'വരിക സഖി അരികത്തു ചേര്‍ന്നു നില്‍ക്കൂ പഴയൊരാ മന്ത്രം സ്മരിക്കാം നാം അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം'-എന്‍എന്‍ കക്കാടിന്റെ ഈ വരികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സെബാസ്റ്റ്യന്‌ പാടിക്കൊടുക്കുമ്പോള്‍ ജീവിതത്തില്‍ അങ്ങനെയൊരു നിമിഷം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ലൂസി ഡേവിസിന് അറിയില്ലായിരുന്നു. സൗഹൃദത്തില്‍ നിന്ന് പ്രണയവും പ്രണയത്തില്‍ നിന്ന് ജീവിതവും തിരഞ്ഞെടുത്ത് 45 വര്‍ഷങ്ങള്‍ പിന്നിട്ട സമയത്താണ് സെബാസ്റ്റ്യന്‍ തളര്‍ന്നുപോയത്. എന്നാല്‍ സെബാസ്റ്റ്യന്റെ ഊന്നുവടിയായി ലൂസി മാറിയതോടെ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷയുടെ വിത്തുകള്‍ മുളപൊട്ടി. സ്വന്തം വൃക്ക പകുത്തുനല്‍കി ലൂസി ഭര്‍ത്താവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു.

To advertise here,

തൃശ്ശൂര്‍ അയ്യന്തോളുകാരനായ സെബാസ്റ്റ്യന്‍ മാവേലിയും ഇരിങ്ങാലക്കുടയ്ക്കാരിയായ ലൂസി ഡേവിസും ഒരു ബാങ്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റിലൂടെയാണ് പരസ്പരം കണ്ടുമുട്ടുന്നത്. ഒന്നാം റാങ്കുകാരനായ സെബാസ്റ്റ്യന്‌ തൊട്ടടുത്തുതന്നെ രണ്ടാം റാങ്കുകാരിയായ ലൂസിയുണ്ടായിരുന്നു. റാങ്കിലെ ആ അടുപ്പം പതുക്കെ സൗഹൃദമായി വളര്‍ന്നു. ഇരുവര്‍ക്കും ആദ്യജോലി കിട്ടിയതും ഒരേ സ്ഥാപനത്തിലായിരുന്നു. അങ്ങനെ സൗഹൃദം പ്രണയമായി മാറി. ഇരുവരുടേയും വീട്ടുകാരുമായി സംസാരിച്ച് വിവാഹിതരാകുകയും ചെയ്തു.

സെബാസ്റ്റ്യന്‍ എസ്ബിഐ ബാങ്കിലും ലൂസി ഫെഡറല്‍ ബാങ്കിലും ജോലി ചെയ്യാന്‍ തുടങ്ങി. പിന്നീട് സെബാസ്റ്റ്യന്‍ കുവൈത്തിലെ ഒരു ബാങ്കിലേക്ക് ജോലി മാറി. ഇതിനിടയില്‍ ലൂസി മൂന്നു കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കി. അങ്ങനെ സന്തോഷകരമായി ജീവിതം മുന്നോട്ടുപോകുന്നതിന് ഇടയിലാണ് സെബാസ്റ്റ്യന്റെ വൃക്ക പണിമുടക്കിയത്. ജോലിയില്‍ നിന്നെല്ലാം വിരമിച്ച് ജീവിതത്തിന്റെ സായാഹ്നകാലം തുടങ്ങുന്ന സമയത്തായിരുന്നു അത്. വീട്ടിലെ വിശ്രമവേളകള്‍ ആശുപത്രി വരാന്തയിലേക്ക് പറിച്ചുനടാന്‍ അധികം സമയം വേണ്ടിവന്നില്ല. ജീവിതം ഇനി എത്ര നാള്‍ എന്ന ആശങ്കയില്‍ സെബാസ്റ്റ്യന്റെ മുഖം ചോദ്യചിഹ്നം പോലെ നിന്നപ്പോള്‍ ആശ്വാസത്തിന്റെ പുഞ്ചിരിയുമായി ലൂസി ഭര്‍ത്താവിന്റെ കൈപിടിച്ചു. 

placeholder
.
ലൂസി ഡേവിസും ഭര്‍ത്താവ് സെബാസ്റ്റിയന്‍ മാവേലിയും | Photo: Special Arrangement

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. എട്ടുമാസത്തിനുള്ളില്‍ 98 ഡയാലിസിസിലൂടെ സെബാസ്റ്റ്യന്‍ കടന്നുപോയി. ആഴ്ചയില്‍ മൂന്നുദിവസവും ആലുവയിലെ വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തണം. ഡയാലിസിസ് റൂമിന് പുറത്ത് ഓരോ തവണയും ആറുമണിക്കൂറോളം കാത്തിരിക്കണം. ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ലൂസി തന്റെ വൃക്ക ഭര്‍ത്താവിന് പകുത്തുനല്‍കി. ആ സമയത്ത് ഇരുവര്‍ക്കും പ്രായം എഴുപത് വയസായിരുന്നു. ഇതോടെ ആ ആശുപത്രിയിലെ ഏറ്റവും പ്രായം കൂടിയ വൃക്കദാതാവായും ലൂസി മാറി.  ശസ്ത്രക്രിയക്ക് ശേഷം ഇപ്പോള്‍ ആലുവയിലെ വീട്ടില്‍ ഐസൊലേഷനിലാണ് ഇരുവരും. ആറുമാസത്തോളം പുറത്തിറങ്ങാതെ വീട്ടില്‍തന്നെ കഴിയണം. അണുബാധ വരാതിരിക്കാനുള്ള മുന്‍കരുതലാണിത്.

ഇതുപോലെ ഒരു ലൗ സ്‌റ്റോറി താന്‍ സിനിമയില്‍ പോലും കണ്ടിട്ടില്ലെന്ന് ഇരുവരുടേയും മകന്‍ ലിയോ പറയുന്നു. 'അച്ഛനൊപ്പം നിഴലുപോലെ അമ്മ നിന്നു. അതു കണ്ടപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു. രണ്ടുമാസത്തെ ടെസ്റ്റുകള്‍ക്ക് ശേഷമാണ് ശസ്ത്രക്രിയ ചെയ്തത്. ഓപ്പണ്‍ സര്‍ജറിക്ക് പകരം റോബോട്ടിക് കീഹോള്‍ ആയിരുന്നു തിരഞ്ഞെടുത്തത്. അതുകൊണ്ടു രണ്ടാഴ്ച മാത്രമേ ആശുപത്രിയില്‍ തങ്ങേണ്ടിവന്നുള്ളൂ. കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലാക്കാന്‍ കീഹോള്‍ സര്‍ജറിയിലൂടെ സാധിച്ചു. ആകെ 12 ലക്ഷം രൂപയാണ് ചെലവായത്. ഇന്‍ഷുറന്‍സുള്ളതിനാല്‍ 15,000 രൂപ മാത്രമാണ് ബില്ല് വന്നത്. അതു വലിയൊരു ആശ്വാസമായിരുന്നു.'  ബെംഗളൂരില്‍ ബിസിനസുകാരനായ ലിയോ വ്യക്തമാക്കുന്നു.