ന്യൂസിലൻഡിൽ നിന്നുള്ള സത്യസന്ധതയുടെ സുഗന്ധമുള്ള അനുഭവം പങ്കുവെച്ച് ഇന്ത്യൻ യുവതി. ശ്രീയാ ഗുപ്‌തെ എന്ന യുവതിയാണ് തനിക്കുണ്ടായ ഹൃദ്യമായ അനുഭവം പങ്കുവെച്ചത്. ന്യൂസിലൻഡിലെ ബസ് ഡ്രൈവറുടെ സത്യസന്ധതയെ കുറിച്ചുള്ള വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ശ്രീയ പങ്കുവെച്ചു. വീഡിയോ ഇതിനകം വൈറലായി.

To advertise here,

എന്നും രാവിലെ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്ന ശ്രീയ വൈകീട്ട് അഞ്ച് മണിക്കാണ് തിരിച്ചുവരിക. അന്നും പതിവുപോലെ യൂണിവേഴ്‌സിറ്റിക്കരികിൽ കാർ പാർക്ക് ചെയ്ത് യൂണിവേഴ്‌സിറ്റിയിലേക്ക് പോയതായിരുന്നു. വൈകീട്ട് തിരിച്ചുവന്ന ശ്രീയ കണ്ടത് കാറിന്റെ വൈപ്പറിനടിയിലുണ്ടായിരുന്ന കടലാസും അതിലെഴുതിയ കുറിപ്പുമാണ്. 'ക്ഷമിക്കണം, ഞാൻ നിങ്ങളുടെ കാറിൽ ഇടിച്ചു' -ഇതായിരുന്നു കടലാസിലുണ്ടായിരുന്നത്.

'ഒരു വാഹനാപകട കേസാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ അതിന് പകരം ഈ കുറിപ്പാണ് ഞാൻ കണ്ടത്. സംഭവിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ബസ് ഡ്രൈവർ ഏറ്റെടുത്തു. അദ്ദേഹം പേരും ഫോൺ നമ്പറും അതിൽ എഴുതിയിരുന്നു. നഷ്ടപരിഹാരത്തിനായി ബസ് ഡിപ്പോയിലേക്ക് വിളിക്കണമെന്നും അദ്ദേഹം ഒപ്പം പറഞ്ഞു.' -ശ്രീയ പറഞ്ഞു.

ബസ് ഡ്രൈവറുടെ സത്യസന്ധതയേക്കാൾ തന്നെ സ്പർശിച്ചത് അടുത്തതായി സംഭവിച്ച കാര്യമാണെന്ന് ശ്രീയ പറഞ്ഞു. അപകടം നടക്കുന്ന സമയം അതിന് സാക്ഷിയായി അവിടെയുണ്ടായിരുന്ന ഒരാൾ ഒരു കഷ്ണം കാർഡ് ബോർഡിൽ മാർക്കർ പെൻ ഉപയോഗിച്ച് ഒരു കുറിപ്പെഴുതി കാറിനടുത്ത് വെച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കുന്ന കുറിപ്പായിരുന്നു അത്.

ഈ അനുഭവം ആളുകളിലുള്ള തന്റെ വിശ്വാസം പുനഃസ്ഥാപിച്ചുവെന്ന് ശ്രീയ പറയുന്നു. അപരിചിതനായ ഒരാൾ എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന് തന്നോട് പറയാനായി കുറിപ്പെഴുതി വെക്കാൻ സമയവും ക്ഷമയം കണ്ടെത്തി. മനുഷ്യർ വളരെയധികം ദയയുള്ളവരാണെന്നും ശ്രീയ പറഞ്ഞു.

'ജീവിതത്തിലെ ഏറ്റവും മോശം ദിവസമാകുമെന്നാണ് ആത്മാർഥമായും ഞാൻ കരുതിയത്. എന്നാൽ ഈ സംഭവങ്ങൾ ന്യൂസിലൻഡിലെ മനോഹരമായ അനുഭവങ്ങളായി.' -ഇതാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ശ്രീയ കുറിച്ചത്.