മസ്‌കറ്റ്: ഒമാനിലെ റോഡ് സുരക്ഷയും ഗതാഗത സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഡ്രൈവിങ് ലൈസൻസ് വ്യവസ്ഥകളും ഹെവി വാഹന സുരക്ഷാ മാനദണ്ഡങ്ങളും പുനഃപരിശോധിക്കാൻ റോയൽ ഒമാൻ പോലീസ് പുതിയ സമിതി രൂപവത്കരിച്ചു. ഒമാനിലെ പ്രത്യേക റോഡ് സാഹചര്യങ്ങൾക്ക് നിലവിലെ മാനദണ്ഡങ്ങൾ എത്രത്തോളം അനുയോജ്യമാണെന്ന് സമിതി വിലയിരുത്തും.

To advertise here,

പോലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മൊഹ്സിൻ അൽ ഷുറൈകിയാണ് ഇത് സംബന്ധിച്ച 2026-ലെ 137-ാം നമ്പർ ഔദ്യോഗിക തീരുമാനം പുറപ്പെടുവിച്ചത്. ട്രാഫിക് ഡയറക്ടർ ജനറൽ ചെയർമാനാകുന്ന സമിതിയിൽ റോയൽ ഒമാൻ പോലീസിലെ വിദഗ്ധരും അംഗങ്ങളായി ഉൾപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ പുതിയ ഗതാഗത സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി, ഹെവി വാഹന ഡ്രൈവിങ് ലൈസൻസുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ലൈസൻസുകൾ നൽകുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും സമിതി പരിശോധിക്കും. ട്രാഫിക് നിയമത്തിന്റെയും എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെയും അടിസ്ഥാനത്തിലായിരിക്കും സമഗ്ര പുനഃപരിശോധന.