
രാത്രി വഴിയില്‍ നിന്നു കിട്ടിയ അഞ്ചേമുക്കാല്‍ പവന്റെ സ്വര്‍ണമാല യുവതി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഹരിപ്പാട് കച്ചേരി ജങ്ഷനു പടിഞ്ഞാറുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ശാഖാമാനേജര്‍ വെട്ടുവേനി ആവണംകുളത്ത് സ്മിത എ. നായരാണ് മാല സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് പോലീസ് സ്റ്റേഷനു സമീപത്തെ വഴിയില്‍നിന്നു മാല കിട്ടിയത്. ഉടമ പള്ളിപ്പാട് സ്വദേശി രജനി ഞായറാഴ്ച രാവിലെ മാല നഷ്ടപ്പെട്ടതിനെപ്പറ്റി പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തി. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ സ്മിതയെ വിവരമറിയിച്ചു. സ്മിതതന്നെ മാല രജനിക്കു കൈമാറി.
ജോലിത്തിരക്കു കാരണം ശനിയാഴ്ച വൈകീട്ട്് ഓഫീസില്‍നിന്നു വൈകിയാണ് സ്മിത ഇറങ്ങിയത്. ഇതിനിടെ ഹോമിയോ ഡോക്ടറെ കാണാന്‍പോയി. മടങ്ങുന്നതിനിടെ വള്ളിപോലൊന്നു കാലില്‍തട്ടി. കാലു കൊണ്ടുതന്നെ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ നേരിയ തിളക്കം. കൈയിലെടുത്തപ്പോള്‍ മാല. ഭാരം തോന്നിയെങ്കിലും സ്വര്‍ണമാണെന്നു സംശയം തോന്നിയതിനാല്‍ അടുത്തുള്ള സ്വര്‍ണക്കടയില്‍ കയറി മാറ്റു നോക്കിയപ്പോള്‍ 22 കാരറ്റ് സ്വര്‍ണം. തൂക്കം 45.400 ഗ്രാം.
തൊട്ടടുത്താണു പോലീസ് സ്റ്റേഷന്‍. ഇതുവരെ പോലീസ് സ്റ്റേഷനില്‍ കയറിയിട്ടില്ല. ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചു. അയാള്‍ക്കൊപ്പം സ്റ്റേഷനിലെത്തി എസ്.ഐ.ക്ക് മാല കൈമാറി. ഉടമയെത്തുമ്പോള്‍ തന്നെയും വിളിക്കണമെന്നു മാത്രമായിരുന്നു സ്മിതയുടെ അഭ്യര്‍ഥന. മാല കിട്ടുമ്പോള്‍ അവരുടെ മുഖത്തെ സന്തോഷം നേരില്‍ക്കാണാന്‍ വേണ്ടിയാണിതെന്നും സ്മിത പറഞ്ഞു.
പള്ളിപ്പാട് സ്വദേശി രജനിയും ഭര്‍ത്താവും ശനിയാഴ്ച ഹരിപ്പാട്ട് ലബോറട്ടറിയിലും ബന്ധുവീടുകളിലും കടകളിലും ഉള്‍പ്പെടെ പലയിടങ്ങളിലും പോയിരുന്നു. രാത്രി ഏറെ വൈകിയാണ് മാല നഷ്ടപ്പെട്ടതറിയുന്നത്. 21 വര്‍ഷം മുന്‍പ് വിവാഹത്തിനു ഭര്‍ത്താവിട്ട താലി മാലയാണ്. പിന്നീട് താലി മറ്റൊരു മാലയിലേക്കു മാറ്റി. വലിയ മാല അപൂര്‍വമായേ ഉപയോഗിച്ചിരുന്നുള്ളൂ. ഇതിനാലാണ് മാല നഷ്ടപ്പെട്ടത് ശ്രദ്ധിക്കാഞ്ഞതെന്നാണ് രജനി പറഞ്ഞത്. ചുരിദാറിന്റെ ഷാള്‍ വലിച്ചിട്ടപ്പോള്‍ മാലയുടെ കൊളുത്ത് അകന്നുപോയതാണ്.
പ്രധാന റോഡില്‍നിന്ന് അകത്തേക്കുള്ള വഴിയാണെങ്കിലും ധാരാളം ആളുകള്‍ വന്നു പോകുന്നിടത്താണ് മാല നഷ്ടപ്പെട്ടത്. രണ്ടര ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണമാണു നഷ്ടപ്പെട്ടത്.
വര്‍ഷങ്ങളായി സ്വര്‍ണപ്പണയ സ്ഥാപനങ്ങളിലാണ് സ്മിത ജോലി ചെയ്തു വരുന്നത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നവരുടെ സങ്കടം അറിയാമെന്നും ഇതാണ് ഒരു നിമിഷം പോലും കളയാതെ പോലീസ് സ്റ്റേഷനിലെത്തി മാല കൈമാറിയതെന്നും സ്മിത പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.എസ്. ശ്യാംകുമാര്‍, എസ്.ഐ. മാരായ ഷൈജ, ശ്രീകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്മിത രജനിയെ മാല ഏല്‍പ്പിച്ചത്.
Content Highlights: honesty of a women who return lost gold chain to the owner
Published: 03 Jul 2023, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented