നമുക്ക് പറ്റാത്തതായി ഒന്നുമില്ല. ഒന്നും ചെയ്യാതെ ഒതുങ്ങിക്കൂടുന്ന ആള്ക്കാരോട് എനിക്ക് പറയാനുള്ളത് അതാണ്. നമുക്ക് എല്ലാവര്ക്കും ദൈവം ഒരു കഴിവ് തന്നിട്ടുണ്ടാകും അത് കണ്ടെത്തി പോളിഷ് ചെയ്ത് തിളക്കം വരുത്തി വജ്രമാക്കി മാറ്റണം.

'എന്റെ കഴിവിനെ അംഗീകരിക്കുന്ന ഒരു നാൾ വരുമെന്ന് എനിക്കറിയാമായിരുന്നു..' ചോറ്റാനിക്കര ക്ഷേത്രത്തിലെ വേദിയിൽനിന്നും നൃത്തം കഴിഞ്ഞിറങ്ങിയ ജാസിയെ പൊതിഞ്ഞ ആൾക്കൂട്ടത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ജാസി ആഷി പറഞ്ഞു. ജാസിയുടെ നൃത്തവീഡിയോയും സന്തോഷത്താൽ പൊട്ടിക്കരയുന്ന വീഡിയോയും നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീഡിയോ കണ്ടവരെല്ലാം ജാസിയെ അഭിനന്ദനംകൊണ്ട് മൂടി. ഒരിക്കൽ ജാസിയെ ബുള്ളിയിങ് ചെയ്ത സോഷ്യൽ മീഡിയ ഇന്ന് അവരെ അഭിനന്ദിക്കുകയാണ്. ആ യാത്രയെക്കുറിച്ച് മനസ്സുതുറക്കുകയാണ് ജാസി.
എന്റെ മനസ്സാണ് ഗുരു
'എനിക്ക് ഗുരു ആരുമില്ല. എന്റെ ഗുരു എന്റെ മനസ്സാണ്. മനസ്സിൽ ഒരു ശക്തി ഉണ്ടായിരുന്നു. ചെറുപ്പത്തിൽ സ്കൂളിൽ കലോത്സവനാളുകളിൽ ഡാൻസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മേക്കപ്പ് ചെയ്ത് ഡാൻസിന്റെ പട്ടുവസ്ത്രങ്ങളും ആരണങ്ങളുമണിഞ്ഞ് ഷാൾ കൊണ്ട് പുതച്ച് കാണികൾക്കിടയിലൂടെ ചിലങ്കയും കയ്യിൽ പിടിച്ച് പോകുന്നത് കണ്ട് കൊതിച്ചിട്ടുണ്ട്. അന്ന് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് എനിക്കും ഇതുപോലെ നൃത്തം ചെയ്യണമെന്ന്. ഒരു സ്റ്റേജിൽ മനസ്സറിഞ്ഞ് കളിക്കണം, വാലിട്ട് കണ്ണെഴുതണം, കയ്യിൽ അൾത്ത വയ്ക്കണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു. പക്ഷെ അന്ന് അത് ചിന്തിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. എന്നും എനിക്ക് എനിക്ക് നൃത്തത്തോടും അഭിനയത്തോടും എഴുത്തിനോടും എല്ലാം ഒരു താല്പര്യം ഉണ്ടായിരുന്നു. എല്ലാറ്റിനും ഒരു സമയം ഉണ്ടെന്നായിരിക്കും ദൈവ നിശ്ചയം.
ഒരുപാട് പേർ എന്നെ എവിടെയും എത്തില്ലെന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. പുറകോട്ട് പുറകോട്ട് നിർത്തി. പക്ഷെ നമ്മുടെ ഉള്ളിൽ ഒരു അഭിരുചി ഉണ്ടെങ്കിൽ എന്നെങ്കിലും അത് ദൈവം കാണും, പുറത്തുകാണിക്കാൻ അവസരം നൽകും. എന്റെ ജീവിതത്തിൽനിന്ന് എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ശോഭനയും മറ്റും നൃത്തം ചെയ്യുന്നത് കാണുമ്പോൾ അവരെപ്പോലെ നൃത്തം ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ റീൽസിൽ ഞാൻ അഭിനയിക്കുന്നത് ആളുകൾ ഏറ്റെടുത്തപ്പോഴാണ് ഡാൻസ് ചെയ്യാം എന്നുതോന്നിയത്. ഒന്നുരണ്ട് ഡാൻസ് റീൽസിന് നല്ല അഭിപ്രായവും ലഭിച്ചു. അതോടെ എനിക്ക് ആത്മവിശ്വാസം വന്നു. ആ റീൽസ് കണ്ടാണ് വൈറ്റിലയിലെ ഒരു ക്ഷേത്രത്തിലേക്ക് ഡാൻസ് ചെയ്യാൻ ക്ഷണിക്കുന്നത്. നിനക്ക് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞ് എന്നെ സപ്പോർട്ട് ചെയ്തത് പാർട്നർ ആഷിയാണ്. ഡാൻസോ മുദ്രയോ ഒന്നും പെർഫെക്ട് ആയിരിക്കില്ല. പക്ഷെ കാണികളെ പിടിച്ചിരുത്താനുള്ള കഴിവ് എനിക്കുണ്ടെന്ന് പറഞ്ഞ കുറേയേറെ സുഹൃത്തുക്കളുണ്ട്. എന്നെക്കൊണ്ട് പറ്റുമെന്ന അവരുടെ വിശ്വാസംകൂടിയാണ് എന്നെ ചിലങ്കയണിയിച്ചത്.
ചോറ്റാനിക്കര അമ്മയുടെ മുന്നിൽ
ആദ്യം വൈറ്റില ദേവർമഠം വിഷ്ണുമായയുടെ അമ്പലത്തിലാണ് നൃത്തം ചെയ്തത്. അവിടത്തെ പെർഫോമൻസ് കഴിഞ്ഞിട്ടാണ് ചോറ്റാനിക്കരയിൽനിന്ന് ക്ഷണം വരുന്നത്. വളരെ സന്തോഷമായിരുന്നു. ചോറ്റാനിക്കര പോലെ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ, ചോറ്റാനിക്കര അമ്മയുടെ മണ്ണിൽ നൃത്തം ചെയ്യാനാകുക ചെറിയ കാര്യമല്ലല്ലോ. കേരളത്തിലെ ഒരുപാട് നർത്തകർ സ്വപ്നം കാണുന്ന വേദിയാണ് അത്. സത്യം പറഞ്ഞാൽ ഇപ്പോഴും അങ്ങനെ ഒന്ന് നടന്നോ അതോ സ്വപ്നമാണോ എന്ന് തിരിച്ചറിയാനാകാത്ത ഒരു അവസ്ഥയിലാണ്. ഒരു ദേവത പോലെയാണ് എന്നെ ദിനു മേക്കപ്പ് ചെയ്ത് ഒരുക്കിയത്.
മൈഗ്രേൻ കാരണം നല്ല തലവേദനയായിരുന്നു. പക്ഷെ ആ സ്റ്റേജിൽ കാലുകുത്തിയപ്പോൾ കിട്ടിയ ഊർജവും ബലവും പറയാനാകില്ല. എന്റെ തലയിൽ കിരീടവും എക്സ്റ്റൻഷനും എല്ലാം ഉണ്ടായിരുന്നു.
മൈഗ്രേൻ ഉള്ളതുകാരണം തലകറങ്ങുമോ, എന്നൊക്കെ ഞാൻ പേടിച്ചിരുന്നു. പക്ഷെ ഒന്നുമുണ്ടായില്ല. ജാസി ആഷിയാണ് അടുത്തതായി നൃത്തം ചെയ്യുന്നത് എന്ന് അനൗൺസ് ചെയ്തപ്പോഴേക്കും കാണികൾ എനിക്ക് തന്ന ഒരു കയ്യടിയുണ്ട്. അപ്പോൾ തന്നെ എനിക്ക് ഒരു ഊർജം കിട്ടി. അതുവരെ സ്റ്റേജിന് ചുറ്റും കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളൂ. ഞാൻ നൃത്തം ചെയ്ത് തുടങ്ങിയതോടെ സ്റ്റേജിന് ചുറ്റും ആളുകൾ നിറഞ്ഞു. ദൈവം എനിക്കൊരു ശക്തി തന്നു ഞാൻ കളിച്ചു. അത് സത്യമാണോ മായയാണോ എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോഴും ഞാൻ.
അഭിനന്ദനങ്ങൾ നൽകിയവരിൽ നർത്തകരും
നന്നായി കളിച്ചുവെന്ന് ഒത്തിരിപേർ പറഞ്ഞു. അക്കൂട്ടത്തിൽ നന്നായി നൃത്തം ചെയ്യുന്ന നർത്തകർവരെയുണ്ട്. ജാസിക്ക് നല്ല ഗ്രേസാണ്, മുഖത്ത് ഭാവങ്ങൾ വരുന്നുണ്ട്, നർത്തകിക്കുവേണ്ട ഗുണങ്ങളുണ്ട്, നൃത്തത്തിൽ മനസ്സിരുത്തി ഒരു ഗുരുവിന്റെ അടുക്കൽ പോയി അടവുകൾ പഠിച്ചാൽ ഇതിലും നന്നായി ചെയ്യാൻ പറ്റും എന്ന് അവർ പറഞ്ഞു. ഞാൻ ഡാൻസ് പഠിച്ച ആളല്ല, എനിക്ക് അരമണ്ഡലം എന്താണെന്ന് അറിയില്ല. ഒന്നും എനിക്ക് അറിയില്ല. ചെറുപ്പം മുതൽ ഇഷ്ടമുണ്ടല്ലോ. ഭരതനാട്യവും മോഹിനിയാട്ടവുമെല്ലാം ഫ്രണ്ട് സീറ്റിൽ പോയിരുന്ന് കണ്ണുതള്ളി കണ്ടിട്ടുണ്ട്. അവര് കൈ പിടിക്കുന്നതും അവരുടെ കണ്ണുപോകുന്നതും തലയാട്ടുന്നതും എല്ലാം ശ്രദ്ധിച്ചിരുന്നു. അത് മനസ്സിൽ കയറിയിരുന്നു. അതായിരിക്കണം ഞാൻ പോലുമറിയാതെ നൃത്തം ചെയ്തപ്പോൾ പുറത്തേക്ക് വന്നത്.
നൃത്തം കഴിഞ്ഞ ശേഷം സന്തോഷം കൊണ്ടാണ് ഞാൻ പൊട്ടിക്കരഞ്ഞത്. അതെന്റെ ഉള്ളിൽനിന്ന് വന്ന കരച്ചിലാണ്. അവിടെ ആളുകൾ എന്നെ കണ്ടത് എന്റെ ജെൻഡറോ, എന്റെ രാഷ്ട്രീയമോ എന്റെ ജാതിയോ മതമോ നോക്കിയിട്ടല്ല.. എന്നെ നുഷ്യനായിട്ടാണ് അവർ കണ്ടത്. അതിലുപരി എന്റെ കഴിവിനെയാണ് ജനങ്ങൾ ഏറ്റെടുത്തത്. അവിടെ ജാസി എന്ന വ്യക്തിയെ അല്ല അവർ ഏറ്റെടുത്തത് എന്റെ കഴിവുകളെയാണ്. എന്നും കഴിവുകളെ മലയാളി അംഗീകരിച്ചിട്ടുണ്ട്. എന്നിലെ കലയെ അവർ അംഗീകരിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്റെ മനസ്സ് നിറച്ചത് അതാണ്.
ഒരുപാട് പേര് എന്നെ കളിയാക്കിയിട്ടുള്ളതാണ്, മോശം കമന്റുകൾ അയച്ചിട്ടുള്ളതാണ്, ജെൻഡർ അധിക്ഷേപം ചെയ്തിട്ടുള്ളതാണ്.. ഒരുകാലത്ത് ലോകം അംഗീകരിക്കും അന്ന് ലോകം അവസാനിക്കും എന്ന് എന്നെ കളിയാക്കിയവരുണ്ട്. പക്ഷെ ഇപ്പോഴും ലോകം ഉണ്ട്. എന്റെ കഴിവിനെ ആളുകൾ അംഗീകരിച്ചു. ആ ഒരു നിമിഷത്തിലാണ് ഞാൻ കരഞ്ഞുപോയത്.. ഒരുപാട് അമ്മമാര്, എന്നെ കാണാൻ ദൂരെ നിന്നെത്തിയ കടുംബങ്ങൾ, ചേട്ടന്മാർ ചേച്ചിമാർ അവരൊക്കെ എന്നെ കെട്ടിപ്പിടിച്ചു, എനിക്ക് ഉമ്മ തന്നു, സ്നേഹമറിയിച്ചു. അതിൽക്കൂടുതലെന്താണ് വേണ്ടത്.
ഒരു അവസരം ദൈവം തരും. ഒരുപാട് കരഞ്ഞിട്ടുള്ള ആളുകൾക്ക് ഇന്നല്ലെങ്കിൽ നാളെ ഒരു അവസരം ദൈവം തരും. എന്റെ ജീവിതത്തിൽ ഞാനത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രേയേറെ ജനങ്ങൾ എന്നെ നെഗറ്റീവ് പറഞ്ഞു. അമ്മയുടെ മണ്ണിൽവെച്ച് അമ്മ തന്നെ അതെല്ലാം പോസിറ്റീവാക്കി തന്നു. ദേവർമഠത്തിലെ അനീഷ് ചേട്ടനാണ് ആദ്യമായി ഒരു വേദി തന്നത് അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ട്. ആ വേദിയിൽനിന്നാണ് ഇവിടെയെത്തിയത്. ഇനി നൃത്തംചെയ്യുന്നത് പ്രസിദ്ധരായ ഒരുപാട് കലാകാരന്മാർ നൃത്തം ചെയ്തിട്ടുള്ള ഒരു ക്ഷേത്രത്തിലാണ്. അതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ഞാൻ.
ബുള്ളിയിങ്ങ് വിഷമിപ്പിച്ചിട്ടുണ്ട്
എനിക്ക് ഭയങ്കര വിഷമമായിരുന്നു..ഞാൻ കരഞ്ഞിട്ടുണ്ട്. എന്തുപറഞ്ഞാലും എന്താണ് വിവാദമാകുന്നത്, എനിക്ക് മാത്രം എന്താണ് നെഗറ്റീവ് വരുന്നത് എന്നൊക്കെ ആലോചിച്ച് ഞാൻ വിഷമിച്ചിട്ടുണ്ട്. പിന്നീട് എനിക്ക് മനസ്സിലായി അറിയില്ലെങ്കിൽ മൗനം പാലിക്കുക. അങ്ങനെ മൗനം പാലിച്ചു. പിന്നെ എന്റെ കരിയർ വളർത്തുന്നതിലേക്ക് എന്റെ ചിന്ത വന്നു. ആഷിയാണ് പറഞ്ഞത് അഭിനയിച്ചുനോക്കൂ എന്ന് അങ്ങനെ സ്ത്രീധനം സിനിമയിലെ ഒരു ഭാഗം പുനരാവിഷ്ക്കരിച്ചു. അതിന് 5 മില്യൺ വ്യൂസ് ആണ് കിട്ടിയത്. പിന്നീട് വേറെയും കുറേ സിനിമകളുടെ ഭാഗങ്ങൾ പുനരാവിഷ്ക്കരിച്ചു. അതോടെ സോഷ്യൽ മീഡിയയിൽ എല്ലാവരും ഇനിയും റീലുകൾ വേണം എന്നാവശ്യപ്പെട്ടുതുടങ്ങി. അതെല്ലാമാണ് എനിക്ക് മുന്നോട്ടുപോകാനുള്ള പ്രചോദനമായത്. നെഗറ്റീവ് എല്ലാം ഞാൻ പോസിറ്റീവാക്കിയത് അങ്ങനെയാണ്. കളിയാക്കവർ പോലും ഇന്ന് കയ്യടിക്കുന്നു. എന്നെ പിന്തുണച്ചുകൊണ്ട് വീഡിയോ ഇടുന്നു.
നൃത്തം ഗൗരവമായെടുക്കണം
നൃത്തം ഗൗരവമായെടുക്കാനാണ് തീരുമാനം. നല്ല ഗുരുവിനെ കണ്ടെത്തി അടവുമുതൽ പഠിച്ചുതുടങ്ങണം. ട്രാൻിസിന് ആർഎൽവി കോളേജിൽ സീറ്റ് ഉണ്ട്. പ്രൊഫഷണലായി നൃത്തം പഠിച്ച് നർത്തകിയാകണം എന്നാണ് ആഗ്രഹം. അതുപോലെ മറ്റൊരു സന്തോഷം ഞാനൊരു പുസ്തകമെഴുതിയിട്ടുണ്ട്. എന്റെ ജീവിതം തന്നെയാണ്. ആത്മകഥ എഴുതണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. ഖുൻസ് എന്നാണ് പേര്. അർധനാരി എന്നർഥം വരുന്ന അറബിക് വാക്കാണ് ഖുൻസ്. എഴുത്തുകഴിഞ്ഞു. ഇനി പബ്ലിഷിങ്ങാണ്. ഈ വർഷം ഒരുപാട് നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു. ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റട്ടെ എന്ന പ്രതീക്ഷയോടെയാണ് പോസിറ്റീവായി മുന്നോട്ടുനടത്തുന്നത്. നമുക്ക് പറ്റാത്തതായി ഒന്നുമില്ല. ഒന്നും ചെയ്യാതെ ഒതുങ്ങിക്കൂടുന്ന ആൾക്കാരോട് എനിക്ക് പറയാനുള്ളത് അതാണ്. നമുക്ക് എല്ലാവർക്കും ദൈവം ഒരു കഴിവ് തന്നിട്ടുണ്ടാകും അത് കണ്ടെത്തി പോളിഷ് ചെയ്ത് തിളക്കം വരുത്തി വജ്രമാക്കി മാറ്റണം. അതിനുവേണ്ടത് വിൽപവറാണ്. എനിക്ക് ചെയ്യാൻ പറ്റും എന്ന തന്റേടവും വേണം.
Content Highlights: Jasi Ashi shares her emotional journey from performing at a temple to gaining social media fame, overcoming bullying, and embracing her passion for dance.
Published: 15 Oct 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented