമെല്ലാം ബസ്, ട്രക്ക് ഡ്രൈവറായിരുന്നു വിൽസൺ. ഭർത്താവ് സജു കെ.എസ്.ആർ.ടി.സി. കണ്ടക്ടറാണ്.

െജസ്മി ആദ്യം ഓട്ടോറിക്ഷയോടിച്ചു ലൈസൻസെടുത്തു. 21-ാം വയസ്സിൽ കാറോടിക്കാൻ പഠിച്ചു. അപ്പോഴേക്കും ആശയായി, ബസ് ഓടിക്കാൻ. ബസ് ഓടിച്ച് ലൈസൻസ് നേടിയതോടെ ഡ്രൈവിങ് സ്‌കൂളുകാരുടെ പ്രേരണയിൽ ഒന്നരമാസം പരിശീലനം നടത്തി ട്രെയിലർ ലൈസൻസ് നേടി. ഇത് നേടിയെടുത്ത ജില്ലയിലെ ആദ്യത്തെ സ്ത്രീയുമായി.

ക്രെയിൻ പരിശീലനം ഡ്രൈവിങ് സ്‌കൂളിൽ പോയല്ല നേടിയത്. ഹൈസ്‌കൂളിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ ഭർത്താവിന്റെ ക്രെയിനിൽ സഹായിയായി പോയി ജോലി പഠിച്ചു. കുന്നംകുളത്ത് പോയി ആർ.ടി.ഒ.യുടെ മുന്നിൽ പ്രവർത്തിപ്പിച്ച് കാണിച്ച് ലൈസൻസും നേടി. തുന്നൽപ്പണിയുടെ ഇടവേളകളിൽ ക്രെയിൻ ഓപ്പറേറ്ററുടെ ജോലിക്ക് പോകുന്നുണ്ട്‌ െജസ്മി. ഓൾ കേരള ടെയ്ലേഴ്‌സ് അസോസിയേഷൻ നെടുപുഴ യൂണിറ്റ് പ്രസിഡന്റാണ്. തുറമുഖങ്ങളിലെ ക്രെയിൻ ഓപ്പറേറ്റർ ജോലിയാണ് സ്വപ്നം. മൂത്ത മകൾ ഹെലൻ റോസ് പ്ലസ്ടു കഴിഞ്ഞ് എൻട്രൻസ് പരിശീലനത്തിലാണ്. ഇളയ മകൾ നൽഗാ റോസ് മിഷൻ ക്വാർട്ടേഴ്സിലെ സെയ്ന്റ് ജോസഫ്‌സ് സ്‌കൂളിൽ എട്ടാംക്ലാസിലേക്ക് എത്തുന്നു. തൃശ്ശൂർ പനമുക്കിലെ പുറത്തുക്കാരൻ വീട്ടിലാണ് താമസം.