അതിരപ്പിള്ളി: കുട്ടമ്പുഴ പുഴയിൽ ഒരുമാസംമുൻപ് നഷ്ടപ്പെട്ട നാലരപ്പവന്റെ മാല ഒടുവിൽ ഉടമയ്ക്ക് തിരികെ ലഭിച്ചു. പുഴയിൽനിന്ന് മാല കിട്ടിയ അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ഷാജി മാളിയേക്കലാണ് ഉടമ എറണാകുളം പള്ളിക്കര സ്വദേശി കെ.ജി. അനിൽകുമാറിനെ അന്വേഷിച്ച് കണ്ടുപിടിച്ച് തിരികെയേൽപ്പിച്ചത്.

To advertise here,

ഒരുമാസംമുൻപ് കൂട്ടുകാരോടൊപ്പം കുട്ടമ്പുഴ സന്ദർശിക്കാനെത്തിയ അനിൽകുമാറിന്റെ വാഹനം കുട്ടമ്പുഴ പാലത്തിന് സമീപം ചെളിയിൽ താഴ്ന്നു. പൊക്കിയെടുക്കാനുള്ള ശ്രമത്തിനിടെ മാല കഴുത്തിൽനിന്ന് വീഴുകയായിരുന്നു. പ്രദേശമാകെ തിരഞ്ഞുനോക്കിയെങ്കിലും കനത്ത മഴയായതിനാൽ കിട്ടിയില്ല. മാളിയേക്കൽ ഷാജിയും ഭാര്യ നീതുവും കുടുംബവും കഴിഞ്ഞ ശനിയാഴ്ചയാണ് ജന്മദിനാഘോഷത്തിനു കുട്ടമ്പുഴയിൽ എത്തിയത്. പുഴയിലിറങ്ങിയപ്പോഴാണ് ഷാജിക്ക് മാല കിട്ടിയത്.

ഷാജി നാട്ടുകാരോടും നവമാധ്യമങ്ങൾ വഴിയും ഉടമസ്ഥനെ അന്വേഷിച്ചു. വിവരമറിഞ്ഞ അനിൽകുമാർ കൃത്യമായ തെളിവുകളുമായെത്തി. കുട്ടമ്പുഴയിൽവെച്ച് വനംമന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം മാല കൈമാറി.